സലാം വീട്ടിയതിനു ശേഷം തന്റെ നിസ്കാരത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയവൻ എന്താണ് ചെയ്യേണ്ടത് ? പൂർണമായി മാറ്റി നിസ്കരിക്കേണ്ടതുണ്ടോ? എങ്ങനെയാണ് അത് നിർവഹിക്കേണ്ടത്?
ഇത് വിശദീകരിക്കേണ്ടതുണ്ട്.
നിസ്കാരത്തിൽ സംഭവിച്ച കുറവുകൾ അതിന്റെ റുക്നിലാണെങ്കിൽ നീ അത് പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ സംഭവിച്ച കുറവുകൾ സുന്നത്തായ കാര്യങ്ങളിലാണെങ്കിൽ അതിൽ നിനക്ക് കുഴപ്പമില്ല. സുന്നത്ത് നിസ്കാരങ്ങൾ കൊണ്ട് അത് പരിഹരിക്കപ്പെടും.
ഇനി അസ്ർ,ദുഹ്ർ,ഇശാ നിസ്കാരങ്ങൾ നീ മൂന്ന് റക്അത് ആണ് നിസ്കരിച്ചത് എന്ന് ഓർമ വന്നാൽ നീ ആ ഒരു റക്അത് ഉടൻ നിസ്കരിക്കുക, ശേഷം സലാം വീട്ടുന്നതിന് മുമ്പോ അല്ലെങ്കിൽ ശേഷമോ സഹ്’വിന്റെ രണ്ട് സുജൂദുകൾ ചെയ്യുക. ശേഷമാണെങ്കിൽ സലാം വീട്ടിയതിന് ശേഷം സഹ്’വിന്റെ രണ്ട് സുജൂദ് ചെയ്യുക എന്നിട്ട് വീണ്ടും സലാം വീട്ടുക. ഇങ്ങനെയാണ് നബി-ﷺ- ചെയ്തിട്ടുള്ളത്.
എന്നാൽ ഒരാൾ സലാം വീട്ടുന്നതിനു മുമ്പ് സഹ്’വിന്റെ സുജൂദ് ചെയ്താലും ശരിയാകുന്നതാണ്. ഇപ്രകാരം തന്നെയാണ് മഗ്രിബ് ഒരാൾ രണ്ട് റക്അത്ത് നിസ്കരിച്ചാലും സുബ്ഹി ഒരു റക്അത്ത് നിസ്കരിച്ചാലുമൊക്കെ ചെയ്യേണ്ടത്.
എന്നാൽ നീ മറന്നിട്ടുള്ളത് സുജൂദ്, റുകൂഅ് പോലെയുള്ള(നിസ്കാരത്തിന്റെ റുക്നുകൾ)ആണെങ്കിൽ നീ ഒരു റക്അത്ത് പൂർണമായും നിസ്കരിക്കണം. അത്തഹിയ്യാതും, സ്വലാത്തും, ദുആയുമൊക്കെ ചെയ്ത് സലാം വീട്ടിയ ശേഷം പിന്നീട് രണ്ട് സഹ്’വിന്റെ സുജൂദ് ചെയ്ത് വീണ്ടും സലാം വീട്ടുക. ഇത് സലാം വീട്ടിയതിനു ശേഷം ഓർമ വന്നാലുള്ള കാര്യമാണ്.
നിസ്കാരം കഴിഞ്ഞ് ഒരുപാട് നേരം കഴിഞ്ഞാണ് ഓർമ വന്നതെങ്കിൽ നിസ്കാരം വീണ്ടും മാറ്റി നിസ്കരിക്കേണ്ടതാണ്. കാരണം നിസ്കാരത്തിന്റെ റുക്നുകൾ മറന്നുകൊണ്ടാകട്ടെ മനപ്പൂർവമാകട്ടെ ഒരാൾ ഒഴിവാക്കിയാൽ അയാളുടെ നിസ്കാരം ബാത്വിലായിപ്പോകും (സ്വീകരിക്കപ്പെടുകയില്ല).
ഇനി ഒരാൾക്ക് റുക്നുകളിൽ ഏതെങ്കിലും ഒന്ന് ചെയ്തിട്ടില്ല എന്ന് നിസ്കാരത്തിൽ തന്നെ ബോധ്യപ്പെട്ടാൽ ഏതൊരു റുക്നാണോ അയാൾ മറന്നത്, അടുത്ത റക്അത്തിൽ അതേ സ്ഥാനത്ത് അയാൾ എത്തിയിട്ടില്ല എങ്കിൽ ആ റുക്നിലേക്ക് അയാൾ മടങ്ങണം. അതേ സ്ഥാനത്ത് എത്തിയെങ്കിൽ ആ റക്അത്ത് നഷ്ടപ്പെട്ടതായി കണക്കാക്കി അവസാനം ഒരു റക്അത്ത് അധികം നിസ്കരിക്കണം.
