الحمدُ للهِ الذي وفَّقَ مَن شاءَ مِن عبادِه لاغتنامِ الأوقاتِ الفاضلةِ بالأعمال الصالحة، والاستكثارِ فيها مِن الأجور، وأشهد أنَّ لا إله إلا الله، وأشهد أنَّ محمدًا عبدُه ورسولُه، المُستكْثِرُ مِن طاعته وتُقاته، فاللهم صلِّ وسلِّم عليه وعلى آله وأصحابه.
സഹോദരങ്ങളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിച്ച് തഖ്‌വയോട് കൂടി ജീവിക്കുക. അറിയുക, അല്ലാഹുവിനു തൃപ്തിയുണ്ടാക്കുന്ന എല്ലാ കാര്യങ്ങളും നമ്മെ സ്വർഗ്ഗത്തിൽ അടുപ്പിക്കാൻ ഉതകുന്ന കാര്യങ്ങളാണ്. അതുപോലെ നമ്മെ നരകത്തിൽ നിന്നും കാക്കുന്ന കാര്യങ്ങളാണ്.
ഏതാനും ദിവസങ്ങൾക്ക് ശേഷം നമ്മിലേക്ക് കടന്ന് വരുന്നത് വളരെയധികം ശ്രേഷ്ടതയുള്ള ചില ദിവസങ്ങളാണ്. ഒരു വർഷത്തിലെ ഏറ്റവും ശ്രേഷ്ടതയേറിയ ദിവസങ്ങൾ..
ചിലരെങ്കിലും ചിന്തിച്ചേക്കും “റമദാനിനേക്കാൾ ശ്രേഷ്ടതയുള്ള ദിവസങ്ങളോ ?!”
അതെ. സഹോദരങ്ങളേ.. ഇതിനേക്കാൾ ശ്രേഷ്ഠതയുള്ള ദിവസങ്ങൾ റമദാനിൽ പോലുമില്ല!!
ആ ദിവസങ്ങളെ തൊട്ടാണ് അല്ലാഹു സുബ്ഹാനഹു വതആല സൂറത്തുൽ ഫജ്‌റിന്റെ ആദ്യത്തിൽ സത്യം ചെയ്യുന്നത്
وَالْفَجْرِ وَلَيَالٍ عَشْرٍ
“പ്രഭാതം തന്നെയാണ സത്യം , പത്തു രാത്രികള്‍ തന്നെയാണ സത്യം.”
ഖുർആൻ വ്യാഖ്യാതാക്കളുടെ ഇമാമായ മഹാനായ പണ്ഡിതൻ ഇമാം ഇബ്നു ജരീർ അത്വബ്‌രി رحمه الله പറഞ്ഞു:
أجمع العلماء على أن المراد بالعشر في هذه الآية هي عشر ذي الحجة .
“ഈ ആയത്തുകളിൽ പറഞ്ഞിട്ടുള്ള പത്തിന്റെ ഉദ്ദേശം ദുൽഹിജ്ജയിലെ പത്ത് ദിവസങ്ങളാകുന്നു എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.”
അത് പോലെ അല്ലാഹു സുബ്ഹാനഹു വതആല പറഞ്ഞു:
{وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ}
“നിശ്ചിത ദിവസങ്ങളിൽ അവർ അല്ലാഹുവിനെ ഓർത്തുകൊള്ളട്ടെ.”
قال ابن عباس : إنها عشر ذي الحجة .
ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞു: “നിശ്ചിത ദിവസങ്ങൾ എന്നത് (ദുൽഹജ്ജിലെ) പത്ത് ദിവസങ്ങളാകുന്നു.”
ഈ ദിവസങ്ങളിൽ ചെയ്യുന്ന സൽകർമ്മങ്ങൾക്ക് അല്ലാഹു സുബ്ഹാനഹു വതആല വളരെയധികം ശ്രേഷ്ഠതകൾ നൽകിയിരിക്കുന്നു.
