അല്ലാഹു മാത്രമാണ് ആരാധനക്കർഹൻ അവനല്ലാത്ത ഒന്നിനെയും, അത് -വ്യക്തികളാവട്ടെ, വസ്തുക്കളാവട്ടെ- ആരാധിക്കാൻ പാടില്ല എന്നതാണ് തൗഹീദ് കൊണ്ടുള്ള വിവക്ഷ. ഇതാണ് ഒരു മനുഷ്യൻ ആദ്യം പഠിക്കേണ്ടതും, ഉൾക്കൊള്ളേണ്ടതും. ഇതിന് ശേഷമാണ് ബാക്കിയുള്ളതെല്ലാം പഠിച്ചു തുടങ്ങേണ്ടത്. കാരണം; ബാക്കിയുള്ള മുഴുവൻ കർമ്മങ്ങളും ശരിയാവാനുള്ള മാനദണ്ഡം തൗഹീദാണ്. തൗഹീദിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ മാത്രമേ ഒരടിമയിൽ നിന്നും അല്ലാഹു സ്വീകരിക്കുകയുള്ളൂ!
അല്ലാഹുവിന്റെ അംബിയാക്കൾ മുഴുവനും അവരുടെ ദഅ്’വത്ത് ആരംഭിച്ചത് തൗഹീദ് പറഞ്ഞു കൊണ്ടായിരുന്നു എന്ന് അല്ലാഹു റബ്ബുൽ ആലമീൻ അറിയിച്ചതായി കാണാം.
നബിമാരുടെ സമൂഹത്തിലാവട്ടെ അവർ നിയോഗിക്കപ്പെടുന്ന സന്ദർഭത്തിൽ മറ്റനേകം തിന്മകളും, തോന്നിവാസങ്ങളും നടമാടിയിരുന്നു; എന്നിട്ടും അവർ ആരംഭിച്ചത് തൗഹീദ് കൊണ്ടും, ശിർക്കിൽ നിന്ന് താക്കീത് ചെയ്തു കൊണ്ടുമാണ് എന്നത് നാം ഓർക്കണം.
കാരണം; ആദ്യം അല്ലാഹു ആരാണെന്നും അവനെന്തിനാണ് നമ്മെ പടച്ചതെന്നും മനസ്സിലാക്കിയാലല്ലേ ജീവിതലക്ഷ്യത്തെ കുറിച്ച് ബോധമുണ്ടാവുകയുള്ളൂ! അപ്പോഴല്ലേ, ഒരുവന് തിന്മകളിൽ നിന്ന് വിട്ടുനിൽക്കാനും, നന്മകൾ പ്രവർത്തിക്കാനും കൽപ്പിക്കപ്പെടുന്നതിന്റെ ഉദ്ദേശം ഉൾക്കൊള്ളാൻ സാധിക്കുകയുള്ളൂ!
അന്തിമപ്രവാചകനായ നമ്മുടെ റസൂൽ മുഹമ്മദ് മുസ്ത്വഫാ ﷺ യും ഇത് പറഞ്ഞു കൊണ്ടാണ് അവിടുത്തെ ദഅ്’വത്ത് ആരംഭിച്ചത്. അവിടുത്തെ പ്രബോധനം മുഴുവൻ തൗഹീദായിരുന്നു. വഫാത്താവുന്ന നേരത്ത് പോലും തൗഹീദിനെക്കുറിച്ചും, അതിനെതിരായ ശിർക്കിനെ കുറിച്ചും ഉമ്മത്തിനെ ഓർമ്മിപ്പിക്കാൻ അവിടുന്ന് വിട്ടുപോയിട്ടില്ല.
അല്ലാഹുവിന്റെ റസൂൽ ﷺ നമ്മിൽ നിന്നും വിടപറഞ്ഞു പോയിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. ഇനി ഒരു നബിയോ, റസൂലോ വരാനുമില്ല. ഇസ്ലാം ദീൻ നബി ﷺ യിലൂടെ അല്ലാഹു പൂർത്തിയാക്കിയിരിക്കുന്നു. ഖിയാമത്ത് നാൾ വരെയുള്ള എല്ലാ ജനങ്ങൾക്കും ഈ ദീനിൽ വിശ്വസിക്കൽ നിർബന്ധമാണ്. അല്ലാതെ, പരലോകത്ത് രക്ഷപ്പെടാൻ സാധ്യമല്ല.
