❝ ഉമ്മു സലമ റദിയല്ലാഹു അൻഹാ നിവേദനം: റസൂലുല്ലാഹ് ﷺ പറഞ്ഞു: “ബലി അറുക്കാൻ ഉദ്ദേശിക്കുന്നവൻ ദുൽ ഹിജ്ജ മാസപ്പിറവി കണ്ടാൽ തന്റെ മുടിയും നഖവും നീക്കാൻ പാടുള്ളതല്ല.”
മറ്റൊരു രിവായതിൽ ഇങ്ങനെ കാണാം : “തന്റെ മുടിയിൽ നിന്നും തൊലിയിൽ നിന്നും ബലി അറുക്കുന്നത് വരെ ഒന്നും നീക്കുവാൻ പാടുള്ളതല്ല.”
[സ്വഹീഹ് മുസ്ലിം 1977]
ഉദ്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവൻ ദുൽ ഹിജ്ജ മാസത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ അവന്റെ നഖമോ, മുടിയോ, തൊലിയോ ഉദ്ഹിയ്യത് അറുക്കുന്നതു വരെ നീക്കം ചെയ്യാൻ പാടുള്ളതല്ല. ഒന്നിലധികം ഉദ്ഹിയ്യത് അറുക്കുന്നുവെങ്കിൽ ആദ്യത്തെ ഉദ്ഹിയത്തിന് ശേഷം നഖവും മറ്റും നീക്കം ചെയ്യാം.
ഉദ്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവർ നഖമോ മുടിയോ നീക്കം ചെയ്യുന്നത് ഹറാമാണ് എന്നതാണ് റാജിഹായ (കൂടുതൽ ശരിയായ) അഭിപ്രായം. കാരണം റസൂൽ ﷺ എന്തെങ്കിലും കാര്യം വിരോധിക്കുകയാണെങ്കിൽ അതിന്റെ അടിസ്ഥാനം ആ കാര്യം ഹറാം ആണ് എന്നതാണ്.
ഇനി ആരെങ്കിലും മനപ്പൂർവം നഖമോ മുടിയോ നീക്കം ചെയ്താൽ അവൻ തൗബ ചെയ്യുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യണം,ഫിദ് യ നൽകേണ്ടതില്ല.
ആരാണോ ഉദ്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നത് അവനു മാത്രമാണ് നഖമോ മുടിയോ നീക്കാതിരിക്കുക എന്നത് ബാധകമാവുക. അവന്റെ ഉദ്ഹിയ്യതിന്റെ പരിധിയിൽ വരുന്ന ഭാര്യക്കോ സന്താനങ്ങൾക്കോ ബാധകമല്ല.
വക്കാലത് ഏൽക്കുകയോ വസിയ്യത് മുഖേനയോ മറ്റുള്ളവർക്കു വേണ്ടി ഉദ്ഹിയ്യത് കർമം നിർവഹിക്കുന്നവന് നഖമോ മുടിയോ നീക്കം ചെയ്യാവുന്നതാണ്, കാരണം ഉദ്ഹിയ്യത് അവന്ന് വേണ്ടിയുള്ളതല്ല.
നഖമോ മുടിയോ നീക്കം ചെയ്തതിനു ശേഷമാണ് ഒരാൾ ഉദ്ഹിയ്യത് അറുക്കാൻ ഉദ്ദേശിച്ചത് എങ്കിൽ അപ്പോൾ തൊട്ടു ഉദ്ഹിയ്യത് അറുക്കുന്നതു വരെ അവൻ അവ നീക്കം ചെയ്യുന്നതിൽ നിന്നും വിട്ടു നിൽക്കണം.
