( പാപങ്ങളിൽ നിന്നും സദാ പശ്ചാത്തപിക്കുന്നവരുടെ നിസ്കാരം- صلاة الأوابين)
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِهِ الأَمِينِ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ:
ദുഹാ നിസ്കാരവുമായി ബന്ധപ്പെട്ട വളരെ ഉപകാരപ്രദമായ ഏതാനും ചില കാര്യങ്ങളടങ്ങിയ ശൈഖ് അബുൽ ഹസൻ അൽ ഉതൈബി -حَفِظَهُ اللَّهُ- യുടെ ‘ഇത്ഹാഫുൽ മുഹിബ്ബീൻ ബി അഹ്കാമി സ്വലാത്തിൽ അവ്വാബീൻ’ എന്ന ചെറുകൃതിയുടെ ആശയ വിവർത്തനമാണിത്.
അല്ലാഹു സുബ്ഹാനഹു വതആല നമുക്കും ശൈഖിനും പാപങ്ങൾ പൊറുത്തു തരുമാറാകട്ടെ, നബി-ﷺ- യുടെ സുന്നത്തിൽ നിന്ന് പരമാവധി ജീവിതത്തിൽ പകർത്തുന്ന മഹാ ഭാഗ്യവന്മാരിൽ നമ്മെ ഏവരെയും ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ.
ദുഹാ നിസ്കാരത്തിന്റെ നാം മനസ്സിലാക്കേണ്ട ഒൻപത് ഫാഇദകളാണ് ശൈഖ് കൊടുത്തിട്ടുള്ളത്.
1.ദുഹാ നിസ്കാരത്തിന് അത് നിർവഹിക്കപ്പെടുന്ന സമയവുമായി ബന്ധിപ്പിച്ചു കൊണ്ടാണ് ഇങ്ങനെ പേര് നൽകിയിട്ടുള്ളത്.അഥവാ ദുഹാ സമയം.
2.പണ്ഡിതന്മാരുടെ അഭിപ്രായങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ദുഹാ നിസ്കാരം എന്നത് എല്ലാ ദിവസവും നിർവഹിക്കാവുന്ന നിരുപാധികമായ സുന്നത്ത് നിസ്കാരമാണ് എന്നാണ്. കാരണം; നബി -ﷺ- പറഞ്ഞു:
”നിങ്ങളുടെ ഓരോരുത്തരുടെയും ശരീരത്തിലെ ഓരോ സന്ധികള്‍ക്കും നേരം പുലരുന്നതോടെ ഓരോ ധര്‍മം ബാധ്യതയാകുന്നു. നിങ്ങള്‍ ചൊല്ലുന്ന ഓരോ തസ്ബീഹും ഓരോ തഹ്മീദും ഓരോ തക്ബീറും സ്വദഖയാണ്, നന്മ കല്‍പിക്കലും തിന്മ വിരോധിക്കലും സ്വദഖയാണ്, ‘ദുഹാ’ സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം ഇവക്കെല്ലാം പകരമാകുന്നതാണ്” (മുസ്ലിം: 1704).
3.നബി -ﷺ- അവിടുത്തെ സ്വഹാബികളിൽ പെട്ട മൂന്ന് ആളുകളോട് ദുഹാ നിസ്കാരത്തെക്കുറിച്ച് ഉപദേശിച്ചത് കാണാൻ സാധിക്കും. അബൂ ഹുറൈറ, അബുദ്ദർദാഅ്, അബൂ ദർ -رضي الله عنهم- എന്നിവരാകുന്നു അവർ.
അബൂ ഹുറൈറ -رضي الله عنه- യോട് നൽകിയ ഉപദേശം ബുഖാരിയും, മുസ്ലിമും ഉദ്ധരിച്ചിട്ടുള്ള ഹദീസ് ആകുന്നു.
അദ്ദേഹം പറഞ്ഞു: ”എന്റെ കൂട്ടുകാരനായ റസൂല്‍-ﷺ-മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് നല്‍കിയിരുന്നു. (അത് മരണം വരെ ഞാന്‍ ഒഴിവാക്കുകയില്ല): എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കല്‍, രണ്ട് റക്അത്ത് ദുഹാ നിസ്കാരം, ഉറങ്ങുന്നതിന് മുമ്പ് വിത്‌റ് നിസ്‌കരിക്കല്‍”
അബുദ്ദർദാഅ് -رضي الله عنه-വിന്റെ ഹദീസ് ഇമാം മുസ്ലിം ഉദ്ധരിച്ചിട്ടുള്ളതാണ്. അദ്ദേഹം പറഞ്ഞു: “എന്റെ ഹബീബായ റസൂൽ -ﷺ- മൂന്ന് കാര്യങ്ങൾ എന്നോട് ഉപദേശിച്ചിട്ടുണ്ട് (ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം ഞാനത് ഉപേക്ഷിക്കുകയില്ല); എല്ലാ മാസവും മൂന്ന് നോമ്പ് നോൽക്കൽ, ദുഹാ നിസ്കാരം, രാത്രിയിൽ വിത്ർ നിസ്കരിക്കാതെ ഉറങ്ങരുത് എന്നിവയാകുന്നു അത്.”
