അഞ്ചോ പത്തോ ലക്ഷം ഇരട്ടി വലുതാക്കി ചിത്രീകരിച്ചാൽ മാത്രം മനുഷ്യനേത്രങ്ങൾക്ക് കാണാൻ സാധിക്കുന്ന ഒരു ഇത്തിരിക്കുഞ്ഞൻ വൈറസ് വൻ സാമ്പത്തിക-സൈനിക ശക്തികളായ രാഷ്ട്രങ്ങളെ പേടി കൊണ്ട് വിറപ്പിക്കുന്ന കാഴ്ചയാണ് ഏതാനും മാസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
ഈ പകർച്ച വ്യാധിയെ നേരിടാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തും ജനങ്ങളുടെ അനിയന്ത്രിതമായ പരസ്പര സമ്പർക്കം സാധ്യമാകുന്ന സംഗമങ്ങൾ വിലക്കിയും പ്രതിരോധമാർഗങ്ങൾ പഠിപ്പിച്ചും ഉത്തരവാദിത്തമുള്ള ഭരണകൂടങ്ങൾ പരിശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്.
ഒരു മുസ്ലിമിന് ചിന്തിക്കാൻ ധാരാളം വകയുള്ളതാണ് ഈ സംഭവവികാസങ്ങളെല്ലാം. മനുഷ്യന്റെ ദുർബലതയും അല്ലാഹുവിന്റെ മഹത്വവും ഗാംഭീര്യവും പാപങ്ങളുടെ ഗൗരവവും എല്ലാം ഈ കുഞ്ഞു വൈറസിനുള്ളിലൂടെ അവനു നിരീക്ഷിക്കാൻ സാധിക്കും.
അക്കൂട്ടത്തിൽ ചിന്തിക്കാവുന്ന ഒരു വിഷയമാണ് ഇസ്‌ലാമിക പ്രമാണങ്ങളിൽ എമ്പാടും തെളിവുകളുള്ള ‘സദ്ദുദ്ദരീഅ:’ എന്ന തത്വം. ഒരു കാര്യം അല്ലാഹു തആലാ ഹറാമാക്കിയാൽ അതിലേക്ക് എത്തിക്കുന്ന മാർഗങ്ങൾ കൂടി അവൻ വിലക്കും എന്നതാണ് തത്വം. സദ്ദുദ്ദരീഅ എന്ന വാക്കിനു ‘വഴിയടക്കൽ’ എന്നു മലയാളത്തിൽ അർത്ഥം പറയാം.
ഈ തത്വത്തിന് ഇസ്‌ലാമിക പ്രമാണങ്ങളായ വിശുദ്ധ ഖുർആനിലും ഹദീസുകളിലും ധാരാളം തെളിവുകൾ കാണാം. ഉദാഹരണത്തിന്, ഖുർആൻ ക്രമത്തിൽ ഓതാൻ തുടങ്ങുന്ന ഒരാൾ ഇവ്വിഷയകമായി കാണുന്ന ഒന്നാമത്തെ തെളിവ് രണ്ടാമത്തെ അധ്യായമായ സൂറത്തുൽ ബഖറയിൽ തന്നെയാണ്. ആദം നബി -عَلَيْهِ السَّلَامُ- യുടെ ചരിത്രത്തിൽ അല്ലാഹു ഒരു മരത്തിലെ പഴം അവിടുത്തേക്ക് വിലക്കുന്നുണ്ട്. എന്നിട്ട് എന്താണ് അല്ലാഹു ആദം -عَلَيْهِ السَّلَامُ- നോട് പറയുന്നത്. ആ പഴം കഴിക്കരുത് എന്നല്ല. മറിച്ചു,
ولا تقربا هذه الشجرة
“ഈ മരത്തോട് നിങ്ങൾ അടുക്കരുത്” എന്നാണ്. കാരണം ആ മരത്തോട് അടുക്കുന്നത് പഴം തിന്നുക എന്ന നിഷിദ്ധ പ്രവർത്തിയിലേക്കുള്ള മാർഗമാണ്. അതുകൊണ്ട് അല്ലാഹു തന്റെ കാരുണ്യത്താൽ ആ മാർഗം കൂടി വിലക്കി. ഇങ്ങനെ നിരവധി തെളിവുകൾ ഈ പൊതു തത്വത്തെ സ്ഥാപിക്കുന്നതായി കാണാൻ സാധിക്കും.
അതു കൊണ്ടു തന്നെയാണ് സ്ത്രീകൾ അന്യപുരുഷന്മാർക്ക് മുന്നിൽ തങ്ങളുടെ ശരീര ഭംഗിയുടെ ഒരംശം പോലും പ്രദർശിപ്പിക്കരുത് എന്ന് നിഷ്കർഷിച്ചത്. അതുകൊണ്ടാണ് വ്യഭിചാരത്തിലേക്ക് നയിക്കുന്ന, സ്ത്രീ പുരുഷന്മാരുടെ (വിദ്യാഭ്യാസ / തൊഴിൽ സ്ഥാപനങ്ങളിൽ ഒക്കെയുള്ള തരത്തിലുള്ള) സ്ഥിരമായ കൂടിക്കലരൽ ഇസ്ലാം വിലക്കിയത്.
ഈ നിയമങ്ങളെയൊക്കെ പരിഹസിക്കുന്ന ഇസ്ലാമിന് അകത്തും പുറത്തുമുള്ള ‘യുക്തിവാദികൾ’ പല കുതർക്കങ്ങളും ഉന്നയിക്കാറുണ്ടായിരുന്നു.
“കടിക്കുന്ന പട്ടിയുണ്ടെങ്കിൽ പട്ടിയെ അല്ലേ ചങ്ങലക്കിടേണ്ടത്? അല്ലാതെ അതിനെ പേടിച്ചു മനുഷ്യനെ കൂട്ടിലടക്കാമോ?”
“അന്യ സ്ത്രീകളുടെ ശരീരത്തിന്റെ അൽപ ഭാഗം കാണുമ്പോഴേക്ക് നിങ്ങളെന്തിനാണ് പേടിക്കുന്നത്. നിങ്ങൾക്ക് സ്വയം നിയന്ത്രിച്ചു കൂടെ?”
“അന്യസ്ത്രീപുരുഷന്മാരുമായി കൂടിക്കലരുന്നവരിൽ പത്താളുകൾ വ്യഭിചരിക്കുന്നുണ്ടെങ്കിൽ നൂറുപേർ മാന്യമായി ജീവിക്കുന്നില്ലേ?”
ഇങ്ങനെ പലതരം ചോദ്യങ്ങൾ.
ഈ ചോദ്യങ്ങളിലൊന്നും യാതൊരു യുക്തിയുമില്ല എന്നത് ബുദ്ധിയുള്ളവർക്കൊക്കെ ബോധ്യമുള്ളതാണ്. എന്നാൽ ആ ബോധ്യം ഈ കുഞ്ഞു വൈറസ് ഒന്നു കൂടി പ്രായോഗികമായി വിശദീകരിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.
“ഇത്തിരിപ്പോന്ന വൈറസിനെ പേടിച്ചു സുന്ദരന്മാരും സുന്ദരികളുമായി യുവാക്കൾ മാസ്ക് ധരിച്ചു തങ്ങളുടെ വ്യക്തിത്വം മറച്ചു വെച്ച് കള്ളന്മാരെ പോലെ നടക്കേണ്ട കാര്യമുണ്ടോ?
“വേണമെങ്കിൽ വൈറസ് മാസ്ക് ധരിച്ചു കൊള്ളട്ടെ!”
“വൈറസ് ബാധയേറ്റവരുമായി ഇടപഴകിയ പത്തു പേർക്ക് രോഗം പകർന്നിട്ടുണ്ടെങ്കിൽ പകരാത്ത നൂറു പേരില്ലേ? പിന്നെ എന്തിനാണ് അപരിഷ്‌കൃതമായ ഐസൊലേഷൻ വാർഡുകൾ?”
“ഇനി രോഗം ബാധിച്ചാൽ തന്നെ പത്തോ ഇരുപതോ ശതമാനം ആളുകളല്ലേ മരിക്കുന്നുള്ളൂ. അതിനെന്തിനാണ് ബാക്കി എൺപത് ശതമാനം ആളുകളെ ഇങ്ങനെ ദ്രോഹിക്കുന്നത്?!”
ഇങ്ങനെ ഓരോരുത്തരുടെയും വിഡ്ഢിത്തത്തിന്റെ ആഴവും പരപ്പുമനുസരിച്ച് എന്തെല്ലാം വിഡ്ഢിച്ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും?
