۞۞۞
ആമുഖം
بسم الله الرحمن الرحيم
الحَمْدُ للهِ وَحْدَهُ وَالصَّلَاةُ وَالسَّلَامُ عَلَى مَنْ لَا نَبِيَّ بَعْدَهُ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ؛
രോഗഭീതി കാരണം അധിക രാജ്യങ്ങളിലും മസ്ജിദുകൾ അടഞ്ഞുകിടക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണല്ലോ നാം കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. മസ്ജിദുകളിൽ വെച്ചല്ലെങ്കിലും നമ്മുടെ ആരാധനാകർമ്മങ്ങൾക്ക് ഒരു കുറവും വന്നുകൂടാ; പ്രത്യേകിച്ച് ഏറ്റവും പ്രധാനമായ നിസ്കാരത്തിന്.
നിസ്കാരവുമായി ബന്ധപ്പെട്ട് -ഈ സാഹചര്യത്തിൽ പ്രത്യേകിച്ച്- നാം അറിഞ്ഞിരിക്കേണ്ട ഇരുപത് മസ്അലകളാണ് ഇവിടെ വിവരിക്കുന്നത്.
۞۞۞
(ഒന്ന്)
“ഇസ്‌ലാമില്‍ പുരുഷന്മാർ മസ്ജിദിൽ വച്ചാണ് നിസ്കാരം നിർവഹിക്കേണ്ടത്”
അല്ലാഹു തആല പറഞ്ഞിരിക്കുന്നു:
﴿فِی بُیُوتٍ أَذِنَ ٱللَّهُ أَن تُرۡفَعَ وَیُذۡكَرَ فِیهَا ٱسۡمُهُۥ یُسَبِّحُ لَهُۥ فِیهَا بِٱلۡغُدُوِّ وَٱلۡـَٔاصَالِ رِجَالٌ لَا تُلْهِيهِمْ تِجَارَةٌ وَلَا بَيْعٌ عَنْ ذِكْرِ اللَّهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ﴾
“ചില ഭവനങ്ങളിലത്രെ (ആ വെളിച്ചമുള്ളത്) അവ ഉയര്‍ത്തപ്പെടാനും അവയില്‍ തന്റെ നാമം സ്മരിക്കപ്പെടാനും അല്ലാഹു ഉത്തരവ് നല്‍കിയിരിക്കുന്നു. അവയില്‍ രാവിലെയും സന്ധ്യാസമയങ്ങളിലും അവന്റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ചില പുരുഷന്മാർ; അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നിസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു.” (നൂര്‍:36,37).
ഇവിടെ മസ്ജിദുകളിലെ ആളുകളെക്കുറിച്ച് പറഞ്ഞപ്പോൾ ‘ചില പുരുഷന്മാർ’ എന്നാണ് പ്രയോഗിച്ചത്. അതുകൊണ്ട് തന്നെ ദിനംപ്രതിയുള്ള അഞ്ച് ഫർദ് നിസ്കാരങ്ങൾ പുരുഷന്മാർ പള്ളിയിൽവെച്ചാണ് നിർവഹിക്കേണ്ടത് എന്ന് മനസ്സിലാക്കാം. ഇക്കാര്യം ഒന്നുകൂടി ഉറപ്പിച്ചു കൊണ്ട് നബി ﷺ പറഞ്ഞു. “ഒരാളോട് നിസ്കാരത്തിനു വിളിക്കാൻ കല്പിക്കുകയും മറ്റൊരാളോട് ഇമാം നില്ക്കാൻ ഏൽപ്പിക്കുകയും ചെയ്ത് കുറേ വിറകുമായി, പള്ളിയിൽ നിസ്കാരത്തിന് വരാത്തവരുടെ അടുത്ത് പോയി അവരുടെ വീടുകൾക്ക് തീവെച്ചാലോ എന്നു ഞാൻ വിചാരിച്ചു പോയി!” (ബുഖാരി, മുസ്‌ലിം).
ഈ താക്കീതിന്റെ ഗൗരവം എത്രയാണ്! പുരുഷന്മാർ നിർബന്ധ നിസ്കാരങ്ങൾ പള്ളികളിലാണ് നിർവഹിക്കേണ്ടത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
ജമാഅത്ത് നിസ്കാരത്തിന് വളരെ വലിയ മഹത്വവും പ്രതിഫലവുമുണ്ട്. എന്നിട്ടും എത്രയാളുകളാണ് അതിൽ വീഴ്ച വരുത്തുന്നത്! ഇമാം മുസ്‌ലിം رَحِمَهُ الله ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞതായി ഉദ്ധരിച്ചതു കാണാം. “നിസ്കാരത്തിന് ക്ഷണിക്കുന്ന സ്ഥലങ്ങളിൽ -പള്ളികളിൽ- വെച്ച് നിസ്കരിക്കുക എന്നത് സന്മാർഗ ചര്യയിൽ പെട്ടതാണ്. ഞങ്ങൾക്കിടയിൽ അറിയപ്പെട്ട മുനാഫിഖുകളല്ലാതെ ജമാഅത്ത് നിസ്കാരത്തിൽ നിന്ന് പിന്തി നിൽക്കാറുണ്ടായിരുന്നില്ല.” അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.
അത് കൊണ്ട് തന്നെ, ജമാഅത്ത് നിസ്കാരത്തിൽ വീഴ്ച വരുത്തിയിരുന്ന ഓരോ മുസ്ലിമും എത്രയും പെട്ടെന്ന് അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങിക്കൊള്ളട്ടെ. എപ്പോഴാണോ ഈ പരീക്ഷണം അവസാനിച്ച്, മുസ്‌ലിമീങ്ങള്‍ മസ്ജിദുകളിലേക്ക് മടങ്ങുന്നത്, അപ്പോൾ ഞാൻ മസ്ജിദിൽ വെച്ച് പതിവായി നിസ്കരിക്കാൻ തുടങ്ങുമെന്ന് അവൻ ദൃഢനിശ്ചയം ചെയ്തുകൊള്ളട്ടെ. ഈ ഖേദവും നിശ്ചയവും അവൻ വൈകിപ്പിച്ചുകൂടാ. കാരണം, മസ്ജിദുകൾ തുറക്കപ്പെടുന്നതിനുമുമ്പായി അവൻ മരിക്കുകയാണെങ്കിലോ?!
ഇനി ആരാണോ മസ്ജിദുകളിൽ വച്ച് പതിവായി നിസ്കരിച്ചിരുന്നത്; അവർക്ക് സന്തോഷിക്കാം. കാരണം, അവനു വീട്ടിൽ വെച്ച് നിസ്കരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ പള്ളികളിൽ നിസ്കരിക്കുന്ന അതേ പ്രതിഫലം ലഭിക്കും. നന്മ ചെയ്യാൻ മനസ്സിൽ നിശ്ചയിച്ച് ഉറപ്പിച്ച ശേഷം അശക്തികൊണ്ട് ചെയ്യാൻ സാധിക്കാതെ വന്നാൽ ആ പ്രവർത്തിയുടെ അതേ പ്രതിഫലം ലഭിക്കും എന്നതിന് ധാരാളം തെളിവുകളുണ്ട്. അതിൽ പെട്ട ഒരു ഹദീസ് കാണാം;യുദ്ധവേളയിൽ നബി ﷺ പറഞ്ഞു: “മദീനയിൽ ചില ആളുകളുണ്ട്;നിങ്ങൾ ഏതൊരു പ്രദേശത്തു കൂടെ യാത്ര ചെയ്താലും ഏതൊരു താഴ്‌വര മുറിച്ചു കടന്നാലും അവർക്കും നിങ്ങളുടെ പ്രതിഫലം ലഭിക്കും. കാരണം,അവരെ രോഗം തടഞ്ഞിരിക്കുകയാണ്.” (മുസ്‌ലിം).
۞۞۞
(രണ്ട്)
“വീടുകൾ ഇബാദത്തുകൾ കൊണ്ട് സജീവമാക്കുക”
വീടുകളിൽ വച്ച് ആരാധനാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതിനെ ശരീഅത്ത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
നബി ﷺ പറഞ്ഞു: “നിങ്ങളുടെ വീടുകളിൽ വെച്ച് നിങ്ങൾ നിസ്കരിക്കുക. വീടുകളെ നിങ്ങൾ മഖ്ബറകളാക്കരുത്.” വീടുകളെ മഖ്ബറകളിൽ നിന്ന് വ്യത്യസ്തമാക്കാനാണ് ഇവിടെ റസൂൽ ﷺ കൽപ്പിക്കുന്നത്. കാരണം, മഖ്ബറകൾ ആരാധനക്കുള്ള സ്ഥലമല്ല. അപ്പോൾ വീടുകളിൽ വെച്ച് ആരാധനാകർമങ്ങൾ വർധിപ്പിക്കാനാണ് ഈ ഹദീസിലെ കൽപ്പന. അപ്പോൾ വീടുകളിൽ വെച്ച് സുന്നത്ത് നിസ്കാരം,ഖുർആൻ പാരായണം,ദിക്ര്‍ മുതലായ ഇബാദത്തുകൾ വർദ്ധിപ്പിക്കുക വഴി വീടുകളെ നമ്മൾ മഖ്ബറകളിൽ നിന്ന് വ്യത്യസ്തമാക്കണം എന്ന് സാരം.
ഇവിടെ സാന്ദർഭികമായി ചില കാര്യങ്ങൾ സൂചിപ്പിക്കേണ്ടതുണ്ട്.
1) പുരുഷന്മാർക്ക് എല്ലാ ഐച്ഛിക നിസ്കാരങ്ങളും വീട്ടിൽ വെച്ച് നമസ്കരിക്കുന്നതാണ് ഉത്തമം.
സൈദ് ബിൻ ഥാബിത് رضي الله عنه നിവേദനം. നബി ﷺ പറഞ്ഞു. “ഒരു പുരുഷന്റെ നിസ്കാരത്തിൽ വച്ച് ഏറ്റവും ഉത്തമം വീട്ടിൽവെച്ച് നിസ്കരിക്കുന്നതാണ്; നിർബന്ധ നമസ്കാരങ്ങളൊഴികെ.” (ബുഖാരി).
സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ നമസ്കരിക്കുന്നതാണ് ഉത്തമം എന്നതിൽ പണ്ഡിതന്മാരുടെ ‘ഇജ്മാഅ്’ ഉണ്ടെന്ന് ഇമാം ഇബ്നു അബ്ദുൽ ബർറ് رَحِمَهُ الله രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ സുന്നത്ത് നിസ്കാരങ്ങളും വീട്ടിൽ വച്ച് നിസ്കരിക്കുന്നത് നമ്മളോരോരുത്തരും ഒരു ശീലമാക്കി മാറ്റിയാൽ നമ്മുടെ വീടുകൾ മഖ്ബറകളിൽ നിന്ന് തികച്ചും വ്യത്യസ്തമാകും!
2) സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തങ്ങളുടെ വീട്ടിൽവച്ച് ദിനംപ്രതി ഒരു ‘വിർദ്’ (അളവു നിശ്ചയിച്ച സുന്നത്തായ അമലുകൾ) കണക്കാക്കി നിർവ്വഹിക്കേണ്ടതുണ്ട്. ഖിയാമുല്ലൈൽ, ദിക്റുകൾ, ഖുർആൻ പാരായണം ഇതിനൊക്കെ സ്വീകരിക്കുന്ന ‘പതിവുചര്യ’ യാണ് ഇവിടെ ഉദ്ദേശം. അങ്ങനെ ഒരു നിശ്ചിതസമയം ഇബാദത്തുകൾ ചെയ്യുന്നത് പതിവാക്കിയാൽ ആ വീട്ടിൽ ഈമാനിന്റെ പ്രകാശം നിറയും. നേരെ മറിച്ച് ഇബാദത്തുകൾ ഉപേക്ഷിച്ച് സംഗീതം, ടി.വി, രൂപങ്ങൾ തുടങ്ങിയ പാപങ്ങൾ വീട്ടിൽ തലപൊക്കിയാലോ ആ വീട് പിശാചുക്കളുടെ താവളമായി മാറും. ഇന്ന് പലരും ജിന്നു ബാധയും മറ്റും അനുഭവിക്കുന്നത് നാം കാണുന്നുണ്ടല്ലോ. അതിന്റെ ഒരു പ്രധാന കാരണം അവർ തങ്ങളുടെ വീടുകളെ പാപങ്ങളുടെ കേന്ദ്രങ്ങളാക്കി മാറ്റി എന്നതാണ്. അല്ലാഹു നമ്മെ ഏവരെയും കാത്തു രക്ഷിക്കുമാറാകട്ടെ.
۞۞۞
(മൂന്ന്)
“വീട്ടിൽ ഒരു നിസ്കാരമുറി”
വീട്ടിൽ ഒരു മുസ്വല്ല (നിസ്കാരമുറി) സ്ഥാപിക്കുക എന്നത് സുന്നത്താണ്.
ഇന്ന് ഏറെക്കുറെ നാടുനീങ്ങിക്കഴിഞ്ഞ ഒരു സുന്നത്ത്. നമ്മുടെ മാതാപിതാക്കളുടെ തലമുറ അമൽ ചെയ്തിരുന്ന ഒരു കാര്യമാണ് ഇത്. പക്ഷേ ഇന്ന് അത് നാട്ടിൽ കുറഞ്ഞു വന്നിരിക്കുന്നു. ഇത്ബാൻ ബ്നു മാലിക് رضي الله عنه തന്റെ വീട്ടിൽ ഇപ്രകാരമൊരു നിസ്കാരമുറി സ്ഥാപിക്കുകയും അവിടെ നിസ്കരിക്കാനായി റസൂൽ ﷺ യെ ക്ഷണിക്കുകയും ചെയ്തതായി ബുഖാരിയിലും മുസ്‌ലിമിലും കാണാം.
അതുകൊണ്ട്,സ്ത്രീ പുരുഷന്മാർ തങ്ങളുടെ വീടുകളിൽ ഇങ്ങനെ ഒരു മുറി അല്ലെങ്കിൽ ഒരു നിശ്ചിത സ്ഥലം നിസ്കാരത്തിനായി നീക്കിവെക്കുക. അവിടെ വൃത്തിയാക്കുകയും സുഗന്ധം പൂശുകയും ചെയ്യുക. രാത്രി നമസ്കാരവും റവാത്തിബ് സുന്നത്തുകളും ഖുർആൻ പാരായണവും ഒക്കെ അവിടെവച്ച് നിർവഹിക്കുക. നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക പാരമ്പര്യം -സുന്നത്ത് – നാം പുനർജീവിപ്പിക്കുക. ഇങ്ങനെയുള്ള സ്ഥലത്തുവച്ച് ഇപ്പോൾ നമുക്ക് ജമാഅത്തായി ഫർദും നിസ്കരിക്കാം. ഇനി മസ്ജിദുകളിൽ നാം നിസ്കരിക്കാൻ തുടങ്ങിയാലും ഏതെങ്കിലും കാരണത്താൽ ജമാഅത്ത് നഷ്ടപ്പെടുകയാണെങ്കിൽ അവിടെ വെച്ച് നമുക്ക് ജമാഅത്തായി നിസ്കരിക്കാവുന്നതാണ്.
۞۞۞
(നാല്)
“ജമാഅത്ത് നിസ്കാരത്തിന്റെ മഹത്വം”
ഇപ്പോൾ നമുക്ക് പള്ളിയിൽ പോയി നിസ്കരിക്കാൻ കഴിയുന്നില്ല എന്നു കരുതി നാം ജമാഅത്ത് നിസ്കാരം ഉപേക്ഷിച്ചു കൂടാ. ജമാഅത്ത് നമസ്കാരത്തിന്റെ മഹത്വത്തെക്കുറിച്ച് ധാരാളം ഹദീസുകൾ വന്നിട്ടുണ്ട്.
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞിരിക്കുന്നു: “സംഘടിത നിസ്കാരം ഒറ്റക്കുള്ള നമസ്കാരത്തെക്കാൾ 27 ഇരട്ടി പ്രതിഫലമുള്ളതാണ്.” (ബുഖാരി).
ഉസ്മാൻ ബ്നു അഫ്ഫാന്‍ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു. “ആരാണോ ഇശാഅ് നിസ്കാരം ജമാഅത്തായി നിർവഹിച്ചത്, അവൻ രാത്രിയുടെ പകുതി ഖിയാമുല്ലൈൽ നമസ്കരിച്ചത് പോലെയാണ്. ആരാണോ ഫജ്ർ ജമാഅത്തായി നമസ്കരിക്കുന്നത്, അവൻ രാത്രി മുഴുവൻ നമസ്കരിച്ചത് പോലെയാണ്.”
ജമാഅത്ത് നിസ്കാരത്തിന്റെ വലിയ മഹത്വമാണ് ഇതെല്ലാം കാണിക്കുന്നത്. അതുകൊണ്ട് ജമാഅത്തായിട്ടല്ലാതെ ഒരു ഫർദ് നിസ്കാരവും നിർവഹിക്കുകയില്ല എന്ന് നാം ദൃഢനിശ്ചയം ചെയ്യേണ്ടതുണ്ട്.
ഈ അവസരത്തിൽ രണ്ട് വിഷയങ്ങൾ സാന്ദർഭികമായി ഉണർത്തേണ്ടതുണ്ട്.
1) ഇപ്പറഞ്ഞ മഹത്വങ്ങളൊക്കെയും മസ്ജിദിൽ നിസ്കരിക്കുന്നവർക്ക് മാത്രമുള്ളതല്ല, മറിച്ച്, വീട്ടിൽ വെച്ച് ജമാഅത്തായി നിസ്കരിച്ചാലും കിട്ടുന്നതാണ്. ഇബ്റാഹീം നഖഈ, ഇമാം ശാഫിഈ,ഇമാം അഹ്മദ്, ഇമാം ഇബ്നു അബ്ദിൽ ബർറ് തുടങ്ങിയ പല പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്. ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നതാണ് “ജമാഅത്ത് നിസ്കാരം ഒറ്റക്കുള്ള നിസ്കാരത്തേക്കാൾ ശ്രേഷ്ഠമാണ്” എന്ന ഹദീസ്. അതിൽ പള്ളിയിൽ വെച്ചുള്ള ജമാഅത്ത് നിസ്കാരം എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലല്ലോ.
2) ജമാഅത്ത് നമസ്കാരത്തിന് ഒറ്റക്കുള്ള നമസ്കാരത്തെക്കാൾ 25 ഇരട്ടി പ്രതിഫലമുണ്ട് എന്നും 27 ഇരട്ടി പ്രതിഫലമുണ്ട് എന്നും ഹദീസുകളിൽ കാണാം. ഇത് വൈരുധ്യമല്ലേ എന്ന് ചിലർക്ക് തോന്നിയേക്കാം. ഈ ചോദ്യത്തിന് ഉലമാക്കൾ പല വിശദീകരണങ്ങളും നൽകിയതായി കാണാം.
എന്നാൽ, അക്കൂട്ടത്തിൽ ഏറ്റവും തൃപ്തികരമായ ഉത്തരം; ഇമാം ഇബ്നു ബത്വാൽ رَحِمَهُ الله അദ്ദേഹം രചിച്ചിട്ടുള്ള ബുഖാരിയുടെ ശർഹിൽ പറഞ്ഞിട്ടുള്ളതാണ്. അതിങ്ങനെയാണ്: “മുഹമ്മദ് നബി ﷺ യുടെ ഉമ്മത്ത് ‘ഫദാഇലുകളുടെ ഉമ്മത്താ’ണ്. ജമാഅത്ത് നിസ്കാരത്തിന്റെ പ്രതിഫലം ആദ്യം 25 ഇരട്ടിയായിരുന്നു. പിന്നീട് അല്ലാഹു തആല ആ ഫദ്ല്‍ 27 ഇരട്ടിയായി ഉയർത്തുകയാണുണ്ടായത്.”
۞۞۞
(അഞ്ച്)
“ജമാഅത്ത് നടത്താൻ കുറഞ്ഞത് രണ്ട് വ്യക്തികൾ മതിയാവുന്നതാണ്”
രണ്ട് വ്യക്തികൾ ചേർന്ന് നിസ്കരിക്കുകയാണെങ്കിലും ജമാഅത്ത് ശരിയാവുന്നതാണ്. ഇനി, മൂന്ന് വ്യക്തികളാണെങ്കിൽ എന്തായാലും ശരിയാവും, അതാണ് ശ്രേഷ്ഠവും. എത്രമാത്രം ആളുകൾ വർദ്ധിക്കുന്നുവോ അത്രയും ശ്രേഷ്ഠമാണ്.
രണ്ട് വ്യക്തികൾ ജമാഅത്തായി നിസ്കരിച്ചാൽ ജമാഅത്ത് ശരിയാവും എന്നതിന് രണ്ട് തെളിവുകളാണുള്ളത്.
1) കഴിഞ്ഞ ഹദീസുകളിൽ വന്നത് പോലെ; നബി ﷺ പറഞ്ഞു: “ജമാഅത്തായി നിസ്കരിക്കുന്നതാണ് ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠകരം..”
ഒന്നിലധികമായിരിക്കുക എന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്; അഥവാ ഒറ്റക്കാവാതിരുന്നാൽ അത് ജമാഅത്തായി എന്നാണ്. രണ്ട് വ്യക്തികൾ എന്നത് ഒറ്റയല്ല, അത് കൊണ്ട് അത് ജമാഅത്തായി പരിഗണിക്കപ്പെടും.
2) ഇജ്മാഅ് ആണ്. ഈ വിഷയത്തിൽ ഇബ്നു ഖുദാമയും, നവവിയും ഇജ്മാഅ് ഉദ്ധരിച്ചിരിക്കുന്നു.
۞۞۞
(ആറ്)
“ഒരു പുരുഷന് സ്ത്രീയുടെ കൂടെ ജമാഅത്തായി നിസ്കാരം നടത്താവുന്നതാണ്”
ഉദാഹരണത്തിന് ഒരു പുരുഷൻ തന്റെ ഉമ്മയുടെയോ, ഭാര്യയുടെയോ,മകളുടെയോ,സഹോദരിയുടെയോ കൂടെ നിസ്കരിക്കുക. അതായത്,ഒരു പുരുഷൻ സ്ത്രീയുടെ കൂടെ നിസ്കാരിച്ചാൽ അത് ജമാഅത്തായി വിലയിരുത്തപ്പെടുന്നതാണ്. ഈ കാര്യം സ്ഥിരപ്പെടുത്തുന്ന രണ്ട് തെളിവുകളുണ്ട്:
1) കഴിഞ്ഞ ഹദീസിൽ വന്നത് പ്രകാരം: “ജമാഅത്തായി നിസ്കരിക്കുന്നതാണ് ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠകരം..”
ഒന്നിലധികമായിരിക്കുക എന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്. ഒരാൾ തന്റെ ഭാര്യയുടെയോ,ഉമ്മയുടെയോ,മകളുടെയോ, സഹോദരിയുടെയോ കൂടെ നിസ്കരിക്കുകയാണെങ്കിൽ; നിസ്കരിക്കുന്നവർ രണ്ട് വ്യക്തികളായി. അത് കൊണ്ട് തന്നെ, അവർ ഒറ്റയ്ക്കാണ് എന്ന് പറയാൻ സാധ്യമല്ല. അതിനാൽ, ഒറ്റക്കല്ലാതെയുള്ള നിസ്കാരമെല്ലാം ജമാഅത്ത് തന്നെയാണ്.
2) ഇജ്മാഅ് ആണ്. ഈ വിഷയത്തിൽ ഇബ്നു റജബ് رَحِمَهُ الله ഇജ്മാഅ് ഉദ്ധരിച്ചിരിക്കുന്നു.
ഈ ഒരു കാര്യത്തിൽ അധികമാളുകളും അലസതയിലാണ്. പല കാരണങ്ങൾ കൊണ്ട് ഒരു വ്യക്തി ജമാഅത്ത് നിസ്കാരം നഷ്ടപ്പെടുത്താറുണ്ട്. അതെല്ലെങ്കിൽ,നമ്മൾ ഇപ്പോൾ ജീവിക്കുന്ന ഈ ഒരു സാഹചര്യത്തിൽ പോലും,പല ആളുകളും ഈ കാര്യത്തില്‍ വീഴ്ച വരുത്തിക്കൊണ്ട് ഒറ്റയ്ക്ക് നിസ്കരിക്കുകയും ഒരു നിസ്കാരത്തിന് ഇരുപത്തിയേഴ് ഇരട്ടി എന്ന മഹത്തായ പ്രതിഫലം നഷ്ടപ്പെടുത്തുകയും ചെയ്യുന്നതായി കാണാം. അത് കൊണ്ട്;ഫർദ് നിസ്കരിക്കുന്നവൻ ഒരാളോടൊപ്പമെങ്കിലും നിസ്കരിച്ചു കൊള്ളട്ടെ, അത് അവന്റെ ഭാര്യയുടെയോ ഉമ്മയുടേയോ മകളുടെയോ, സഹോദരിയുടെയോ കൂടെയാണെങ്കിലും ശരി. അപ്രകാരം, അല്ലാഹുവിനുള്ള ഇബാദത്തിന്റെ കാര്യത്തിൽ നം ഓരോരുത്തരും അതീവ താൽപര്യം കാണിക്കൽ നിർബന്ധമാണ്.
