ശൈഖ് സ്വാലിഹ് അൽ ഫൗസാൻ–حَفِظَهُ اللَّه–പറഞ്ഞു:
❝ഹോസ്പിറ്റലിൽ ഓപ്പറേഷനും മറ്റു രോഗവുമായി കിടക്കുന്ന ചില രോഗികൾ ചെയ്യുന്ന വലിയ ഒരു തെറ്റാണ് തനിക്ക് പൂർണമായ രൂപത്തിൽ നിസ്കരിക്കാൻ സാധിക്കുകയില്ല, അല്ലെങ്കിൽ വുദൂ എടുക്കാൻ കഴിയില്ല, അതുപോലെ തന്റെ വസ്ത്രത്തിൽ നജസുണ്ട് തുടങ്ങിയ എന്തെങ്കിലും കാരണങ്ങൾ പറഞ്ഞു കൊണ്ട് നിസ്കാരം തന്നെ ഉപേക്ഷിക്കുക എന്നത്. എന്നാൽ ഒരു മുസ്ലിം തനിക്ക് നിസ്കാരത്തിന്റെ ശർത്തുകളിലോ റുക്നുകളിലോ വാജിബുകളിലോ ഏതെങ്കിലും ചിലത് ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ പൂർണമായി നിസ്കാരം ഉപേക്ഷിക്കുകയല്ല വേണ്ടത്, മറിച്ച് (ഏതവസ്ഥയിലാണോ അവനുള്ളത്) അതേ അവസ്ഥയിൽ തന്നെ നിസ്കരിക്കുകയാണ് വേണ്ടത്.
അല്ലാഹു സുബ്ഹാനഹു വ തആല പറഞ്ഞു: “അതിനാല്‍ നിങ്ങള്‍ക്ക് സാധ്യമായ വിധം അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക.”
ചില രോഗികൾ പറയും: “എനിക്ക് രോഗം മാറിയാൽ ഞാൻ ഉപേക്ഷിച്ച എല്ലാ നിസ്കാരവും ഞാൻ ഖദാ വീട്ടും”. ഇത് അവരുടെ വിവരക്കേടാണ്. അല്ലെങ്കിൽ അവർ കാണിക്കുന്ന അലംഭാവമാണ്.
നിസ്കാരം സാധിക്കുന്ന രൂപത്തിൽ അതിന്റെ സമയം തെറ്റാതെ നിസ്കരിക്കുകയാണ് വേണ്ടത്. ഇത് കൃത്യമായി ഉണർത്തേണ്ടതുണ്ട്.❞
അൽ മുലഖസുൽ ഫിഖ്ഹി :പേജ്- 117
രോഗികൾ അതാത് വക്തിൽ തന്നെ നിസ്കരിക്കുക എന്നതാണ് വേണ്ടത്. എന്നാൽ ഓരോ വക്തിലും ശുദ്ധിയാകലും നിസ്കാരത്തിനായുള്ള മറ്റ് ഒരുക്കങ്ങൾ ചെയ്യുന്നതിനും അവർക്ക് പ്രയാസമുണ്ടെങ്കിൽ അവർക്ക് നിസ്കാരങ്ങൾ തമ്മിൽ ജംഅ് ചെയ്യാവുന്നതാണ്. അഥവാ ദുഹറും അസ്റും അതിന്റെ ഏതെങ്കിലും ഒന്നിന്റെ സമയത്ത് തന്നെ യോജിപ്പിച്ച് നിസ്കരിക്കുക, അതുപോലെ മഗ്രിബും ഇശാഉം അതിന്റെ ഏതെങ്കിലും ഒന്നിന്റെ സമയത്ത് തന്നെ നിസ്കരിക്കുക. (സുബ്ഹി നിസ്കാരം ഒന്നിനോടും ജംഅ് ചെയ്തുകൂടാ.)
വിവർത്തനം: ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment