ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّه- യുടെ ഒരു കത്ത്


ഒരിക്കൽ ശൈഖ് അലീ ബിൻ അബ്ദുല്ലാഹ് സ്വൂഫാൻ എന്നയാൾ ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّه-ക്ക് ഒരു കത്തെഴുതി.
ശൈഖ് ഇബ്നു ബാസ് നമസ്കരിക്കുന്നതും രണ്ടു സുജൂദുകളിൽ വ്യത്യസ്തമായ ചില ദുആകൾ പ്രാർത്ഥിക്കുന്നതുമായിട്ടാണ് സ്വപ്നം. എന്നാൽ ആ പ്രാർത്ഥനകൾ സ്വപ്നം കണ്ട ശൈഖിനു ഓർമയില്ല. ആ പ്രാർത്ഥനകൾ തനിക്ക് പറഞ്ഞു തരണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കത്ത്.

ശൈഖ് ഇബ്നു ബാസ്رَحِمَهُ اللَّهമറുപടിയായി എഴുതി:

❝അബ്ദുൽ അസീസ് ബിൻ അബ്ദില്ലാഹ് ബിൻ ബാസ് ബഹുമാന്യ സഹോദരൻ അലി ബിൻ അബ്ദില്ലാഹ് സ്വൂഫാൻ (അല്ലാഹു അദ്ദേഹത്തിന് ഇൽമും ഈമാനും വർധിപ്പിച്ചു കൊടുക്കുമാറാകട്ടെ) വായിക്കാനായി എഴുതുന്നത് :

പ്രിയ സഹോദരാ ,
താങ്കളുടെ കത്ത് കിട്ടി. അല്ലാഹുവിന്റെ തൃപ്തി താങ്കളിൽ സദാ ഉണ്ടാകുമാറാകട്ടെ.

താങ്കളുടെ കത്തിന്റെ ഉള്ളടക്കം എനിക്കു മനസ്സിലായി. ഞാൻ സുജൂദിൽ ദുആ ചെയ്യുന്നതായി താങ്കൾ കണ്ടുവെന്നും ആ ദുആകൾ ഏതൊക്കെയാണെന്ന് അറിയിക്കണമെന്നുമാണല്ലോ താങ്കളുടെ ആവശ്യം.

ഈ പ്രാർത്ഥന എനിക്കും താങ്കൾക്കും നന്മയുള്ള ഒന്നാക്കി മാറ്റാൻ അല്ലാഹുവിനോട് ഞാൻ തേടുകയാണ്.

സ്വഹീഹായ ഹദീസിൽ വന്നതു പോലെ,
“നുബുവ്വത്ത് അവസാനിച്ചു. ഇനി സന്തോഷവാർത്തകൾ മാത്രമാണ് ബാക്കിയുള്ളത്. അഥവാ ഒരു മുഅ്‌മിൻ കാണുകയോ അവനെ മറ്റൊരാൾ കാണുകയോ ചെയ്യുന്നതായ സ്വപ്നങ്ങൾ”

അല്ലാഹു എന്നെയും നിങ്ങളെയും അവന്റെ സ്വാലിഹീങ്ങളായ അടിമകളിൽ ഉൾപെടുത്തുമാറാകട്ടെ, അവന്റെ വിജയം പ്രാപിക്കുന്ന കക്ഷിയിൽ അവൻ നമ്മെ ചേർക്കുമാറാകട്ടെ, മരിച്ചുപോയി അവനെ കണ്ടുമുട്ടുംവരെ അവൻ നമ്മെ അവന്റെ ദീനിൽ ഉറപ്പിച്ചു നിർത്തുമാറാകട്ടെ.

തീർച്ചയായും ചോദിക്കപ്പെടുന്നവരിൽ ഏറ്റവും ഉത്തമൻ അവനാണല്ലോ.

ഞാൻ പ്രാർത്ഥിക്കാറുള്ള പ്രാർത്ഥനകളെക്കുറിച്ച് പറയുകയാണെങ്കിൽ കുറെയേറെ പ്രാർത്ഥനകൾ ഉണ്ട്. അതിൽ ഏറ്റവും അർത്ഥവ്യാപ്തിയുള്ള ചിലത് പറയാം.

يَا مُقَلِّبَ الْقُلُوبِ، ثَبِّتْ قَلْبِي عَلَى دِينِكَ

“മനസ്സുകളെ മാറ്റിമറിക്കുന്നവനായ അല്ലാഹുവേ, എന്റെ മനസ്സിനെ നീ നിന്റെ ദീനിൽ ഉറപ്പിച്ചു നിർത്തേണമേ”

يَا مُصَرِّفَ الْقُلُوبِ ثَبِّتْ قَلْبِي عَلَى طَاعَتِكَ

“മനസ്സുകളുടെ അവസ്ഥകൾ മാറ്റുന്നവനേ, നീ എന്റെ മനസ്സിനെ പുണ്യങ്ങളിൽ നിന്ന് പുണ്യങ്ങളിലേക്ക് മാത്രം മാറ്റേണമേ”

اللَّهُمَّ أَصْلِحْ لِي دِينِي الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ

“എന്റെ എല്ലാ കാര്യങ്ങളുടെയും സുരക്ഷയായ എന്റെ ദീനിനെ നീ എനിക്ക് സംരക്ഷിച്ചു തരേണമേ, എനിക്ക് ജീവിതം കഴിച്ചുകൂട്ടാനുള്ള ഈ ദുൻയാവിന്റെ അവസ്ഥ നീ എനിക്ക് നേരെയാക്കിത്തരണേ, എനിക്ക് മടങ്ങിച്ചെല്ലാനുള്ള എന്റെ പാരത്രികഭവനം എനിക്ക് നീ നന്നാക്കിത്തരണേ. എന്റെ ജീവിതം നന്മകൾ സാമ്പാദിക്കാനുള്ള അവസരവും, മരണം കുഴപ്പങ്ങളിൽ നിന്നുള്ള രക്ഷയും ആക്കേണമേ”

اللَّهُمَّ أَصْلِحْ قَلْبِي وعَمَلِي، وارْزُقْني الفِقهَ في دينِكَ، ربِّ زِدْني علمًا

“അല്ലാഹുവേ എന്റെ ഖൽബിനേയും അമലുകളെയും നീ നന്നാക്കിത്തരണേ, നിന്റെ ദീനിൽ എനിക്ക് അവഗാഹം നൽകേണമേ, എനിക്ക് നീ ഇൽമ് വർധിപ്പിച്ചു തരണേ”

اللَّهُم وفِّقْنِي للإِخْلاص والصِّدْق وإِصابةِ الحَقِّ في القول والعَمَل، اللَّهُمَّ اجعلْني من أَنصار دينِك والدُّعاة إلى سبيلِك على بصِيرةٍ

“അല്ലാഹുവേ, എനിക്ക് ഇഖ്ലാസും സ്വിദ്ഖ്(സത്യസന്ധത)യും നൽകേണമേ,
എന്റെ വാക്കുകളും പ്രവർത്തികളും ഹഖിനോട് യോജിക്കുന്ന രൂപത്തിലാക്കണേ. അല്ലാഹുവേ, എന്നെ നീ നിന്റെ ദീനിന്റെ സഹായികളിലും നിന്റെ മാർഗത്തിലേക്ക് ഉൾക്കാഴ്ചയോടെ ക്ഷണിക്കുന്ന പ്രബോധകരിലും ഉൾപ്പെടുത്തണേ.”

اللَّهُمَّ ارْزُقْني القُوَّةَ والنَّشَاطَ فِي كُلِّ خَيْرٍ

“അല്ലാഹുവേ, എല്ലാ നല്ല കാര്യങ്ങളിലും എനിക്ക് നീ ഉന്മേഷവും കരുത്തും നൽകണേ.”

ഹദീസുകളിൽ ധാരാളം ദുആകൾ വന്നിട്ടുണ്ടല്ലോ. അതിൽ വിശാലമായ അർത്ഥങ്ങളുള്ള ഒന്നാണ് സ്വഹീഹായ സനദോടെ അമ്മാർ ഇബ്നു യാസിർ-رَضِيَ اللَّه عَنْهُ-വിൽ നിന്ന് ഇമാം നസാഈ-رَحِمَهُ اللَّه- ഉദ്ധരിച്ച ഹദീസിൽ വന്നിട്ടുള്ള ദുആ :

اللَّهُمَّ بِعِلْمِكَ الْغَيْبَ وَقُدْرَتِكَ عَلَى الْخَلْقِ ؛ أَحْيِنِي مَا عَلِمْتَ الْحَيَاةَ خَيْرًا لِي، وَتَوَفَّنِي إِذَا عَلِمْتَ الْوَفَاةَ خَيْرًا لِي

“അല്ലാഹുവേ, നിന്റെ അദൃശ്യ ജ്ഞാനത്തെയും എല്ലാ സൃഷ്ടികളെയും നിയന്ത്രിക്കുന്ന കഴിവിനേയും മുൻ നിർത്തി ഞാൻ ചോദിക്കുകയാണ്, എന്റെ ജീവിതം എനിക്ക് ഗുണകരമാണെങ്കിൽ എന്നെ നീ ജീവിപ്പിക്കണേ ; അതല്ല മരണമാണ് എനിക്ക് ഗുണമെങ്കിൽ നീ എന്നെ മരിപ്പിക്കണേ”

പതിമൂന്ന് വാചകങ്ങളുൾക്കൊള്ളുന്ന ദീർഘമായ ഒരു ഹദീസ് ആണ് ഇത്. അതിലെ ഓരോ വാചകവും വളരെ മഹത്വമേറിയ ഓരോ ദുആകളാണ്.

ഓരോ മുസ്‌ലിമും ഇത്തരത്തിലുള്ള അർത്ഥവത്തായ നല്ല പ്രാർത്ഥനകൾ തെരഞ്ഞെടുത്ത് പ്രാർത്ഥിക്കേണ്ടതുണ്ട്.

അല്ലാഹു നമ്മെ ഏവരെയും അവൻ തൃപ്തിപ്പെടുന്ന നന്മകൾ ചെയ്യാൻ സഹായിക്കുമാറാകട്ടെ.❞

والسلام عليكم ورحمة الله وبركاته

الرئيس العام لإدارات البحوث العلمية والإفتاء والدعوة والإرشاد

عبد العزيز بن عبد الله بن باز

വിവ: സാജിദ് ബിൻ ശരീഫ് وفقه الله

Add a Comment

Your email address will not be published. Required fields are marked*