ചോദ്യം:
“മനുഷ്യൻ ആരംഭത്തിൽ കുരങ്ങായിരുന്നുവെന്നും പിന്നീട് പലപ്പോഴായി പരിണാമം സംഭവിച്ചതിന് ശേഷമാണ് നമ്മൾ ഇന്ന് കാണുന്നത് പോലെയുള്ള മനുഷ്യരൂപം ആയിത്തീർന്നതെന്നും ഞാൻ പലപ്പോഴും വായിക്കാറും കേൾക്കാറുമുണ്ട്, ഇത് യുക്തിഭദ്രമായ കാര്യമാണോ?”
ശൈഖ് ബിൻ ബാസ് റഹിമഹുള്ളാഹ് നൽകുന്ന മറുപടി:
❝ ചോദ്യകർത്താവ് സൂചിപ്പിച്ച ഈ വാദം തികച്ചും വ്യാജമായ, തെറ്റായ ഒരു വാദമാണ്. അത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നത്തിനും സച്ചരിതരായ മുൻഗാമികളുടെ ഇജ്മാഇനും എതിരാണ്. ഡാർവിൻ എന്ന ഒരു വ്യക്തിയിൽ നിന്നാണ് ഈ വാദം ജനങ്ങൾക്കിടയിൽ പ്രസിദ്ധമാകുന്നത്. അയാളുടെ ഈ വാദം തികച്ചും കളവാണ്.
മറിച്ച് മനുഷ്യന്റെ ഉല്പത്തി നമുക്കൊക്കെ അറിയാവുന്ന -രൂപത്തിലുള്ള- മനുഷ്യനിൽ നിന്ന് തന്നെയാണ്, അല്ലാതെ കുരങ്ങിൽ നിന്നോ മറ്റെന്തെങ്കിലും നിന്നോ അല്ല. മറിച്ച് -മനുഷ്യന്റെ ഉല്പത്തി- ചൊവ്വായ വിവേകവും ബുദ്ധിശക്തിയുമുള്ള, അല്ലാഹു കളിമണ്ണിനാൽ സൃഷ്‌ടിച്ച ഒരു മനുഷ്യനിൽ നിന്നുമാണ്. നമ്മുടെ പിതാവായ ആദമിൽ നിന്ന്. കളിമണ്ണിൽ നിന്നാണ് അല്ലാഹു ആദമിനെ സൃഷ്ടിച്ചത്,
അല്ലാഹു പറഞ്ഞു :
“തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു.”
(അൽ-മുഅ്മിനൂൻ 12)
മണ്ണിൽ നിന്ന് അല്ലാഹു അവന്റെ രൂപത്തിൽ ആദമിനെ സൃഷ്ടിച്ചു, 60 മുഴമായിരുന്നു ആദമിന്റെ ഉയരം, പിന്നീട് കാലം കഴിയുന്തോറും മനുഷ്യരുടെ ഉയരം കുറഞ്ഞു കൊണ്ടേയിരുന്നു. നമ്മൾ ഇന്ന് കാണുന്ന ഇതേ മനുഷ്യരൂപത്തിലാണ് ആദമും സൃഷ്ടിക്കപ്പെട്ടത്, ആദമിന്റെ മക്കളും പിതാവിന്റെ അതെ പ്രകൃതത്തിൽ തന്നെയാണ് ജനിച്ചത്. അവർക്ക് കേൾവിശക്തിയും കാഴ്ചയും ബുദ്ധിയും നിങ്ങളിന്ന് കാണുന്ന ശരീരഘടനയും തന്നെയായിരുന്നു. അവർ അവരുടെ കാലുകളിൽ നിൽക്കുകയും സംസാരിക്കുകയും കാണുകയും അവരുടെ കൈകൾ കൊണ്ട് വാങ്ങുകയും കൊടുക്കുകയും ഒക്കെ ചെയ്യുമായിരുന്നു.
അവർ ഡാർവിന്റെയൊക്കെ വാദം പോലെ കുരങ്ങിന്റെ രൂപത്തിലായിരുന്നില്ല, കുരങ്ങുകൾക്ക് അവക്ക് യോജിച്ച പ്രകൃതവും രൂപവുമാണുള്ളത്. അത് പോലെ തന്നെ മറ്റു ജീവിജാലങ്ങളും.
കുരങ്ങുകൾ ഒരു പ്രത്യേക സമൂഹമാണ്,
പന്നികൾ ഒരു പ്രത്യേക സമൂഹമാണ്,
അത് പോലെ പട്ടി, കഴുത, പൂച്ച ഇവയൊക്കെ പ്രത്യേകം സമൂഹങ്ങളാണ്.
