റമദാൻ വിട പറയുമ്പോൾ നാം ഓർക്കേണ്ട ചില പ്രധാന ചിന്തകൾ..

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِهِ الأَمِينِ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ،

“സ്വർഗ്ഗവാതിലുകൾ മലർക്കെ തുറക്കപ്പെട്ടിരുന്ന, നരക കവാടങ്ങൾ കൊട്ടിയടക്കപ്പെട്ടിരുന്ന, നരകത്തിൽ നിന്നും ധാരാളം പേർ മോചനം നേടിയിരുന്ന ‘ശഹ്റു റമദാൻ’ നമ്മോട്‌ വിട പറയുകയാണ്.. അതല്ല, നാമാണോ റമദാനിനോട് വിടപറയുന്നത്..!?

തീർച്ചയായും മനുഷ്യരിൽ ഒരുപാട് പേർ ഈ റമദാൻ കഴിയുന്നതോടുകൂടി അവരുടെ ജീവിതത്തിൽ നിന്ന് റമദാനിനോട് വിടപറയും! ഇതെഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളോ അതിൽ പെടാനുള്ള സാധ്യത വിദൂരമല്ല!!
അല്ലാഹു സുബ്ഹാനഹു വതആല നമ്മിൽ നിന്ന് അമലുകൾ സ്വീകരിക്കുകയും നമ്മെ അവന്റെ ജന്നാതുൽ ഫിർദൗസിൽ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ.

സഹോദരങ്ങളെ, ഈ അവസരത്തിൽ ഞാനും നിങ്ങളും വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട ഏതാനും ചില കാര്യങ്ങളാണ് ഈ ലേഖനത്തിലുള്ളത്.

ഒന്ന്: ദിവസങ്ങളും, മാസങ്ങളും ഇങ്ങനെ വേഗത്തിൽ നീങ്ങിപോകുമ്പോൾ നാം അറിയണം അല്ലാഹു സുബ്ഹാനഹു വതആലക്ക് മാത്രമാണ് അനശ്വരത എന്നുള്ളത്.
യഥാർത്ഥത്തിൽ നമ്മുടെ ആയുസ്സിന്റെ ഒരു ഭാഗമാണ് ഇപ്പോൾ കടന്നുപോയത് എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

അല്ലാഹു പറഞ്ഞു:

﴿كُلُّ مَنۡ عَلَيۡهَا فَانٖ﴾

“അവിടെ (ഭൂമുഖത്ത്‌)യുള്ള എല്ലാവരും നശിച്ച് പോകുന്നവരാകുന്നു.”

﴿وَيَبۡقَىٰ وَجۡهُ رَبِّكَ ذُو ٱلۡجَلَٰلِ وَٱلۡإِكۡرَامِ﴾

“മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌.”
(സൂറത്തു റഹ്മാൻ 26,27)

അതെ, റമദാനിന്റെ ഈ ദിവസങ്ങൾ വേഗം തീർന്നതു പോലെത്തന്നെ നമ്മുടെ ഓരോരുത്തരുടെയും ആയുസ്സും വേഗത്തിൽ തീർന്നു പോകും!

രണ്ട്: നമ്മുടെ അമലുകൾ അല്ലാഹു സ്വീകരിച്ചു എന്നതിന്റെ ഒരടയാളത്തിൽ പെട്ടതാണ് നന്മകൾ ചെയ്യുന്നതിൽ നമുക്ക് തുടരാൻ സാധിക്കുക എന്നത്.

അഥവാ ഒരാൾ റമദാനിന് മുമ്പ് എങ്ങനെയായിരുന്നോ, അതിനേക്കാൾ നല്ല അവസ്ഥയിലേക്ക് അവന് മാറാൻ സാധിച്ചിട്ടുണ്ടാകും.
നാം ഓരോരുത്തരും സ്വയം പരിശോധിക്കേണ്ട കാര്യമാണത്.

