ഭാഗം-1
❝ ഇബ്നു അബ്ബാസ് (റദിയല്ലാഹു അന്‍ഹുമാ) നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “(ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സത്കര്‍മ്മങ്ങളനുഷ്ടിക്കുന്നത് അല്ലാഹുവിന് ഇഷ്ടപെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല“. സഹാബികള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?! നബി ﷺ പറഞ്ഞു: “ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപ്പെട്ട് മടങ്ങിവരാത്തയാളൊഴികെ“.
[സുനൻ അബൂ ദാവൂദ്; 2438, തുർമുദി; 757 ]
ഒരു വർഷത്തിലെ ഏറ്റവും ശ്രേഷ്ഠമായ ദിവസങ്ങൾ ദുൽ-ഹിജ്ജ മാസത്തിലെ പത്തു ദിവസങ്ങളാണ്.
ഈ പത്തു ദിവസങ്ങളിൽ ചെയ്യുന്ന സത്കർമങ്ങൾ മറ്റു ദിവസങ്ങളിലെ സത്കർമങ്ങളെക്കാൾ അല്ലാഹുവിന്ന് പ്രിയമുള്ളതാണ്. ഈ ദിവസങ്ങളിലെ സകല നന്മകൾക്കും പ്രതിഫലം ഗുണീഭവിക്കും.
അല്ലാഹു പവിത്രമാക്കിയ ഈ ദിവസങ്ങളിലേക്ക് പ്രവേശിക്കാൻ ആയുസ്സ് നീട്ടിക്കിട്ടുക എന്നത് ഒരു മുസ്ലിമിന് അല്ലാഹു നൽകുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണ്. അതിനാൽ ഈ അനുഗ്രഹം ഉൾക്കൊണ്ട്, അല്ലാഹു തൃപ്തിപ്പെടുന്ന രീതിയിൽ ഈ ദിവസങ്ങളെ പ്രയോജനപ്പെടുത്തുക. സാധാരണ ദിവസങ്ങളേക്കാൾ കൂടുതലായി ഈ പത്തു ദിവസങ്ങളിൽ സത്കർമങ്ങൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുക.
ഈ ദിവസങ്ങളിൽ ചെയ്യാനുതകുന്ന സത്കർമങ്ങൾ :
1) സുന്നത് നമസ്‍കാരങ്ങൾ അധികരിപ്പിക്കുക, ദാനധർമങ്ങൾ ചെയ്യുക തുടങ്ങി മുഴുവൻ സത്കർമങ്ങളും. മാതാപിതാക്കൾക്ക് നന്മ ചെയ്യുക, കുടുംബബന്ധം ചേർക്കുക, പാപങ്ങളിൽ നിന്നും ഖേദിച്ചു മടങ്ങുക (എന്നിങ്ങനെ).
2) ദിക്റുകൾ, ഖുർആൻ പാരായണം തുടങ്ങിയവ അധികരിപ്പിക്കുക.
3) നോമ്പ് നോൽക്കുക.
ദുൽ ഹിജ്ജയിലെ നോമ്പിനെ സംബന്ധിച്ചു പ്രത്യേകം ഹദീസുകൾ ഒന്നും സ്ഥിരപ്പെട്ടിട്ടില്ല (അറഫാ നോമ്പൊഴിച്ച്). എങ്കിലും സുന്നത്തു നോമ്പിനെ പ്രോത്സാഹിപ്പിക്കുന്ന പൊതുവായ തെളിവുകളുടെ അടിസ്ഥാനത്തിൽ നോമ്പ് അനുഷ്ഠിക്കൽ സുന്നത്താണ്.
4) ഹജ്ജും ഉംറയും ചെയ്യുക.
5) ഉദ്ഹിയത് അഥവാ ബലി അറുക്കുകയും, കഴിവുള്ളവൻ ആ വിഷയത്തിൽ അലസത കാണിക്കാതിരിക്കുകയും ചെയ്യുക.
അല്ലാഹു നാമേവർക്കും അവൻ പവിത്രമാക്കിയ ദിവസങ്ങളിൽ സത്കർമങ്ങൾ ചെയ്യാനുള്ള തൗഫീഖ് നൽകുമാറാകട്ടെ.. [ആമീൻ].❞
ശൈഖ് അബ്ദുല്ലാ ബിൻ സ്വാലിഹ് അൽ ഫൗസാൻ حفظه الله യുടെ
أحاديث عشر ذي الحجه و أيام التشريق أحكام وآداب
എന്ന കിതാബിൽ നിന്ന്.
✒️ അബൂ ഈസ وفقه الله
Add a Comment