അബൂ ദർ -رضي الله عنه- വിന്റെ ഹദീസ് ഇമാം നസാഇയുടെ സുനനിലുള്ളതാണ്.
അദ്ദേഹം പറഞ്ഞു: “എന്റെ ഹബീബ്-ﷺ- എന്നോട് മൂന്ന് കാര്യങ്ങൾ ഉപദേശിച്ചിട്ടുണ്ട്. ഇൻശാ അല്ലാഹ് ഞാനതൊരിക്കലും ഉപേക്ഷിക്കുകയില്ല.
ദുഹാ നിസ്കാരം, ഉറങ്ങുന്നതിന് മുമ്പ് വിത്ർ നിസ്കരിക്കുക, എല്ലാ മാസവും മൂന്ന് നോമ്പനുഷ്ഠിക്കുക എന്നിവയാണത്.”
4.ദുഹാ നിസ്കാരം ഏറ്റവും കുറഞ്ഞത് രണ്ട് റകഅത്താകുന്നു.
നബി-ﷺ-പറഞ്ഞു:
“..’ദുഹാ’ സമയത്തെ രണ്ട് റക്അത്ത് നമസ്‌കാരം ഇവക്കെല്ലാം പകരമാകുന്നതാണ്”
അതുപോലെ അബൂ ഹുറൈറ -رضي الله عنه- പറഞ്ഞതിൽ കാണാം: “..എല്ലാ മാസവും മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കല്‍, രണ്ട് റക്അത്ത് ദുഹാ നിസ്‌കാരം..”
5.ശരിയായ അഭിപ്രായ പ്രകാരം ദുഹാ നിസ്കാരം, കൂടിയത് എത്ര റകഅത്തുകളും നിസ്കരിക്കാവുന്നതാണ് എന്നാണ്. കാരണം; ആയിഷ -رضي الله عنها- പറഞ്ഞു: നബി -ﷺ- നാല് റക്അത്ത് ‘ദുഹാ’ നിസ്‌കരിക്കും. എന്നിട്ട് താനുദ്ദേശിക്കുന്നത്രയും അതിനോട് കൂട്ടി നിസ്‌കരിക്കും. (മുസ്ലിം: 1698).
അതുപോലെ നബി -ﷺ- അംറ് ബിൻ അബസ -رضي الله عنه- വിനോട് പറഞ്ഞു: “നീ സുബ്ഹി നിസ്കരിക്കുക, പിന്നീട് സൂര്യൻ ഉദിച്ചു അല്പം പൊങ്ങുന്നത് വരെ നിസ്കരിക്കരുത്, പിന്നീട് നിഴൽ ഒരു കുന്തത്തിന്റെ അത്രയും ആകുന്നത് വരെ നീ നിസ്കരിക്കുക..”
ഇവിടെ നബി -ﷺ- സൂര്യൻ ഉദിച്ചു പൊങ്ങിയത്തിന് ശേഷം അത് തലക്ക് നേരെ മുകളിൽ ആകുന്ന അത്രയും നേരം നിസ്കരിക്കാനാണ് പറഞ്ഞത്. ഒരു നിശ്ചിത എണ്ണം നിസ്കരിക്കാൻ പറഞ്ഞിട്ടില്ല. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ.
6.സൂര്യനുദിച്ച് ഏകദേശം 15 മിനുറ്റ് മുതല്‍ സൂര്യൻ തലക്ക് നേരെ മുകളിൽ നിന്നും തെറ്റുന്നതിന്റെ തൊട്ട് മുമ്പ് വരെയാണ് ദുഹാ നിസ്കാരത്തിന്റെ സമയം. ഏകദേശം ദുഹ്ർ ബാങ്കിന്റെ പത്ത് മിനുറ്റ് മുമ്പ് വരെ.
7. ദുഹാ നിസ്കാരം അതിന്റെ അവസാന സമയത്തിൽ നിസ്കരിക്കുന്നതാണ് ഏറ്റവും ഉത്തമം.
ഒരിക്കല്‍ സ്വഹാബി സൈദ് ബ്‌നു അര്‍ഖം -رضي الله عنه- ചിലയാളുകള്‍ പൂര്‍വാഹ്ന സമയത്ത് നിസ്‌കരിക്കുന്നത് കാണാനിടയായി. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈ സമയമല്ല ഇത് നിസ്കരിക്കാന്‍ നല്ലതെന്ന് ഇവര്‍ക്ക് അറിഞ്ഞുകൂടേ? റസൂല്‍-ﷺ- ഇങ്ങനെ പറഞ്ഞിട്ടുണ്ട്: അവ്വാബീന്റെ (പാപങ്ങളില്‍നിന്ന് സദാ പശ്ചാത്തപിക്കുന്നവരുടെ) ദുഹാ നിസ്കാരം വെയില് ചൂടായി ഒട്ടകക്കിടാങ്ങള്‍ എരിഞ്ഞുപൊളളുന്ന സമയത്താണ്” (മുസ്‌ലിം: 1780).
