ശൈഖ് ഇബ്നു ഉസൈമീൻ رحمه الله :
❝ അല്ലാഹുവോ അവന്റെ റസൂലോ അല്ലാഹുവിനെ എന്ത് പേരു വിളിച്ചുവോ എന്ത് വിശേഷിപ്പിച്ചോ അവയെ വ്യാഖ്യാനമോ, നിരാകരണമോ, രൂപസങ്കൽപ്പമോ, സാദൃശ്യപ്പെടുത്തലോ കൂടാതെ വിശ്വസിക്കുക എന്നത് ഒരു മുസ്ലിമിന് നിർബന്ധമാകുന്നു.
അല്ലാഹുവിന്റെ നാമവിശേഷണങ്ങളുടെ കാര്യത്തിൽ ‘തഹ്രീഫ്’ (പ്രമാണങ്ങൾക്ക് മാറ്റം വരുത്തുക), ‘തഅ്തീൽ’ (പൂർണ്ണമായോ ഭാഗികമായോ നിഷേധിക്കുക), ‘തക്യീഫ്’ (നിശ്ചിത രൂപം നൽകുകയോ ചിത്രീകരിക്കുകയോ ചെയ്യുക), അത് പോലെ ‘തംഥീൽ’ (മറ്റൊന്നുമായി ഉപമിക്കുക) എന്നീ ഗുരുതരമായ കാര്യങ്ങളിൽ നിന്ന് നമ്മുടെ വിശ്വാസത്തെ അകറ്റി നിർത്തേണ്ടതുണ്ട്.
അതുപോലെ തന്നെ ഒരു മുസ്ലിം അല്ലാഹുവിന്റെ നാമവിശേഷണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ‘എന്തിന്?’, ‘എങ്ങനെ?’ എന്നീ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്നും അകന്നു നിൽക്കണം.
അതുപോലെ തന്നെ അല്ലാഹു വിന്റെ (സ്വിഫതിന്റെ രൂപം) ‘എങ്ങനെയായിരിക്കും’ എന്ന ആലോചനയിൽ നിന്നും ഒരു മുസ്ലിം നിർബന്ധമായും സ്വയം തടയണം. ഈ ഒരു മാർഗ്ഗം ഒരാൾ സ്വീകരിക്കുകയാണെങ്കിൽ അവന്ന് അത് സമാധാനവും ആശ്വാസവും നൽകും.
സലഫുകൾ ഇപ്രകാരമായിരുന്നു.
ഇമാം മാലികിന്റെ അടുത്ത് ഒരാൾ വന്ന് ചോദിച്ചു: “അല്ലയോ അബൂ അബ്ദില്ലാഹ്, അല്ലാഹു അർശ്ശിന്മേൽ ‘ഇസ്തിവാ’ (ഉപരിയിലാവുക) ചെയ്തിരിക്കുന്നു, എങ്ങനെയാണത്.? ”
ഇമാം മാലിക് റഹിമഹുല്ലാഹ് പറഞ്ഞു: ” ‘ഇസ്തിവാ’- എന്നാൽ എന്താണെന്ന് നമുക്കറിയാവുന്നതാണ്, അതിന്റെ രൂപം എങ്ങനെ എന്നത് നമുക്കജ്ഞാതമാണ്, അതിലുള്ള വിശ്വാസം നിർബന്ധമാണ്. ‘അത് എങ്ങനെ’ എന്നുള്ള ചോദ്യം ബിദ്അത്താണ്, നീ ഒരു മുബ്തദിഅ് (ബിദ്അത്തുകാരൻ) അല്ലാതെ മറ്റൊന്നുമല്ല.”
പല സ്ഥലങ്ങളിലും പല സമയങ്ങളിലാണ് രാത്രി എന്നതിനാൽ അല്ലാഹു രാത്രിയുടെ അവസാനത്തിൽ
ആകാശത്തേക്ക് ഇറങ്ങുകയാണെങ്കിൽ രാത്രി മുഴുവൻ അല്ലാഹു ആകാശത്ത് തന്നെ ആയിരിക്കില്ലേ എന്ന്
ചോദിക്കുന്നവനോട് നമുക്കുള്ള മറുപടി ഇപ്രകാരമണ്: ഇങ്ങനെ ഒരു ചോദ്യം സ്വഹാബത്ത്
ചോദിച്ചിട്ടില്ല, ഒരു മുഅ്മിനിന്റെ മനസ്സിൽ തോന്നിയേക്കാവുന്ന ഒരു ചോദ്യമായിരുന്നു ഇതെങ്കിൽ
അല്ലാഹുവോ അവന്റെ റസൂലോ ഇത് നമുക്ക് വിവരിച്ചു നൽകുമായിരുന്നു. അതിനാൽ എപ്പോഴാണോ ഇവിടെ
രാത്രിയുടെ അന്ത്യയാമം അപ്പോൾ ഇവിടെ അല്ലാഹുവിന്റെ ‘നുസൂൽ’ (ഇറക്കം) സംഭവിക്കും, എപ്പോഴാണോ രാത്രി അവസാനിക്കുന്നത് അപ്പോൾ ‘നുസൂൽ’ അവസാനിക്കും.
അലാഹുവിന്റെ ‘നുസൂൽ’ എങ്ങനെയാണെന്ന് നമുക്കറിയില്ല, പക്ഷേ അല്ലാഹുവിന്ന് തുല്യമായി
യാതൊന്നുമില്ല എന്ന് നമുക്കറിയാം. “ഞങ്ങൾ കേട്ടിരിക്കുന്നു, വിശ്വസിച്ചിരിക്കുന്നു, പിൻപറ്റിയിരിക്കുന്നു” എന്ന് പറയലാണ് നമ്മുടെ കർതവ്യം.❞
📚 ഫതാവാ അർകാനുൽ ഇസ്ലാം, പേജ് 93-95.
✒️ അബൂ ഈസ.
Add a Comment