റമളാൻ മാസ നിർണ്ണയത്തിന് ജോതിശാസ്ത്ര കണക്കുകൾ അവലംബിക്കാതിരിക്കുകയും നമസ്ക്കാര സമയം നിർണ്ണയിക്കുന്നതിൽ അവലംബിക്കുകയും ചെയ്യുന്നതിന്റെ കാരണം എന്താണ്
ശൈഖ് ഡോ:അബ്ദുൽ അസീസ് ബിൻ റയ്യിസ് അർറയ്യിസ് ഹഫിദഹുല്ല നൽകുന്ന മറുപടി:
❝ അതിന് മറുപടിയായി നാം മനസ്സിലാക്കേണ്ടത് ; റമളാനിലായിക്കൊള്ളട്ടെ അതല്ലാത്ത മാസങ്ങളിലാവട്ടെ ജോതിശാസ്ത്ര കണക്കുകൾ അവലംബിച്ച് മാസനിർണ്ണയം നടത്തൽ തെറ്റായ ഒരു കാര്യമാണ്. ശറഇയായ ചില കാരണങ്ങൾ കൊണ്ട് തന്നെ അത് അനുവദിക്കപ്പെടാത്തതുമാണ്.
അതിൽ ഒന്നാമത്തേത് : ഇസ്ലാം മാസനിർണ്ണയത്തിന് അവലംബമായി നിർണ്ണയിച്ചത് കാഴ്ച്ചയേയാണ്. ഇബ്നു ഉമർ റളിയല്ലാഹു അൻഹു നിവേദനം ചെയ്യുന്ന ഹദീസിൽ പ്രവാചകൻ പറയുന്നു ; ” നിങ്ങൾ അത് (മാസപ്പിറവി) കാണുമ്പോൾ നോമ്പ് നോൽക്കുകയും അത് ( മാസപ്പിറവി ) കാണുമ്പോൾ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക.
രണ്ടാമത്തേത് : പണ്ടിതന്മാർ ഏകോപിച്ച കാര്യമാണ് മാസ നിർണ്ണയത്തിന് ജോതിശാസ്ത്ര കണക്കുകൾ അവലംബിക്കൽ അനുവദനീയമല്ല എന്നത്. സ്വഹാബത്ത് മുതൽ പിൽക്കാലക്കാരായ പണ്ടിതന്മാരിൽ നിന്ന് വരെ ഇവ്വിഷയകമായി ഇജ്മാഅ് വന്നിട്ടുമുണ്ട്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ ഇത് രേഖപ്പെടുത്തിയതായി കാണാം. ഇബ്നു അബ്ദിൽ ബർ ഇബ്നു ഹജർ (റഹിമഹുമുല്ല) എന്നിവരും മറ്റു ചില പണ്ടിതന്മാരുമെല്ലാം അത്തരത്തിൽ ഈ വിഷയകമായി ഇജ്മാഅ് രേഖപ്പെടുത്തിയ മറ്റു പണ്ടിതന്മാരാണ്. അതുകൊണ്ടു തന്നെ ഒരാൾക്കും തന്നെ സത്യവിശ്വാസികളുടെ മാർഗ്ഗത്തിൽ നിന്ന് വ്യതിചലിക്കുക എന്നത് അനുവദനീയമല്ല.
അല്ലാഹു പറയുന്നു : ” തനിക്ക് സന്മാര്ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും അല്ലാഹുവിന്റെ ദൂതനുമായി എതിര്ത്ത് നില്ക്കുകയും, സത്യവിശ്വാസികളുടേതല്ലാത്ത മാര്ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന് തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം! ” .
മൂന്നാമത്തേത് : ജ്യോതിശാസ്ത്രക്കണക്കുകൾ നോക്കി കാര്യങ്ങൾ നിർണ്ണയിക്കൽ പ്രവാചക നിയോഗത്തിന് മുൻപേ ഉള്ള ഒന്നാണ്. അതുപോലെ തന്നെ പ്രവാചക നിയോഗത്തിന് ശേഷവും സ്വഹാബത്തിന്റെ കാലത്തും അതിന് ശേഷവുമെല്ലാം നിലനിന്നിരുന്ന ഒന്നു തന്നെയാണ്. അത് നിലനിൽക്കെത്തന്നെ പ്രവാചകനോ സ്വഹാബത്തോ താബിഉകളോ ജോതിശാസ്ത്ര കണക്കുകൾ അവലംബിച്ചിട്ടില്ല. ഇബ്നു അബ്ദിൽ ബറും ശൈഖുൽ ഇസ്ലാം (റഹിമഹുമുല്ല) യുമെല്ലാം അത്തരത്തിൽ ജോതിശാസ്ത്ര കണക്കുകൾ അവലംബമായി കാണുക എന്നത് ഇക്കാലഘട്ടങ്ങളിൽ നിലനിന്നിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ അക്കാലഘട്ടത്തിലെ പണ്ടിതന്മാർക്ക് ഈയൊരു മാർഗ്ഗത്തിലൂടെ ചദ്രഗ്രഹണവും സൂര്യഗ്രഹണവുമെല്ലാം നിർണ്ണയിക്കാൻ സാധിക്കുകയും ചെയ്യുമായിരുന്നു എന്ന് കൂടി ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ റഹിമഹുമുല്ല വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും അതിനെയൊന്നും അവലംബിക്കുന്നതിൽ അവർ തൃപ്തരായിരുന്നില്ല.
ഇതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാക്കാം ആദ്യ കാലക്കാരായ നമ്മുടെ മുൻഗാമികൾ സ്വീകരിക്കാത്ത ഒരു മാർഗ്ഗം അവലംബിക്കുക എന്നത് ബിദ്അത്തായ കാര്യമാണ്.
കാരണം, പൊതുവായ ശറഇന്റെ നിയമത്തിൽ പെട്ട ഒന്നാണ് പ്രവാചകന്റേയോ സ്വഹാബത്തിന്റേയോ കാലഘട്ടത്തിൽ ഒരു പ്രവർത്തനം നിർവ്വഹിക്കാനുള്ള സാധ്യത നിലനിൽക്കുകയും അവരത് കയ്യൊഴിക്കുകയും ചെയ്താൽ ശേഷം അത് പ്രവർത്തിക്കുക എന്നത് ബിദ്അത്തായ കാര്യത്തിൽ പെട്ടതാണ് എന്നുള്ളത്. അത് കൊണ്ടാണ് ശൈഖുൽ ഇസ്ലാം തന്റെ മജ്മൂഉൽ ഫതാവയിൽ ഈ പ്രവർത്തനം ബിദ്അത്തിൽ പെടുത്താനുണ്ടായ കാരണം. ഇതിൽ നിന്നെല്ലാം നമുക്ക് സുവ്യക്തമാണ് എന്തു കൊണ്ടാണ് മാസനിർണ്ണയത്തിന് ജോതിശാസ്ത്ര കണക്കുകൾ അവലംബമായി പരിഗണിക്കാത്തതെന്ന്.
ഒരു പക്ഷെ ചോദിക്കപ്പെട്ടേക്കാം.എന്തുകൊണ്ടാണ് നിങ്ങൾ മാസനിർണ്ണയത്തിൽ ജ്യോതിശാസ്ത്രക്കണക്കുകൾ അവലംബിക്കാതിരിക്കുകയും നമസ്ക്കാര സമയക്രമീകരണത്തിന് അവലംബമായി കാണുകയും ചെയ്യുന്നത്?
അതിന് മറുപടിയായി പറയപ്പെടുക. അതിന്റെ കാരണം ശരീഅത്ത് അവക്കിടയിൽ വേർതിരിച്ചു എന്നതാണ്. അഥവാ, ശരീഅത്ത് നമസ്ക്കാരസമയങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നത് സമയമാകുക എന്നതിനേയാണ്. മഗ് രിബ് നമസ്ക്കാര സമയമായി ബന്ധപ്പെടുത്തി പറഞ്ഞത് സൂര്യൻ അസ്തമിക്കുന്നതോടു കൂടെയും ളുഹർ നമസ്ക്കാരത്തിന്റെ സമയമായി സൂര്യൻ മധ്യത്തിൽ നിന്ന് തെറ്റുക എന്നതുമെല്ലാമാണ്.
അപ്പോൾ ഇവിടെ നമസ്ക്കാരസമയം ബന്ധിപ്പിച്ചിരിക്കുന്നത് അതിന്റെ ശരിയായ അവസ്ഥയിലേക്കാണ്. അഥവാ, സമയത്തിലേക്കാണ്. ഇത് യത്ഥാർത്തത്തിൽ മാസ നിർണ്ണയത്തിന് അവലംബമാക്കുന്ന കാരണങ്ങളിൽ നിന്ന് വ്യത്യസ്ത്തമാണ്. കാരണം മാസനിർണ്ണയത്തിന് ശരീഅത്ത് ബന്ധിപ്പിച്ചത് കാഴ്ച്ചയേയാണ്. അതല്ലാതെ മാസം പ്രവേശിക്കുന്നതിന്റേയും അവസാനിക്കുന്നതിന്റേയും യാത്ഥാർഥ്യത്തെയോ അത് ശരിയാവുക എന്നതിനേയോ അല്ല. പ്രവാചക വചനവും അപ്രകാരമാണ്. അവിടുന്ന് പറഞ്ഞു : ” നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പ് നോൽക്കുകയും മാസപ്പിറവി കണ്ടാൽ നോമ്പ് ഉപേക്ഷിക്കുകയും ചെയ്യുക.” എന്നാൽ നമസ്ക്കാര സമയം ക്രമീകരിക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമായി പ്രവാചകർ പറഞ്ഞത് സൂര്യൻ ഉദിക്കുക, സൂര്യൻ അസ്തമിക്കുക, ഏതൊരു കാര്യത്തിന്റേയും നിഴൽ അതിനോളം എത്തുക എന്നെല്ലാമാണ്. അതിനാൽത്തന്നെ അനിവാര്യമായും ഇവക്കിടയിലുള്ള വ്യത്യാസം തിരിച്ചറിയുകയും അധികം ആളുകൾക്കും വേർതിരിച്ചറിയാത്ത ഈ കാര്യങ്ങളെ സംബന്ധിച്ച് ബോധവാന്മാരാവുകയും ചെയ്യുക..❞
ശൈഖിന്റെ സംസാരം കേൾക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
✍🏻 വിവ: സലാഹുദ്ദീൻ നദീരി
حفظه الله وغفر له وللمسلمين جميعا…
Next time