ചോദ്യം:
മൂന്ന് പള്ളികളിലല്ലാതെ ഇഅ്തികാഫ് പാടില്ല എന്ന അർത്ഥത്തിൽ ഒരു ഹദീസ് കാണുകയുണ്ടായി. എന്നാൽ ഇതിനു വിരുദ്ധമായാണ് ഫിഖ്ഹിന്റെ കിതാബുകളിൽ കാണുന്നത്. എന്താണ് ഇതിന്റെ കാരണം?
ശൈഖ് ഇബ്നു ഉതയ്മീൻ (رحمه الله) നൽകുന്ന മറുപടി:
“ഹുദൈഫ رضي الله عنه ഉദ്ധരിക്കുന്ന ഹദീസാണ് ചോദ്യത്തിൽ പറഞ്ഞിരിക്കുന്നത്. അദ്ദഹം ഖൂഫയിൽ തന്റെ വീടിനും ഇബ്നു മസ്ഊദ്رضي الله عنه ന്റെ വീടിനും ഇടയിൽ ഒരു പള്ളിയിൽ ജനങ്ങൾ ഇഅ്തികാഫ് ഇരിക്കുന്നത് കണ്ടു.
അപ്പോൾ അദ്ദേഹം ഇബ്നു മസ്ഊദ് رضي الله عنه നോട് പറഞ്ഞു: ”ആളുകൾ (ഈ പള്ളിയിൽ) ഇഅ്തികാഫ് ഇരിക്കുന്നതായി ഞാൻ കണ്ടു. എന്നാൽ റസൂൽ ﷺ പറഞ്ഞിട്ടുണ്ടല്ലോ മൂന്ന് പള്ളികളിലല്ലാതെ ഇഅ്തികാഫ് ഇല്ല. മസ്ജിദുൽ ഹറാം, എന്റെ പള്ളി, പിന്നെ മസ്ജിദുൽ അഖ്സയും.?”
അപ്പോൾ ഇബ്നു മസ്ഊദ് അദ്ദേഹത്തോട് പറഞ്ഞു: “ഒരു പക്ഷെ അവർ ചെയ്തത് ശരിയും താങ്കളുടെ അഭിപ്രായം തെറ്റുമായേക്കാം. അവർ ഹദീസ് ഓർത്തു വെക്കുകയും താങ്കൾ മറന്നു പോയതും അയേക്കാം”.
ഇവിടെ ഇബ്നു മസ്ഊദ് رضي الله عنه ഹുദൈഫ رضي الله عنه യുടെ വാക്കിനേക്കാൾ അവരുടെ പ്രവർത്തിയെ ശരിവെച്ചതായാണ് മനസ്സിലാകുന്നത്.
ഈ ഹദീസ് നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്. കാരണം..
وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِد
..എന്ന ആയത്തിന്റെ പൊതു താൽപര്യത്തിനു എതിരാണ് ഈ ഹദീസ്.
അവിടെ (ആയത്തിൽ) പള്ളികൾ എന്ന് പൊതുവായിട്ടാണ് പറഞ്ഞത്. ഒരു പള്ളിയേയും വിശേഷിപ്പിച്ചു പറഞ്ഞിട്ടില്ല.
ഇനി ഈ ഹദീസ് ശരിയാണെന്ന് വെച്ചാൽ തന്നെ അതിന്റെ ഉദ്ദേശം പൂർണ്ണ അർത്ഥത്തിലുള്ള ഇഅ്തികാഫ് ഈ മൂന്ന് പള്ളികളിലേതാണ് എന്നുമായിരിക്കാം.
നമ്മുടെ അഭിപ്രായം ഇഅ്തികാഫ് എല്ലാ പള്ളികളിലും ശരിയാവുമെന്നാണ്. മൂന്നു പള്ളികളിലായായും അല്ലെങ്കിലും. നബി ﷺ ചെയ്തതു പോലെ റമളാനിന്റെ അവസാന പത്തിലാണ് അത് ചെയ്യേണ്ടത്.
ചില പണ്ഡിതന്മാർ പള്ളിയിൽ കയറുമ്പോളെല്ലാം ഇഅ്തികാഫ് നിയ്യത്ത് വെക്കാം എന്ന് പറഞ്ഞതായി കാണാം. എന്നാൽ അതു ശരിയല്ല. അത് ബിദ്അത്താണ്. അത് നബി ﷺ യിൽ നിന്നോ സഹാബത്തിൽ നിന്നോ സ്ഥിരപ്പെട്ടിട്ടില്ല. അത് ദീനിൽ പെട്ടതായിരുന്നെങ്കിൽ നബി ﷺ അതിലേക്ക് വഴി കാണിക്കുമായിരുന്നു.
വെള്ളിയാഴ്ച്ച അതിരാവിലെ പള്ളിയിലേക്ക് പുറപ്പെടുന്നവനെ കുറിച്ചിതാ അവിടുന്ന് പറയുന്നു: “ആരാണോ കുളിച്ച് ആദ്യ സമയത്ത് തന്നെ പള്ളിയിൽ എത്തിയത് അവന് ഒരു ഒട്ടകത്തെ ബലിയറുത്ത പ്രതിഫലമുണ്ട്.” ഈ ഹദീസിലും ഇഅ്തികാഫിനെ കുറിച്ച് പറയുന്നില്ല.
ശരിയായ അഭിപ്രായം നബി ﷺ ചെയ്തതു പോലെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കുക എന്നതാണ്.”
🌐 http://zadgroup.net/bnothemen/
Add a Comment