“റമദാൻ; ഖുർആനിന്റെ മാസം”

വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടത് റമദാൻ മാസത്തിലാണ് എന്നത് ഈ മാസത്തിന്റെ വളരെ വലിയ ശ്രേഷ്ഠതകളിൽ പെട്ട കാര്യമാണ്. അല്ലാഹു പറഞ്ഞു:

﴿شَهۡرُ رَمَضَانَ ٱلَّذِیۤ أُنزِلَ فِیهِ ٱلۡقُرۡءَانُ هُدࣰى لِّلنَّاسِ وَبَیِّنَـٰتࣲ مِّنَ ٱلۡهُدَىٰ وَٱلۡفُرۡقَانِۚ﴾

“ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും, സത്യവും അസത്യവും, വേര്‍തിരിച്ച് കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍..”
(ബഖറ:185).

അത് കൊണ്ട് തന്നെ, ഖുർആനിന്റെ കാര്യത്തിൽ അത് ധാരാളമായി പാരായണം ചെയ്യാനും, അതിലെ ആയത്തുകൾ പഠിക്കാനും, ആ ആയത്തുകളെ കുറിച്ച് ചിന്തിക്കാനും നാം ഓരോരുത്തരും ഏറെ ഉത്സാഹം കാണിക്കേണ്ട സന്ദർഭമാണ് റമദാൻ. അല്ലാഹു ഈ ഗ്രന്ഥം അവതരിപ്പിച്ചത് അതിലെ ആയത്തുകളെക്കുറിച്ച്, ചിന്തിക്കാനും, ഉറ്റാലോചിക്കാനും വേണ്ടിയാണ്.

﴿كِتَـٰبٌ أَنزَلۡنَـٰهُ إِلَیۡكَ مُبَـٰرَكࣱ لِّیَدَّبَّرُوۤا۟ ءَایَـٰتِهِۦ وَلِیَتَذَكَّرَ أُو۟لُوا۟ ٱلۡأَلۡبَـٰبِ﴾

“ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിക്കുന്നതിനും, ബുദ്ധിമാന്മാര്‍ ഉല്‍ബുദ്ധരാകുന്നതിനും വേണ്ടി (നബിയേ) താങ്കൾക്ക് നാം അവതരിപ്പിച്ച് നൽകിയ അനുഗ്രഹീത ഗ്രന്ഥമത്രെ ഇത്‌.” (സ്വാദ്: 29)

റമദാനിൽ ജിബ്‌രീൽ -عَلَيْهِ السَّلَامُ- എല്ലാ രാത്രിയിലും നബി ﷺ യുടെ അടുക്കൽ വന്ന് കൊണ്ട് അവിടുത്തെ ഖുർആൻ പരിശോധിക്കാറുണ്ടായിരുന്നു. നബി ﷺ അദ്ദേഹത്തിന് ഖുർആൻ ഓതി കേൾപ്പിക്കാറുണ്ടായിരുന്നു. അത് കൊണ്ട് തന്നെ രാത്രി സമയത്ത് ഖുർആൻ പാരായണം ചെയ്യുക എന്നത് ഏറെ പുണ്യകരമായ കാര്യമാണ് എന്ന് പണ്ഡിതന്മാർ ഓർമ്മിപ്പിച്ചതായി കാണാൻ സാധിക്കും.

നമ്മുടെ നല്ലവരായ മുൻഗാമികൾ ഈ മാസത്തിൽ മറ്റെല്ലാ ജോലികളും മാറ്റി വെച്ച് കൊണ്ട് ഖുർആൻ പാരായണത്തിന് വേണ്ടി ഒഴിഞ്ഞിരിക്കുമായിരുന്നു.

അവരിൽ ചിലർ പറഞ്ഞതായി കാണാം: “റമദാൻ ഖുർആൻ പാരായണത്തിന്റെയും, ഭക്ഷണദാനത്തിന്റെയും മാസമാണ്”

അവരിൽ ചിലർ റമദാനിൽ ഒരു ദിവസം കൊണ്ട് ഖുർആൻ മുഴുവനും പാരായണം ചെയ്യാറുണ്ടായിരുന്നു. മറ്റു ചിലർ ഓരോ മൂന്ന് ദിവസത്തിലും, വേറെ ചിലർ ഓരോ ആഴ്ചയിലും, ചിലർ ഓരോ പത്ത് ദിവസത്തിലും പാരായണം ചെയ്ത് തീർക്കാറുണ്ടായിരുന്നു.

റമദാനിന്റെ രണ്ടാമത്തെ പത്തും വിടപറയാൻ പോവുന്ന ഈ സന്ദർഭത്തിൽ; ഈ വിഷയത്തിൽ നമ്മുടെ അവസ്ഥ എന്താണ് എന്ന് നാം ആലോചിക്കേണ്ടതാണ്!

ജനങ്ങളിൽ ചില ആളുകൾ റമദാൻ മാസം ആരംഭിച്ചതിന് ശേഷം വളരെ കുറച്ച് മാത്രമല്ലാതെ ഖുർആൻ തുറന്ന് നോക്കിയിട്ടുണ്ടാവുകയില്ല.

സമയമില്ല എന്നായിരിക്കും മറുപടി. എന്നാൽ, മറ്റുള്ള പല കാര്യങ്ങളിൽ ഏർപ്പെടാനും, സംസാരിച്ചു സമയം തീർക്കാനും, മൊബൈലിലും മറ്റും പലജാതി കാഴ്ചകൾക്ക് മുന്നിലും കണ്ണും നട്ടിരുന്നു കൊണ്ട് സമയം ചിലവഴിക്കാൻ യാതൊരു മനപ്രയാസവും അവർക്കുണ്ടാവുകയില്ല!

ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമായ റമദാനിലെ ഈ പവിത്രമായ ദിനരാത്രങ്ങളിൽ ഖുർആൻ പാരായണത്തിൽ ഏർപ്പെടാൻ നമുക്ക് സാധിച്ചില്ലെങ്കിൽ ഇനി എപ്പോഴാണ് സാധിക്കുക?

അല്ലാഹുവിന്റെ കലാമായ പരിശുദ്ധ ഖുർആനിന്റെ ആളുകളായി മാറാൻ നമുക്കേവർക്കും അല്ലാഹു റബ്ബുൽ ആലമീൻ തൗഫീഖ് നൽകുമാറാവട്ടെ, ആമീൻ.

– സഈദ് ബിൻ അബ്ദിസ്സലാം. وفقه الله

Add a Comment

Your email address will not be published. Required fields are marked*