മദീനയിലെ അഹ്’ലു സ്സുന്നയുടെ ഒരു പണ്ഡിതനായ ശൈഖ് സുലൈമാൻ അർറുഹൈലി ഹഫിദഹുല്ലാഹ് നൽകുന്ന ഉപദേശം:-
❝ഓരോ മനുഷ്യന്റെയും ജീവിതത്തിൽ അഭിവാജ്യമായി ഉണ്ടാകുന്ന ഒന്നാണ് കച്ചവടത്തിൽ ഏർപ്പെടുക എന്നത്.
ജീവിതത്തിൽ ഒരിക്കലെങ്കിലും വിൽക്കുകയോ വാങ്ങുകയോ ചെയ്യാതെ മരണപ്പെട്ടു പോവുക എന്നത് ഇവിടെ ജീവിക്കുന്ന ഒരാൾക്ക് അസാധ്യമായ ഒന്നാണ്.
അത്കൊണ്ട് അത്തരം ഇടപാടുകൾ നടത്തുമ്പോൾ സംഭവിച്ചേക്കാവുന്ന തെറ്റുകളിൽ നിന്ന് ഒരു മുസ്ലിം മാറി നിൽക്കണം. അങ്ങനെ ശ്രദ്ധയോടെ മാറി നിൽക്കാൻ അവൻ ഏർപ്പെട്ടിരിക്കുന്ന കച്ചവടത്തിന്റെ വിധിവിലക്കുകൾ അറിഞ്ഞിരിക്കുക എന്നത് അവന് നിർബന്ധമായ കാര്യമാണ്.
വിൽപ്പനക്കാരനെ സംബന്ധിച്ചിടത്തോളം അവൻ വിൽക്കുന്ന സാധനങ്ങളെ കുറിച്ച് കൃത്യമായ ധാരണ അവന് ഉണ്ടാകേണ്ടതുണ്ട്. ഒരിക്കലും ഹറാമായ ഒരു വസ്തു അവൻ വിൽക്കാൻ പാടുള്ളതല്ല. അങ്ങനെ ഹറാമായ വസ്തുക്കൾ വിറ്റു, അത്കൊണ്ട് ഭക്ഷിക്കുക എന്നത് നിഷിദ്ധമാകുന്നു.
നബി ﷺ പറഞ്ഞു:
” قَاتَلَ اللَّهُ يَهُودَ ؛ حُرِّمَتْ عَلَيْهِمُ الشُّحُومُ، فَبَاعُوهَا وَأَكَلُوا أَثْمَانَهَا “.
“യഹൂദികളെ അല്ലാഹു നശിപ്പിക്കട്ടെ. അവർക്ക് കൊഴുപ്പ് നിഷിദ്ധമാക്കപ്പെട്ടു. അപ്പോൾ അവർ അത് വിൽക്കുകയും അതിൽ നിന്ന് ഭക്ഷിക്കുകകയും ചെയ്തു!.”
അപ്പോൾ ഏതൊരു വസ്തുവാണോ നമുക്ക് ഹറാമാക്കപ്പെട്ടിട്ടുള്ളത്, അത് വിൽക്കുകയോ അതിൽ നിന്ന് ഭക്ഷിക്കുകയോ ചെയ്യുക എന്നത് നമുക്ക് അനുവദനീയമല്ല.
എത്രയെത്ര മുസ്ലിം കച്ചവടക്കാരാണ്.. അല്ലാഹു അവർക്ക് ഹിദായത്ത് നൽകട്ടെ,. അവർ ലഹരി വസ്തുക്കൾ വരെ വിൽക്കുകയും അതിൽ നിന്ന് ഭക്ഷിക്കുകയും ചെയ്യുന്നു!
ഹറാം തിന്നു വളർന്ന ശരീരത്തിന് നരകത്തിലേക്കാണ് പോകേണ്ടി വരിക എന്നത് അവൻ മറന്നുപോയോ!!?
നബി ﷺ പറഞ്ഞ വാക്കുകളേക്കാൾ ഗൗരവമായ മറ്റൊരു വാക്ക് അവനോട് നമുക്ക് പറയാനില്ല. “എങ്ങനെയാണ് അവന്റെ പ്രാർത്ഥന സ്വീകരിക്കപെടുക? അവന്റെ വസ്ത്രം നിഷിദ്ധമായതാണ്. ഭക്ഷണവും, പാനീയവും നിഷിദ്ധമായതാണ്; അല്ല, അവൻ ഹറാമിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്!!”