ഉദാഹരണത്തിലൂടെ കൂടുതൽ മനസ്സിലാക്കാം:- ഒരാൾ മൂന്നാമത്തെ റക്അത്തിൽ ഒരു സുജൂദ് മാത്രം ചെയ്ത് നാലാം റക്അത്തിലേക്ക് എഴുന്നേറ്റു. നാലാം റക്അത്തിൽ സുജൂദിൽ എത്തുന്നതിന് മുമ്പ് തന്നെ അയാൾക്ക് കഴിഞ്ഞ റക്അത്തിൽ ഒരു സുജൂദ് മാത്രമാണ് ചെയ്തത് എന്ന് ഓർമ വന്നാൽ ഉടൻ അയാൾ അതിലേക്ക് മടങ്ങുക അഥവാ ഇടയിലെ ഇരുത്തം ഇരുന്ന്, ശേഷം ആ മറന്നുപോയ സുജൂദ് ചെയ്ത് നാലാം റക്അത്തിലേക്ക് വീണ്ടും വരിക.
ഇനി നാലാം റക്അത്തിൽ സുജൂദിൽ ആകുമ്പോഴാണ് അയാൾക്ക് കഴിഞ്ഞ റക്അത്തിൽ മറന്ന സുജൂദ് ഓർമ വന്നതെങ്കിൽ അതിലേക്ക് മടങ്ങി പോകേണ്ടതില്ല, മറിച്ച് ഇത് മൂന്നാം റക്അത്ത് ആയി പരിഗണിക്കുകയും അതോടൊപ്പം ഒരു റക്അത്ത് കൂടി നിസ്കരിക്കുകയും ചെയ്യുക. ശേഷം സഹ്’വിന്റെ സുജൂദ് ചെയ്യേണ്ടതുണ്ട്.
ഇനി നീ മറന്നത് വാജിബായ കാര്യങ്ങളാണെങ്കിൽ ഉദാഹരണത്തിന് രണ്ടാമത്തെ റക്അത്തിൽ നീ തശഹുദ് മറന്നുപോയി. അല്ലെങ്കിൽ സുജൂദിൽ ‘സുബ്ഹാന റബ്ബി-അല്‍-അഅ് ലാ’ അല്ലെങ്കിൽ റുകൂഇൽ ‘സുബ്ഹാന റബ്ബി-അല്‍-അളീം’ അല്ലെങ്കിൽ ഇടയിലെ ഇരുത്തത്തിൽ ‘റബ്ബി-ഗ്ഫിര്‍ലീ, റബ്ബി-ഗ്ഫിര്‍ലീ’, അതുപോലെ റുകൂഇൽ നിന്ന് ഉയർന്നതിന് ശേഷം ‘റബ്ബനാ വലകല്‍-ഹംദ്’ പോലെയുള്ളതാണ് നീ മറന്നതെങ്കിൽ നിനക്ക് സലാം വീട്ടുന്നതിനു മുമ്പ് സഹ്’വിന്റെ സുജൂദ് ചെയ്താൽ മാത്രം മതിയായതാണ്. അൽഹംദുലില്ലാഹ്.
ഇപ്രകാരമാണ് റസൂൽ-ﷺ-ഒന്നാമത്തെ തശഹുദ് മറന്നുകൊണ്ട് എഴുന്നേറ്റപ്പോൾ ചെയ്തിട്ടുള്ളത്. ഇത് നിസ്കാരത്തിൽ തന്നെ ഓർമവന്നാലുള്ള കാര്യമാണ്. ശേഷമാണെങ്കിലും ഉടനെ തന്നെ സഹ്’വിന്റെ സുജൂദ് ചെയ്താൽ മതിയാകുന്നതാണ്. ഒരുപാട് നേരം കഴിഞ്ഞാണ് ഓർമ വന്നതെങ്കിൽ പണ്ഡിതമാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ശൈഖ് ഇബ്നു ബാസ് رَحِمَهُ اللَّه- അഭിപ്രായപെടുന്നത് സൂക്ഷ്മതക്ക് എപ്പോഴാണോ ഓർമ വരുന്നത് മസ്ജിദിലാകട്ടെ വീട്ടിലാകട്ടെ അപ്പോൾ സഹ്’വിന്റെ സുജൂദി ന്റെ നിയ്യത്തിൽ രണ്ട് സുജൂദ് ചെയ്യണം എന്നാണ്.
