ശൈഖ് സുലൈമാൻ അർറുഹൈലി حفظه الله പറയുന്നു:
❝ ശൈഖ് അൽബാനി റഹിമഹുല്ലാഹ് ഹസൻ ആക്കിയിട്ടുള്ള ഈ ഹദീസിൽ റസൂലുല്ലാഹി ﷺ പറയുന്നു :
من آذى المسلمين في طرقهم وجبت عليه لعنتهم
“ആരാണോ മുസ്ലിമീങ്ങളെ അവരുടെ വഴികളുടെ വിഷയത്തിൽ ഉപദ്രവിച്ചിരിക്കുന്നത്, അവന് അവരുടെ ശാപം ഫലിക്കുന്നതാണ്”
എല്ലാവിധ ഉപദ്രവങ്ങളും ഇതിൽ പെടും.
വഴിയിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കൊണ്ടോ,
മലമൂത്ര വിസർജനം ചെയ്തുകൊണ്ടോ,
വാഹനം വഴിതടസ്സമുണ്ടാക്കിക്കൊണ്ട് പാർക്ക് ചെയ്തുകൊണ്ടോ ഒക്കെയുള്ള ഉപദ്രവങ്ങൾ ഇതിൽ പെടും.
അങ്ങനെ വല്ലവനും ചെയ്താൽ അവനെ അല്ലാഹു ശപിക്കട്ടെ, “ല’അനതുല്ലാഹി അലൈഹി” എന്ന് പറയാൻ മുസ്ലിമീങ്ങൾക്ക് അവകാശമുണ്ട്. ശാപം ഒഴിവാക്കലാണ് ഉത്തമമെങ്കിലും.
ഇത് വലിയ ഗൗരവമുള്ള ഒരു താക്കീതാണ് സഹോദരങ്ങളെ!
വഴിയിൽ തടസ്സമുണ്ടാക്കി ഉപദ്രവിക്കുന്നത് ഇത്ര ഗൗരവമാണെങ്കിൽ, ദീനിന്റെ വിഷയത്തിൽ മുസ്ലിമീങ്ങളെ ഉപദ്രവിക്കുന്നത് എന്തുമാത്രം ഗുരുതരമായ പാപമാണ്.
ദീനിൽ സംശയങ്ങൾ ഉണ്ടാക്കിക്കൊണ്ട്, അല്ലെങ്കിൽ അവന്റെ ദീനീനിഷ്ഠയെ പരിഹസിച്ചുകൊണ്ട്, അതുമല്ലെങ്കിൽ യാതൊരു ന്യായവുമില്ലാതെ അവനെക്കുറിച്ച് ആരോപണങ്ങൾ പറഞ്ഞുകൊണ്ട് ഒക്കെയുള്ള ഉപദ്രവങ്ങൾ!
ചിലയാളുകൾക്ക് അല്ലാഹുവിനെ തീരെ പേടിയില്ലാത്തതു പോലെയാണ്.
യാതൊരു ചിന്തയും കുറ്റബോധവുമില്ലാതെ എടുത്തുചാടി ജനങ്ങളെ ദീനിന്റെ കാര്യത്തിൽ ഉപദ്രവിക്കും.
ഉലമാക്കൾ വർഷങ്ങളോളം പഠിച്ചിട്ട് മാത്രം തീരുമാനം പറയുന്ന വ്യക്തികളുടെ കാര്യത്തിൽ ഒറ്റയടിക്ക്, “അവൻ പിഴച്ചവനാണ്,
ഇവൻ ദജ്ജാലാണ്,
മറ്റവൻ ഫാസിഖാണ്,
മറിച്ചവൻ കള്ളനാണ്” എന്നൊക്കെ ഇക്കൂട്ടർ പറഞ്ഞുകളയും.
ഇത് വലിയ ഉപദ്രവമാണ്. എന്നല്ല, ഇതാണ് ഏറ്റവും വലിയ ഉപദ്രവം!
ചിലയാളുകൾക്ക് ഏറ്റവും എളുപ്പം ചെയ്യാൻ കഴിയുന്ന വിനോദം “അവൻ കാഫിർ, ഇവൻ മുബ്തദി” എന്നു പറയൽ ആയിരിക്കും!
ഇത്തരം വിഷയങ്ങളിലൊക്കെ ക്ഷമയും അവധാനതയും കാണിക്കാനാണ് നമ്മുടെ ഉലമാക്കളിൽ നിന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത്.
നമ്മുടെ ഒരു ശൈഖ് ഒരു വ്യക്തിയെ വിമർശിക്കുന്നതിന് മുമ്പ് പത്ത് വർഷം ക്ഷമിച്ചു. അവൻ മടങ്ങിയേക്കും എന്നു പ്രതീക്ഷിച്ച് കൊണ്ട്. അത്രയും കാലം അവനെ രഹസ്യമായി ഉപദേശിക്കുകയും ഹഖിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു.
എന്നാൽ ഇന്ന് ചില വിദ്യാർത്ഥികൾ ഒരു ആലോചനയും പഠനവും കൂടാതെ “അവൻ പിഴച്ചു” എന്നു വിധിച്ചുകളയും.
ചില വിദ്യാർത്ഥികളുടെ അവസ്ഥ എന്നെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ട്. നിസ്സാരമായ തർക്കങ്ങളുടെ പേരിൽ അവർ പരസ്പരം തബ്ദീ’ ചെയുന്നു.
എന്റെ അടുത്ത് ഇരിക്കുന്ന ചില വിദ്യാർത്ഥികൾ അടക്കം ഈ സ്വഭാവം കാണിച്ചിട്ടുണ്ട്.
അവന്റെ സുഹൃത്ത് ഒരു വിഷയത്തിൽ രണ്ട് ഉലമാക്കളുടെ അടുത്തു നിന്നായി രണ്ട് അഭിപ്രായം കേട്ടു. അതിൽ ശരിയായി തോന്നിയ അഭിപ്രായം തന്റെ സുഹൃത്തുമായി പങ്കുവെച്ചതാണ്. അതു ചർച്ചയായി ! വൈകാതെ സലഫിയ്യത്തിൽ നിന്ന് പുറത്താക്കലായി!! ഹവയുടെ ആളാക്കലായി!!!
യാ അഖീ നമ്മൾ ഒരുമിച്ചു പഠിച്ചവരാണ്. ഹഖിന്റെ ആളുകളായ ഒരേ ഉലമാക്കളുടെ ദർസുകളിൽ ഒരുമിച്ച് ഇരുന്നവരാണ്. എന്നിട്ട് നമ്മൾ തമ്മിൽ ഒരു അഭിപ്രായവ്യത്യാസം ഉണ്ടാകുമ്പോഴേക്ക് ഞാൻ നിന്നെ ബിദ്ഇയ്യായി മുദ്രകുത്തുകയോ?!
എന്നിട്ടു പുതിയ ഒരു ഇരയെ കിട്ടിയ സന്തോഷത്തിൽ ഇന്റർനെറ്റ് മുഴുവൻ “ഇന്നയിന്നവൻ പിഴച്ചു പോയിരിക്കുന്നു. അവൻ ബിദ്അത്തുകാരെ പുകഴ്ത്തുന്നുണ്ട്” എന്നു പറഞ്ഞു ഒച്ചയിട്ടു നടക്കുകയോ?!
ജനങ്ങളെ അവരുടെ ദീനിന്റെ വിഷയത്തിൽ ദ്രോഹിക്കുന്നത് നിസ്സാരമായി കാണരുത് !! ❞
http://www.tasfiatarbia.org/vb/showthread.php?p=70147
വിവർത്തനം:
സാജിദ് ബിൻ ശരീഫ് وفقه الله
Add a Comment