بسم الله الرحمن الرحيم
നായയെ വലിച്ചിഴച്ച സംഭവത്തിലും ഇസ്‌ലാമിനെ കുറ്റം പറയാൻ അവസരം കണ്ടെത്തിയിരിക്കുകയാണ് കേരളത്തിലെ യുക്തി(വർഗീയ)വാദികൾ. മതത്തെ വിമർശിക്കുന്നു എന്ന പേരിൽ ഇസ്‌ലാമിനെ ചീത്തവിളിക്കുകയെന്നതാണ് എന്നും ഈ വിഭാഗത്തിന്റെ വിനോദം.
ഇസ്‌ലാമിൽ നായ ഹറാമായത് കൊണ്ടാണത്രേ അയാൾ നായയെ റോഡിലൂടെ കെട്ടിവലിച്ചത്! വല്ലാത്ത കണ്ടുപിടിത്തം തന്നെയാണ്!
ക്രൂരതയെക്കുറിച്ചും അക്രമത്തെക്കുറിച്ചുമെല്ലാം മുതലക്കണ്ണീരൊഴുക്കുന്ന യുക്തിവാദീ! നിന്റെ വാദപ്രകാരം നന്മയുടെയും തിന്മയുടെയും മാനദണ്ഡമെന്താണ്? ക്രൂരതയും സൗമ്യതയും തമ്മിൽ വേർതിരിക്കാനുള്ള അളവുകോലെന്താണ്? ഞങ്ങൾ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം കാര്യം വ്യക്തമാണ്. മനുഷ്യരെ സൃഷ്ടിച്ച സർവജ്ഞനും, മഹായുക്തിമാനുമായ അല്ലാഹു നന്മയെന്ന് പഠിപ്പിച്ചതാണ് നന്മ. മനുഷ്യന്റെ നേരായ ബുദ്ധിയും അവന്റെ ശുദ്ധപ്രകൃതിയും അവ നന്മയാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു തിന്മയാണെന്ന് പറഞ്ഞതേതോ അതാണ് തിന്മ. മനുഷ്യന്റെ ശരിയായ യുക്തിയും കേടുവരാത്ത ഹൃദയവും അവ തിന്മ തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുകയും അവയെ വെറുക്കുകയും ചെയ്യുന്നു. എന്നാൽ ദുഷിച്ച ഹൃദയമുള്ളവർക്ക് അവ തിരിച്ചറിയാൻ കഴിയില്ല. ഒരു യുക്തിവാദിക്ക് നന്മയാണെന്ന് തോന്നുന്ന കാര്യം മറ്റൊരു യുക്തിവാദിക്ക് മഹാപാപമായിരിക്കും. ലോകത്തെ സകല യുക്തിവാദിയും വഴിയറിയാതെ ഇരുട്ടിൽ തപ്പുകയാണ്.
നായയെ വലിച്ചിഴച്ച സംഭവത്തിലും പ്രതിക്കൂട്ടിലുള്ളത് മതനിഷേധം തന്നെയാണ്; ഇസ്ലാമല്ല. കാരണം, സത്യവും നീതിയും സദാചാരവുമൊക്കെ ആപേക്ഷികമാണെന്ന് വിശ്വസിക്കുന്നവരാണ് യുക്തിവാദികൾ. അഥവാ, എല്ലാവർക്കും ബാധകമായ സത്യമോ നീതിയോ ഇല്ലെന്നതാണ് ഇവരുടെ സിദ്ധാന്തം. ഒരാൾക്ക് ശരിയെന്ന് തോന്നുന്നത് മറ്റൊരാളെ സംബന്ധിച്ചിടത്തോളം തെറ്റായിരിക്കാം. ഒരാൾക്ക് പാപമാണെന്ന് തോന്നുന്നത് മറ്റൊരാൾക്ക് പുണ്യമായിരിക്കാം! നന്മയും തിന്മയും വ്യവഛേദിക്കുന്ന ഒരു പൊതുമാനദണ്ഡവും ഇവരുടെ കൈകളിലില്ല. അതുകൊണ്ടുതന്നെ ഒന്നുമാത്രമേ ശരിയുള്ളൂ എന്ന് വാദിക്കാൻ പാടില്ല.
എങ്കിൽ പിന്നെ നായയോട് ക്രൂരത ചെയ്തയാളെ വിമർശിക്കാൻ നിങ്ങൾക്ക് എന്തവകാശം? അയാൾക്ക് ശരിയെന്ന് തോന്നുന്നത് അയാൾ ചെയ്തു എന്നങ്ങ് സമാധാനിച്ചാൽ പോരേ?
ഞങ്ങൾ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരിക്കലും ഇത്തരം ക്രൂരതകളെ അംഗീകരിക്കാൻ ഞങ്ങൾക്കാവില്ല. കാരണം, അത് തെറ്റാണെന്ന് അല്ലാഹുവിന്റെ തിരുദൂതൻﷺ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ഇസ്‌ലാം കൃത്യമായി വിലക്കിയിട്ടുള്ള തിന്മകളെ ഇസ്‌ലാമിന്റെ പേരിൽ കെട്ടിവെക്കാൻ ശ്രമിക്കുന്ന നിങ്ങളെക്കാൾ വലിയ വഞ്ചകന്മാർ മറ്റാരാണുള്ളത്? വാസ്തവത്തിൽ തിന്മകളുടെയെല്ലാം അടിയാധാരം നിങ്ങളുടെ പേരിൽ തന്നെയാണുള്ളത്.
നായയെക്കുറിച്ച് മാത്രമല്ല, ആകാശത്തു കൂടെ ഒരു പറവ പാറിപ്പറക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ചും മുഹമ്മദ് നബിﷺ ആകാശഭൂമികളുടെ സ്രഷ്ടാവായ അല്ലാഹുവിൻ്റെ സന്ദേശമായ ഇസ്‌ലാമിലൂടെ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. സകല ജന്തുക്കളോടും പാലിക്കേണ്ട വിധിവിലക്കുകൾ നബിﷺ പറഞ്ഞുതന്നിട്ടുണ്ട്. പച്ചക്കരളുള്ള ഏതു ജീവിക്കും നന്മ ചെയ്തുകൊടുക്കുന്നതിൽ അല്ലാഹുവിന്റെ പ്രതിഫലമുണ്ടെന്ന് അവിടുന്ന്ﷺ ഞങ്ങളോട് പറഞ്ഞു. വിശന്നുവലഞ്ഞ ഒരു നായക്ക് വെള്ളം കൊടുത്തതിന്റെ പേരിൽ പാപമോചനം ലഭിച്ചയാളുടെ കഥ റസൂൽ ﷺ പഠിപ്പിച്ചിട്ടുണ്ട്. നായ തലയിട്ട പാത്രം എങ്ങനെ വൃത്തിയാക്കണമെന്നും നബിﷺ നിർദേശിച്ചിട്ടുണ്ട്. നായയെ എന്തിനൊക്കെ ഉപയോഗിക്കാമെന്നും എന്തിനൊക്കെ ഉപയോഗിക്കാൻ പാടില്ലെന്നും നബിﷺയുടെ അധ്യാപനങ്ങളിൽ കൃത്യമായി കാണാം. ഉപദ്രവിക്കുന്ന നായയെയും ഉപദ്രവിക്കാത്ത നായയെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നും അവിടുന്ന്ﷺ പഠിപ്പിച്ചിട്ടുണ്ട്.
എന്നാൽ ‘യുക്തി’വാദിയുടെ മതത്തിൽ നായ എന്താണാവോ?
യുക്തിവാദികളുടെ മതപ്രകാരം ഒരാൾക്ക് നായയെയോ മറ്റേത് ജന്തുവിനെയോ വലിച്ചിഴക്കുകയോ കൊല്ലുകയോ തിന്നുകയോ ഒക്കെ ചെയ്യാം. അതയാളുടെ സ്വാതന്ത്ര്യമാണ്! ഇനി നായയോട് സ്നേഹം മൂക്കുകയാണെങ്കിൽ അതിനെ കൂടെക്കിടത്തുകയോ കല്യാണം കഴിക്കുകയോ ചെയ്യാം! അവനെ ആരും സദാചാരം ഉപദേശിച്ചുപോകരുത്! ഒരു വിധിവിലക്കും യുക്തിവാദിക്ക് ബാധകമല്ല! വിചാരണയിലോ സ്വർഗനരകങ്ങളിലോ അവൻ വിശ്വസിക്കുന്നില്ല.
അതുകൊണ്ടാണ് യുക്തിവാദികളുടെ തലതൊട്ടപ്പന്മാരായ സ്റ്റാലിൻമാർക്ക് അധികാരവും ആയുധവും കിട്ടിയപ്പോൾ കോടാനുകോടി മനുഷ്യരെ നായ്ക്കളുടെ വിലപോലും നൽകാതെ കൊന്നുതള്ളിയത്. ഇന്നും മതനിഷേധം ആദർശമാക്കിയ ഭരണകൂടങ്ങൾ കൊന്നുതള്ളിക്കൊണ്ടിരിക്കുന്നതും.
അങ്ങനെയുള്ളവർ മുസ്‌ലിംകളെ നന്മയും നീതിയും പഠിപ്പിക്കാൻ വരേണ്ടതില്ല. മുസ്‌ലിംകളുടെ ചരിത്രവും വർത്തമാനവും, കാരുണ്യത്തിന്റെയും നന്മയുടെതുമാണ്. ഭാവിയും -ഇൻ ഷാ അല്ലാഹ്- അങ്ങനെത്തന്നെയായിരിക്കും.
ഇസ്‌ലാമിന്റെ കുപ്പായമണിഞ്ഞ ശത്രുക്കളുടെയും, മതം ശരിക്കു പഠിക്കാത്ത വിവരദോഷികളുടെയും ചെയ്തികൾ പർവതീകരിക്കുകയും, അവ ഇസ്‌ലാമിന്റെ കണക്കിൽ വരവുവെക്കുകയും ചെയ്യുകയെന്നത് മതനിഷേധികളുടെ അജണ്ടയാണ്. ലോകത്തെ എല്ലാ വൃത്തികെട്ടമാധ്യമങ്ങളുടെയും സഹായത്തോടെ പിശാചിന്റെ മിത്രങ്ങൾ ഈ പ്രചാരണം കൊണ്ടുനടക്കുന്നു. ഊണിലും ഉറക്കിലും ഇസ്‌ലാമിനെ ചീത്ത വിളിക്കുകയല്ലാതെ മറ്റൊരു തൊഴിലും അവർക്കില്ല. മുസ്‌ലിംകൾക്കെതിരിൽ ശത്രുക്കൾ ചെയ്തുകൂട്ടിയ കാടത്തങ്ങൾ ഇവർ കാണുകയേയില്ല. കണ്ടാൽ തന്നെ ചെയ്യുന്നവരുടെ മതവുമായി അതൊന്നും അവർ കൂട്ടിക്കെട്ടുകയുമില്ല.
നിങ്ങൾ എഴുതിക്കോളൂ! പറഞ്ഞോളൂ! പ്രചരിപ്പിച്ചോളൂ! ഇസ്‌ലാം വിജയിക്കുക തന്നെചെയ്യും. കാരണം, ഇത് ആകാശഭൂമികളുടെ സ്രഷ്ടാവ് അവതരിപ്പിച്ച സത്യമാണ്. ഞങ്ങളാരെങ്കിലും പടച്ചുണ്ടാക്കിയ പ്രത്യയശാസ്ത്രമല്ല ഇത്. നിങ്ങളെ വിറളിപിടിപ്പിച്ചുകൊണ്ട് ഇനിയും ഇസ്‌ലാം ലോകം മുഴുവൻ വളരുകതന്നെ ചെയ്യും. അല്ലാഹു ഇത് പൂർത്തിയാക്കുന്നതുവരെ.
നിയാഫ് ബിൻ ഖാലിദ്
https://t.me/niyafbinkhalid
Mashallah barakkallaha feeeq