എന്നാൽ നഖം പൊട്ടുകയോ, എവിടെയെങ്കിലും മുറിവ് പറ്റുകയോ ഒക്കെ സംഭവിച്ചാൽ അനിവാര്യമായ സാഹചര്യങ്ങളിൽ അവന് നഖവും മുടിയും നീക്കം ചെയ്യാവുന്നതാണ്, കാരണം ഉദ്ഹിയ്യത് അറുക്കുന്നവനെക്കാൾ ശ്രേഷ്ഠതയുള്ള ഇഹ്റാമിൽ പ്രവേശിച്ചവന് അനിവാര്യ ഘട്ടങ്ങളിൽ മുടി നീക്കം ചെയ്യാൻ അനുവാദമുണ്ട്, (അതു പോലെ തന്നെയാണ് ഉദ്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവനും).
എന്നാൽ ഇഹ്റാം കെട്ടിയവൻ മുടി നീക്കം ചെയ്താൽ ഫിദ്യ നൽകേണ്ടതുണ്ട്, ഉദ്ഹിയ്യത് അറുക്കുന്നവൻ ഫിദ്യ നൽകേണ്ടതില്ല.
ചില സ്ത്രീകൾ ധരിച്ചു വെച്ചിരിക്കുന്നതു പോലെ തനിക്ക് വേണ്ടി ഉദ്ഹിയ്യത് അറുക്കാൻ വേറൊരാളെ ഏൽപ്പിക്കുകയാണെങ്കിൽ മുടിയോ നഖമോ നീക്കം ചെയ്യാം എന്നുള്ളത് ശരിയല്ല. അവർക്കും ഈ വിധി ബാധകമാണ്.
ആരാണോ ഉദ്ഹിയത് ഉദ്ദേശിക്കുന്നത് അവർ മറ്റൊരാളെ വക്കാലത് ഏല്പിക്കുകയാണെങ്കിലും (ഉദ്ദേശിച്ചയാൾ) നഖമോ മുടിയോ നീക്കം ചെയ്യാൻ പാടുള്ളതല്ല.
മുടി കഴുകുന്നതിന് തടസമില്ല, മുടിയിൽ നിന്ന് വല്ലതും നീക്കം ചെയ്യുന്നത് മാത്രമാണ് റസൂലുല്ലാഹ് ﷺ വിരോധിച്ചത്. അത് പോലെ ഇഹ്റാം കെട്ടിയവനു മുടി കഴുകാൻ അനുവാദം നൽകിയിട്ടുണ്ട് (എന്നത് പോലെയും).
ഉദ്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുകയും ശേഷം ഹജ്ജ് നിർവഹിക്കാൻ തീരുമാനിക്കുകയും ചെയ്താൽ ഇഹ്റാം കെട്ടുന്ന സമയം അവൻ മുടിയോ നഖമോ നീക്കം ചെയ്യരുത്. എന്നാൽ ‘തമത്തുഅ് ചെയ്യുന്നവൻ’ (ഹജ്ജ് വേളയിൽ ഉംറക്ക് മാത്രം ഇഹ്റാം ചെയ്യുകയും ത്വവാഫും സഅ്’യും ചെയ്ത് മുടി മുറിച്ചു തഹല്ലുൽ ചെയ്യുന്നവൻ) അവൻ ഉംറയിൽ നിന്ന് വിരമിക്കുമ്പോൾ മുടിയിൽ നിന്ന് ഒരൽപമെങ്കിലും നീക്കം ചെയ്യണം. കാരണം, അത് ഉംറയുടെ വാജിബുകളിൽ പെട്ടതാണ്. അപ്രകാരം തന്നെ പെരുന്നാൾ ദിവസം ജംറതുൽ അഖബയിൽ കല്ലെറിയുന്നവനും മുടി നീക്കം ചെയ്യേണ്ടതുണ്ട്. ❞
ശൈഖ് അബ്ദുല്ലാ ബിൻ സ്വാലിഹ് അൽ ഫൗസാൻ حفظه الله യുടെ
أحاديث عشر ذي الحجه و أيام التشريق أحكام وآداب
എന്ന കിതാബിൽ നിന്ന്.
വിവ: അബൂ ഈസ وفقه الله
Add a Comment