അല്ലാഹുവാണെ, അവിടെ വല്ല സ്വത്തോ, ഭൂമിയോ വീതിച്ച് കൊടുക്കുന്നുവെങ്കിൽ ദുൻയാവിലെ ഓഹരി നേടിയെടുക്കാൻ വേണ്ടി അങ്ങേ അറ്റം ആവേശത്തോട് കൂടി നമ്മൾ മത്സരിക്കുമായിരുന്നു. എന്നാൽ ദീനിന്റെ കാര്യത്തിലാവട്ടെ നമ്മൾ വളരെ അലസതയിലാണ്. ചിലപ്പോൾ വീട്ടിൽ രണ്ട് പുരുഷന്മാരുണ്ടാവും; എന്നാൽ രണ്ട് പേരും അലസത കാണിച്ചു കൊണ്ട് ഒറ്റക്കൊറ്റക്ക് നിസ്കരിക്കും. ഈ കാരണം കൊണ്ട് തന്നെ നേരത്തെ സൂചിപ്പിച്ചത് പോലെ ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനേക്കാൾ ഇരുപത്തിയേഴ് ഇരട്ടി എന്ന മഹത്തായ പ്രതിഫലം ഈ ആളുകൾ പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്.
۞۞۞
(ഏഴ് )
“പ്രായ പൂർത്തിയാവാത്ത വകതിരിവെത്തിയിട്ടുള്ള ചെറിയ കുട്ടിയോടൊപ്പം ജമാഅത്ത് നിസ്കാരം നടത്താവുന്നതാണ്”
ചെറിയ കുട്ടികൾ രണ്ട് രൂപത്തിലാണ് എന്ന് നമ്മൾ മനസ്സിലാക്കണം.
ഒന്ന്: കാര്യങ്ങൾ വേർതിരിച്ച് മനസ്സിലാകാത്ത,വകതിരിവ് എത്തിയിട്ടില്ലാത്ത കുട്ടികൾ.
രണ്ട്: കാര്യങ്ങൾ വേർതിരിച്ച് മനസ്സിലാക്കാൻ കഴിവുള്ള വകതിരിവ് എത്തിയിട്ടുള്ള കുട്ടികൾ.നിസ്കാരമെന്താണ് എന്നവന് അറിയാം. നിസ്കരിക്കുകയാണെങ്കിൽ അവൻ കൃത്യമായി വുളൂ എടുക്കുകയും,നിയ്യത്ത് ചെയ്യുകയും,നിസ്കാരം നന്നാക്കുകയും ചെയ്യും. അങ്ങനെയുള്ള കുട്ടികളുടെ കൂടെ ഒരാൾ നിസ്കരിച്ചാൽ;ഉദാഹരണത്തിന് ഒരു പിതാവ് തന്റെ മകന്റെ കൂടെയോ, അല്ലെങ്കിൽ ഒരാൾ വകതിരിവെത്തിയ തന്റെ സഹോദരന്റെ കൂടെയോ നിസ്കരിക്കുന്നു എങ്കിൽ അയാൾക്ക് ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. ഇതിന് രണ്ട് തെളിവുകളാണ് ഉള്ളത്.
1) നേരത്തെ സൂചിപ്പിച്ചത് പ്രകാരം ഹദീസിൽ വന്നിട്ടുള്ള ഒന്നിലധികം എന്ന പ്രയോഗത്തിന്റെ അടിസ്ഥാനത്തിൽ; ജമാഅത്തും,ഒറ്റയും മാത്രമാണ് ഉള്ളത്. വകതിരിവെത്തിയ കുട്ടിയുമായി നിസ്കരിച്ചാൽ അത് ഒറ്റയുമല്ല, ഒറ്റക്കുമല്ല.
2) ശരിയായ അഭിപ്രായ പ്രകാരം വകതിരിവെത്തിയ ആൺകുട്ടിയെ ഇമാമായി നിർത്താവുന്നതാണ്. ഇമാം ബുഖാരിയുടെ സ്വഹീഹിൽ വന്നത് പോലെ, അംറ് ബ്നു സലമ رضي الله عنه പറഞ്ഞു: “ഞാൻ കൂടുതൽ ഖുർആൻ മനഃപാഠമാക്കിയിരുന്നു. ഞാൻ ആറോ, ഏഴോ വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജനങ്ങൾക്ക് ഇമാം നിൽക്കാറുണ്ടായിരുന്നു.”
ഈ പ്രായത്തിലുള്ള കുട്ടിയെ ഇമാം നിർത്താമെങ്കിൽ അവനുമായി ജമാഅത്താക്കുക എന്നത് എന്തായാലും ശരിയാവുന്നതാണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്. ഇതാണ് ഹനഫികളുടെയും,മാലികികളുടെയും,ശാഫിഇകളുടെയും അഭിപ്രായം. ഹമ്പലികളുടെ അടുക്കൽ ഇമാം അഹ്‌മദിൽ നിന്ന് ഒരു രിവായത്തുമുണ്ട്.
۞۞۞
(എട്ട്)
“സ്ത്രീകളുടെ ജമാഅത്ത് നിസ്കാരം”
സ്ത്രീകൾക്ക് ജമാഅത്ത് നിസ്കാരം നിർബന്ധമില്ല എന്ന വിഷയത്തിൽ പണ്ഡിതന്മാർക്ക് ഇജ്മാഅ് ഉണ്ട്. ഇബ്നു ഹസ്മ് رَحِمَهُ الله ഇജ്മാഅ് രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സ്ത്രീകൾക്ക് പതിവായി ജമാഅത്തായി നിസ്കരിക്കുക എന്നത് ശ്രേഷ്ഠതയുള്ള ഒരു കാര്യമല്ല. കാരണം സ്വഹാബത്തിന്റെ പ്രവർത്തിയിൽ നിന്നോ നബി ﷺ യുടെ ഭാര്യമാരിൽ നിന്നോ അപ്രകാരം പതിവായി നിസ്കരിച്ചതായി വന്നിട്ടില്ല. അതിനാൽ സ്ത്രീകൾക്ക് ഒറ്റക്ക് നമസ്കരിക്കുക എന്നത് തന്നെയാണ് ഉത്തമം. അല്ലാഹു അഅ്‌ലം.
എന്നാൽ അവർ ജമാഅത്തായി നിസ്കരിച്ചാൽ അത് സ്വീകര്യമാണ്. ഉമ്മു സലമ رضي الله عنها യിൽ നിന്ന് അവർ സ്ത്രീകൾക്ക് ഇമാമായി,അവരുടെ സ്വഫ്ഫിന്റെ മധ്യത്തിൽ നിന്ന് കൊണ്ട്,നിസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ നിസ്കാരം ശരിയാവുന്നതാണ്; എന്നാൽ ഏറ്റവും നല്ലത് പതിവാക്കാതിരിക്കലാണ്. ഇമാം അബൂ ഹനീഫ, ഇമാം മാലിക്, ഇമാം അഹ്‌മദ് رَحِمَهُمُ الله എന്നിവരില്‍ നിന്നും ഉദ്ധരിക്കപ്പെടുന്ന ഒരു ഉദ്ധരണി പ്രകാരം ഇങ്ങനെയാണ് അവർ അഭിപ്രായപ്പെട്ടിട്ടുള്ളത്. നബി ﷺ യുടെ കാലഘട്ടത്തിലുള്ള സ്ത്രീകളുടെ ചര്യയും ഇങ്ങനെ തന്നെയാണ്.
ഇനി ഒരു സ്ത്രീ പറഞ്ഞേക്കാം: “ഞാനും ഭർത്താവും വീട്ടിൽ ഒറ്റക്കാണെങ്കിലും ഞാൻ ഭർത്താവിന്റെ കൂടെ ജമാഅത്ത് നിസ്കരിക്കാറില്ല. കാരണം സ്ത്രീകൾ ജമാഅത്തായിട്ടല്ലല്ലോ നമസ്കരിക്കേണ്ടത്?”
അതിനുള്ള മറുപടി: ഇത്തരം ഘട്ടങ്ങളിൽ സ്ത്രീ അവളുടെ ഭർത്താവിന്റെയോ മകന്റെയോ കൂടെ ജമാഅത്തായി നിസ്കരിക്കുന്നതാണ് ഉത്തമം. കാരണം അത് അവരുടെ ജമാഅത്ത് നിസ്കാരം സാധൂകരിക്കാൻ ആവശ്യമാണ്. ഇവിടെ സ്‌ത്രീ ജമാഅത്തായി നിസ്കരിക്കുക എന്നത് പതിവായ ഒരു കാര്യമല്ല മറിച്ച് താൽകാലികമായ ഒരു കാരണമുള്ളത് കൊണ്ടാണ്. ഇവിടെ അവൾ ജമാഅത്തിൽ പങ്കെടുക്കുക വഴി തന്റെ ഭർത്താവിനോ,മകനോ, സഹോദരനോ ഒക്കെ അവരുടെ ജമാഅത്തിന്റെ പ്രതിഫലം നേടാൻ കാരണമാകുന്നുണ്ട്.
۞۞۞
(ഒമ്പത്)
“റുകൂഅ് ലഭിക്കുന്നതിലൂടെ ജമാഅത്ത് നിസ്കാരം ലഭിക്കും”
പണ്ഡിതന്മാരുടെ ശരിയായ അഭിപ്രായപ്രകാരം ഒരാൾക്ക് ഇമാമിനോടൊപ്പം റുകൂഅ് ലഭിക്കുന്നതിലൂടെ ജമാഅത്ത് ലഭിച്ചതായി കണക്കാക്കും. ഇമാം മാലികില്‍ നിന്നും,ഇമാം അഹ്‌മദില്‍ നിന്നും വന്നിട്ടുള്ള ഒരു ഉദ്ധരണിയിലും, അതുപോലെ ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയും رَحِمَهُمُ الله അഭിപ്രായപ്പെട്ടിട്ടുള്ളത് ഇങ്ങനെയാണ്. അബൂ ഹുറൈറ رضي الله عنه ഉദ്ധരിക്കുന്ന ഒരു ഹദീസിൽ കാണാം; നബി ﷺ പറഞ്ഞു: “ആർക്കെങ്കിലും നിസ്കാരത്തിൽ ഒരു റകഅത്ത് ലഭിച്ചാൽ അവന് നിമസ്കാരം ലഭിച്ചിരിക്കുന്നു.” (ബുഖാരി, മുസ്‌ലിം).
ഇതുപോലെയുള്ള മറ്റു തെളിവുകളും കാണാം:
“ആർക്കെങ്കിലും ഒരു റകഅത്ത് ലഭിച്ചാൽ അവന് ജമാഅത്ത് ലഭിച്ചിരിക്കുന്നു.” അഥവാ ആരെങ്കിലും ഇമാം നാലാമത്തെ റകഅത്തിൽ റുകൂഇൽ ഉള്ളപ്പോൾ ഇമാമിനോടൊപ്പം ചേർന്നാൽ അവനു ജമാഅത്ത് ലഭിച്ചിരിക്കുന്നു. എന്നാൽ ഒരാൾ ഇമാം അവസാനത്തെ തശഹുദിൽ ഉള്ളപ്പോഴാണ് ഇമാമിനോടൊപ്പം ചേരുന്നതെങ്കിൽ അവനു ആ പ്രതിഫലം ലഭിക്കുകയില്ല.
ഇനി ഒരാൾ ഈ അവസ്ഥയിൽ ഞാൻ ഇമാമിനോടൊപ്പം ചേരലാണോ അതല്ല മറ്റൊരു ജമാഅത്തായി നമസ്കരിക്കലാണോ നല്ലത് എന്ന് ചോദിക്കുകയാണെങ്കിൽ; അതിനുള്ള ഉത്തരം:
ഇവിടെ നിനക്ക് രണ്ട് അവസ്ഥ ഉണ്ടായേക്കാം.