എന്നാൽ റമദാനിനു ശേഷം ഏതൊരു വഴികേടിലാണോ അവൻ ഉണ്ടായിരുന്നത് അതിലേക്ക് തന്നെ വീണ്ടും മടങ്ങുക എന്നത് വളരെ ഖേദകരമായ കാര്യമാണ്. അത്തരക്കാരെ കുറിച്ചാണ് സലഫുകളിൽ ചിലർ പറഞ്ഞത്:

“بئس القوم لا يعرفون الله إلا في رمضان”

“എത്ര മോശം ആളുകളാണ്; റമദാനിലല്ലാതെ അവർക്ക് അല്ലാഹുവിനെ അറിയുകയില്ല”

എന്തെന്നാൽ റമദാനിലുള്ള റബ്ബ് തന്നെയാണല്ലോ ശവ്വാലിലുമുള്ള റബ്ബ്, എല്ലാ മാസങ്ങളിലും നമ്മുടെ റബ്ബ് അല്ലാഹു തന്നെയാണ്. പിന്നെയെങ്ങനെയാണ് ആ റബ്ബിനെ നമുക്ക് റമദാനിൽ മാത്രം അനുസരിച്ചുകൊണ്ട് മറ്റു മാസങ്ങളിൽ ധിക്കരിക്കാൻ സാധിക്കുക!?

മൂന്ന്: പിശാച് സദാ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ അമലുകളെ പൊളിച്ചു കളയാനും നാം റമദാനിൽ നേടിയെടുത്ത സൽക്കർമങ്ങൾ പാഴാക്കി കളയാനുമാണ്. അതിനാൽ നാം പടുത്തുയർത്തിയ ഈമാനിന്റെ കോട്ടകൾ നമ്മൾ തന്നെ തകർക്കുന്നവരാകരുത്.
അല്ലാഹു സുബ്ഹാനഹു വതആല പറഞ്ഞുവല്ലോ:

﴿وَلَا تَكُونُوا۟ كَٱلَّتِی نَقَضَتۡ غَزۡلَهَا مِنۢ بَعۡدِ قُوَّةٍ أَنكَـٰثࣰا..﴾

“ഉറപ്പോടെ നൂല്‍ നൂറ്റ ശേഷം തന്‍റെ നൂല്‍ പലയിഴകളാക്കി പിരിയുടച്ച് കളഞ്ഞ ഒരു സ്ത്രീയെ പേലെ നിങ്ങള്‍ ആകരുത്‌.”
(സൂറത്തുന്നഹ്ൽ:92)

അതിനാൽ നമ്മുടെ ജീവിതം മുഴുവൻ അല്ലാഹുവിനുള്ള അനുസരണയിൽ നാം തുടർത്തിക്കൊണ്ടു പോകാൻ ശ്രദ്ധിക്കേണ്ടതുണ്ട്.

അല്ലാഹു പറഞ്ഞു:

﴿وَٱعۡبُدۡ رَبَّكَ حَتَّىٰ یَأۡتِیَكَ ٱلۡیَقِینُ﴾

“ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്‍റെ റബ്ബിനെ ആരാധിക്കുകയും ചെയ്യുക.”
(സൂറത്തുൽ ഹിജ്ർ:99)

നാല്: നമ്മുടെ സഛരിതരായ മുൻഗാമികൾ,സലഫുകൾ, അമലുകൾ വളരെ കൃത്യമായി ചെയ്യുകയും ശേഷം അത് സ്വീകരിക്കുന്നതിന് വേണ്ടി അല്ലാഹുവിനോട് ധാരാളമായി ദുആ വർധിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഫദാലത് ബിൻ ഉബൈദ് റഹിമഹുല്ലാഹ് പറഞ്ഞു:
“അല്ലാഹു എന്നിൽ നിന്നും ഒരു കടുകുമണിയോളം വരുന്ന പ്രവർത്തനമെങ്കിലും സ്വീകരിച്ചു എന്ന് ഞാൻ അറിഞ്ഞുവെങ്കിൽ അതാണ് എനിക്ക് ദുനിയാവും അതിലുള്ളത് മുഴുവൻ ലഭിക്കുന്നതിനെക്കാളും പ്രിയങ്കരമായിട്ടുള്ളത്, കാരണം അല്ലാഹു പറഞ്ഞു:

﴿إِنَّمَا یَتَقَبَّلُ ٱللَّهُ مِنَ ٱلۡمُتَّقِینَ﴾

“തഖ്‌വയുള്ളവരില്‍ നിന്നു മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ”
[സൂറ അൽ മാഇദ: 27]

അവർ ഒരു വർഷത്തിന്റെ പകുതിയോളം കാലം റമദാൻ അവരിലേക്ക് എത്തുന്നതിന് വേണ്ടി ദുആ ചെയ്യും, പിന്നീട് റമദാനിന് ശേഷം അത്രയും കാലം റമദാനിൽ ചെയ്ത അമലുകൾ സ്വീകരിക്കപ്പെടുന്നതിന് വേണ്ടിയും ദുആ ചെയ്യുമായിരുന്നു.

നമ്മുടെ അവസ്ഥയെന്താണ് കൂട്ടരേ? നമ്മുടെ അമലുകൾ എത്രമാത്രം കൃത്യമായി നാം ചെയ്തിട്ടുണ്ട്? പിന്നീട് അത് സ്വീകരിക്കാൻ നാം ദുആ ചെയ്യാറുണ്ടോ? അല്ല, എല്ലാം സ്വീകരിച്ചിരിക്കും എന്ന അമിത ആത്മാവിശ്വാസത്തിലാണോ നാം?!
നമ്മുടെ കുറവുകൾ റഹ്മാനായ റബ്ബ് പരിഹരിച്ചു തരുമാറാകട്ടെ.

അഞ്ച്: ഇസ്ലാമിലെ ഓരോ ഇബാദത്തുകൾക്കും പിന്നിൽ മഹത്തായ ലക്ഷ്യമുണ്ട്.
റമദാനിന്റെ ലക്ഷ്യം പല ആവർത്തി നാം മനസ്സിലാക്കിയത് പോലെ ‘തഖ്‌വ നേടുക’ എന്ന മഹത്തായ ലക്ഷ്യമാണ്. അത് എത്ര മാത്രം നമുക്ക് സാധിച്ചിട്ടുണ്ട് എന്ന് നാം സ്വയം പരിശോധിക്കണം.

തെറ്റാണ് എന്ന് സ്വയം ബോധ്യമുള്ള ഒരുപാട് ഹറാമുകളിൽ നിന്ന് പലരും തൗബ ചെയ്തു, അസാധ്യം എന്ന് കരുതിയ എത്രയോ നല്ല അമലുകൾ നാം ആരംഭിച്ചു, ദേഷ്യത്തെ ക്ഷമയെന്ന ആയുധം കൊണ്ട് നാം നേരിട്ടു.. അങ്ങിനെ തുടങ്ങി ഒരുപാട് നന്മകൾ നാം സ്വായത്തമാക്കി. പക്ഷെ ഇതെല്ലാം ഈ റമദാനോട് കൂടി ഉപേക്ഷിക്കാനുള്ളതാണോ?! ഒരിക്കലുമല്ല! മറിച്ച് ഈ ഗുണങ്ങൾ നേടിയെടുക്കാനുള്ള ഒരു മാസമായിരുന്നു യഥാർത്ഥത്തിൽ റമദാൻ! അതിനാൽ അത് നേടിയെടുക്കാത്തവർ റമദാനിന്റെ യഥാർത്ഥ ലക്ഷ്യം നേടിയിട്ടില്ല.

അല്ലാഹു നമ്മുടെ നന്മകളെല്ലാം സ്വീകരിക്കുകയും പാപങ്ങൾ പൊറുത്തു തരികയും വരും മാസങ്ങളിൽ തഖ്‌വ കൈവിടാതെ ജീവിക്കാനുള്ള മഹത്തായ തൗഫീഖ് നൽകുകയും ചെയ്യുമാറാകട്ടെ.. آمين”

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ لِلّهِ رَبِّ العَالَمِينَ

ഹംറാസ് ബിൻ ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*