പിന്നീട് വിൽപനക്കാരൻ ശ്രദ്ധിക്കേണ്ടത് അടിസ്ഥാനപരമായി അനുവദിക്കപ്പെട്ട ഒരു വസ്തു, അത് വാങ്ങുന്നയാൾ തികച്ചും നിഷിദ്ധമായ ഒരു കാര്യത്തിനാണ് ഉപയോഗിക്കുക എന്ന് വ്യക്തമായാൽ പിന്നീട് അയാൾക്ക് അത് വിൽപന നടത്തുവാൻ പാടില്ല.
ഉദാഹരണം ‘ഷേവിങ്ങ് സെറ്റ്’; അത് വാങ്ങുന്നയാൾ താടിവടിക്കാനാണ് ഉപയോഗിക്കുക എന്ന് വ്യക്തമായി മനസ്സിലായാൽ അയാൾക്ക് അത് വില്പന നടത്തിക്കൂടാ. എന്നാൽ വാങ്ങുന്നയാളുടെ ഉദ്ദേശം വ്യക്തമല്ലാത്ത സന്ദർഭത്തിൽ അത്തരം വസ്തുക്കൾ വില്പന നടത്താവുന്നതാണ്. കാരണം ആ വസ്തുവിന്റെ അടിസ്ഥാനം അത് അനുവദനീയമാണ് എന്നതാണ്. ഒരാൾക്ക് അനുവദനീയമായ ഉപകാരം അതിലുണ്ട്.
മറ്റൊരു ഉദാഹരണമാണ് പഴക്കച്ചവടം.
കച്ചവടം ചെയ്യുന്ന ഒരാൾക്ക് അയാളിൽ നിന്ന് മുന്തിരി വാങ്ങുന്ന ഉപഭോക്താവ് അത് വൈൻ(കള്ള്) ഉണ്ടാക്കാനാണ് എന്ന് ഉറപ്പായാൽ അയാൾക്ക് അത് വിൽക്കാൻ പാടുള്ളതല്ല. എന്നാൽ ഇവിടെയും വാങ്ങുന്നയാളുടെ ഉദ്ദേശം വ്യക്തമല്ലെങ്കിൽ അയാൾക്ക് അത് വിൽക്കാവുന്നതാണ്. കാരണം മുന്തിരി എന്നത് പന്നിയിറച്ചി, സംഗീതോപകരണം തുടങ്ങിയത് പോലെ അടിസ്ഥാനപരമായി നിഷിദ്ധമായ ഒരു വസ്തുവല്ല. മുന്തിരി ഒരാൾക്ക് ഭക്ഷിക്കുകയോ, ജ്യൂസ് അടിച്ചു കുടിക്കുകയോ ചെയ്യാവുന്നതാണല്ലോ.
അപ്പോൾ ഇവിടെ ഒരു വസ്തുവിന് അനുവദിക്കപ്പെട്ടതും, നിഷിദ്ധമാക്കപ്പെട്ടതുമായ ഉപയോഗം ഉണ്ടാകുക എന്നവസ്ഥയിൽ മുകളിൽ സൂചിപ്പിച്ച പോലെ കൃത്യമായി ദീനിൽ നിഷിദ്ധമായ ഒരു കാര്യത്തിനാണ് അയാൾ ഇത് ഉപയോഗിക്കുക എന്ന് വ്യക്തമായാൽ അയാൾക്ക് അപ്പോൾ വിൽപന നടത്താൻ പാടില്ല. എന്നാൽ അതേ വസ്തു അനുവദനീയമായ ഒരു കാര്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ഒരാൾ വരികയോ അല്ലെങ്കിൽ വാങ്ങുന്നയാളുടെ ഉദ്ദേശം വ്യക്തമല്ലാതിരിക്കുന്ന സന്ദർഭത്തിലോ വിൽപ്പനക്കാരന് അവർക്ക് വിൽപന നടത്താവുന്നതാണ്.❞
هذا والله تعالى وأعلى أعلم بالصواب وصلى الله على نبينا محمد وعلى آله وصحبه وسلم
അവലംബം: ഹറാമിന് വേണ്ടി ഉപയോഗിക്കപെടാൻ സാധ്യതയുള്ള വസ്തുക്കൾ വിൽക്കുന്നതിന്റ വിധിയുടെ വിഷയത്തിൽ ശൈഖ് സുലൈമാൻ അർറുഹൈലി നൽകിയ ഫത് വയിൽ നിന്ന്.
ما شاء الله