ഒന്ന്: നീ പിന്തുടരാൻ പോകുന്നത് സ്ഥിരമായി നിശ്ചയിക്കപ്പെട്ട ഒരു ഇമാമിനെ ആണെങ്കിൽ,അവസാനത്തെ തശഹുദിലാണെങ്കിലും ഇമാമിനോടൊപ്പം ചേരലാണ് നല്ലത്. ഇങ്ങനെയാണ് പണ്ഡിതൻമാരുടെ പ്രവർത്തികളിൽ ഉള്ളതെന്ന് ഇമാം തിർമിദി പറയുന്നു. ഇമാം തിർമിദി رَحِمَهُ الله ഇപ്രകാരം പറയുന്നത് ഇജ്മാഅ് ഉള്ള വിഷയത്തിലാണ് എന്ന് മറ്റു മസ്അലകൾ ചർച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇമാം ഇബ്‌നു റജബ് رَحِمَهُ الله പറഞ്ഞിട്ടുണ്ട്. ഇബ്നു ഹസ്മ് رَحِمَهُ الله യും ഇജ്മാഅ് രേഖപ്പെടുത്തിയതായി കാണാം.
രണ്ട്: നീ പിന്തുടരാൻ പോകുന്നത് വീട്ടിൽ വെച്ചുള്ള ജമാഅത്ത് നിസ്കാരമോ അല്ലെങ്കിൽ മസ്ജിദിൽ തന്നെയുള്ള മറ്റ് ജമാഅത്ത് നിസ്കാരത്തെയോ ആണെങ്കിൽ അല്‍പം കാത്തുനിന്നു കൊണ്ട് മറ്റൊരു ജമാഅത്തായി നിസ്കരിക്കലാണ് നല്ലത്.
۞۞۞
(പത്ത്)
“വീട്ടിൽ ജുമുഅ നിസ്കരിക്കുന്നതിന്റെ വിധി”
വീട്ടിലോ അതുപോലെയുള്ള സ്വകാര്യമായ സ്ഥലങ്ങളിലോ ജുമുഅ നടത്തൽ അനുവദനീയമല്ല. ഇപ്പോൾ മസ്ജിദുകൾ അടച്ചിരിക്കുന്നതിനാൽ പലരും അവരുടെ വീട്ടിലോ,അവരുടെ തോട്ടത്തിലോ,വിശ്രമ മുറിയിലോ ഒക്കെ ജുമുഅ നടത്താൻ പറ്റുമോ? എന്ന് ചോദിക്കുന്നുണ്ട്.
മറുപടി: ജുമുഅ നിസ്കാരം എന്നുള്ളത് ഇസ്‌ലാമിന്റെ ബാഹ്യമായ അടയാളങ്ങളിൽ പെട്ട ഒന്നാകുന്നു. അത് സ്വകാര്യമായ സ്ഥലങ്ങളിൽ പാടില്ല. പൊതുവായ,എല്ലാവർക്കും പ്രവേശിക്കാൻ സാധിക്കുന്ന സ്ഥലങ്ങളിലാണ് അത് നിസ്കരിക്കേണ്ടത്. ഇബ്നു റജബ് رَحِمَهُ الله അദ്ദേഹത്തിന്റെ സ്വഹീഹുല്‍ ബുഖാരിയുടെ ശര്‍ഹിൽ സലഫുകൾ ജയിലിൽ വെച്ച് ജുമുഅ നിസ്കരിച്ചിട്ടില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാരണം കൊണ്ട് തന്നെ ശാഫിഈ മദ്ഹബിൽ പെട്ട ചിലർ ജുമുഅ സ്വകാര്യമായ സ്ഥലങ്ങളിൽ നടത്തിക്കൂടാ എന്ന് പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ സുബ്കി ഇമാം ഇബ്നു റജബിൽ നിന്ന് സമാനമായ വാക്കുകൾ ഉദ്ധരിച്ചിട്ടുണ്ട്.
ഇപ്രകാരം തന്നെ ശൈഖ് ഇബ്നു ബാസ് رَحِمَهُ الله യുടെ ശൈഖും,സൗദി അറേബ്യയിലെ മുൻ മുഫ്തിയുമായിരുന്ന ശൈഖ് മുഹമ്മദ് ബിൻ ഇബ്റാഹീം رَحِمَهُ الله സലഫുകളുടെ പ്രവർത്തി അതിനെതിരായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. (അഥവാ സ്വകാര്യമായ സ്ഥലങ്ങളിൽ അവർ ജുമുഅ നടത്തിയിട്ടില്ല.)
അതിനാൽ,ജയിലുകളില്‍ വെച്ചുള്ള ജുമുഅ നിസ്കാരം ശരിയാവുകയില്ല. അത് പോലെ തന്നെ, സ്വകാര്യമായ വീടുകള്‍,തോട്ടങ്ങള്‍ പോലെയുള്ള അടഞ്ഞ സ്ഥലങ്ങളിൽ വെച്ചും ഇപ്പോൾ ജുമുഅ നിസ്കരിക്കാൻ പാടില്ല. കാരണം അത് ഇസ്ലാമിന്റെ ബാഹ്യമായ ഒരു അടയാളമാണ് അത് തുറസ്സായ എല്ലാവർക്കും പ്രവേശിക്കാൻ പറ്റുന്ന പൊതു സ്ഥലത്താണ് നടത്തപ്പെടേണ്ടത്.
ഇപ്പോൾ നമ്മുടെ ഭരണാധികാരികൾ വ്യക്തമായ മസ്‍ലഹത്തിന്റെ അടിസ്‌ഥാനത്തിൽ തന്നെ ജുമുഅ നിസ്കരിക്കേണ്ടതില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ മറ്റു ദിവസങ്ങളിൽ നിസ്കരിക്കുന്നത് പോലെതന്നെ നാല് റകഅത്ത് ദുഹ്ർ വെള്ളിയാഴ്ചയും നിസ്കരിക്കുക.
പ്രത്യേക ശ്രദ്ധക്ക്: നമ്മൾ ജുമുഅ നിസ്കരിക്കേണ്ടതില്ല എന്ന് പറഞ്ഞതിനാൽ ജുമുഅയുടെ ശ്രേഷ്ഠതകൾ ഒന്നും തന്നെ ഇല്ല എന്ന് കരുതരുത്. അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിച്ച ഒരു ഹദീസിൽ കാണാം,നബി ﷺ പറഞ്ഞു: “സൂര്യനുദിക്കുന്ന ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് വെള്ളിയാഴ്ച ദിവസത്തിനാകുന്നു.”
വെള്ളിയാഴ്ചയെ കുറിച്ച് ഇബ്നു മസ്ഊദ് رضي الله عنه പറഞ്ഞതായി ഇബ്നു അബിദ്ദുന്യാ رَحِمَهُ الله ഉദ്ധരിക്കുന്നു: “ദിവസങ്ങളുടെ നേതാവ് വെള്ളിയാഴ്ചയാകുന്നു.”
അതിനാൽ വെള്ളിയാഴ്ചയുടെ ശ്രേഷ്ഠത വളരെ വലുതാണ് എന്ന് മനസ്സിലാക്കുക. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ദിവസമാകുന്നു അത്. ദുആക്ക് പ്രത്യേകമായി ഉത്തരം കിട്ടുന്ന സമയം ഈ ദിവസത്തിലുണ്ട്. നബി ﷺ യുടെ മേൽ ധാരാളം സ്വലാത്ത് ചൊല്ലാൻ പറഞ്ഞിട്ടുള്ള ദിവസവുമാണത്. അങ്ങനെ ഒരുപാട് ശ്രേഷ്ഠതകൾ. അതിനാൽ ഈ ദിവസം ധാരാളമായി ഖുർആൻ പാരായണം ചെയ്യാനും,ദിക്ർ വർധിപ്പിക്കാനും,അല്ലാഹുവിനോട് ധാരാളമായി ദുആ ചെയ്യാനും,പ്രത്യേകിച്ച് വെള്ളിയാഴ്ചയുടെ അവസാന സമയം, നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ചില ആളുകൾ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കാരണത്താൽ ജുമുഅ നിർത്തിയതോടുകൂടി മറ്റു ദിവസങ്ങളെ പോലെത്തന്നെ ജുമുഅ ദിവസത്തെയും കാണാൻ തുടങ്ങിരിക്കുന്നു. ഇത് വലിയ അബദ്ധമാണ്. അതിനാൽ ഈ ദിവസത്തിന്റെ ശ്രേഷ്ഠത നാം തിരിച്ചറിയുകയും നന്നായി പരിശ്രമിക്കുകയും വേണം.
۞۞۞
(പതിനൊന്ന്)
“നിർബന്ധ നിസ്‌കാരങ്ങൾക്ക് ശേഷമുള്ള ദിക്ർ ചൊല്ലുന്നതിൽ താൽപര്യം കാണിക്കൽ”
നിർബന്ധ നിസ്‌കാരങ്ങൾക്ക് ശേഷം ദിക്റുകൾ ചൊല്ലുക എന്നത് നമുക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ വീട്ടിൽ വെച്ചുള്ള നിസ്കാരങ്ങളിലും നാം അത് കൃത്യമായി പാലിക്കേണ്ടതുണ്ട്. ചില ആളുകൾ ഇപ്പോൾ വീട്ടിൽ നിന്ന് നിസ്കരിച്ചു കഴിഞ്ഞാൽ വേഗം അവരുടെ മൊബൈൽ എടുക്കുകയും വാട്സാപ്പ് പോലുള്ള കാര്യങ്ങളിൽ നോക്കുകയും അങ്ങനെ ദിക്ർ ചൊല്ലുന്നതിൽ നിന്ന് പിശാച് അവരെ തെറ്റിച്ചുക്കളയുകയും ചെയ്യുന്നു. അതിനാൽ ഒരുപാട് ശ്രേഷ്ഠതയുള്ള ഇത്തരം ദിക്റുകൾ ചൊല്ലുന്നതിൽ നാം നന്നായി പരിശ്രമിക്കേണ്ടതുണ്ട്. അതിൽ പെട്ട ഒരു ദിക്റാണ്; അബൂ ഹുറൈറ -رضي الله عنه- വിൽ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസിൽ, നബി -ﷺ- പറഞ്ഞു: “ആരെങ്കിലും നമസ്കാരശേഷം ‘സുബ്ഹാനല്ലാഹ്’ 33 തവണയും, ‘അല്‍ഹംദുലില്ലാഹ്’ 33 തവണയും, ‘അല്ലാഹു അക്ബര്‍’ 33 തവണയും, ചൊല്ലിയാല്‍ അതായത് അവ മൊത്തം തൊണ്ണൂറ്റി ഒന്‍പതും, ശേഷം നൂറ് തികച്ചുകൊണ്ട് ‘ലാ ഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്കു, വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍’ എന്നും ചൊല്ലിയാല്‍ സമുദ്രത്തിലെ നുരകളോളം പാപങ്ങളുണ്ടെങ്കിലും അവയെല്ലാം പൊറുക്കപ്പെടും.”
ഈ മഹത്തായ അവസരം നമുക്ക് ഒരു ദിവസം അഞ്ച് തവണ ലഭിക്കുന്നുണ്ട് എന്ന് നാം അറിയണം. അതിനാൽ ഇതൊരിക്കലും നമ്മുടെ വീട്ടിൽ വെച്ചുള്ള നിസ്കാരങ്ങളിലും നാം ഉപേക്ഷിച്ചു കൂടാ. ഇതും, ഇതല്ലാത്ത സ്ഥിരപ്പെട്ട ദിക്റുകളും നമുക്ക് കാണാവുന്നതാണ്.
۞۞۞
(പന്ത്രണ്ട്)
“നിസ്കാര ശേഷം മുസല്ലയിൽ തന്നെ ഇരിക്കുന്നതിന്റെ ശ്രേഷ്ഠത”
നിസ്കാര ശേഷം മുസ്വല്ലയിൽ തന്നെ ഇരിക്കുന്നതിന് വളരെയധികം ശ്രേഷ്ഠതകൾ ഉണ്ട്. (ശറഇയ്യായ ഇളവ് ഉള്ളതിനാൽ) ഇത് വീട്ടിൽ വെച്ച് ഫർള് നിസ്കരിച്ചവർക്കും ലഭിക്കുന്നതാണ്. പ്രത്യേകിച്ച് ഫജ്ര്‍ നിസ്കാര ശേഷമുള്ള ഇരുത്തം.