നബി ﷺ പറയുന്നു:
«ما العمل في أيام أفضل منها في هذه؟» قالوا: ولا الجهاد؟ قال: «ولا الجهاد، إلا رجل خرج يخاطر بنفسه وماله، فلم يرجع بشيء» .
“(ദുൽഹജ്ജിലെ) ഈ പത്ത് ദിവസങ്ങളേക്കാൾ സൽകർമ്മങ്ങൾ അല്ലാഹുവിനു ഇഷ്ടമുള്ള മറ്റ് ദിവസങ്ങൾ ഇല്ല.” അപ്പോൾ സഹാബത്ത് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ!! അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഉള്ള ജിഹാദുമില്ലേ?” നബി ﷺ പറഞ്ഞു: “അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഉള്ള ജിഹാദു പോലും, സ്വന്തം ശരീരവും സമ്പത്തുമായി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ജിഹാദിനായി പുറപ്പെടുകയും, അവ രണ്ടും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ചിലവഴിക്കുകയും ചെയ്തവനൊഴികെ.”
സഹോദരങ്ങളേ,നമ്മുടെ മുൻഗാമികൾ ഈ ദിവസങ്ങളിൽ വളരെയധികം പരിശ്രമിച്ചുകൊണ്ട് ഇബാദത്തുകൾ ചെയ്യുന്നവരായിരുന്നു. എത്രത്തോളമെന്നാൽ അവരിൽ ചിലർ അങ്ങേയറ്റം ക്ഷീണിച്ചുകൊണ്ട് തനിക്ക് താങ്ങാൻ കഴിയില്ല എന്ന് തോന്നുമാറ് ഇബാദത്തുകൾ ചെയ്യുമായിരുന്നു.
സഹോദരങ്ങളേ, ഇനി നമുക്ക് ചിന്തിക്കേണ്ടത് നമ്മുടെ അവസ്ഥയെക്കുറിച്ചാണ്. ദുനിയാവിന്റെ കച്ചവടങ്ങൾ വെട്ടിപ്പിടിക്കുന്നതിനിടയിൽ പലർക്കും ഇത്തരം ആഖിറത്തിന്റെ കച്ചവടങ്ങളെക്കുറിച്ച് കേട്ടുകേൾവി പോലുമില്ല!
മറ്റു ചിലർ ഇത് പല തവണ കേട്ടതാണ്. പക്ഷേ റമദാനിന്റെ പകലുകളേക്കാൾ ശ്രേഷ്ഠത ഉണ്ടായിട്ടു കൂടി നമ്മളിൽ പലർക്കും (ദുൽഹിജ്ജയുടെ) ഈ ആദ്യ പത്ത് ദിവസങ്ങളിൽ ഇബാദത്തുകൾ ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ…
സുബ്‌ഹാനല്ലാഹ് !!!
എത്ര വലിയ നഷ്ടമാണ് നാം നമ്മുടെ ആഖിറത്തിലെ കച്ചവടത്തിൽ വരുത്തിവച്ചിട്ടുള്ളത്. പക്ഷേ, നമ്മുടെ ഖൽബുകൾക്ക് അതിനൊരു പ്രയാസവും തോന്നുന്നില്ല..!
സഹോദരങ്ങളേ, ഈ അവസ്ഥ ഇനിയും തുടർന്നുകൂടാ!
അമലുകൾക്ക് അവസരമില്ലാത്ത ഒരു ലോകത്തേക്കുള്ള യാത്രയിൽ ഞാനും നിങ്ങളും ഏറെ അകലെയൊന്നുമല്ല!!
എന്തൊക്കെയാണ് നമുക്ക് ഈ ദിവസങ്ങളിൽ നന്മയായി ചെയ്യാൻ സാധിക്കുക?
അല്ലാഹു സുബ്ഹാനഹു വതആല ഏതൊരു അമലിനും ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്നത് ഈ ദിവസങ്ങളിൽ ആണെന്ന് നാം ഇപ്പോൾ മനസ്സിലാക്കി.
