ദുരാരോപണങ്ങളോട് എങ്ങനെ പ്രതികരിക്കണം – ഒരു പണ്ഡിതന്റെ ഉപദേശം

ശൈഖ് ഇബ്റാഹീം അർ റുഹൈലി حفظه الله

സലഫീ സഹോദരാ നീ അറിയുക:

നീ ആത്മാർത്ഥമായി സലഫിയ്യത്ത് പിന്തുടരുന്ന ആളാണെങ്കിൽ ഈ ഭൂമിയിലെ മുഴുവനാളുകളും നിനക്കെതിരെ തിരിഞ്ഞാലും അതുകൊണ്ട് നിനക്ക് ഒരു നഷ്ടവുമുണ്ടാവുകയില്ല. അവരുടെ വാക്കുകളൊന്നും നിന്നെ സലഫിയ്യത്തിൽ നിന്ന് പുറത്താക്കുകയുമില്ല.

ഇനി നീ വക്രതയിലും വഴി കേടിലുമാണെങ്കിലോ -അല്ലാഹു നിന്നെ അങ്ങനെ ആക്കാതിരിക്കട്ടെ –

ജനങ്ങളുടെ പ്രശംസയോ സലഫിയാണെന്ന വിശേഷണമോ ആകർഷണീയമായ സ്ഥാനപ്പേരുകളോ ഒന്നും അല്ലാഹുവിന്റെ അടുക്കൽ നിനക്ക് ഉപകരിക്കുകയുമില്ല.

കാരണം, നിന്റെ യഥാർത്ഥ അവസ്ഥ അല്ലാഹുവിന് അറിയാമല്ലോ?!

അതുകൊണ്ട് മനസ്സാക്ഷിയെ വഞ്ചിക്കുന്നത് നീ സൂക്ഷിക്കുക.

നരകത്തിലേക്ക് ആദ്യമായി വലിച്ചെറിയപ്പെടുന്ന മൂന്നാളുകളുടെ ഹദീസ് ഈ വിഷയത്തിൽ ഒരു ഉണർത്തലാണ്!

നീ അറിയുക :

ഈ ഉമ്മത്തിലെ മഹാൻമാരായ പണ്ഡിതൻമാർക്ക് ദീനിൽ ഉയർച്ചയും നേതൃ സ്ഥാനവും കൈവന്നത് അല്ലാഹുവിന്റെ തൗഫീഖ് കഴിഞ്ഞാൽ പിന്നെ അവരുടെ സ്വബ്റും യഖീനും കാരണമാണ്.

യഖീൻ എന്നു പറഞ്ഞാൽ സ്വഹീഹായ തെളിവുകളുടെയും അവയുടെ ശരിയായ വ്യാഖ്യാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ആഴത്തിലുള്ള അറിവാണ്. ഇന്നു ചില വിദ്യാർത്ഥികൾ ചെയ്യുന്നതു പോലെ ഏതെങ്കിലും ഒരു ആലിമിനെയോ ത്വാലിബുൽ ഇൽമിനേയോ അന്ധമായി തഖ്ലീദ് ചെയ്യുകയും ഹഖ് എപ്പോഴും തന്റെ ശൈഖിന്റെ കൂടെയായിരിക്കും എന്നും സുന്നത്ത് മനസിലാക്കിയത് അദ്ധേഹം മാത്രമാണെന്നും വാശി പിടിക്കുകയും ചെയ്താൽ യഖീൻ നേടാൻ സാധിക്കുകയില്ല.

സ്വബ്ർ എന്നു പറഞ്ഞാൽ ഇൽമ് നേടാനും അതുകൊണ്ട് അമൽ ചെയ്യാനുമുള്ള കഠിന പരിശ്രമമാണ്.

അറിയുക.. ഒരാളെ കാഫിർ , ഫാസിഖ്, മുബ്തദിഅ് എന്നൊക്കെ വിളിക്കുന്നത് അല്ലാഹുവിന്റെ അധികാരത്തിൽ പെട്ട കാര്യങ്ങളാണ്.

അതിനാൽ അനർഹരായവരെ കാഫിർ, ഫാസിഖ്, മുബ്തദിഅ് എന്നൊക്കെ വിളിക്കുന്നത് നീ സൂക്ഷിക്കുക.

ഇനി അവൻ നിന്നെ കാഫിർ എന്നോ ഫാസിഖ് എന്നോ മുബ്തദിഅ് എന്നോ വിളിച്ചാലും നീ അതേ നാണയത്തിൽ പ്രതികരിക്കരുത്. കാരണം, അഹ്ലുസുന്ന ഒരിക്കലും തങ്ങളോട് അക്രമം കാണിച്ചവരോട് തിരിച്ച് അക്രമം കാണിക്കുകയില്ല. മറിച്ച്, അത് ബിദ് അത്തുകാരുടെ സ്വഭാവമാണ്.

നിന്നോട് ബന്ധം മുറിച്ച സഹോദരനോട് നീ തിരിച്ചു ഹജ്ർ ചെയ്യരുത് ;അവൻ ഹജ്ർ – ബന്ധം മുറിക്കൽ – അർഹിക്കുന്ന ആളല്ലെങ്കിൽ .
മറിച്ച് അവനോട് നീ അങ്ങോട്ട് പോയി സലാം പറയണം . അവനെ അടുപ്പിക്കണം.

