ശൈഖ് അബ്ദു റസ്സാഖ് അൽ ബദർ -حَفِظَهُ اللَّهُ– പറയുന്നു:
“നോമ്പ് എന്നത് അനുഗ്രഹീതവും, അതിമഹത്തരവുമായ സംസ്കരണപാഠശാലയാണ്. അതിൽ നിന്നും ബിരുദമെടുത്ത് പുറത്തിറങ്ങുന്നത്; അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവരും, മുഅ്മിനീങ്ങളുമായിരിക്കും. റമദാൻ മാസമാകുന്ന മദ്രസയിൽ നിന്നും മുഅ്മിനീങ്ങളായ ആളുകൾ തങ്ങളുടെ ജീവിതത്തിലുടനീളം, എല്ലാ സന്ദർഭങ്ങളിലും കാത്തു സൂക്ഷിക്കാനാവശ്യമായ ഏറ്റവും മഹത്തരമായ തഖ്വയാകുന്ന വിഭവമാണ് കൈമുതലാക്കുന്നത്.
എന്നാൽ, ജനങ്ങളുടെ കൂട്ടത്തിൽ ഒരുപാടാളുകൾ റമദാൻ മാസം എന്ന ഈ മദ്രസയിൽ നിന്ന് വേണ്ടത്ര ഉപകാരം നേടിയെടുക്കുകയില്ല. അത് കൊണ്ട് തന്നെ, അവരിൽ നിന്നും ഈ അനുഗ്രഹീതമായ കാലഘട്ടം കഴിഞ്ഞു പോവുമ്പോഴും; മടിയനും അലസനുമായ വിദ്യാർത്ഥിയെ പോലെ അതിൽ കാലം കഴിക്കുകയും, ഒരു പ്രയോജനവും നേടിയെടുക്കാതെ അതിൽ നിന്നും പുറത്തിറങ്ങുകയും ചെയ്യും.
ഈ മദ്രസയിൽ പ്രവേശിക്കുന്ന പരിശ്രമകാരിയായ ഒരു മുഅ്മിനിനെ സംബംന്ധിച്ചിടത്തോളം തന്റെ ജീവിതത്തിലുടനീളം എല്ലാ സമയങ്ങളിലും കാത്തു സൂക്ഷിക്കേണ്ടതായ ഈമാനികവും, വൈജ്ഞാനികവും, സാംസ്കാരികവുമായ പാഠങ്ങളാണ് അവൻ നേടിയെടുക്കുന്നത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു ഉദാഹരണം ഞാൻ വിവരിക്കാം:
പുകവലി കൊണ്ട്, വൃത്തികെട്ടതും, ഒരുനിലക്കും യാതൊരു ഉപകാരവും ഇല്ലാത്തതുമായ ഉപദ്രവികാരിയായ ഈ വസ്തുവിന്റെ ഉപയോഗം കൊണ്ട് പരീക്ഷിക്കപ്പെട്ടിട്ടുള്ള ഒരുവൻ; റമദാനിൽ ഫജ്ർ മുതൽ സൂര്യാസ്തമയം വരെ പരിപൂർണ്ണമായി ഇതിൽ നിന്നും വിട്ടുനിൽക്കുന്നതായി കാണാൻ സാധിക്കും. ധാരാളമായി പുകവലിക്കുക എന്നത് അവന്റെ മാറ്റാൻ പറ്റാത്ത ശീലമായിട്ടു കൂടി റമദാനിന്റെ പകലിൽ അവൻ അതുപേക്ഷിക്കുന്നു. ഈ കാര്യം യഥാർത്ഥത്തിൽ അവന് പരിപൂർണ്ണമായി ഇത് ഉപേക്ഷിക്കാനുള്ള ഒരു സുവർണാവസരമാണ്.
എത്രയോ ആളുകൾ, പുകവലി ഉപേക്ഷിക്കണം എന്നവരോട് ഉപദേശിച്ചാൽ: ‘എനിക്ക് ഇത് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല’ എന്നായിരിക്കും ഒഴികഴിവ് പറയുക.
എന്നാൽ, പവിത്രമായ റമദാൻ മാസത്തിലെ നീണ്ട ദിവസങ്ങളിൽ ഫജ്ർ മുതൽ സൂര്യാസ്തമയം വരെയുള്ള സമയം അവൻ ഇതിൽ നിന്നും വിട്ടുനിൽക്കുന്നില്ലേ?
ഇത് ഈ മദ്രസയിൽ നിന്നും ലഭിക്കുന്ന പാഠമാകുന്നു. അതായത്, പുകവലി എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ സാധിക്കുമെന്നും, ഒരു നിലക്കും അതുമായി ബന്ധപ്പെടാൻ പാടില്ല എന്നുമുള്ള വളരെ മഹത്തായ ഗുണപാഠം.” (വജാഅ ശഹ്റു റമദാൻ:29,30)
– സഈദ് ബിൻ അബ്ദിസ്സലാം وفقه الله
Add a Comment