നമുക്ക് ചെയ്യാൻ സാധിക്കുന്ന പ്രധാനപ്പെട്ട അമലുകളിൽ ചിലത് പണ്ഡിതന്മാർ നമ്മെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
1) അതിൽ ആദ്യത്തെ 9 ദിവസങ്ങളിലും നോമ്പെടുക്കുക എന്നതാണ്. പ്രത്യേകിച്ച് ഹാജിമാർ അല്ലാത്ത ആളുകൾ ദുൽഹജ്ജ് 9ന് എടുക്കുന്ന നോമ്പ് ഏറെ ശ്രേഷ്ടത ഉള്ളതാണ്. കഴിഞ്ഞതും, വരാനിരിക്കുന്നതുമായ നമ്മുടെ ചെറുപാപങ്ങൾ അത് മുഖേന മായ്ക്കപ്പെടും.
2) ധാരാളമായി ഖുർആൻ പരായണം ചെയ്യുക. സാധിക്കുന്നവർ ഒന്നോ അതിൽ കൂടുതൽ തവണയോ മുഴുവനായി പരായണം ചെയ്യുക.
3) സ്വദഖകൾ വർദ്ധിപ്പിക്കാം. തന്റെ സഹോദരങ്ങളുടെ പ്രയാസം പരിഹരിക്കുന്നതിനു വേണ്ടി പണിയെടുക്കാം. ഇതെല്ലാം വളരെ പ്രതിഫലാർഹമായ കാര്യമാണ്.
4) നാം നിർവ്വഹിച്ചു പോരുന്ന നിർബന്ധ നമസ്കാരങ്ങളും, അതിനോടൊപ്പം റവാത്തിബ് സുന്നത്തുകൾ, ദുഹാ, വിത്‌ർ എല്ലാം വളരെ നന്നായി ചെയ്യുക.
5) ധാരാളമായി തക്ബീറുകളും, തസ്ബീഹുകളും മറ്റു ദിക്‌റുകളും വർദ്ധിപ്പിക്കുക.
ഇബ്‌നു ഉമർ, അബൂ ഹുറൈറാ رضي الله عنهم എന്നിവർ അങ്ങാടിയിൽ ചെന്ന് ഉച്ചത്തിൽ തക്ബീർ ചൊല്ലിയതായി സ്ഥിരപ്പെട്ടിട്ടുണ്ട്.
എന്നാൽ നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷമുള്ള തക്ബീർ ആരംഭിക്കുന്നത് ദുൽഹജ്ജ് 9 ന്റെ അന്ന് ഫജ്‌ർ മുതൽ ദുൽഹജ്ജ് 13 ന്റെ അസ്‌ർ നമസ്കാരം വരെയാണ്.
അവസാനമായി:-
ജീവിതത്തിലുടനീളം തിന്മകളിൽ നിന്ന് വിട്ടുനിൽക്കാൻ കൽപ്പിക്കപ്പെട്ടവരാണ് നമ്മൾ. എന്നാൽ പവിത്ര മാസങ്ങളിൽ ചെയ്യുന്ന തിന്മക്ക് ശിക്ഷയും കൂടുതലായിരിക്കും. അതിനാൽ അല്ലാഹു സുബ്ഹാനഹു വതആലയെ നന്നായി ഭയപ്പെട്ടു കൊണ്ട് ജീവിക്കുക. വന്നുപോയ തെറ്റുകൾ പൊറുത്തു തരാൻ അല്ലാഹുവിനോട് ആത്മാർത്ഥമായി ദുആ ചെയ്യുക. ഇബാദത്തുകളിൽ മുന്നേറുക.
അല്ലാഹു തൗഫീഖ് നൽകട്ടെ..آمين
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ لِلّهِ رَبِّ العَالَمِينَ
ഹംറാസ് ബിൻ ഹാരിസ് وفقه الله
السلام عليكم ورحمة الله وبركاته
ഈ വെബ്സൈറ്റിലെ പോസ്റ്റുകൾ കോപ്പി പേസ്റ്റ് ചെയ്തു ഉഭയോഗിക്കാൻ അനുവാദം ഉണ്ടോ?
അതെ