എന്ത് തെറ്റിദ്ധാരണയുടെ പേരിലാണോ അവൻ നിന്നെ ഹജ്ർ ചെയ്തിരിക്കുന്നത് , ആ തെറ്റിദ്ധാരണ അവന് തിരുത്തിക്കൊടുക്കണം.

എന്നിട്ടും അവൻ ബന്ധം ചേർക്കാൻ തയ്യാറല്ലെങ്കിൽ, നീ മനസ്സുകൊണ്ട് അവനോടുള്ള ബന്ധം തുടരുക. അവന്റെ കുറ്റങ്ങൾ തേടി നടക്കരുത്.
അവനുമായുള്ള ബന്ധം തകർന്നതിൽ നീ നിരപരാധിയാണല്ലോ. അവനായിരിക്കും അതിന്റെ കുറ്റം.

ആളുകൾ നിന്നെ ആക്ഷേപിക്കുന്നത് രണ്ട് രൂപത്തിലായിരിക്കും. ഒന്നുകിൽ വ്യക്തിപരമായ ആക്ഷേപമായിരിക്കും. അല്ലെങ്കിൽ അഹ് ലുസ്സുന്നത്തിന്റെ ആദർശത്തിനു നിരക്കാത്ത എന്തെങ്കിലും വാദം നിന്റെ പേരിൽ ആരോപിക്കുകയായിരിക്കും.

പിഴച്ചവൻ
വിവരം കെട്ടവൻ
ബുദ്ധിയില്ലാത്തവൻ ….
എന്നൊക്കെപ്പറഞ്ഞ് വ്യക്തിപരമായി നിന്നെ ആരെങ്കിലും ആക്ഷേപിച്ചാൽ നീ സ്വയം പ്രതിരോധിക്കാൻ നിൽക്കരുത്.
പ്രതിരോധിച്ചാൽ സർവനാശമായ ആത്മപ്രശംസയായിരിക്കും നീ ചെയ്യുന്നത്.

സലഫുകളിൽ പെട്ട ഒരു ഇമാമിനെക്കുറിച്ച് ഒരാൾ ഒരു ആക്ഷേപം പറഞ്ഞു. അദ്ധേഹം പറഞ്ഞുവത്രേ: ” നീ പറഞ്ഞതിലും കാര്യമുണ്ട് !!”

എന്നാൽ എന്തെങ്കിലും പിഴച്ച വാദം നിന്റെ പേരിൽ ആരോപിച്ചാൽ, അതായത് നീ ഇന്നയിന്ന വാദങ്ങൾ പറയുന്നുണ്ട് എന്ന് പറഞ്ഞാൽ അതു നീ നിഷേധിക്കുക. കാരണം, അല്ലെങ്കിൽ നിന്റെ പേരിൽ ഒരു അബദ്ധവാദം ചേർത്തുപറയപ്പെടും.

തങ്ങൾ പറയാത്ത വാദങ്ങൾ തങ്ങളിലേക്ക് ചേർത്തിപ്പറയുമ്പോൾ ഉലമാക്കൾ എല്ലാ കാലത്തും അത് തിരുത്താറുണ്ട്. അത് ഒരിക്കലും ആത്മപ്രശംസയല്ല. മറിച്ച് അത് ഉമ്മത്തിനോടുള്ള നസ്വീഹത്താണ്.

അതിനാൽ നീ ഈ വിഷയത്തിൽ ഉലമാക്കളുടെ മാർഗം മുറുകെപ്പിടിക്കുക.
ചില ജാഹിലുകളുണ്ട്. ആരെങ്കിലും അവരെക്കുറിച്ച് എന്തെങ്കിലും ഒരു ആക്ഷേപം പറഞ്ഞാൽ അവർ സ്വയം പുകഴ്ത്തിക്കൊണ്ട് ലോകം മുഴുവൻ ഓടി നടക്കും. ഇത്തരം അധ:പതനത്തിൽ നിന്ന് അല്ലാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ.

അവസാനമായി പറയട്ടെ:

ജനങ്ങൾ ഉയരുന്നതും താഴുന്നതും അവരവർ ചെയ്യുന്ന അമലിന്റെ അടിസ്ഥാനത്തിലാണ്. നീ സുന്നത്തിൽ ഉറച്ചുനിൽക്കുന്നവനാണെങ്കിൽ ഓരോ ദിവസവും ആ മാർഗത്തിൽ നീ പുരോഗമിക്കുകയും സുന്നത്ത് പിന്തുടരുന്നവർക്ക് ഒരു ഇമാമും മാതൃകയും ആയി മാറുകയും ചെയ്യും.

മറിച്ച് ബിദ്അത്തിലാണ് നീ നിലകൊള്ളുന്നതെങ്കിൽ ഒരോ ദിവസവും നിന്റെ ബിദ്അത്ത് വഷളാവുകയും നീ ഒരു പിഴച്ച നേതാവായി മാറുകയും ചെയ്യും.

അത് കൊണ്ട് ഇന്ന് നീ തീരുമാനിച്ചു കൊള്ളുക.
എന്ത് അമലാണ് നീ ചെയ്യുന്നതെന്ന്?

ആർക്കാണ് നീ നേതാവും മാതൃകയുമാവുക എന്ന്?!

https://al-rehaili.net/books/single/290

Add a Comment

Your email address will not be published. Required fields are marked*