ശിയാക്കൾ തുടങ്ങി,സ്വലാഹുദ്ധീൻ അയ്യൂബി നിർത്തലാക്കി,ഫ്രഞ്ചുകാർ വീണ്ടും തുടങ്ങി! ഒരൽപം ചരിത്രം:

ഫാത്തിമിയ ശിയ ഭരണകൂടത്തിലെ അവസാന ഭരണാധികാരിയായ ആദിദിൻ്റെ (عاضد لدين الله ) മരണ ശേഷം സുല്‍ത്താന്‍ സ്വലാഹുദ്ധീന്‍ യൂസുഫ് അൽ-അയ്യൂബി റഹിമഹുള്ള ഈജിപ്തിൻ്റെയും ശാമിന്റെയും ഭരണത്തിലേറി. തുടർന്ന് അദ്ദേഹം മൗലിദ് ആഘോഷം നിര്‍ത്തലാക്കി. കാരണം ഇത് സുന്നത്തില്‍ പെട്ടതല്ല എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ശേഷം റാഫിദികളുണ്ടാക്കിയ അനിസ്ലാമിക ആചാരങ്ങളിൽ നിന്നും ഈജിപ്തിനെ ശുദ്ധീകരിച്ചു. ‘ഹയ്യാഅലല്‍ ഖൈരില്‍ അമല്‍’ എന്ന വാചകം കൂട്ടിച്ചേര്‍ത്ത് ശിയാക്കള്‍ ഉണ്ടാക്കിയ ബാങ്ക് അദ്ധേഹം റദ്ദ് ചെയ്തു. പള്ളികളിൽ ഈ ബാങ്ക് വിളി നിരോധിച്ചു. അതുപോലെ മൗലിദ് ആഘോഷവും നിരോധിച്ചു , കാരണം അത് ഇസ്ലാമില്‍ പെട്ടതല്ല!
സുൽത്താൻ സ്വലാഹുദ്ധീന്‍ رحمه الله നിര്‍വഹിച്ച പുണ്യ പ്രവൃത്തികളിൽ ഏറ്റവും മഹത്തരമായ ഒന്നാണിത്.

ഇക്കാരണങ്ങൾ കൊണ്ടാണ് മുസ്ലിമീങ്ങളെ ശരിയായ ഇസ്ലാമിന്റെ കീഴില്‍ അദ്ദേഹം ഒരുമിച്ചുകൂട്ടിയപ്പോള്‍ അല്ലാഹു ഹിജ്രാബ്ദം 583 ല്‍ കുരിശുയുദ്ധക്കാര്‍ക്കെതിരെ *ഹിത്തീനില്‍ വെച്ച് അദ്ദേഹത്തിന് വിജയം നൽകിയത്. (ചില പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ശരി) പൊതുവില്‍ ഇസ്ലാമിനെ പുനരുദ്ധരിക്കാനും, മുസ്ലിമീങ്ങളെ ബിദ്അത്തുകളില്‍ നിന്നും ഖുറാഫാതുകളില്‍ നിന്നും വിദൂരമാക്കി തങ്ങളുടെ ശരിയായ ദീനിലേക്ക് തിരികെ കൊണ്ടുവരാനും അദ്ദേഹം പരമാവധി ശ്രമിച്ചു. അതിനാലാണ് അല്ലാഹു അദ്ദേഹത്തിന് കുരിശുയുദ്ധക്കാരായ യൂറോപ്യന്‍മാര്‍ക്കെതിരില്‍ മഹത്തായ വിജയം “ഹിത്തീനി”ൽ വെച്ച് സമ്മാനിച്ചതും, ആ നാടിനെ റാഫിദികളില്‍ നിന്നും കുരിശുയുദ്ധക്കാരില്‍ നിന്നും ശുദ്ധീകരിച്ച് നൽകിയതും.

(ഹിത്തീൻ حطين: ഫലസ്തീനിലെ ഒരു പ്രദേശം )

പിന്നീട് ആറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഹിജ്രാബ്ദം 589 ല്‍ സ്വലാഹുദ്ദീന്‍ ബിന്‍ അയ്യൂബ് അല്‍ അയ്യുബി റഹിമഹുല്ല എന്ന നേതാവ് വഫാത്തായി.

ശേഷം ഈ ആഘോഷം വീണ്ടും കൊണ്ടുവന്നത് ആരാണെന്നറിയുമോ?

സ്വലാഹുദ്ധീനു ശേഷം മൗലീദാഘോഷം വീണ്ടും തലപൊക്കിയിരുന്നെങ്കിലും, ആരാണ് അതിനെ വീണ്ടും പൂർവ്വാധികം ശക്തിയോടെ തിരിച്ചു കൊണ്ടുവന്നത്?

ജബര്‍ത്തി തന്റെ ഗ്രന്ഥത്തില്‍ സൂചിപ്പിച്ചതുപോലെ അത് ഫ്രഞ്ചുകാരാണ്! അവര്‍ ഈജിപ്തിലേക്ക് കടന്നുവന്നപ്പോള്‍. ( അബ്ദുറഹ്മാൻ അൽ ജബർത്തി : പ്രമുഖ ഈജിപ്ഷ്യൻ ചരിത്രകാരൻ )

ജനങ്ങൾ (വേണ്ട രീതിയിൽ) മൗലിദാഘോഷിക്കുന്നില്ല എന്ന് (ഫ്രഞ്ച് ഭരണാധികാരി) നെപ്പോളിയന്‍ കണ്ടപ്പോൾ അയാള്‍ അത് തിരികെ കൊണ്ടുവരാന്‍ ഉത്തരവിട്ടു, മാത്രമല്ല ആഘോഷിക്കാത്തവരെ ശിക്ഷിക്കാനും അയാള്‍ മടിച്ചില്ല.