ഓരോ ദിവസവും, പുതിയ പുതിയ ദുർന്യായങ്ങളും, ദുർവ്യാഖ്യാനങ്ങളുമായി ശിർക്കിന്റെ ആളുകൾ രംഗപ്രവേശനം ചെയ്യുന്ന ഈ കാലഘട്ടത്തിൽ തൗഹീദ് ആവർത്തിച്ചു പഠിച്ചു കൊണ്ടേയിരിക്കുക എന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. കാരണം; തൗഹീദിൽ നിന്ന് ജനങ്ങൾ തെറ്റിപ്പോവുക എന്നത് വളരെ എളുപ്പത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യമാണ്.
മൂസാ നബി عَلَيْهِ السَّلَامُ- നാൽപത് ദിവസം അദ്ദേഹത്തിന്റെ സമൂഹത്തിൽ നിന്ന് മാറി നിൽക്കുകയുണ്ടായി. അല്ലാഹുവിന്റെ കൽപന പ്രകാരം തൗറാത്ത് വാങ്ങാൻ വേണ്ടിയാണ് അദ്ദേഹം പോയത്. അവരുടെ അടുക്കൽ സഹോദരനായ ഹാറൂൻ നബി -عَلَيْهِ السَّلَامُ- യെ നിർത്തികൊണ്ടാണ് അദ്ദേഹം പോവുന്നത്. എന്നാൽ, മൂസാ നബി -عَلَيْهِ السَّلَامُ- തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച എന്തായിരുന്നു? എത്രയോ ദൃഷ്ടാന്തങ്ങൾ നേരിട്ട് കണ്ട, ഫിർഔനിൽ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയ, രാവിലെയും വൈകുന്നേരവും ആകാശത്തു നിന്ന് വിശിഷ്ടഭക്ഷണമായ -മന്നയും സൽവയും- അല്ലാഹു ഇറക്കിക്കൊടുത്ത, തൗഹീദ് പഠിപ്പിക്കപ്പെട്ട ആ ജനങ്ങൾ അതാ സാമിരി ഏർപ്പെടുത്തിയ ഒരു പശുക്കുട്ടിയെ ആരാധിക്കുകയും, അതിന് ചുറ്റും ഭജനമിരിക്കുകയും ചെയ്തിരിക്കുന്നു, സുബ്ഹാനല്ലാഹ്!
ഞങ്ങളാണ് പാരമ്പര്യ സുന്നത്ത് ജമാഅത്ത് എന്നവകാശപ്പെടുന്ന നമ്മുടെ നാട്ടിലെ വലിയ വിഭാഗത്തിന്റെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ, അംബിയാക്കളെയും, ഔലിയാക്കളെയും ഇസ്തിഗാസ എന്ന ഓമനപ്പേരിട്ടുകൊണ്ട് വിളിച്ചു പ്രാർത്ഥിക്കുന്നു.
ഖബർ സിയാറത്ത് എന്ന പേരിൽ ജാറങ്ങളെയും, ദർഗ്ഗകളെയും ആരാധിക്കുന്നു. അവിടെ പോയി തൊണ്ടയിടറിയ ശബ്ദവുമായി കണ്ണീരൊലിപ്പിച്ചു കൊണ്ട് അവിടെ മറമാടപ്പെട്ട മഹാനാണ് എന്ന് പറയപ്പെടുന്ന ആളെ നേരിട്ട് വിളിച്ചു തേടുന്നു. അവിടെ നേർച്ചയും, വഴിപാടും അർപ്പിക്കുന്നു.
അവിടെ ജാറത്തിൽ വെച്ച് സുജൂദും, ത്വവാഫും ചെയ്യുന്നു. എത്രത്തോളം, ദർഗ്ഗയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ പിൻഭാഗം കൊണ്ട് ശൈഖിനെ അഭിമുഖീകരിക്കലാവുമോ എന്ന് ഭയന്ന് കൊണ്ട് കയറിയത് പോലെ തിരിച്ചിറങ്ങുന്നത് പോലും നമുക്ക് കാണാൻ സാധിക്കും.
അല്ലാഹുവിന്റെ മസ്ജിദിലോ, അവന്റെ മുന്നിൽ നിന്ന് നിസ്കരിക്കുമ്പോഴോ ഇല്ലാത്ത വിനയവും, താഴ്മയും ഭക്തിയും മറമാടപ്പെട്ട വലിയ്യിന്റെ ജാറത്തിനു മുന്നിൽ പ്രകടിപ്പിക്കുകയാണ്. ഇതാണോ അല്ലാഹുവിന്റെ റസൂൽ ﷺ പഠിപ്പിച്ച ഖബ്ർ സിയാറത്ത്? മരണത്തെ കുറിച്ച് ഓർമ്മയുണ്ടാവാനും, പരലോക ചിന്തയുണ്ടാവാനും വേണ്ടിയല്ലേ അവിടുന്ന് ഈ ദീനിൽ ഖബ്ർ സിയാറത്ത് സുന്നത്താക്കിയത്, അല്ലാഹുവിൽ അഭയം!
