بسم الله الرحمن الرحيم
❝ ഇമാം ബുഖാരി തന്റെ സ്വഹീഹിൽ ഉദ്ധരിക്കുന്നു :
ഒരിക്കൽ ആഇശാ رضي الله عنها ക്ക് കടുത്ത തലവേദനയുണ്ടായി. അവർ വേദന കൊണ്ട് “എന്റെ തല!” എന്ന് പറഞ്ഞു. റസൂലുല്ലാഹി -ﷺ- അവരോട് പറഞ്ഞു : ഞാൻ ജീവിച്ചിരിക്കെ അത് (ആഇശ رضي الله عنهاയുടെ മരണം) സംഭവിക്കുകയാണെങ്കിൽ ഞാൻ നിനക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഇസ്തിഗ്ഫാർ നടത്തുകയും ചെയ്യും”.
ഈ ചെറിയ ഹദീസിൽ വലിയ ഒരു ഗുണപാഠമുണ്ട്. താൻ ജീവിച്ചിരിക്കെ തന്റെ ഭാര്യ മരണപ്പെട്ടാൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് റസൂൽ -ﷺ- എന്തു കൊണ്ടാണ് പറഞ്ഞത്? !
മഹാന്മാരുടെ ജീവിതവും മരണവും ഒരുപോലെയാണ്. എന്നു മാത്രമല്ല മരിച്ചാൽ അവരുടെ ‘ആത്മീയ ശക്തി’ പതിന്മടങ്ങ് വർദ്ധിക്കുകയാണ് ചെയ്യുക എന്നൊക്കെയാണല്ലോ മുസ്ലിം സമുദായത്തെ പിഴപ്പിച്ച്, അല്ലാഹുവിനെ വിട്ട് ഔലിയാക്കളോട് ഇസ്തിഗാസയും ദുആയും ചെയ്യിപ്പിക്കുന്ന പുരോഹിതന്മാർ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്!
അവർ ഈ ഹദീസിനെ എങ്ങനെ വ്യാഖ്യാനിക്കും.?
മരണശേഷം ശക്തി കൂടുന്നവരാണ് മഹാന്മാരെങ്കിൽ നബി -ﷺ- എന്തായിരുന്നു പറയേണ്ടിയിരുന്നത്?
ആഇശാ നീ പേടിക്കേണ്ട, ഞാൻ മരിച്ചതിനു ശേഷം നീ മരിച്ചാൽ നീ രക്ഷപ്പെട്ടു. അപ്പോൾ എനിക്കു ശക്തി കൂടും. ഞാൻ കൂടുതൽ ഉഷാറായി നിനക്ക് വേണ്ടി പ്രാർത്ഥിക്കും എന്നല്ലേ?
അപ്പോൾ മുസ്ലിയാക്കന്മാരുടെ വിശ്വാസമല്ല റസൂലിനും ﷺ ആഇശാ ബീവിക്കും رضي الله عنها ഉണ്ടായിരുന്നത് എന്ന് വ്യക്തം!!
ഇനി ഈ ചെറിയ ഹദീസ് ഉൾക്കൊള്ളുന്ന മറ്റൊരു യാഥാർഥ്യം നോക്കൂ.
താൻ എപ്പോഴാണ് മരിക്കുക, തന്റെ ഭാര്യ എപ്പോഴാണ് മരിക്കുക എന്ന മറഞ്ഞ കാര്യം മഹാനായ പ്രവാചകർക്ക് ﷺ അറിയില്ല !!
ആഇശ رضي الله عنها ക്ക് മുമ്പ് റസൂൽ ﷺ മരിക്കുമെന്ന വരാനിരിക്കുന്ന കാര്യം നബി ﷺ അറിയാത്തത് കൊണ്ടാണല്ലോ അദ്ദേഹം മേൽ പറഞ്ഞ പ്രകാരം ആഇശാ رضي الله عنها യോട് പറഞ്ഞത്.
നമ്മുടെ നാട്ടിലെ ചെറുകിട ഔലിയ വേഷക്കാർക്കു വരെ എന്തെല്ലാം മറഞ്ഞ കാര്യങ്ങളാണ് അറിയാൻ കഴിയുന്നതായി മാല മൗലൂദുകളിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഇനി അതല്ല, റസൂലിനേക്കാൾ വലിയ മഹാൻമാരാണ് സമസ്തക്കാരുടെ ഔലിയാക്കന്മാർ എന്നുണ്ടോ !??
ബുദ്ധിയുള്ള സഹോദരങ്ങളേ ചിന്തിക്കുക. അബദ്ധ വിശ്വാസങ്ങൾ പേറി നമ്മുടെ പരലോകം ഉസ്താദുമാരുടെ ദുൻയാവിനു വേണ്ടി തുലാക്കാതിരിക്കുക.
അല്ലാഹു നമുക്കെല്ലാം ഹിദായത്ത് വർധിപ്പിച്ചു തരുമാറാകട്ടെ.❞
✍🏻 സാജിദ് ബ്നു ശരീഫ് وفقه الله
Add a Comment