റുകൂഇന് തൊട്ടു മുമ്പായി നിസ്കാരത്തിൽ പ്രവേശിച്ചാൽ ഞാൻ ഫാതിഹയാണോ ആദ്യം പാരായണം ചെയ്യേണ്ടത്, അതല്ല പ്രാരംഭ പ്രാർത്ഥനയാണോ

“റുകൂഇന് തൊട്ടു മുമ്പായി നിസ്കാരത്തിൽ പ്രവേശിച്ചാൽ ഞാൻ ഫാതിഹയാണോ ആദ്യം പാരായണം ചെയ്യേണ്ടത്, അതല്ല പ്രാരംഭ പ്രാർത്ഥനയാണോ?
ഞാൻ ഫാതിഹ പൂർത്തിയാക്കുന്നതിന് മുമ്പ് ഇമാം റുകൂഇലേക്ക് പോയാൽ എന്താണ് ചെയ്യേണ്ടത്? “


ശൈഖ് ഇബ്നു ബാസ് റഹിമഹുല്ലാഹ് നൽകുന്ന മറുപടി:

“പ്രാരംഭ പ്രാർത്ഥന എന്നത് സുന്നത്തും, ഫാതിഹ പാരായണം ചെയ്യുക എന്നത് മഅ്‌മൂമിന് പണ്ഡിതന്മാരുടെ ശരിയായ അഭിപ്രായ പ്രകാരം നിർബന്ധവുമാണ്. അതിനാൽ ഫാതിഹ ഓതാൻ കഴിയാതെ വരും എന്ന് നീ ഭയപ്പെട്ടാൽ ആദ്യം ഫാതിഹ ഓതുക, ഫാതിഹ പൂർത്തിയാക്കുന്നതിന് മുമ്പ് ഇമാം റുകൂഇലേക്ക് പോയാൽ നീ ഇമാമിനോടൊപ്പം റുകൂഇലേക്ക് പോകുക. ബാക്കി ഉള്ളത് നിനക്ക് ഒഴിവ് നൽകപ്പെടും.
കാരണം നബി-ﷺ-പറഞ്ഞു: ‘തീർച്ചയായും ഇമാമിനെ നിശ്ചയിച്ചിട്ടുള്ളത് അദ്ദേഹത്തെ പിന്തുടരാൻ തന്നെയാണ്, അതിനാൽ നിങ്ങൾ അദ്ദേഹത്തിന് എതിരാകാൻ പാടില്ല, അദ്ദേഹം തക്ബീർ പറഞ്ഞാൽ നിങ്ങളും തക്ബീർ പറയുക, അദ്ദേഹം റുകൂഅ്‌ ചെയ്താൽ നിങ്ങളും റുകൂഅ്‌ ചെയ്യുക.’
(മുത്തഫഖുൻ അലൈഹി)

മജ്‌മൂ’ ഫാതാവ ഇബ്നു ബാസ് (11/243-244)

സമാനമായ ചോദ്യത്തിന് ശൈഖ് ഇബ്നു ഉതയ്മീൻ റഹിമഹുല്ലാഹ് ഇപ്രകാരം കൂടി പറഞ്ഞത് കാണാം:

” ഫാതിഹ പൂർത്തിയാക്കാൻ മഅ്‌മൂമിന് ഒരായത്തോ മറ്റോ മാത്രമാണ് ബാക്കിയെങ്കിൽ അത് പൂർത്തിയാക്കി ഇമാമിനോടൊപ്പം റുകൂഅ്‌ ചെയ്യുക എന്നതാണ് നല്ലത്. എന്നാൽ കുറെ ബാക്കിയുണ്ടാവുകയും അത് പാരായണം ചെയ്യുകയാണെങ്കിൽ ഇമാമിനോടൊപ്പം റുകൂഅ്‌ ലഭിക്കുകയില്ല എന്നാണെങ്കിൽ ഫാതിഹ പൂർത്തിയാക്കാതെ ഇമാമിനോടൊപ്പം റുകൂഅ്‌ ചെയ്യുകയുമാണ് വേണ്ടത്.”

മജ്‌മൂ ഫാതാവ ഇബ്നു ഉതയ്മീൻ(15/106) .

വിവർത്തനം:
ഹംറാസ് ബിൻ ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*