പ്രവാചകൻ ﷺ ഫജ്ർ നിസ്കരിച്ച് കഴിഞ്ഞാൽ സൂര്യോദയം വരെ നിസ്കാര സ്ഥലത്ത് തന്നെ ഇരിക്കാറുണ്ടായിരുന്നു എന്ന് ജാബിർ ബിൻ സമുറ رضي الله عنه നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ സമയം വളരെ പ്രധാനപ്പെട്ട സമയമാണ്. ഇബ്നു മസ്ഊദ് رضي الله عنه ൽ നിന്നുള്ള ഒരു അഥറിൽ ഇപ്രകാരം വന്നതായി കാണാം: അദ്ദേഹം പ്രയാധിക്യത്താലുള്ള പ്രയാസം കാരണമായോ മറ്റോ ഒരിക്കൽ വീട്ടിൽ വെച്ച് ഫജ്ർ നിസ്കരിക്കുകയുണ്ടായി. ഫജ്റിനും സുര്യോദയത്തിനും ഇടക്കുള്ള സമയത്ത് ഒരാൾ അദ്ദേഹത്തിന്റെ വാതിൽ മുട്ടിയിട്ട് പറഞ്ഞു: “നിങ്ങൾ ഉറക്കിത്തിലായിരിക്കും എന്ന് വിചാരിച്ചു.”
ഇബ്നു മസ്ഊദ് അയാളോട് ചോദിച്ചു: “ഇബ്നു മസ്ഊദിന്റെ കുടംബം അലസതയിൽ കഴിഞ്ഞ് കൂടുന്നവരാണ് എന്നാണോ താങ്കൾ വിചാരിച്ചത്?”
അഥവാ അലസതയിലും അശ്രദ്ധയിലും കഴിഞ്ഞ് കൂടുന്നവർക്കല്ലാതെ ഈ സമയത്ത് ഉറങ്ങാൻ കഴിയില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. കാരണം ഈ സമയം ബറക്കത്താക്കപ്പെട്ടതും, പ്രാർത്ഥനകളുടെയും, ദിക്റുകളുടെയും, രിസ്കുകൾ വീതിക്കപ്പെടുന്നത്തിന്റെയും സമയമാണ്. അതിനാൽ നമ്മുടെ വീട്ടിൽ വെച്ചാണ് നാം നിസ്കരിക്കുന്നതെങ്കിൽ കൂടി ഈ സമയത്തെ ഉപയോഗപ്പെടുത്തുക എന്നത് അനിവാര്യമാണ് .
അബൂഹുറൈറ رضي الله عنه വില്‍ നിന്ന് ഇമാം മാലിക് തന്റെ മുവത്വയിൽ ഉദ്ധരിച്ച ഒരു ഹദീഥിൽ; നിസ്കാര ശേഷം മുസ്വല്ലയിൽ നിന്ന് എഴുന്നേല്‍ക്കാതെ അവിടെ തന്നെ ഇരിക്കുന്ന ആൾക്ക് വേണ്ടി മലക്കുകൾ: “അല്ലാഹുവേ ഇയാൾക്ക് പൊറുത്ത് കൊടുക്കണേ, ഇയാൾക്ക് കാരുണ്യം ചൊരിയണേ” എന്നിങ്ങനെ പ്രർത്ഥിക്കുമെന്ന് സ്ഥിരപ്പെട്ടതായി കാണാന്‍ സാധിക്കും.
എന്റെ സഹോദരങ്ങളേ, ഒന്ന് ചിന്തിച്ച് നോക്കൂ ശൈഖ് സ്വലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ യെ പോലെ ഈ ഉമ്മത്തിലെ ഒരു സച്ചരിതനായ ഒരു പണ്ഡിതൻ നിനക്ക് വേണ്ടി എല്ലാ ദിവസവും പ്രർത്ഥിക്കുന്നു എന്ന് നീ സങ്കൽപിക്കുക. എത്രത്തോളമായിരിക്കും നിന്റെ സന്തോഷം? അപ്പോൾ നിനക്ക് വേണ്ടി എല്ലാ ഫർള് നിസ്കാര ശേഷവും പ്രാർഥിക്കുന്നത് അല്ലാഹുവിനെ അപ്പടി അനുസരിക്കുന്ന അവന്റെ വിലക്കുകൾ ഒന്ന് പോലും ലംഘിക്കാത്ത മലക്കുകൾ ആണെങ്കില്‍ എന്തായിരിക്കും അവസ്ഥ?! അതിന് എന്ത് വേണം? നീ നിസ്കാരം കഴിഞ്ഞാൽ നിന്റെ മുസ്വല്ലയിൽ തന്നെ പ്രാർത്ഥനയും ദിക്റുകളുമായി കഴിഞ്ഞ് കൂടുക. അവിടെ നിന്ന് മാറിപ്പോവരുത്. എത്രത്തോളം നീ ദിക്ര്‍ ചൊല്ലാതെയാണ് നിന്റെ മുസ്വല്ലയില്‍ ഇരിക്കുന്നതെങ്കില്‍ കൂടി; അല്ലാഹുവിന്റെ മലക്കുകള്‍ നിനക്ക് വേണ്ടി പ്രാർത്ഥിച്ച് കൊണ്ടിരിക്കുന്നതാണ്.
അത് കൊണ്ട് ഫര്‍ദ് നിസ്കാരം കഴിഞ്ഞാല്‍ മുസ്വല്ലയില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കുകയും തിന്മക്ക് പ്രേരിപ്പിക്കുന്ന നിന്റെ മനസ്സിനോട് പൊരുതുകയും ചെയ്യുക. അല്ലാഹു പറഞ്ഞു:
﴿وَٱلَّذِینَ جَـٰهَدُوا۟ فِینَا لَنَهۡدِیَنَّهُمۡ سُبُلَنَاۚ وَإِنَّ ٱللَّهَ لَمَعَ ٱلۡمُحۡسِنِینَ﴾
“നമ്മുടെ മാർഗത്തിൽ സമരത്തിൽ ഏർപെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീർച്ചയായും അല്ലാഹു സദ്’വൃത്തരോടൊപ്പമാകുന്നു.” (അന്‍കബൂത്ത്:69).
നമ്മൾ ബുദ്ധിമാന്മാരായിരിക്കുകയും, സ്വന്തത്തോട് കൂറ് പുലര്‍ത്തുന്നവരായിത്തീരുകയും വേണം. തിരക്കും മറ്റു കാരണങ്ങളും എന്ന ന്യായം പറഞ്ഞു കൊണ്ട് നമ്മെ കൊണ്ട് കളിക്കാൻ ശൈത്വാനെ നാം അനുവദിക്കാന്‍ പാടില്ല.
۞۞۞
(പതിമൂന്ന്)
“ഒരു നിസ്കാരത്തിന് ശേഷം മറ്റൊരു നിസ്കാരത്തെ പ്രതീക്ഷിച്ച് ഇരിക്കൽ”
പ്രവാചക ചര്യയിൽ വളരെ അധികം ശ്രേഷ്ഠതകൾ പറയപ്പെട്ടിട്ടുള്ള ഒരു പുണ്യകർമമാണിത്. ഉദാഹരണത്തിന് ഒരാൾ മഗ്’രിബ് നിസ്കരിച്ചതിന് ശേഷം തന്റെ മുസല്ലയിൽ ഇശാഅ് നിസ്കാരവും പ്രതീക്ഷിച്ച് ഇരിക്കുക; ഇതിനെയാണ് ‘രിബാത്വ്’ എന്ന് റസൂൽ ﷺ വിശേഷിപ്പിച്ചിട്ടുള്ളത്. (ഇസ്‌ലാമിനു വേണ്ടി യുദ്ധഭൂമിയിൽ കാവൽ നിൽക്കുന്നതിനാണ് ‘രിബാത്വ്’ എന്നു പറയുക. നിസ്കാരമെന്ന മഹത്തായ കർമത്തിനായി കാത്തിരിക്കൽ യുദ്ധഭൂമിയിൽ കാവൽ നിൽക്കുന്നതു പോലെയാണ്).
അബൂ ഹുറൈറ رضي الله عنه വില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥിൽ റസൂൽ ﷺ പറഞ്ഞു: “അല്ലാഹു നിങ്ങള്‍ക്ക് പാപങ്ങള്‍ മായ്ച്ചു നല്‍കുകയും, പദവികള്‍ ഉയര്‍ത്തുകയും ചെയ്യുന്ന കാര്യം ഞാന്‍ അറിയിച്ചു തരട്ടെയോ? അവര്‍ പറഞ്ഞു: അതെ, അല്ലാഹുവിന്റെ റസൂലേ!, നബി ﷺ പറഞ്ഞു: “പ്രയാസ സമയത്ത് നന്നായി വുദൂഅ് എടുക്കുക” (അഥവാ അതിശൈത്യമുള്ള ഒരു സമയത്ത് നിനക്ക് ചൂട് വെള്ളം ലഭിച്ചില്ലെന്നിരിക്കുക; അപ്പോൾ നീ തണുത്ത വെള്ളം കൊണ്ട് തന്നെ വുദൂഅ് പൂർത്തിയാക്കുന്നുവെങ്കിൽ അത് നിന്റെ പാപങ്ങൾ പൊറുക്കപ്പെടാൻ കാരണമാകും. അപ്രകാരം തന്നെ ഉഷ്ണകാലത്ത് ചൂടുള്ള വെള്ളം ഉപയോഗിക്കേണ്ടി വരുമ്പോഴും അങ്ങനെ തന്നെയാണ്. ഇതിനർഥം നീ മനപൂർവ്വം പ്രതിഫലത്തിന് വേണ്ടി ഇങ്ങനെ ചെയ്യണം എന്നല്ല, മറിച്ച് ഇങ്ങനെ ഒരു സാഹചര്യത്തിൽ; ശൈത്യ കാലത്ത് തണുത്ത വെള്ളവും, നേരെ തിരിച്ച് ഉഷ്ണ കാലത്ത് ചൂട് വെള്ളവുമല്ലാതെ ലഭിച്ചില്ല എങ്കില്‍ അത്തരം സന്ദര്‍ഭത്തില്‍ അത് ഉപയോഗിച്ചു കൊണ്ട് വുദൂഅ് ചെയ്യുക എന്നാണ് ഇവിടുത്തെ ഉദ്ദേശം)
നബി ﷺ തുടർന്നു പറഞ്ഞു: “മസ്ജിദിലേക്കുള്ള കാലടികൾ വർധിപ്പിക്കുക. ഒരു നിസ്കാരം കഴിഞ്ഞാൽ അടുത്ത നിസ്കാരത്തിനായി കാത്തിരിക്കുക. അതാകുന്നു രിബാത്വ്! അതാകുന്നു രിബാത്വ്!”
അതിനാൽ, മഗ്’രിബ് നിസ്കരിക്കുകയും, എന്നിട്ട് ഇശാഇന്റെ സമയം ആവുന്നത് വരേയ്ക്കും അതിനെയും പ്രതീക്ഷിച്ച് ഇരിക്കുക എന്നത് ചില സന്ദർഭത്തിലെങ്കിലും നമുക്ക് ചെയ്യാവുന്നതാണ്. വളരെ കുറഞ്ഞ സമയമാണത്. അതാണ് രിബാത്വ്. അത് മുഖേന പാപങ്ങൾ മായ്ക്കപ്പെടുകയും, പദവികൾ ഉയർത്തപ്പെടുകയും ചെയ്യും. (ശറഇയ്യായ ഇളവ് ഉള്ളതിനാൽ) വീട്ടിൽ വെച്ച് നിസ്കരിച്ചവർക്കും ഈ പ്രതിഫലം ഉള്‍ക്കൊള്ളുന്നതാണ്.
۞۞۞
(പതിനാല്)
“റവാത്തിബ് സുന്നത്തുകൾ”
സുന്നത്ത് നിസ്കാരങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് റവാത്തിബ് സുന്നത്തുകൾ. ഇവ ഖിയാമുല്ലൈലിനേക്കാൾ ശ്രേഷ്ഠമാണെന്നാണ് ഭൂരിപക്ഷ പണ്ഡിതാഭിപ്രായം.നാല് മദ്ഹബിലേയും പ്രസിദ്ധമായ അഭിപ്രായവും ഇത് തന്നെയാണ്. റവാത്തിബ് നിസ്കാരത്തിന്റെ കാര്യത്തിലാണ് നമ്മൾ വലിയ തോതില്‍ വീഴ്ച വരുത്തിയിട്ടുള്ളതും!
റവാത്തിബ് നിസ്കാരത്തിന്റെ റക്അത്തുകളുടെ കാര്യത്തിൽ പണ്ഡിതൻമാർക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പത്ത് റക്അത്തുകളാണ് എന്നതാണ് ഏറ്റവും പ്രബലം.
