എല്ലാ ദിവസവും നമസ്ക്കാരത്തിന് ശേഷം കൂട്ടപ്രാർത്ഥന ചെയ്യുന്നതിന്റെ വിധി എന്താണ്?
ശൈഖ് ഇബ്നു ഉസൈ’മീൻ റഹിമഹുല്ലാഹ് നൽകുന്ന മറുപടി:
❝അതിന്റെ വിധി- ‘ബിദ്അത്ത്’ ആണ്. നിരോധിക്കപ്പെട്ടതാണ്.
കാരണം, റസൂൽ ﷺ പറഞ്ഞു: “നിങ്ങൾ എന്റെ ചര്യ പിന്തുടരുക, എന്റെ ശേഷമുള്ള ഖുലഫാഉറാഷിദുകളുടെ ചര്യയും (പിന്തുടരുക).” പുതുതായി ഉണ്ടാകുന്ന കാര്യങ്ങൾ സൂക്ഷിക്കുക .
“നിശ്ചയമായും എല്ലാ പുതുതായി ഉണ്ടാക്കുന്ന കാര്യങ്ങളും ബിദ്അത്താണ്. എല്ലാ ബിദ്അത്തും വഴികേടിലാണ്.” അതിനാൽ അത് നിരോധിക്കപ്പെട്ടതാണ്.
ഈ ആളുകളോട് പറഞ്ഞിട്ടുണ്ട്, നമ്മൾ സുന്നത്തിനെ പിന്തുടരുന്നവരാണ്, ബിദ്അത്തുകാരല്ല.
റസൂൽ ﷺ യോ അവിടുത്തെ സഹാബത്തോ എപ്പോഴെങ്കിലും അത് ചെയ്തിട്ടുണ്ടോ? ഖുലഫാഉറാഷിദുകൾ അത് ചെയ്തിട്ടുണ്ടോ?
സ്വഹാബത്ത് അത് ചെയ്തിട്ടുണ്ടോ?
ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നിഷേധമാണ് (ഇല്ല എന്നാണ്), ഒരു സംശയവും ഇല്ല.
അതിനാൽ ഫർള് നമസ്കാരങ്ങൾക്ക് ശേഷമുള്ള കൂട്ടപ്രാർത്ഥന നിരോധിക്കപ്പെട്ടതാണ്.
ഫർള് നമസ്ക്കാരങ്ങൾക്ക് ശേഷം എന്താണ് നാം ചെയ്യേണ്ടത് എന്ന് അല്ലാഹു വിവരിച്ചിട്ടുണ്ട്.
അല്ലാഹു പറഞ്ഞു:
فَإِذَا قَضَيۡتُمُ ٱلصَّلَوٰةَ فَٱذۡكُرُواْ ٱللَّهَ قِيَٰمٗا وَقُعُودٗا وَعَلَىٰ جُنُوبِكُمۡ
“അങ്ങനെ നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ നിങ്ങൾ നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ ഓർമ്മിക്കുക (ദിക്റ് ചെയ്യുക).”
(സൂറതുന്നിസാഅ് – 103)
ഇതാണ് നിയമമാക്കപ്പെട്ടത്. ഒരാൾ ദുആ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ സലാം വീട്ടുന്നതിന് മുൻപ് ചെയ്യട്ടെ, നമ്മൾ അല്ലാഹുവിൽ നിന്ന് വേർപിരിയുന്നതിനു മുൻപ്.
കാരണം, സമസ്കരിക്കുന്ന സമയത്തെല്ലാം ഒരാൾ റബ്ബിനോടുള്ള രഹസ്യ സംഭാഷണത്തിലാണ്. അങ്ങനെ അവൻ സലാം വീട്ടിയാൽ അല്ലാഹുവുമായുള്ള സംസാരം അവസാനിക്കുന്നു.
അതിനാൽ ഒരാൾക്ക് ദുആ ചെയ്യാൻ ഏറ്റവും അനുയോജ്യമായത് അല്ലാഹുവുമായി രഹസ്യ സംഭാഷണത്തിലാവുമ്പോഴാണോ അതോ അതിനു ശേഷമാണോ?
ഒരു സംശയവുമില്ല, ദുആ ചെയ്യാൻ ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവുമായുള്ള രഹസ്യ സംഭാഷണത്തിൽ നിന്ന് വേർപിരിയുന്നതിനു മുൻപാണ്.
പിന്നീട് റസൂൽ ﷺ നമ്മോട് തശഹ്ഹുദിനെക്കുറിച്ച് പഠിപ്പിക്കുന്ന സന്ദർബത്തിൽ പറഞ്ഞു: “പിന്നീട് നിങ്ങൾ ആഗ്രഹിക്കുന്ന ദുആ ചെയ്യുക.”
ദുആ ചെയ്യാൻ നിർദ്ദേശിച്ചത് സലാം വീട്ടുന്നതിന് മുമ്പാണ്. എന്നാൽ സലാം വീട്ടിക്കഴിഞ്ഞാൽ ദിക്റിന്റെ സമയമാണ്, അല്ലാഹു പറഞ്ഞതു പോലെ.
“അങ്ങനെ നമസ്കാരം നിർവ്വഹിച്ചു കഴിഞ്ഞാൽ നിങ്ങൾ നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ ഓർമ്മിക്കുക(ദിക്റ് ചെയ്യുക).”
(സൂറതുന്നിസാഅ് -103)
അതുപോലെ തന്നെ, ദുആ- സലാം വീട്ടിയതിനു ശേഷം ചെയ്യാൻ സുന്നത്തിൽ സ്ഥിരപ്പെട്ടിട്ടുമില്ല.
ഫർള് നമസ്കാരത്തിനു ശേഷമാകട്ടെ അതല്ല സുന്നത്ത് നമസ്കാരത്തിനു ശേഷമാകട്ടെ, കൂട്ടമായിട്ടോ ഒറ്റക്കോ അയാലും (സ്ഥിരപ്പെട്ടിട്ടില്ല).❞
Add a Comment