യഥാർത്ഥത്തിൽ ഈ ചോദ്യങ്ങളും ഇസ്ലാമിക നിയമങ്ങളായ സ്ത്രീകളുടെ വസ്ത്രധാരണാ മര്യാദകളെയും മറ്റും ചോദ്യം ചെയ്യുന്നവരുടെ ചോദ്യങ്ങളും തമ്മിൽ കാതലായ എന്ത് വ്യത്യാസമാണുള്ളത്!
മത പ്രമാണങ്ങളുടെ കൂടെ മനുഷ്യയുക്തി കൂടി അംഗീകരിക്കുന്ന ഒരു തത്വമാണ് ‘സദ്ദുദ്ദരീഅ:’ എന്നതാണ് വാസ്തവം. എന്നാൽ ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും വ്യത്യസ്തതക്കും ആഴത്തിനുമനുസരിച്ച് ഈ തത്വം പ്രയോഗത്തിൽ വരുത്തുന്നതിൽ വ്യത്യസ്തരാവുന്നു എന്നു മാത്രം.
“തക്കാളിപ്പെട്ടിക്ക് ഗോദറേജിന്റെ പൂട്ടോ” എന്ന ഒരു നാടൻ തമാശച്ചോദ്യം നമ്മൾ ചോദിക്കാറുണ്ടല്ലോ. ആ തമാശയിൽ അല്പം കാര്യമുണ്ട്. തന്റെ ദീനും സ്വഭാവശുദ്ധിയും തന്റെ പെൺമക്കളുടെയും സഹോദരിമാരുടെയും ഒക്കെ പരിശുദ്ധിയും വെറും തക്കാളിപ്പെട്ടിയായിട്ടാണ് പലരും കാണുന്നത്. അവർക്ക് പിന്നെ ഒരു പൂട്ടിന്റെ ആവശ്യകത മനസ്സിലാകില്ലല്ലോ. എന്നാൽ തന്റെ ആരോഗ്യം, ജീവൻ, സ്വത്ത് തുടങ്ങിയ ‘മതേതര-ഭൗതിക മൂല്യങ്ങളെ’ അമൂല്യ നിധികളായാണ് ഇക്കൂട്ടർ കാണുന്നത്. സ്വാഭാവികമായും ആ നിധി കാക്കാൻ അവർ ഏതറ്റം വരെയും പോകും. കരിഞ്ചന്തയിൽ പത്തിരട്ടി വിലക്ക് വിൽക്കുന്ന മാസ്കുകൾ വാങ്ങി ധരിക്കും!
ദീനിനു പ്രാധാന്യം നൽകുന്ന, തന്റെയും കുടുംബത്തിന്റെയും അഭിമാനം ഒരു നിധിയായി കാണുന്ന, പരലോക വിജയം ജീവിതലക്ഷ്യമായി സ്വീകരിച്ചിട്ടുള്ള സ്വാലിഹീങ്ങൾ അല്ലാഹുവിന്റെ നിയമങ്ങൾക്കാണ് പരമ പ്രാധാന്യം നൽകുക. അല്ലാഹു വിലക്കിയിട്ടുള്ള പാപങ്ങളാണ് ഏതു പകർച്ചവ്യാധിയെക്കാളും എന്നല്ല സ്വന്തം ജീവഹാനിയെക്കാൾ വരെ അവർ ഗൗരവമായി കാണുക. അതിനനുസരിച്ച്, ദീനിന്റെ വ്യവസ്ഥകൾക്കനുസൃതമായി അവർ പ്രസ്തുത നിഷിദ്ധകാര്യങ്ങളിൽ നിന്ന് അകലം പാലിക്കും. അവയിലേക്ക് നയിക്കുന്ന കാരണങ്ങളും മാർഗങ്ങളും വരെ അവർ സൂക്ഷിക്കും.
അല്ലാഹു നമുക്കെല്ലാവർക്കും അവന്റെ ദീനിന് മറ്റെന്തിനേക്കാളും മുൻഗണന നൽകി ജീവിക്കാനുള്ള സൽബുദ്ധി നൽകുമാറാകട്ടെ!
✍️ സാജിദ് ബ്നു ശരീഫ്
Add a Comment