രണ്ട് പ്രത്യേകതകളാണ് റവാത്തിബ് സുന്നത്തുകൾ ഒരുമിപ്പിച്ചിട്ടുള്ളത്:
ഒന്ന്: ഇവ ഫർള് നിസ്കാരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐച്ഛിക നിസ്കാരങ്ങളാണ്.
രണ്ട്: പ്രവാചകൻ ﷺ പതിവാക്കാറുള്ളവയായിരുന്നു.
ഫജ്റിന് മുമ്പ് രണ്ട്, ദുഹ്റിന് മുമ്പ് രണ്ട്, ദുഹ്റിന് ശേഷം രണ്ട് മഗ്’രിബിന് ശേഷം രണ്ട്,ഇശാഇന് ശേഷം രണ്ട് എന്നിങ്ങനെ പത്ത് റക്അത്തുകള്‍ നബി ﷺ പതിവാക്കാറുണ്ടായിരുന്നു എന്ന് ഇബ്നു ഉമർ رضي الله عنه ൽ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീഥിൽ സ്ഥിരപെട്ടിരിക്കുന്നു.
അല്ലാഹുവിനെ മുന്നിർത്തി ചോദിക്കട്ടെ: ഈ കുറഞ്ഞ റക്അത്തുകൾ നിർവഹിക്കാൻ ആർക്കാണ് സാധിക്കാത്തത്?
അതിനാൽ നീ ഫര്‍ദ് നിസ്കരിക്കുകയാണെങ്കില്‍ അതിന് മുമ്പോ ശേഷമോ ഉള്ള രണ്ട് റക്അത്തുകൾ പതിവാക്കുക.
അത്പോലെ അല്ലാഹുവിന്റെ റഹ്മത്തില്‍ പെട്ട കാര്യമാണ്; റവാത്തിബ് നിസ്കാരം ഫർള് നിസ്കാരത്തിന് മുമ്പുളളതാണങ്കിൽ അവ നഷ്ടപെട്ടാൽ ഫർള് നിസ്കാര ശേഷം നമുക്കത് ഖളാഅ് വീട്ടാവുന്നതാണ്. ഇതാണ് ഇമാം ശാഫിഈ رَحِمَهُ الله യുടെ അഭിപ്രായം. ഇമാം അഹ്മദിൽ നിന്നുള്ള ഒരു രിവായത്തും ഇപ്രകാരം തന്നെയാണ്.
ഉദാഹരണത്തിന് ദുഹ്റിന് മുമ്പുളള റക്അത്തുകൾ നഷ്ടപെട്ടവന് ദുഹ്റിന് ശേഷം അത് ഖളാഅ് വീട്ടാവുന്നതാണ്. ഇനി അവന് ദുഹ്റിന് ശേഷവും അതിന് സാധിച്ചില്ല എന്ന് വിചാരിക്കുക; എങ്കിൽ അസ്റിന് ശേഷം അവനത് നിർവഹിക്കാവുന്നതാണ്. അത് പോലെ മഗ്’രിബിന് ശേഷമുള്ളത് നഷ്ടപ്പെട്ടാൽ ഇശാഇന് ശേഷം അത് ഖളാഅ് വീട്ടാന്‍ സാധിക്കും. ഒരിക്കൽ നബി ﷺ ക്ക് ദുഹ്റിന് ശേഷം നിസ്കരിക്കാൻ കഴിയാതെ വന്നപ്പോൾ അത് അസ്റിന് ശേഷം നിർവഹിച്ചു എന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ആഇശാ رضي الله عنها യിൽ നിന്ന് ഉദ്ദരിക്കുന്ന ഹദീഥിൽ സ്ഥിരപ്പെട്ട് വന്നതായി കാണാം.
അപ്രകാരം ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്ത് നഷ്ടപെട്ടാൽ, ഫജ്ര്‍ നിസ്കാര ശേഷം അത് ഖളാഅ് വീട്ടാവുന്നതാണ്. സൂര്യൻ ഉദിച്ച് അൽപം കഴിഞ്ഞതിന് ശേഷം ദുഹാ സമയത്ത് ഖളാഅ് വീട്ടലാണ് ഏറ്റവും ഉത്തമം.
ഉമ്മു ഹബീബ رضي الله عنها യിൽ നിന്ന് ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഹദീഥിൽ റസൂൽ ﷺ പറഞ്ഞു: “ആരങ്കിലും പന്ത്രണ്ട് റക്അത്ത് നമസ്കരിച്ചാൽ അവ കാരണമായി സ്വർഗത്തിൽ അവനൊരു വീട് നിർമിക്കപ്പെടും.” ഈ ഹദീഥിന്റെ ഒരു രിവായത്തിൽ “ഐച്ഛികമായ” എന്നും മറ്റൊരു രിവായത്തിൽ “അവ പതിവാക്കിയാൽ” എന്നും വന്നിട്ടുണ്ട് . ഈ രിവായത്തുകളെല്ലാം ഇമാം മുസ്‌ലിം رَحِمَهُ الله ഉദ്ധരിച്ചതാണ്.
ചുരുക്കം; പന്ത്രണ്ട് റക്അത്ത് നിസ്കരിച്ചവന് സ്വർഗത്തിൽ വീട് നിർമിക്കപ്പെടുന്നതാണ്. അതിൽ ഏറ്റവും പ്രധാനപെട്ടതാണ് ഈ 10 റക്അത്ത് റവാത്തിബ് സുന്നത്ത്. അല്ലാഹുവിന്റെ അതിമഹത്തായ ഔദാര്യത്തിൽ നിന്ന് നാം അവനോട് ചോദിക്കുന്നു. അതുകൊണ്ട് സഹോദരങ്ങളേ, റവാത്തിബ് സുന്നത്ത് പതിവാക്കുന്ന കാര്യത്തിൽ കൂടുതൽ ഉത്സാഹിക്കൂ..
ഇനി, ദുഹ്റിന് മുമ്പ് നാല് റക്അത്ത് നിസ്കരിച്ചു കൂടെ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള മറുപടി: അതെ എന്നാണ്. ആഇശാ رضي الله عنها യിൽ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്ന ഹദീഥിൽ ഇത് സ്ഥിരപെട്ടിട്ടുണ്ട്. പക്ഷേ ഇത് നബി ﷺ ഇടക്ക് ഉപേക്ഷിക്കാറുണ്ടായിരുന്നു. പ്രവാചകൻ ഉപേക്ഷിക്കാതെ പതിവാക്കിയതാണ് റവാത്തിബായി പരിഗണിക്കുക. അത് പ്രകാരം ദുഹ്റിന് മുമ്പ് നബി ﷺ പതിവാക്കാറുണ്ടായിരുന്ന രണ്ട് റക്അത്താണ് ഇതിൽ പരിഗണിക്കപ്പെടുക.
അസറിന് മുമ്പ് നാല് റക്അത്ത് സുന്നത്തുണ്ടോ?
ഈ വിഷയത്തിൽ വന്നിട്ടുള്ള ഇബ്നു ഉമർ رضي الله عنه നിന്ന് അബൂദാവൂദും മറ്റും ഉദ്ധരിക്കുന്ന ഹദീഥ് ദുർബലമാകുന്നു .
ദുഹ്റിന് മുമ്പും ശേഷവും നാല് റക്അത്ത് സുന്നത്തുണ്ടോ?
ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീഥും നബി ﷺ നിന്ന് സ്ഥിരപെട്ടിട്ടില്ല.
അത് കൊണ്ട് ഈ റവാത്തിബ് സുന്നത്തും അതിന്റെ മഹത്തായ ശ്രേഷ്ഠതയും നഷ്ടപ്പെടുത്താതെ നീ അതിന്റെ കാര്യത്തില്‍ നന്നായി പരിശ്രമിക്കുക.
ആഇശാ رضي الله عنها യില്‍ നിന്ന് ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീഥിൽ നബി ﷺ പറഞ്ഞു: “ഫജ്റിന്റെ (മുമ്പുള്ള ) രണ്ട് റക്അത്ത് ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളുമെല്ലാം ഉത്തമം ആകുന്നു.”
അത്യധികം ഔദാര്യവാനായ അല്ലാഹുവിനോട് അവന്റെ ഔദാര്യത്തിൽ നിന്ന് നമ്മൾ ചോദിക്കുന്നു!
۞۞۞
(പതിനഞ്ച്)
“ബാങ്കും ഇഖാമത്തും”
വീട്ടിൽ നിസ്ക്കരിക്കുമ്പോളും സുന്നത്തായ കാര്യങ്ങളിൽപ്പെട്ടതാണ് ബാങ്കും ഇഖാമത്തും. ബാങ്ക് സുന്നത്താണ് അതുപോലെ തന്നെ ഇഖാമത്തും സുന്നത്താണ്. ഇമാം അഹ്മദ് رَحِمَهُ الله അഭിപ്രായപ്പെട്ടത് പോലെ ഇത് പുരുഷന്മാര്‍ക്കാണ് സുന്നത്തുള്ളത്. അതുകൊണ്ട് വീട്ടിൽ നിസ്ക്കരിക്കുന്നവർക്ക് ഒറ്റക്കായാലും ജമാഅത്തായിട്ടാണെങ്കിലും ബാങ്കും ഇഖാമത്തും സുന്നത്താണ്.
ബാങ്കിന് മഹത്തായ ശ്രേഷ്ഠതകളുണ്ട്.
ഇപ്രകാരം ഒരു പുരുഷൻ ബാങ്ക് വിളിക്കുകയാണെങ്കിൽ അവൻ ശബ്ദം ഉയർത്തണം. അത് കേൾക്കുന്ന മരങ്ങളും കല്ലുകളുമടക്കം എല്ലാ വസ്തുകളും അവന് വേണ്ടി ഖിയാമത്ത് നാളിൽ സാക്ഷ്യം വഹിക്കും.
അബൂ സഈദ് അൽ ഖുദ്’രി رضي الله عنه നിവേദനം നബി ﷺ പറഞ്ഞു: “ബാങ്കുവിളിക്കുന്നവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം അത് കേൾക്കുന്ന മനുഷ്യരോ ജിന്നോ മറ്റെന്തെങ്കിലും വസ്തുക്കളോ ആകട്ടെ അവന് വേണ്ടി ഖിയാമത്ത് നാളിൽ സാക്ഷി പറയാതിരിക്കില്ല.” (ബുഖാരി).
ഇത് ബാങ്ക് വിളിക്കുന്നയാൾക്കുള്ള മഹത്തായ ശ്രേഷ്ഠതയാണ്.
۞۞۞
(പതിനാറ്)
“ബാങ്ക് കേൾക്കുമ്പോൾ ഏറ്റുപറയൽ”
ബാങ്ക് കേൾക്കുന്ന സ്ത്രീ പുരുഷന്മാർക്ക് ബാങ്കിന്റെ കൂടെ ഏറ്റു പറയൽ സുന്നത്താണ്. അതിന്റെ ചില ശ്രേഷ്ഠതകളും അതുമായി ബന്ധപ്പെട്ട ചില മതവിധികളും ഞാനിവിടെ പറയാം:
1) രണ്ട് ‘ഹൈഅലത്തു’കളിൽ ‘ഹൈയ്യ അല സ്വലാ’ എന്നും ‘ഹൈയ്യ അലൽ ഫലാഹ്’ എന്നും പറയുമ്പോൾ ഒഴികെ, മുഅദ്ദിൻ പറയുന്നത് പോലെ പറയുക. ഹൈഅലത്തുകളിൽ ‘ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാഹ്’ എന്നും പറയുക.
ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച അബൂ സഈദ് അൽ ഖുദ്’രി رضي الله عنه നിവേദനം ചെയ്ത ഹദീഥില്‍ നബി ﷺ പറഞ്ഞു: “നിങ്ങൾ ബാങ്ക് കേട്ടാൽ മുഅദ്ദിൻ പറയുന്നതു പോലെ നിങ്ങളും പറയുക.”
ഇമാം മുസ്‌ലിം ഉദ്ധരിച്ച ഇബ്നു ഉമർ رضي الله عنه നിവേദനം ചെയ്ത ഹദീഥില്‍ നബി ﷺ പറഞ്ഞു: “രണ്ടു ഹൈഅലത്തുകളിൽ ഒഴികെ, അപ്പോൾ ‘ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാഹ്’ എന്നും നിങ്ങൾ പറയുക.”