ഖേദകരം എന്ന് പറയട്ടെ, ഈ കടുത്ത ശിർക്കിനുള്ള തെളിവുകൾ ചികഞ്ഞന്വേഷിക്കുകയും, ഏതെങ്കിലും സ്വപ്നക്കഥയോ, ദുർബലമായ വല്ല വാറോലകളോ എടുത്തുദ്ധരിക്കുകയും, പാവപ്പെട്ട ജനങ്ങളെ പറ്റിക്കുകയും ചെയ്യുന്ന എത്രയെത്ര പണ്ഡിതവേഷധാരികളാണ് നമ്മുടെ നാട്ടിലുള്ളത്, അവരുടെ കരവലയത്തിൽ പെട്ടുപോയ സാധുക്കളായ എത്രയെത്ര ജനങ്ങളാണ് നമുക്ക് ചുറ്റും ജീവിക്കുന്നത്!
അതിനാൽ, ഇതിനിടയിൽ ജീവിക്കുന്ന ഒരു മുസ്ലിം ഏത് നേരത്തും ജാഗ്രത കൈക്കൊള്ളേണ്ടതാണ്.
തൗഹീദിന്റെ ഇമാമായ മഹാനായ ഇബ്റാഹീം -عَلَيْهِ السَّلَامُ- അല്ലാഹുവിനോട് ദുആ ചെയ്തത് നിങ്ങൾ കേട്ടിട്ടില്ലേ? അല്ലാഹു പറയുന്നു:
﴿وَإِذۡ قَالَ إِبۡرَ ٰهِیمُ رَبِّ ٱجۡعَلۡ هَـٰذَا ٱلۡبَلَدَ ءَامِنࣰا وَٱجۡنُبۡنِی وَبَنِیَّ أَن نَّعۡبُدَ ٱلۡأَصۡنَامَ﴾
“ഇബ്റാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: എന്റെ റബ്ബേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.”
(ഇബ്റാഹീം:35)
എത്ര മാതൃകായോഗ്യമായ പ്രാർത്ഥനയാണ്. മാത്രമല്ല, ആരാണ് ഇത് പ്രാർത്ഥിക്കുന്നത് എന്ന് കൂടി നാം ആലോചിക്കണം. ഖലീലുല്ലാഹി ഇബ്റാഹീം -عَلَيْهِ السَّلَامُ- ആണ്.
ഈ ആയത്തിന്റെ തഫ്സീറിൽ ഇമാം ഇബ്നു കഥീർ -رَحِمَهُ اللَّهُ- പറഞ്ഞതായി കാണാം:
“يَنْبَغِي لِكُلِّ دَاعٍ أَنْ يَدْعُوَ لِنَفْسِهِ وَلِوَالِدَيْهِ وَلِذُرِّيَّتِهِ”
“തനിക്കും, തന്റെ മാതാപിതാക്കൾക്കും, സന്താനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുക എന്നത് ഓരോ പ്രബോധകന്റെ മേലും നിർബന്ധമാണ്.”
മഹാനായ ഇമാം ഇബ്റാഹീം അത്തൈമീ -رَحِمَهُ اللَّهُ- പറഞ്ഞതായി കാണാം: “ഇബ്റാഹീം -عَلَيْهِ السَّلَامُ- ന് ശേഷം ആർക്കാണ് (ശിർക്ക്) എന്ന ഈ ഫിത്നയിൽ നിന്ന് നിർഭയനായിരിക്കാൻ സാധിക്കുക?”
അത് കൊണ്ട് ദിനേന തൗഹീദ് പഠിച്ചു കൊണ്ടേയിരിക്കുക. അതോടൊപ്പം, തൗഹീദിൽ ഉറപ്പിച്ചു നിർത്താനും, അതിലായി മരിപ്പിക്കാനും അല്ലാഹുവിനോട് ധാരാളമായി ചോദിക്കുകയും ചെയ്യുക. അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകുമാറാവട്ടെ, ആമീൻ.
✍ സഈദ് ബിൻ അബ്ദിസ്സലാം
Join: http://t.me/khidmathussunnah
Add a Comment