നെപ്പോളിയന്‍ പ്രവാചകനെ സ്‌നേഹിച്ചിട്ടാണോ ഇങ്ങനെ ചെയ്തത്?

വള്ളാഹി, ഒരിക്കലുമല്ല. എന്ന് മാത്രമല്ല ജനങ്ങളിൽ വെച്ച് ഇസ്ലാമിനെ ഏറ്റവും കൂടുതല്‍ വെറുത്തിരുന്ന ഒരാളായിരുന്നു ഇയാൾ .

പിന്നെ എന്തിനാണ് നബിദിനം കൊണ്ടാടാന്‍ അയാള്‍ കല്‍പിച്ചത്? കാരണം അത് അനിസ്ലാമികമാണ് എന്നതുതന്നെ.
അതിനാല്‍ മുസ്ലിംകളെ ഖുറാഫാത്തുകളിലും, നൃത്തം, മധുര വിതരണം തുടങ്ങി പല ജാതി അനാചാരങ്ങളിലും തളച്ചിടാനും, തുടര്‍ന്ന് തങ്ങൾക്കെതിരെ അവർ ജിഹാദ് നയിക്കാതിരിക്കാനും അയാള്‍ പദ്ധതിയിട്ടു.
കാരണം ഈ സൂഫിസവും, നബിദിനാഘോഷത്തിന്റെ പേരില്‍ നടമാടുന്ന ശിര്‍ക്കന്‍ – ബിദ്അത് ആചാരങ്ങളുമെല്ലാം മുസ്ലിംകളെ യഥാര്‍ത്ഥ ദീനില്‍ നിന്ന് തിരിച്ചുവിടുമെന്നും,
തുടര്‍ന്ന് ഈ (ഫ്രഞ്ച്) കാഫിറുകളെ നാട്ടിൽ (ഈജിപ്തില്‍) നിന്നും പുറത്താക്കുക എന്ന ദൗത്യത്തെ തൊട്ട് അവര്‍ മറന്നുപോകുകയും ചെയ്യുമെന്നും അയാള്‍ നന്നായി മനസ്സിലാക്കിയിരുന്നു.
അതിനാല്‍ മൗലിദാഘോഷം വീണ്ടും നടപ്പിൽ വരുത്താൻ കല്‍പന പുറപ്പെടുവിച്ചു..
ആഘോഷിക്കാത്തവരെ ശിക്ഷിക്കുകയും ചെയ്തു ഈ നെപ്പോളിയന്‍!

ഇതാണ് ഇന്ന് കാണുന്ന ഈ മൗലിദാഘോഷത്തിന്റെ സംഗ്രഹ ചരിത്രം.

നാല് നൂറ്റാണ്ടിലെ മുസ്ലിംകളൊന്നും ഇതിനെക്കുറിച്ചറിഞ്ഞില്ല!
സ്വഹാബികളില്‍ പെട്ട ആരുംതന്നെ ഇതാഘോഷിച്ചില്ല! നീണ്ട നാലു നൂറ്റാണ്ടിനിടക്ക് സച്ചരിതരായ മുന്‍ഗാമികളും ഇമാമുമാരും ആരുംതന്നെ ആഘോഷിച്ചില്ല.
ഈ ആദ്യനൂറ്റാണ്ടുകളിലെ സലഫുകളായ ഇമാമുമാര്‍ ദീൻ കൃത്യമായി എത്തിച്ചു തന്നതുകൊണ്ടാണ് നമ്മളിന്ന് ദീൻ അറിയുന്നത്.

ഒന്ന്, രണ്ട് , മൂന്ന് നൂറ്റാണ്ടുകൾ..
ചരിത്രകാരന്‍മാര്‍ ഒന്നിച്ച് അഭിപ്രായപ്പെട്ടതുപോലെ ഈ മൂന്നു നൂറ്റാണ്ടും
മുസ്ലിം ഉമ്മത്ത് പ്രവാചകന്റെ മൗലിദാഘോഷത്തെപറ്റി ഒന്നുമറിയാതെയാണ് കഴിഞ്ഞുപോയത്!

പിന്നീട് ഒരാൾ (മൗലിദ് ആഘോഷവുമായി) കടന്നു വരുന്നു..
പൂർണമായും ഇസ്ലാമിനെതിരെ നിലകൊണ്ട ഒരാൾ ..
സ്വഹാബത്തിനെ പരസ്യമായി ചീത്ത പറയുകയും കാഫിറാക്കുകയും ചെയ്ത *’മുഇസ്’ എന്നൊരുത്തൻ !
ഇത്തരത്തിലുള്ള ഒരാളിൽ നിന്നും ഇസ്ലാമിന് ഗുണമുള്ള എന്തെങ്കിലും പ്രതീക്ഷിക്കാമോ? സ്വഹാബത്തിനെ കാഫിറാക്കുന്നതിലൂടെ ഇസ്ലാമിനെ തകർക്കാൻ ഇറങ്ങിത്തിരിച്ച ഒരാളായിരുന്നു എന്നതാണ് യഥാർത്ഥ്യമെന്നിരിക്കെ !?

(മുഇസ്: നാലാം ഫാത്തിമിയ-ശിയാ ഭരണാധികാരിالمعز لدين الله )
〰️〰️〰️〰️〰️〰️〰️〰️
ശൈഖ് ഖാലിദ് ഉസ്മാൻ അൽ മിസ്’രിയുടെ (ഈജിപ്ത്) സംസാരത്തിൽ നിന്നും
https://www.youtube.com/watch?v=QIdZRWWCnNo
ആശയ വിവർത്തനം: Muneer C Kottakkal

Add a Comment

Your email address will not be published. Required fields are marked*