അതുകൊണ്ട് ഉദ്ദേശിക്കുന്നത് സൂര്യൻ ഉദിച്ചു അതിന്റെ ചൂട് ആരംഭിക്കുന്നത് മുതൽ സ്വാലത്തുൽ അവ്വാബീൻ അഥവാ ദുഹാ നിസ്കാരത്തിന്റെ സമയം ആരംഭിക്കും അങ്ങനെ അത് ക്രമേണ ചൂട് വർദ്ധിച്ചു കൊണ്ട് ഒട്ടകക്കിടാങ്ങളുടെ കുളമ്പുകൾക്ക് എരിഞ്ഞു പൊള്ളുന്ന സമയം വരെ നീളും, ഒട്ടകക്കിടാങ്ങളുടെ നേർത്ത കുളമ്പുകൾക്ക് ആ സമയത്ത് നന്നായി ചൂട് അനുഭവപ്പെടും എന്നാണ്.
സ്വാലത്തുൽ അവ്വാബീൻ എന്ന് കൊണ്ടുദ്ദേശിക്കുന്നത് പാപങ്ങളില്‍നിന്ന് സദാ പശ്ചാത്തപിക്കുന്നവരുടെ നിസ്കാരമായത് കൊണ്ടാണ്. അത് കൊണ്ടാണ് അങ്ങനെ പേരു പറയപ്പെട്ടത്.
8.ദുഹാ നിസ്കാരവും, ഇശ്റാഖ് നിസ്കാരവും തമ്മിലുള്ള വ്യത്യാസമെന്താണ് എന്ന് ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ الله- യോട് ചോദിക്കപ്പെട്ടു?
അദ്ദേഹം പറഞ്ഞു: “ദുഹാ നിസ്കാരം അതിന്റെ ആദ്യ സമയത്ത് നിസ്കരിക്കുന്നതാണ്
ഇശ്റാഖ് നിസ്കാരം.”
ഇബ്നു ഉസൈമീൻ -رَحِمَهُ الله- യോട് ഇശ്റാഖ് നിസ്കാരത്തിനെക്കുറിച്ച് ചോദിച്ചു, അത് ദുഹാ നിസ്കാരം തന്നെയാണോ എന്ന്?
അദ്ദേഹം പറഞ്ഞു: “ഇശ്റാഖ് നിസ്കാരം: സൂര്യൻ ഉദിച്ചു ദൃഷ്ടിയില്‍ ഒരു കുന്തത്തോളം ഉയർന്നു കഴിഞ്ഞാലാണ് നിസ്കരിക്കേണ്ടത്. സമയത്തിന്റെ കണക്ക് പ്രകാരം ഏകദേശം സൂര്യൻ ഉദിച്ചു 15 മിനുറ്റ് കഴിഞ്ഞാലാണ്. അത് തന്നെയാണ് ദുഹാ നിസ്കാരവും. കാരണം; ദുഹാ നിസ്കാരം എന്നത് സൂര്യനുദിച്ച് ദൃഷ്ടിയില്‍ ഒരു കുന്തത്തിന്റെ അത്രയും ഉയർന്നത് മുതല്‍ സൂര്യൻ തലക്ക് നേരെ മുകളിൽ നിന്നും തെറ്റുന്നതിന്റെ തൊട്ട് മുമ്പ് വരെയാണ്.”
9.ദുഹാ നിസ്കാരത്തിന്റെ ശ്രേഷ്ഠതയുമായി ബന്ധപ്പെട്ടു വന്ന ഹദീസിൽ ഒന്ന് നുഐം ബ്നു ഹമ്മാർ -رضي الله عنه- പറഞ്ഞു: റസൂൽ -ﷺ- പറയുന്നതായി ഞാൻ കേട്ടു: അല്ലാഹു പറഞ്ഞു: “ആദമിന്റെ മകനെ, പകലിന്റെ ആദ്യഭാഗത്ത് നീ എനിക്ക് വേണ്ടി നാല് റക്അത്ത് നിസ്‌ക്കരിക്കുക. എന്നാല്‍ പകലിന്റെ അവസാനഭാഗത്ത് ഞാന്‍ നിനക്ക് മതിയാകുന്നതാണ്.” (തിർമിദി)
പണ്ഡിതമാർ ദുഹാ നിസ്കാരത്തിന്റെ ശ്രേഷ്ഠതക്കുള്ള തെളിവായി ദുഹാ നിസ്കാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അധ്യായങ്ങളിൽ ഈ ഹദീസ് ഉദ്ധരിച്ചത് കാണാൻ സാധിക്കും. ഇമാം അബൂ ദാവൂദ്, തിർമിദി, ഇബ്നു ഹിബ്ബാൻ, ബൈഹഖി -رحمهم الله- എന്നിവർ ഇത് ഉദ്ധരിച്ചിട്ടുണ്ട്.
والله تعالى أعلم بالصواب، وإليه المرجع والمآب.
وصلى الله وسلم على نبينا محمد.
ഹംറാസ് ബിൻ ഹാരിസ് وفقه الله
جزاكم الله خيرا