(ഭൂമിയിലുള്ള ഏതൊരു ജന്തുവും, രണ്ട് ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെപ്പോലെയുള്ള ചില സമൂഹങ്ങള്‍ മാത്രമാകുന്നു. ഗ്രന്ഥത്തില്‍ നാം യാതൊന്നും വീഴ്ച വരുത്തിയിട്ടില്ല. പിന്നീട് തങ്ങളുടെ രക്ഷിതാവിങ്കലേക്ക് അവര്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതാണ്/അൻആം :38)
ഈ മുഴുവൻ ജീവജാലങ്ങളും നാളെ മഹ്ശറയിൽ അല്ലാഹുവിന് മുന്നിൽ ഒരുമിച്ചു കൂട്ടപ്പെടുകയും അവയിൽ ചിലതിനു ചിലതിൽ നിന്ന് പ്രതികാരനടപടികൾ എടുക്കപ്പെടുകയും ചെയ്യും. ശേഷം അവയോട് “മണ്ണായിക്കൊള്ളുക” എന്ന് പറയപ്പെടുകയും അവ മണ്ണായി മാറുകയും ചെയ്യും.
മനുഷ്യരും ജിന്നുകളുമൊഴികെ, അവർക്ക് മുൻപ് പറഞ്ഞ ജീവികളിൽ നിന്നും വ്യത്യസ്തമായ നടപടിയാണ്. അവരുടെ ഹിസാബ് കണക്കാക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് അനുസരിച്ച് പ്രതിഫലം നൽകപ്പെടുകയും ചെയ്യും, ആരാണോ അവന്റെ റബ്ബിനെ (രക്ഷിതാവിനെ) അനുസരിച്ചത് അവൻ സ്വർഗത്തിൽ പ്രവേശിക്കും, ആരാണോ അവനെ ധിക്കരിച്ചത് അവൻ നരകത്തിലും പ്രവേശിക്കും.
എന്നാൽ മറ്റു ജീവജാലങ്ങൾ അവയൊക്കെ -മുൻപ് സൂചിപ്പിച്ചത് പോലെ- പ്രത്യേകം സമൂഹങ്ങളാകുന്നു. കുരങ്ങുകൾ, അവയ്ക്ക് പ്രത്യേകം രൂപവും പ്രകൃതവും സവിശേഷതകളുമുണ്ട്.
അല്ലാഹു അലീമും (എല്ലാം അറിയുന്നവനും) ഹകീമും (യുക്‌തിമാനു)മാണ്, ഈ ജീവജങ്ങളെയൊക്കെ സംബന്ധിച്ച വിശദാംശങ്ങൾ മറ്റാരേക്കാളും നന്നായറിയുന്നവനും അല്ലാഹുവാണ്.
അതിനാൽ ആദമിന്റെ സൃഷ്ടിപ്പ് കുരങ്ങിന്റെ സൃഷ്ടിപ്പ് പോലെയല്ല എന്നും ആദമിന്റെ അസ്ൽ ഇന്ന് കാണുന്ന മനുഷ്യരൂപത്തിൽ തന്നെയാണ് എന്നും വിശ്വസിക്കൽ ഒരു മുസ്ലിമിന്ന് നിർബന്ധമാണ്. അല്ലാതെ ആദമിന്റെ ഉല്പത്തി കുരങ്ങിൽ നിന്നല്ല, മറിച്ച് ആദം- ശരിയായ നാം കാണുന്ന ഈ ശരീരഘടനയിൽ തന്നെയാണ് സൃഷ്ടിക്കപ്പെട്ടത്.
മനുഷ്യന്റെ ഉല്പത്തി കുരങ്ങിൽ നിന്നാണ് എന്ന ഈ വാദം തികച്ചും തെറ്റായ വ്യാജമായ ഒരു വാദമാണ്, ഈ വാദത്തിൽ വിശ്വസിക്കുന്ന വ്യക്തി കാഫിർ ആണ് എന്ന് പറഞ്ഞാൽ അത് പരിഗണന അർഹിക്കുന്ന ഒരു പ്രസ്താവന തന്നെയാണ്. ദീനിൽ -ഈ വിഷയത്തെ പറ്റി- അറിയിച്ചിട്ടുള്ളത് എന്താണ് എന്നറിഞ്ഞിട്ടും ഈ വാദം -വിശ്വസിക്കുകയും- പറയുകയും ചെയ്യുന്നവൻ കാഫിറാണ്. കാരണം അവൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും കളവാക്കുകയാണ്.❞
വിവ: അബൂ ഈസ وفقه الله
Add a Comment