സ്വാഭാവികമായും ചോദിച്ചേക്കാം: സുബ്ഹി ബാങ്കിൽ മുഅദ്ദിൻ: ‘അസ്സ്വലാത്തു ഖൈറുൻ മിന ന്നൗം’ എന്നു പറയുമ്പോൾ എന്താണ് പറയേണ്ടത്?
ഉത്തരം: ഒന്നും പറയേണ്ടതില്ല.
ചിലർ പറയാറുള്ളത് പോലെ: ‘സ്വദഖ്ത്ത വ ബരിർത്ത’ എന്ന് പറയണമെന്ന് ഒരു ഹദീസിലും സ്ഥിരപ്പെട്ടിട്ടില്ല.
മുഅദ്ദിൻ ‘സ്വല്ലൂ ഫീ ബുയൂത്തിക്കും’ അല്ലെങ്കിൽ ‘സ്വല്ലൂ ഫീ രിഹാലിക്കും’ എന്നു പറയുമ്പോൾ എന്തു പറയണം എന്നും ചോദ്യം വന്നേക്കാം?
അവിടെയും ഒന്നും ഏറ്റുപറയേണ്ടതായി സ്ഥിരപ്പെട്ടിട്ടില്ല. കാരണം അത് ബാങ്കിന്റെ പദങ്ങളിൽപ്പെട്ടതല്ല.
അപ്പോൾ രണ്ട് ഹൈഅലത്തുകളിൽ ഒഴികെ മുഅദ്ദിൻ പറയുന്നതുപോലെ ഏറ്റുപറയലാണ് സുന്നത്ത്.
2) ബാങ്കുവിളിച്ചു കഴിഞ്ഞാല്‍ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുക.
ആരെങ്കിലും നബി ﷺ ക്ക് വേണ്ടി ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന്റെ മേല്‍ പത്ത് പ്രാവശ്യം സ്വലാത്ത് ചെയ്യും. (അല്ലാഹുവിന്റെ സ്വലാത്ത് എന്നാല്‍ മലക്കുകളുടെ അരികില്‍ പ്രശംസിക്കലാണ്).
ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന അബ്ദുല്ലാഹ് ബ്നു അംറ് رضي الله عنه നിവേദനം ചെയ്ത ഹദീഥില്‍ നബി ﷺ പറഞ്ഞു: “നിങ്ങൾ ബാങ്ക് വിളി കേട്ടാൽ മുഅദ്ദിൻ പറയുന്നതുപോലെ നിങ്ങളും പറയുക. പിന്നീട് എന്റെ മേൽ നിങ്ങൾ സ്വലാത്ത് ചൊല്ലുക. നിശ്ചയം ആരെങ്കിലും എനിക്ക് വേണ്ടി ഒരു പ്രാവശ്യം സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു അവന് വേണ്ട് പത്ത് പ്രാവശ്യം സ്വലാത്ത് ചെയ്യും. പിന്നീട് എനിക്കു വേണ്ടി നിങ്ങൾ ‘അൽ വസീല’ യെ ചോദിക്കുക.”
3) ഈ പ്രാര്‍ത്ഥന പ്രാർത്ഥിക്കുക.
«اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ»
ജാബിർ رضي الله عنه നിവേദനം ചെയ്യുന്ന ഹദീഥിൽ നബി ﷺ പറഞ്ഞു:
“ആരെങ്കിലും ബാങ്ക് കേട്ടതിനു ശേഷം:
«اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاَةِ القَائِمَةِ آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ»
എന്നു പറഞ്ഞാൽ (അവന് എന്റെ ശഫാഅത്ത് നിർബന്ധമാകും.”
ചിലർ ‘സയ്യിദിനാ മുഹമ്മദ്’ എന്നും, ചിലർ ‘വദ്ദറജത്തൽ ആലിയത്ത റഫീഅ’ മറ്റു ചിലർ ‘ഇന്നക്ക ലാ തുഖ്‌ലിഫുൽ മീആദ്’ എന്നുമെല്ലാം വർദ്ധിപ്പിക്കാറുണ്ട്. ഇതൊന്നും നബി ﷺ യിൽ നിന്നും സ്ഥിരപ്പെട്ടിട്ടില്ല.
4) പ്രാർത്ഥനയാണ്; ബാങ്ക് കൊടുത്താൽ കൂടെ ഏറ്റുപറയുകയും പ്രാർത്ഥിക്കുകയും ചെയ്യുക. ഇമാം മാലിക് رَحِمَهُ الله യുടെ മുവത്വയിൽ ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്: “രണ്ട് പ്രാർത്ഥനകൾ തള്ളപ്പെടുകയില്ല; ശത്രുവിനെ കണ്ടുമുട്ടുമ്പോഴും, ബാങ്കിന്റെ സമയത്തും നടത്തുന്ന പ്രാർത്ഥനകളാണവ.”
5)
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللَّهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا
എന്ന് പറയുക.
സഅദ് ബ്നു അബീ വഖ്വാസ് رضي الله عنه നിവേദനം: റസൂൽ ﷺ പറഞ്ഞു: “ആരെങ്കിലും മുഅദ്ദിനിന്റെ ബാങ്ക് കേട്ടുകൊണ്ട്
أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، رَضِيتُ بِاللَّهِ رَبًّا، وَبِمُحَمَّدٍ رَسُولًا، وَبِالْإِسْلَامِ دِينًا
എന്ന് പറഞ്ഞാൽ അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടും.” (മുസ്‌ലിം)
ചിലർ വിചാരിക്കുന്നത് ഇത് ബാങ്കിന് ഇടയിലാണ് പറയേണ്ടത് എന്നാണ്. എന്നാൽ ബാങ്കിന് ശേഷമാണ് പറയേണ്ടത് എന്നതാണ് ശരി. അതാണ് പ്രസിദ്ധമായ അഭിപ്രായവും. സഅദ് ബിനു അബീ വഖ്വാസ് رضي الله عنه വിന്റെ ഹദീസിന്റെ പ്രത്യക്ഷാർത്ഥവും അത് തന്നെയാണ്.
അപ്പോൾ ഈ ശ്രേഷ്ഠതകൾ; നാം ഓരോ ദിവസവും അഞ്ച് പ്രാവശ്യം (ഈ ബാങ്ക്) കേൾക്കുന്നു. അപ്പോഴെല്ലാം ഈ ശ്രേഷ്ഠതകൾ നമുക്ക് കിട്ടുന്നുണ്ട്. നമ്മളാകട്ടെ, ഉറങ്ങികൊണ്ടോ, സംസാരത്തിൽ മുഴുകിയോ അശ്രദ്ധരാണ്. അതുമല്ലെങ്കിൽ മറ്റു ചിന്തകളും വിചാരങ്ങളും ആഗ്രഹങ്ങളും ആലോചനകളും കൊണ്ട് ശൈത്വാൻ നമ്മെ അതിജയിക്കുന്നു. അതുകൊണ്ട് നാം തഖ്’വയുള്ളവരാവുകയും അല്ലാഹുവിനെ അനുസരിക്കുന്ന കാര്യത്തിൽ സ്വന്തം നഫ്സുകളോട് ജിഹാദ് ചെയ്യുകയും വേണം.
ശൈഖ് ഇബ്നു ബാസ് رَحِمَهُ الله ജീവചരിത്രത്തിൽ ഉള്ള കാര്യമാണ്; അദ്ദേഹം ബാങ്കിന്റെ കൂടെ ഏറ്റുപറയുക എന്നുള്ളത് ഒഴിവാക്കാറുണ്ടായിരുന്നില്ല. എത്രത്തോളമെന്നുവെച്ചാൽ; ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അദ്ദേഹത്തിന് ഫോൺ കോളുകൾ വരാറുണ്ടായിരുന്നു. ബാങ്ക് കേട്ടാൽ ചോദ്യകർത്താവിന് ഉത്തരം കൊടുക്കുന്നത് നിർത്തുകയും ബാങ്കിന്റെ കൂടെ ഏറ്റുപറയുന്നതിൽ വ്യാപൃതനാവുകയും, അതിന് ശേഷം ബാക്കി സംസാരം തുടരുകയും ചെയ്യും. അല്ലാഹു അദ്ദേഹത്തിന് റഹ്മത്ത് ചെയ്യട്ടെ.
۞۞۞
(പതിനേഴ്)
“ഇമാമിന്റെ പിറകിൽ മഅ്മൂം എവിടെ നിൽക്കണം എന്നതിന്റെ വിശദീകരണം”
മഅ്മൂം ഇമാമിന്റെ കൂടെ മൂന്നാലൊരു അവസ്ഥയിൽ ആയിരിക്കും;
ഒന്നാമത്തെ അവസ്ഥ:
മഅ്മൂം ഒരു പുരുഷനായിരിക്കുക. അപ്പോൾ ഇമാമിന്റെ വലതു ഭാഗത്താണ് മഅ്മൂം നിൽക്കേണ്ടത്. ഇബ്നു അബ്ബാസ് رضي الله عنه പറഞ്ഞതായി ബുഖാരിയിലും മുസലിമിലും സ്ഥിരപ്പെട്ടിട്ടുണ്ട്: “ഞാൻ ഒരു രാത്രി റസൂല്‍ ﷺ യുടെ കൂടെ നിസ്കരിച്ചപ്പോൾ അവിടുത്തെ ഇടതു ഭാഗത്തു നില്ക്കുകയുണ്ടായി. അപ്പോൾ റസൂൽ ﷺ എന്റെ പിറകുഭാഗത്തുകൂടി എന്റെ തലയിൽ പിടിക്കുകയും അവിടുത്തെ വലതുഭാഗത്തേക്ക് എന്നെ ആക്കുകയും ചെയ്തു.”
ഇക്കാര്യത്തിൽ പണ്ഡിതന്മാരുടെ ഇജ്മാഅ് ഉണ്ട്. ഇബ്നു അബ്ദുൽ ബറും, നവവിയും ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്.
ഈ കാര്യത്തില മുതിർന്ന പുരുഷനെ പോലെ തന്നെയാണ് വകതിരിവ് എത്തിയ കുട്ടിയും.
രണ്ടാമത്തെ അവസ്ഥ:
മഅ്മൂം രണ്ടോ അതിലധികമോ പുരുഷന്മാർ ആണെങ്കിൽ അവർ ഇമാമിന്റെ പിറകിലാണ് നിൽക്കേണ്ടത്. ബുഖാരിയിലും മുസ്‌ലിമിലും സ്ഥിരപ്പെട്ട അനസ് ബ്നു മാലിക് رضي الله عنه വിന്റെ ഹദീസാണ് അതിനുള്ള തെളിവ്. അദ്ദേഹം പറഞ്ഞു: റസൂൽ ﷺ നിസ്കരിക്കുമ്പോൾ ഞാനും ഒരു യതീമും റസൂല്‍ ﷺ യുടെ പിറകിലും, ഉമ്മുസുലൈം ഞങ്ങളുടെ പിറകിലും നിന്ന് നിസ്കരിച്ചു.”
ഇക്കാര്യത്തിൽ ഇബ്നു അബ്ദിൽ ബറ് ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്.
മഅ്മൂം ഒരു പുരുഷനും, വകതിരിവുള്ള ഒരു കുട്ടിയും ആയാലും ഇതുപോലെ തന്നെയാണ്.
മൂന്നാമത്തെ അവസ്ഥ:
മഅ്മൂം ഒന്നോ അതിലധികമോ സ്ത്രീകളാണെങ്കിൽ നേരത്തെ പറഞ്ഞ അനസ് رضي الله عنه വിന്റെ ഹദീസിന്റെ അടിസ്ഥാനത്തിൽ അവർ ഇമാമിന്റെ പിറകിൽ നിസ്കരിക്കണം.
“ഉമ്മുസുലൈം ഞങ്ങളുടെ പിറകിലും നിന്ന് നിസ്കരിച്ചു.” എന്ന് അനസ് رضي الله عنه പറഞ്ഞതാണ് തെളിവ്.
ഇക്കാര്യത്തിലും ഇബ്നു അബ്ദുൽ ബറ് ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്.
۞۞۞
(പതിനെട്ട്)
“ബാങ്കിനും ഇഖാമത്തിനുമിടയിൽ ദുആ ചെയ്യൽ”
അനസ് ബിനു മാലിക് رضي الله عنه നിവേദനം: റസൂൽ ﷺ പറഞ്ഞു: “ബാങ്കിനും ഇഖാമത്തിനുമിടയിലുള്ള ദുആ തള്ളപ്പെടുകയില്ല.” (നസാഈ).