ഇനി നീ മറന്നത് സുന്നത്തായ കാര്യങ്ങൾ ആണെങ്കിൽ, ഉദാഹരണത്തിന് നീ പ്രാരംഭ പ്രാർത്ഥന ചൊല്ലിയിട്ടില്ല- (‘സുബ്ഹാനക-ല്ലാഹുമ്മ വ-ബി-ഹംദിക, വതബാറക-സ്മുക, വ തആലാ ജദ്ദുക, വ-ലാ-ഇലാഹ ഗയ്റുക’ ) അല്ലെങ്കിൽ അതുപോലെ വന്നിട്ടുള്ള പ്രാരംഭ പ്രാർത്ഥനകൽ (വജ്ജഹ്തു പോലുള്ള..) ഒന്നും തന്നെ നീ ചൊല്ലിയിട്ടില്ല എങ്കിൽ പകരമായി ഒന്നും ചെയ്യേണ്ടതില്ല. കാരണം അത് സുന്നത്താണ്. അതുപോലെ നീ സുജൂദിലും, റുകൂഇലും, ഇടയിലെ ഇരുത്തത്തിലും ഒരു തവണ മാത്രമാണ് മുകളിൽ പറഞ്ഞ പ്രാർത്ഥന ചൊല്ലിയതെങ്കിലും അതിൽ കുഴപ്പമില്ല, കാരണം ഒന്നിലധികം ചൊല്ലുക എന്നത് സുന്നത്താണ്.
അതുപോലെ സലാം വീട്ടുന്നതിനു മുമ്പ് നാല് കാര്യങ്ങളിൽ നിന്നും രക്ഷ ചോദിക്കൽ (അല്ലാഹുമ്മ ഇന്നീ അഊദു ബിക മിന് അ’ദാബില്‍ ക്വബ്’രി, വമിന്‍ അ’ദാബി ജഹന്നമ, വമിന്‍ ഫിത്നതില്‍ മഹ്’യാ വല്‍ മമാത്തി, വമിന്‍ ശര്‍റി ഫിത്നതില്‍ മസീഹിദ്ദജ്ജാല്) നീ ചൊല്ലിയിട്ടില്ല എങ്കിലും കുഴപ്പമില്ല. കാരണം ഇതെല്ലാം സുന്നത്തായ കാര്യങ്ങളാണ്. ഇത് ഒരാൾ മറന്നു കൊണ്ടോ അല്ലെങ്കിൽ മനപ്പൂർവമോ ഒഴിവാക്കിയാലും അയാളുടെ നിസ്കാരം ശരിയാകുന്നതാണ്.
അതിനാൽ സഹോദരങ്ങളെ, നിസ്കാരം സ്വീകരിക്കപ്പെടാൻ നിർബന്ധമായി പാലിക്കേണ്ട ശർത്തുകൾ , അതിന്റെ റുക്നുകൾ, വാജിബുകൾ, സുന്നത്തുകൾ ഇതെല്ലാം പഠിക്കുക എന്നത് നമുക്ക് നിർബന്ധമാണ്. കാരണം ഇത് അറിയാത്ത ഒരാൾക്ക് എങ്ങനെയാണ് അവന്റെ നിസ്കാരത്തിൽ എന്തെങ്കിലും അബദ്ധം സംഭവിച്ചാൽ അത് പരിഹരിക്കാൻ സാധിക്കുക?
ഇതിൽ മുകളിൽ എല്ലാ റുക്നുകളും, വാജിബാത്തുകളും, സുന്നത്തുകളുമൊന്നും പരാമർശിച്ചിട്ടില്ല. അതിനാൽ അതെല്ലാം തന്നെ നാം പഠിക്കണം. തനിക്ക് നിർബന്ധമായ അമലുകളെ കുറിച്ച് പഠിക്കുക എന്നത് വാജിബ് ആണ് എന്ന് നാം മറന്നു പോകാൻ പാടില്ല.
നബി-ﷺ-പറഞ്ഞു: ”അറിവ് നേടുക എന്നത് ഓരോ മുസ്ലിമിന്റെ മേലും നിർബന്ധ ബാധ്യതയാണ്.”
അവലംബം: ശൈഖ് ഇബ്നു ബാസ്, ശൈഖ് ഉസൈമീൻ -رَحِمَهُمَا اللَّه- എന്നിവരുടെ ഫത്’വകൾ.
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment