പ്രവാചക സ്നേഹത്തിന്റെ ഉത്തമ മാതൃകകൾ

സ്വന്തത്തേക്കാളും, മാതാപിതാക്കളേക്കാളും, മക്കളേക്കാളും, മറ്റെന്തിനേക്കാളും നബി ﷺ യെ സ്നേഹിക്കുന്നവരാണ് മുസ്‌ലിംകൾ. സ്വഹാബത്തടക്കമുള്ള ഈ ഉമ്മത്തിലെ ആദ്യ തലമുറക്കാർ എത്രത്തോളം നബി ﷺ യെ സ്നേഹച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന ചില ഉദാഹരണങ്ങൾ കാണുക.

  • അബൂ സുഫ്‌യാൻ -رضي الله عنه- ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് നബി ﷺ യേയും അവിടുത്തെ അനുചരന്മാരെ കുറിച്ചും പറയുന്നതായി കാണാം:

وَاللَّهِ مَا رَأَيْتُ مِنَ قَوْمٍ قَطُّ أَشَدَّ حُبًّا لِصَاحِبِهِمْ مِنْ أَصْحَابِ مُحَمَّدٍ لَهُ

“അല്ലാഹുവാണ് സത്യം, മുഹമ്മദിന്റെ (ﷺ) അനുചരന്മാർ അദ്ദേഹത്തെ സ്നേഹിക്കുന്നതു പോലെ അങ്ങേയറ്റത്തെ സ്നേഹം മറ്റൊരു സമുദായവും അവരുടെ നേതാവിനെ സ്നേഹിക്കുന്നതായി ഞാൻ കണ്ടിട്ടില്ല.”(1)

  • ഉമർ -رضي الله عنه- നബി ﷺ യോട് പറഞ്ഞതായി കാണാം:

….فإنَّه الآنَ واللَّهِ لَأَنْتَ أحَبُّ إلَيَّ مِن نَفْسِي….

“ …. അല്ലാഹുവാണെ സത്യം, ഇപ്പോൾ എന്നെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് താങ്കളെയാണ് റസൂലേ….”(2)

  • അനസ് -رضي الله عنه- പറയുന്നത് നോക്കൂ:

قَلَّ لَيْلَةٌ تأْتي عَلَيَّ إِلَّا وأَنَا أَرَى فيها خَلِيلِي ﷺ

“മിക്ക ദിവസവും ഞാനെന്റെ ഉറ്റ കൂട്ടുകാരനായ റസൂൽ ﷺ യെ സ്വപ്നം കാണാറുണ്ട്..!”

ഇത് പറയുമ്പോൾ അനസ് -رضي الله عنه- വിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.(3)

  • അൽബറാഅ് ബ്നു ആസിബ് -رضي الله عنه- പറയുന്നു: فما رأيت أهل المدينة فرحوا بشيء فرحهم برسول الله ﷺ

“റസൂൽ ﷺ യുടെ ആഗമനം കൊണ്ട് സന്തോഷിച്ചത് പോലെ മദീനക്കാർ മറ്റൊന്നു കൊണ്ടും സന്തോഷിച്ചത് ഞാൻ കണ്ടിട്ടില്ല.”(4)

  • ആയിശാ -رضي الله عنها- പറയുന്നു:

”….فرأيت أبا بكر يبكي وما كنت أحسب أن رجلاً يبكي من الفرح“

“റസൂൽ ﷺ യുടെ കൂടെ ഹിജ്റക്ക് അനുവാദം കിട്ടിയെന്നറിഞ്ഞപ്പോൾ അബൂബക്ർ -رضي الله عنه- കരയുന്നത് ഞാൻ കണ്ടു. സന്തോഷം കൊണ്ട് ഒരാൾ കരയുമെന്ന് അതുവരെ ഞാൻ വിചാരിച്ചിരുന്നില്ല.”(5)

  • ഇബ്നുൽ ഖയ്യിം -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

كان الصحابة رضي الله عنهم يقون رسول الله ﷺ في الحرب بنفوسهم حتى يصرعوا حوله

“സ്വഹാബത്ത് യുദ്ധങ്ങളിൽ റസൂൽ ﷺ യെ സ്വന്തം ശരീരങ്ങൾ പരിചയാക്കിക്കൊണ്ട് സംരക്ഷിച്ച് റസൂലിന് ﷺ ചുറ്റും മരിച്ച് വീഴാറുണ്ടായിരുന്നു.”(6)

  • സൗബാൻ -رضي الله عنه- നബി ﷺ യുടെ അടുക്കൽ വന്ന് പറഞ്ഞു:

يَا رَسُولَ اللَّهِ وَاللَّهِ إِنَّكَ لأَحَبُّ إِلَيَّ مِنْ نَفْسِي، وَإِنَّكَ لأَحَبُّ إِلَيَّ مِنْ أَهْلِي، وَأَحَبُّ إِلَيَّ مِنْ وَلَدِي، وَإِنِّي لأَكُونُ فِي الْبَيْتِ، فَأَذْكُرُكَ فَمَا أَصْبِرُ حَتَّى آتِيَكَ، فَأَنْظُرَ إِلَيْكَ، وَإِذَا ذَكَرْتُ مَوْتِي ومَوْتَكَ عَرَفْتُ أَنَّكَ إِذَا دَخَلْتَ الْجَنَّةَ رُفِعْتَ مَعَ النَّبِيِّينَ، وَإِنِّي إِذَا دَخَلْتُ الْجَنَّةَ خَشِيتُ أَنْ لاَ أَرَاكَ…..

“അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവാണ് സത്യം, ഞാൻ എന്നെക്കാൾ സ്നേഹിക്കുന്നത് താങ്കളെയാണ്. എന്റെ വീട്ടുകാരേക്കാൾ ഞാൻ സ്നേഹിക്കുന്നത് താങ്കളെയാണ്. എന്റെ മക്കളെക്കാൾ ഞാൻ സ്നേഹിക്കുന്നത് താങ്കളെയാണ്. ഞാൻ വീട്ടിലായിരിക്കെ താങ്കളെ ഓർത്താൽ എനിക്ക് ക്ഷമിച്ചിരിക്കാൻ കഴിയില്ല. അങ്ങനെ ഉടനെ ഞാൻ താങ്കളുടെ സന്നിധിയിൽ വന്ന് നിങ്ങളെ നോക്കും. എന്റെയും താങ്കളുടെയും മരണത്തെക്കുറിച്ച് ഓർത്താൽ, താങ്കൾ മരിച്ച് കഴിഞ്ഞാൽ നബിമാരുടെ കൂടെ ഉയർന്ന പദവിയിലായിരിക്കും എന്ന് ഞാൻ മനസ്സിലാക്കും. സ്വർഗ്ഗത്തിൽ പ്രവേശിച്ചാൽ താങ്കളെ കാണാൻ കഴിയില്ലേ എന്ന് ഞാൻ ഭയപ്പെടും…..”(7)

  • അംറുബ്നുൽ ആസ് -رضي الله عنه- പറയുന്നു:

وما كانَ أحَدٌ أحَبَّ إلَيَّ مِن رَسولِ اللهِ ﷺ، ولا أجَلَّ في عَيْنِي منه، وما كُنْتُ أُطِيقُ أنْ أمْلأَ عَيْنَيَّ منه إجْلالًا له

“എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും, എന്റെ കണ്ണിൽ ഏറ്റവും ആദരവുള്ളതും അല്ലാഹുവിന്റെ റസൂലിനോടാണ്. ആദരവ് കാരണത്താൽ റസൂൽ ﷺ യെ സൂക്ഷിച്ചൊന്ന് നോക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല.”(8)

  • മുആദ് -رضي الله عنه- വിനെ യമനിലേക്ക് അയച്ചപ്പോൾ ആവശ്യമായ ഉപദേശനിർദേശങ്ങൾ നൽകിയതിന് ശേഷം നബി ﷺ പറഞ്ഞു:

يا معاذ إنك عسى أن لا تلقاني بعد عامي هذا، ولعلك أن تمر بمسجدي هذا وقبري

“മുആദേ, ഈ വർഷത്തിന് ശേഷം താങ്കൾ എന്നെ കണ്ടില്ല എന്ന് വന്നേക്കാം. എന്റെ മസ്ജിദിൻ്റെയും ഖബ്റിന്റേയും അടുത്ത് കൂടി താങ്കൾ നടന്നു പോയേക്കാം.”

ഇത് കേട്ടപ്പോൾ റസൂൽ ﷺ യെ പിരിയുന്നതിൻ്റെ സങ്കടം സഹിക്കാനാവാതെ മുആദ് -رضي الله عنه- കരഞ്ഞു.(9)

  • മിമ്പറ് പണിയുന്നതിന് മുമ്പ് നബി ﷺ ഒരു മരക്കഷ്ണത്തിൽ ചാരി നിന്നായിരുന്നു ഖുതുബ പറയാറുണ്ടായിരുന്നത്, അവിടുന്ന് ﷺ പുതിയ മിമ്പറിലേക്ക് മാറിയപ്പോൾ ആ മരക്കഷ്ണം തേങ്ങിക്കരയുകയുണ്ടായി. സ്വഹാബത്തും ആ ശബ്ദം കേട്ടു. നബി ﷺ ഇറങ്ങി വന്ന് അണച്ച് പിടിച്ചപ്പോഴാണ് അതിന്റെ കരച്ചിലടങ്ങിയത്. ഈ സംഭവം ഇമാം ബുഖാരി -رَحِمَـﮧُ اللَّـﮧُ- തന്റെ സ്വഹീഹിൽ ഉദ്ധരിച്ചിട്ടുണ്ട്.

ഈ സംഭവത്തെ സൂചിപ്പിച്ചു കൊണ്ട് ഹസനുൽ ബസ്വ്രി -رَحِمَـﮧُ اللَّـﮧُ- പറയാറുണ്ടായിരുന്നു:

الْخَشَبَةُ تَحِنُّ إِلَى رَسُولِ اللَّهِ ﷺ شَوْقًا إِلَيْهِ لِمَكَانِهِ مِنَ اللَّهِ، فَأَنْتُمْ أَحَقُّ أَنْ تَشْتَاقُوا إِلَى لِقَائِهِ

“മുസ്‌ലിംകളെ, മരത്തടി പോലും റസൂലിന്റെ സാമീപ്യം കൊതിച്ച് കരയുന്നുവെങ്കിൽ അതിനേക്കാൾ റസൂലിനെ കൊതിക്കേണ്ടവർ നിങ്ങളാണ്.”(10)

  • ഉഹുദ് യുദ്ധത്തിൽ മുസ്‌ലിംകൾക്ക് ശക്തമായ പ്രയാസം നേരിട്ട സന്ദർഭത്തിൽ റസൂൽ ﷺ യെ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് ജീവൻ പണയം വെച്ച് സംരക്ഷിക്കാൻ ശ്രമിച്ചവരിൽ പ്രധാനിയാണ് ത്വൽഹ رضي الله عنه. അദ്ദേഹം റസൂൽ ﷺ യോട് പറയുന്നത് നോക്കൂ:

يا نَبِيَّ اللَّهِ، بأَبِي أنْتَ وأُمِّي، لا تُشْرِفْ يُصِيبُكَ سَهْمٌ مِن سِهَامِ القَوْمِ، نَحْرِي دُونَ نَحْرِكَ

“അല്ലാഹുവിന്റെ പ്രവാചകരെ, -താങ്കളുടെ സുരക്ഷക്കായി എന്റെ മാതാവിനെയും പിതാവിനേയും ഞാൻ പകരം നൽകാം- റസൂലെ, നിങ്ങൾ മുകളിൽ വന്ന് എത്തി നോക്കരുത്. അങ്ങനെ ചെയ്താൽ താങ്കൾക്ക് ശത്രുക്കളുടെ അമ്പേൽക്കും. താങ്കളുടെ നെഞ്ചിന് മുമ്പിൽ പരിചയെന്നോണം എന്റെ നെഞ്ചുണ്ട്.”(11)

ഖൈസ് ബ്നു അബീ ഹാസിം -رَحِمَـﮧُ اللَّـﮧُ- പറയുന്നു:

رأيت يد طلحة شلاء وقى بها النبي ﷺ يوم أحد

“ത്വൽഹാ -رضي الله عنه- വിന്റെ കൈ ഉഹ്ദു യുദ്ധത്തിൽ റസൂൽ ﷺ യെ സംരക്ഷിക്കുന്നതിനിടെ പരിക്കേറ്റത് കാരണത്താൽ മരവിച്ചു പോയതായി ഞാൻ കണ്ടു..!”(12)

◉ നബി ﷺ യെ ഇത്രത്തോളം സ്നേഹിച്ച സ്വഹാബത്ത് എന്തുകൊണ്ട് മൗലിദ് ആഘോഷിച്ചില്ല..?!

മൗലിദ് ആഘോഷം നന്മയായിരുന്നെങ്കിൽ നമുക്ക് മുമ്പേ അവരത് ചെയ്യുമായിരുന്നു. കാരണം; അവരാണ് ഏതൊരു നന്മയും ചെയ്യാൻ ഏറ്റവും അർഹപ്പെട്ടവർ. ഏറ്റവുമധികം റസൂൽ ﷺ യെ സ്നേഹിച്ചവർ, ആദരിച്ചവർ, നാടും കുടുംബവും ഉപേക്ഷിച്ച് റസൂൽ ﷺ യുടെ കൂടെ ഹിജ്റ ചെയ്തവർ, ജിഹാദ് ചെയ്ത് റസൂൽ ﷺ യുടെ മുന്നിൽ മരിച്ച് വീണവർ, തങ്ങളുടെ സമ്പത്തും ശരീരവും റസൂൽ ﷺ ക്ക് ഒരു ഉപദ്രവവും സംഭവിക്കാതിരിക്കാനായി പകരം നൽകിയവർ.
رضي الله عنهم وأرضاهم(13)

  • ഹി 646ൽ മരണപ്പെട്ട ശാഫിഈ പണ്ഡിതനായ ദ്വഹീറുദ്ധീൻ അൽമഖ്ദൂമി رَحِمَـﮧُ اللَّـﮧُ പറയുന്നു:

هذا الفعل لم يَقع في الصَّدر الأول مِن السَّلف الصالح مع تعظيمهم وحبِّهم له ﷺ إعظامًا ومحبة لا يبلغ جميعنا الواحد مِنهم

“നമ്മുടെ എല്ലാവരുടെയും നബി ﷺ യോടുള്ള ആദരവും സ്നേഹവും ചേർത്തു വെച്ചാലും ആദ്യ തലമുറയിലെ ഒരാളുടെ നബി ﷺ യോടുള്ള ആദരവിനോളവും സ്നേഹത്തോളവും അത് എത്തുകയില്ല, അത്രമാത്രം നബി ﷺ യെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടും സച്ചരിതരായ അവരുടെ കാലത്ത് ഈ മൗലിദാഘോഷം ഉണ്ടായിട്ടില്ല.”(14)

(1) الطبقات الكبرى لابن سعد
(2) رواه البخاري
(3) مسند الإمام أحمد (١٣٢٦٧)
(4) رواه البخاري (٣٩٢٥)
(5) ذكره ابن إسحاق وأصله في البخاري. راجع فتح الباري (٧\٢٣١)
(6) روضة المحبين
(7) رواه الطبراني في الأوسط
(8) رواه مسلم
(9) مسند الإمام أحمد (٢٢٠٥٢)
(10) رواه ابن حبان في صحيحه (٦٥٠٧)
(11) رواه البخاري
(12) رواه البخاري [٤٠٦٣](13) ذكره الفقيه عبد الله بن عقيل الحنبلي رحمه الله في فتاويه (٢/٢٨٩)
(14) من السيرة الشامية (١/٤٤٢)

തയ്യാറാക്കിയത്:
അനസ് നദീരി


بصائر
قناة سلفية للعلوم الشرعية

Comments are closed.