ആയതിനാൽ ബാങ്ക് വിളിച്ചാൽ ദുആ ചെയ്യുക. എത്രയോ ആവശ്യങ്ങൾ നമുക്കുണ്ടാവുമല്ലോ? ഇഹലോകത്തും പരലോകത്തും നമുക്ക് ആവശ്യമുള്ള പല കാര്യങ്ങളുമുണ്ട്. അത് അല്ലാഹുവിന് മുമ്പിൽ സമർപ്പിക്കുക. ഇനി, ഈ ദിവസങ്ങളിൽ ഒരു കാര്യവും നമുക്ക് പറയാനില്ലെങ്കിൽ ഇന്ന് ലോകത്ത് പടർന്ന് കൊണ്ടിരിക്കുന്ന ഈ രോഗത്തെ നമ്മിൽ നിന്നും നമുക്ക് വേണ്ടപ്പെട്ടവരിൽ നിന്നും ഉയർത്താൻ വേണ്ടിയെങ്കിലും ദുആ ചെയ്യുക. അതേ പോലെ മുസ്‌ലിം ഭരണാധികാരികൾ നമുക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന വലിയ സേവനങ്ങൾക്ക് അല്ലാഹു അവർക്ക് തക്കതായ പ്രതിഫലം നൽകാനും ദുആ ചെയ്യുക.
۞۞۞
(പത്തൊമ്പത്)
“നിസ്കാരം അതിന്റെ കൃത്യ സമയത്ത് നിർവഹിക്കുക”
അല്ലാഹു പറഞ്ഞു:
﴿إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبًا مَّوۡقُوتًا﴾
“നിസ്കാരം (അല്ലാഹുവിലും അവന്റെ ദീനിലും) വിശ്വസിച്ചവർക്ക് സമയം നിര്‍ണയിക്കപ്പെട്ട നിര്‍ബന്ധ ബാധ്യതയാകുന്നു.” (നിസാഅ്:103).
അകാരണമായി നിസ്ക്കാരം പിന്തിപ്പിക്കൽ വൻ പാപമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ്യ رَحِمَهُ الله പറഞ്ഞു: “റമദാൻ മാസം നോമ്പനുഷ്ഠിക്കാതിരിക്കുന്നതിനേക്കാൾ ഗൗരവമുള്ള കാര്യമാണ് നിസ്കാരം അകാരണമായി അതിന്റെ സമയത്ത് നിന്നും പിന്തിക്കുക എന്നത്.”
അല്ലാഹു പറഞ്ഞു:
﴿فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ ۖ فَسَوْفَ يَلْقَوْنَ غَيًّا﴾
“എന്നിട്ട് അവര്‍ക്ക് ശേഷം അവരുടെ സ്ഥാനത്ത് ഒരു പിന്‍തലമുറ വന്നു. അവര്‍ നിസ്ക്കാരം ഉപേക്ഷിക്കുകയും, തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്‍മൂലം ദുര്‍മാര്‍ഗത്തിന്റെ ഫലം غَيّ അവര്‍ നേരിടേണ്ടിവരുന്നതാണ്.” (മര്‍യം:59).
സഅദ് ബിൻ അബീ വഖാസ് رضي الله عنه നോട് ചോദിക്കപ്പെട്ടു: അവർ (ആയത്തിൽ പറഞ്ഞവർ) നിസ്കാരം ഒഴിവാക്കുന്നവരായിരുന്നുവോ?
അദ്ദേഹം മറുപടി പറഞ്ഞു: “നിസ്കാരം അവർ ഒഴിവാക്കിയിരുന്നെങ്കിൽ അവർ കാഫിറുകളാകുമായിരുന്നു. അവർ നിസ്കാരം അതിന്റെ സമയത്തിൽ നിന്നും പിന്തിപ്പിക്കുന്നവരായിരുന്നു.”
അബ്ദുല്ലാഹ് ബ്നു മസ്ഊദ് رضي الله عنه പറഞ്ഞു : “ ﴾غَيّ﴿ എന്നാല്‍; ആഴമേറിയ ഗര്‍ത്തമുള്ള, വൃത്തികെട്ട ഭക്ഷണവും പാനീയവും നിറഞ്ഞ, നരകത്തിലെ ഒരു താഴ്വരയാണ്.” (ത്വബരി).
എന്നെയും നിങ്ങളെയും സംരക്ഷിക്കണേ..എന്ന് റബ്ബുല്‍ ആലമീനായ അല്ലാഹുവിനോട് ഞാന്‍ ചോദിക്കുന്നു.
അത് കൊണ്ട് നിസ്കാരം പിന്തിപ്പിക്കുക എന്നത് വൻപാപമാണെന്ന് മനസ്സിലാക്കി അത് ഗൗരവത്തോടെ കാണുക. ചിലയാളുകൾ നിസ്കാര സമയങ്ങളിൽ അലസത കാണിക്കുന്നതായി കാണാം. അത് ഗൗരവമേറിയ പാപമാണെന്നത് തിരിച്ചറിയുക. ഇശാഅ് നിസ്കാരം ഒഴികെ എല്ലാ നിസ്ക്കാരങ്ങളും അതിന്റെ ആദ്യ സമയയത്ത് തന്നെ നിർവഹിക്കലാണ് കൂടുതൽ പുണ്യകരം.
എന്നാൽ ഇശാഅ് രാത്രിയുടെ പകുതിവരെയോ അതിനോടടുത്ത സമയത്തേക്കോ പിന്തിപ്പിക്കലാണ് പുണ്യകരം. നബി ﷺ അത്തരത്തിൽ ഇശാഅ് പിന്തിപ്പിച്ചതായി ഇമാം ബുഖാരി رَحِمَهُ الله അനസ് ബ്നു മാലിക് رضي الله عنه വിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ കാണാം.
അത് കൊണ്ട് നിസ്കാരം ഒരു അലസതയും കൂടാതെ അത് നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ നിർവഹിക്കാൻ പരിശ്രമിക്കുക.
۞۞۞
(ഇരുപത്)
“നിസ്കാര സമയം ഭംഗി സ്വീകരിക്കുക”
സുന്നത്ത് നിസ്കാരമാണെങ്കിലും ഫർള് നിസ്കാരമാണെങ്കിലും നല്ല ഭംഗിയോടെ നിർവഹിക്കാൻ പരിശ്രമിക്കൽ പുണ്യകരമാണ്. (നല്ല വസ്ത്രവും നല്ല വേഷവും സ്വീകരിക്കുക).
ഏറ്റവുമധികം നാം ശ്രദ്ധ പുലർത്തേണ്ടത് നിർബന്ധ നിസ്കാരങ്ങളിലാണ്. അല്ലാഹു പറഞ്ഞു:
﴿يَٰبَنِىٓ ءَادَمَ خُذُواْ زِينَتَكُمۡ عِندَ كُلِّ مَسۡجِدٍ وَكُلُواْ وَٱشۡرَبُواْ وَلَا تُسۡرِفُوٓاْۚ إِنَّهُۥ لَا يُحِبُّ ٱلۡمُسۡرِفِينَ﴾
“ആദം സന്തതികളേ, എല്ലാ നിസ്‌കാര വേളകളിലും നിങ്ങള്‍ നിങ്ങളുടെ ഭംഗി (വസ്‌ത്രങ്ങള്‍) ധരിച്ചു കൊള്ളുക.നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്‌തു കൊള്ളുക. അമിതമാക്കുകയും അരുത്. നിശ്ചയമായും, അമിതമാക്കുന്നവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ല.” (അഅ്റാഫ്:31)
ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇബ്നു കഥീർ رَحِمَهُ الله പറഞ്ഞു: “നിസ്കാര സമയം ഭംഗി സ്വീകരിക്കാൻ ശരീഅത്ത് പ്രോത്സാഹിപ്പിച്ചതാണ്.”
ഇമാം ഇബ്നു അബ്ദിൽ ബറ് رَحِمَهُ الله പറഞ്ഞു: “നല്ല വസ്ത്രം ധരിക്കാൻ കഴിവുള്ളവർ നിസ്കാര സമയം അത് സ്വീകരിക്കൽ പുണ്യകരമായ കാര്യമാണ്; ഏത് പോലെയെന്നാൽ ജുമുഅ ദിവസം ഭംഗിയാവുന്നതു പോലെ.”
ഇബ്നു ഉമർ رضي الله عنه തന്റെ അടിമയായ നാഫിഅ് ഒരു വസ്ത്രത്തിൽ നിസ്കരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു:
“ഞാൻ നിനക്ക് രണ്ട് വസ്ത്രം വാങ്ങിതന്നില്ലെയോ?”
അദ്ദേഹം പറഞ്ഞു: അതെ.
ഇബ്നു ഉമർ رضي الله عنه ചോദിച്ചു: “ഞാൻ നിന്നെ ഒരാളുടെ അടുത്തേക്ക് അയക്കുകയാണെങ്കിൽ നീ ഒരു വസ്ത്രം ധരിച്ചു പോകുമോ?”
അദ്ദേഹം പറഞ്ഞു: ഇല്ല.
ഇബ്നു ഉമർ رضي الله عنه പറഞ്ഞു: “അല്ലാഹുവിന്റെ മുന്നിലാണ് നീ കൂടുതൽ ഭംഗി സ്വീകരിക്കേണ്ടത്”
അത് കൊണ്ട് വീട്ടിൽ വെച്ച് നിസ്കാരം നിർവഹിക്കുമ്പോൾ നല്ല വസ്ത്രം ധരിച്ചു കൊണ്ടും, സുഗന്ധം പൂശിക്കൊണ്ടും, ഭംഗി സ്വീകരിക്കുക എന്നത് നമ്മുടെ മേല്‍ അനിവാര്യമാണ്. ഈ കാര്യത്തില്‍ നാം അശ്രദ്ധ വെച്ച് പുലര്‍ത്താന്‍ പാടില്ലാത്തതാണ്. കാരണം, നാം ഓരോരുത്തരും താമസിയാതെ നമ്മുടെ റബ്ബിന്റെ മുന്നില്‍ നില്‍ക്കേണ്ടവരാണ്.
അല്ലാഹുവിനോട് ഉപകാരപ്രദമായ വിജ്ഞാനവും, അതനുസരിച്ചുള്ള പ്രവര്‍ത്തനവും, തൗഹീദിലും സുന്നത്തിലുമായിക്കൊണ്ട് ജീവിക്കാനും, അതിലായികൊണ്ട് തന്നെ മരണപ്പെടാനുമുള്ള തൗഫീഖും ഞാന്‍ ചോദിക്കുന്നു. അതുപോലെ നമ്മില്‍ നിന്നും മുസ്‌ലിമീങ്ങളില്‍ നിന്നും ഈ പകര്‍ച്ചവ്യാധിയെ നീക്കിത്തരാനും, നമുക്കും മുസ്‌ലിമീങ്ങള്‍ക്കും നമ്മുടെ ദീനിന്റെയും, ശരീരത്തിന്റെയും, നാടിന്റെയും കാര്യത്തിലുള്ള സൗഖ്യവും, മുസ്‌ലിംഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള പ്രതിഫലവും അല്ലാഹുവിനോട് ഞാന്‍ ചോദിക്കുന്നു. അതോടൊപ്പം അല്ലാഹു ഇഷ്ടപ്പെടുന്നതും, തൃപ്തിപ്പെടുന്നതുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തൗഫീഖും നമുക്കേവര്‍ക്കും നല്‍കണേ എന്നും അല്ലാഹുവിനോട് ചോദിക്കുന്നു.
وَاللهُ وَلِيُّ التَّوْفِيقِ وَهُوَ سُبْحَانَهُ حَسْبُنَا وَنِعْمَ الْوَكِيلُ
وَلَا حَوْلَ وَلَا قُوَّةَ إِلَّا بِهِ، وَصَلَّى اللهُ وَسَلَّمَ
عَلَى عَبْدِهِ وَرَسُولِهِ نَبِيِّنَا مُحَمَّدٍ
وَآلِهِ وَصَحْبِهِ
أَجْمَعِينَ
۞۞۞
വിവര്‍ത്തനം:
സാജിദ് ബിന്‍ ശരീഫ്
ഹംറാസ് ബിന്‍ ഹാരിസ്
ആശിഖ് ബിന്‍ അബ്ദില്‍ അസീസ്
റാഷിദ് ബിന്‍ മുഹമ്മദ്
അബൂ അബ്ദില്ലാഹ് അനസ്
സഈദ് ബിന്‍ അബ്ദിസ്സലാം
(وَفَّقَهُمُ اللَّهُ)
Add a Comment