മദീനയിലെ മസ്ജിദുന്നബവിയിലെ മുഹദ്ദിസ് ആയ (ഇന്ന് ജീവിച്ചിരിക്കുന്ന) ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് അൽ ബദ്ർ ഹഫിദഹുല്ലാഹ് നബിദിനത്തെ കുറിച്ച് പറയുന്നു:
❝ മൗലീദുകൾ ഹിജ്റ നാലാം നൂറ്റാണ്ടിലാണ് ഉണ്ടായത്. അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഉബൈദികളാണ് ഈ ചടങ്ങുകൾ ഉണ്ടാക്കിയത്.
ഷാഫീ പണ്ഠിതനായ മുഖ്രീസീ റഹിമഹുള്ളാഹ് ഈജിപ്തിന്റെ ചരിത്രം വിശദീകരിക്കാൻ രചിച്ച ‘അൽ ഖുത്തത് വൽ ആതാർ’ എന്ന കിതാബിൽ ഇക്കാര്യം പറയുന്നുണ്ട്. അവർ (ഉബൈദീ ശിയാക്കൾ) പലരുടെയും ജന്മദിനം അഘോഷിക്കാൻ തുടങ്ങി. നബിﷺ , അലി, ഫാത്വിമ, ഹസൻ, ഹുസ്സൈൻ പിന്നെ അന്നത്തെ അവരുടെ രാജാവ്… ഇത്രയും ആളുകളുടെ ജന്മദിനമാണ് അവർ ആഘോഷിച്ചിരുന്നത്. അഥവാ ഈ ആഘോഷങ്ങളൊന്നും ഉത്തമ നൂറ്റാണ്ടുകളായ ആദ്യ മൂന്ന് തലമുറകളിൽ ഉണ്ടായിട്ടില്ല.
നബി ﷺ പറഞ്ഞുവല്ലോ :
“ജനങ്ങളിൽ ഏറ്റവും നല്ലവർ എന്റെ തലമുറയാകുന്നു. പിന്നെ അടുത്ത തലമുറ, പിന്നെ അതിന്റെ അടുത്ത തലമുറ”.
സഹാബത്തിന്റെ കാലത്ത് ഈ ജന്മദിനാഘോഷങ്ങൾ ഉണ്ടായിട്ടില്ല. താബിഈങ്ങളുടെ കാലത്തും, തബഉതാബിഈങ്ങളുടെ കാലത്തും അങ്ങനെ തന്നെ. മുന്നൂറ് വർഷക്കാലം ഈയൊരു ആചാരം ഇസ്ലാമിൽ ഉണ്ടായിട്ടില്ല. മുന്നൂറ് വർഷം കഴിഞ്ഞിട്ടാണ് ഈജിപ്തിൽ ഉബൈദികൾ ഇത് കടത്തിക്കൂട്ടുന്നത്.
പിന്നെ എന്താണ് ഈ ആഘോഷത്തിന്റെ അടിസ്ഥാനം,? നസാറാക്കളെ പിന്തുടരുക എന്നതാണ് ഇതിന്റെ അടിസ്ഥാനം !.
നസാറാക്കൾ അവരുടെ നബിയുടെ ജന്മദിനം അഘോഷിക്കുന്നു. അപ്പോൾ നമുക്ക് മുഹമ്മദ് ﷺ യുടെ ജന്മദിനവും ആഘോഷിക്കാം എന്ന ചിന്ത. ഉബൈദിയാക്കൾ കൊണ്ടു വന്ന ഈ ബിദ്അത്തിന് അവർക്കുള്ള തെളിവ് നസാറാക്കളുടെ പ്രവർത്തിയാണ്.
നബി ﷺ കാണിച്ചു തന്ന മാർഗ്ഗത്തിലാണ് എല്ലാ ഖൈറും ഉള്ളത് എന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ. റസൂൽ ﷺ ഇങ്ങനെ ഒരു ആഘോഷം പഠിപ്പിക്കുകയോ അതിലേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ല. ഖുലഫാഉ റാഷിദീങ്ങൾ ചെയ്തിട്ടില്ല. മഹാന്മാരായ സ്വഹാബത്തും താബിഈങ്ങളും അവർക്ക് ശേഷം വന്ന താബിഇ താബിഈങ്ങളും ഇത് ചെയ്തിട്ടില്ല. അവരുടെ എല്ലാം കാലം കഴിഞ്ഞ് നാലാം നൂറ്റാണ്ടിൽ മാത്രം ഉണ്ടായ ഒരു പുത്തൻവാദമാണ് ഈ ആഘോഷം. അത് കൊണ്ട് തന്നെ ഹിജ്റ മുന്നൂറാം വർഷത്തിന് മുൻപ് എഴുതപ്പെട്ട ഒരു കിതാബിലും ഈ പുത്തനാചാരത്തെ പറ്റി ഒരു പരാമർശവും കാണാൻ സാധിക്കുകയില്ല.
എല്ലാ ഖൈറും മുൻഗാമികളെ പിന്തുടരുന്നതിലാണെന്ന് അറിയാമല്ലോ. നബി ﷺ യെ സ്നേഹിക്കണം. അതിൽ തർക്കമില്ല. അവിടുത്തെയാണ് ഏറ്റവുമധികം നാം സ്നേഹിക്കേണ്ടത്. പക്ഷെ ആ സ്നേഹം അവിടുത്തെ പരിശുദ്ധ സുന്നത്തിനോട് യോജിക്കുന്ന രീതിയിൽ ആയിരിക്കണം. അവിടുത്തെ സുന്നത്തിലോ, സ്വഹാബത്തിന്റേയും അവരുടെ മാർഗ്ഗത്തിൽ ജീവിച്ച മുൻഗാമികളുടേയും ജീവിതത്തിലോ ഇങ്ങനെ ഒരു ആചാരം ഉണ്ടായിട്ടേയില്ല.
അത് കൊണ്ട് തന്നെ എല്ലാ ഖൈറും സുന്നത്തുകൾ മുറുകെ പിടിക്കുന്നതിലാണ്. പുത്തനാചാരം ഉപേക്ഷിക്കുന്നതിലാണ്.ഒരു കവി പറഞ്ഞത് പോലെ..
كل خير في اتباع من سلف وكل شر في ابتداع من خلف
“എല്ലാ ഖൈറും മുൻഗാമികളെ പിന്തുടരുന്നതിലാണ്. എല്ലാ ശർറും പിൻഗാമികൾ കടത്തിക്കൂട്ടിയ പുത്തനാചാരങ്ങളിലാണ്.”❞
ശൈഖിന്റെ സംസാരം കേൾക്കാൻ…
Add a Comment