ശൈഖ് സുലൈമാൻ അർറുഹൈലി നൽകിയ ഫത് വയിൽ നിന്ന്..
❝നിർബന്ധ നിസ്കാരങ്ങൾ നിന്നു കൊണ്ട് നിസ്കരിക്കുക എന്നത് നിസ്കാരത്തിന്റെ റുക്നുകളിൽ പെട്ടതാണ്.
അഥവാ നിൽക്കാൻ സാധിക്കുന്നവൻ നിറുത്തം ഉപേക്ഷിച്ചാൽ അവന്റെ നിസ്കാരം സ്വഹീഹ് ആവുകയില്ല.
അല്ലാഹു പറയുന്നു:
..وَقُومُوا لِلَّهِ قَانِتِينَ
“അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നു കൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്.”
എന്നാൽ നിന്ന് കൊണ്ട് നിസ്കരിക്കാൻ സാധിക്കാത്തവർക്ക് ഇരുന്നു കൊണ്ട് നിസ്കരിക്കാവുന്നതാണ്.
നബി ﷺ പറഞ്ഞു:
فَإِنْ لَمْ تَسْتَطِعْ فَقَاعِدًا
“ഇനി (നിന്ന് കൊണ്ട് നിസ്കരിക്കാൻ) നിനക്ക് സാധിക്കുന്നില്ലെങ്കിൽ നീ ഇരുന്നു കൊണ്ട് നിസ്കരിക്കുക.”
അങ്ങനെ പ്രയാസം കാരണം ഇരുന്ന് കൊണ്ട് നിസ്കരിക്കുന്നവർക്ക് അവരുടെ പ്രതിഫലത്തിൽ കുറവ് വരികയുമില്ല.
ഇരുന്ന് കൊണ്ട് നിസ്കരിക്കുന്നവർ രണ്ട് തരത്തിലാണുണ്ടാവുക.
ഒന്ന്: നിന്ന് കൊണ്ട് നിസ്കരിക്കാൻ തുടങ്ങും, ശേഷം റുകൂഅ്, സുജൂദ് ചെയ്യുന്നതിന് വേണ്ടി കസേരയിൽ ഇരിക്കും. അപ്പോൾ നിൽക്കേണ്ട സമയത്ത് നിന്നുകൊണ്ടാണുള്ളത്.
ഈ അവസരത്തിൽ സ്വഫ്ഫിനോടൊപ്പം ചേർന്നു നിൽക്കുകയാണ് വേണ്ടത്. അപ്പോൾ അവൻ നിൽക്കുന്ന സമയത്ത് അവന്റെ കസേര അവന്റെ പിറകിലാണുണ്ടാവുക, അവൻ സ്വഫിനോടൊപ്പവും. ചില സഹോദരങ്ങൾ ചെയ്യുന്നത് പോലെ മുൻപോട്ട് കയറി നിൽക്കരുത്.
അങ്ങനെ അവൻ റുകൂഇൽ നിന്നുയരുകയും ഇരിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ അവൻ കസേര മുന്നിലേക്ക് വലിച്ചു കൊണ്ട് കസേരയുടെ പിൻവശം സ്വഫിനോടൊപ്പം ആക്കുക. അഥവാ നിൽക്കുന്ന സമയത്ത് അവൻ സ്വഫിനോടൊപ്പവും ഇരിക്കുമ്പോൾ കസേര മുന്നിലേക്ക് വലിക്കുകയും ചെയ്യുക. എന്തെന്നാൽ ഇരിക്കുന്ന സമയത്ത് അവന്റെ മുതുകാണ് മറ്റുള്ളവരോടൊപ്പമാകേണ്ടത്. അപ്പോൾ പുറകിലുള്ള ആളുകൾക്ക് അത് ബുദ്ധിമുട്ടുണ്ടാവുകയുമില്ല.
രണ്ടാമത്തെ ആളുകൾ അവർ നിസ്കാരത്തിൽ മുഴുവൻ ഇരിക്കുന്നവരാണ്. നിൽക്കാൻ തീരെ സാധിക്കാത്തവർക്കും, നിന്നാൽ തന്റെ രോഗം വർദ്ധിക്കുമെന്ന് ഭയപ്പെടുന്നവർക്കും ഇപ്രകാരം നിർബന്ധ നിസ്കാരങ്ങളിൽ ഇരിക്കാവുന്നതാണ്.
റുകൂഉം, സുജൂദും ചെയ്യാൻ മാത്രമാണ് ഒരാൾക്ക് പ്രയാസമെങ്കിൽ മേൽപറഞ്ഞ ഒന്നാമത്തെ രീതിയിലാണ് അത്തരക്കാർ നിൽക്കേണ്ടത്.
ഇങ്ങനെ നിസ്കാരത്തിൽ മുഴുവൻ ഇരുന്ന് കൊണ്ട് നിസ്കരിക്കുന്നവർ അവരുടെ കസേരയുടെ പിൻവശം സ്വഫിനോടൊപ്പമാക്കുക. ഈ അവസരത്തിൽ അവന്റെ കാലുകൾ സ്വഫിന്റ മുന്നിലേക്കും, അവന്റെ മുതുക് മറ്റുള്ളവരോടൊപ്പം സ്വഫ്ഫിലും ആയിരിക്കുന്നതാണ്. ഇപ്രകാരമാണ് അവൻ നിസ്കരിക്കേണ്ടത്.❞
الله أعلم بالصواب وصلى الله على نبينا محمد
അവലംബം: കസേരയിൽ ഇരുന്നു നിസ്കരിക്കേണ്ട വിഷയത്തിൽ ശൈഖ് സുലൈമാൻ അർറുഹൈലി നൽകിയ ഫത് വയിൽ നിന്ന്.
Add a Comment