ഉമർ رضي الله عنه നബിﷺ യുടെ പിതൃവ്യൻ അബ്ബാസ് رضي الله عنه നെ ‘തവസ്സുൽ ആക്കി’ ദുആ ചെയ്തോ!?ഹദീസ് വിശകലനം.


عَنْ أَنَسِ بْنِ مَالِكٍ أَنَّ عُمَرَ بْنَ الْخَطَّابِ رَضِيَ اللَّهُ عَنْهُ كَانَ إِذَا قَحَطُوا اسْتَسْقَى بِالْعَبَّاسِ بْنِ عَبْدِ الْمُطَّلِبِ فَقَالَ : اللَّهُمَّ إِنَّا كُنَّا نَتَوَسَّلُ إِلَيْكَ بِنَبِيِّنَا فَتَسْقِينَا، وَإِنَّا نَتَوَسَّلُ إِلَيْكَ بِعَمِّ نَبِيِّنَا فَاسْقِنَا. قَالَ : فَيُسْقَوْنَ.

“അനസ് റദിയല്ലാഹു അൻഹു നിവേദനം:
നിശ്ചയം ജനങ്ങള്‍ക്കു വരള്‍ച്ച അനുഭവപ്പെടുമ്പോള്‍ ഉമര്‍ رضي لله عنه അബ്ബാസ്رضي لله عنه നെ ‘തവസ്സുലാക്കി’ മഴ തേടാറുണ്ടായിരുന്നു. അദ്ദേഹം ഇപ്രകാരം പറയുമായിരുന്നു. അല്ലാഹുവേ, ഞങ്ങള്‍ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുലാക്കാറുണ്ടായിരുന്നു. അപ്പോള്‍ ഞങ്ങള്‍ക്ക് നീ മഴ നല്‍കാറുമുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ നബിയുടെ എളാപ്പയെ നിന്നിലേക്ക് തവസ്സുലാക്കി അപേക്ഷിക്കുന്നു. ഞങ്ങള്‍ക്ക് നീ മഴ നല്‍കേണമേ’’

ഈ സംഭവം മഹാന്മാരുടെ ഹഖ്, ജാഹ്, ബർകത്തുകൾ കൊണ്ടുള്ള തവസ്സുൽ അനുവദനീയമാണ് എന്ന് പറയാൻ ചിലർ തെളിവായി ഉദ്ധരിച്ചു കാണുന്നുണ്ട്.

വരൾച്ച ബാധിച്ചപ്പോൾ ജനങ്ങൾ ഉമർ ബിൻ ഖത്താബിനെ സമീപിക്കുകയും അദ്ദേഹം നബിയുടെ പിതൃവ്യനായ അബ്ബാസ് റദിയല്ലാഹു അൻഹുവിനെ തവസ്സുലാക്കി അല്ലാഹുവിനോട് ദുആ ചെയ്യുകയും ചെയ്തു എന്നാണ് പ്രസ്തുത വാദക്കാരുടെ വിശദീകരണം..

എന്നാൽ വസ്തുത അങ്ങനെയാണോ?

ഉമർ അബ്ബാസിനെ (റദിയല്ലാഹു അൻഹുമാ) തവസ്സുൽ ആക്കി ഇവർ പറയുന്ന രൂപത്തിൽ ദുആ ചെയ്തോ?

റസൂൽ ﷺ യുടെ കാലത്ത് വരൾച്ചയോ അത് പോലെയുള്ള മറ്റു പ്രശ്നങ്ങളോ അഭിമുഖീകരിക്കുമ്പോൾ സഹാബികൾ എപ്രകാരമായിരുന്നു പ്രവർത്തിച്ചിരുന്നത് ?

അബൂ ബക്കറും ഉമറും തുടങ്ങി മറ്റു സഹാബികൾ (റദിയല്ലാഹു അൻഹും) വീടുകളിലോ മറ്റൊ വെച്ച് ‘അല്ലാഹുവേ, വരൾച്ച പിടിപെട്ടിട്ടുണ്ട്, റസൂലിന്റെ ബറകത്/ജാഹ് കൊണ്ട് അത് നീക്കിത്തരേണമേ” എന്ന് ദുആ ചെയ്തിട്ടുണ്ടോ?

അങ്ങനെ ചെയ്തതായി യാതൊരു ഹദീസ് ഗ്രന്ധങ്ങളിലും വന്നിട്ടില്ല. മറിച്ചു സഹാബത് ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പ്രവർത്തിച്ചു എന്ന് ഹദീസുകളിൽ കൃത്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ട്..

عَنْ أَنَسٍ ، قَالَ : بَيْنَمَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَخْطُبُ يَوْمَ الْجُمُعَةِ، إِذْ جَاءَهُ رَجُلٌ فَقَالَ : يَا رَسُولَ اللَّهِ، قَحَطَ الْمَطَرُ، فَادْعُ اللَّهَ أَنْ يَسْقِيَنَا. فَدَعَا فَمُطِرْنَا، فَمَا كِدْنَا أَنْ نَصِلَ إِلَى مَنَازِلِنَا، فَمَا زِلْنَا نُمْطَرُ إِلَى الْجُمُعَةِ الْمُقْبِلَةِ، قَالَ : فَقَامَ ذَلِكَ الرَّجُلُ – أَوْ غَيْرُهُ – فَقَالَ : يَا رَسُولَ اللَّهِ، ادْعُ اللَّهَ أَنْ يَصْرِفَهُ عَنَّا، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” اللَّهُمَّ حَوَالَيْنَا وَلَا عَلَيْنَا “

അനസ് ബിൻ മാലിക് റദിയല്ലാഹു അൻഹു നിവേദനം : റസൂലുല്ലാഹി ﷺ വെള്ളിയാഴ്ച ഖുതുബ പറഞ്ഞു കൊണ്ടിരിക്കെ ഒരു സഹാബി വന്നു പറഞ്ഞു : “റസൂലേ, മഴ കിട്ടാതായിട്ടുണ്ട്, മഴ വർഷിപ്പിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്താലും,” റസൂൽ ദുആ ചെയ്യുകയും അല്ലാഹു മഴ വർഷിപ്പിക്കുകയും ചെയ്തു.

തൊട്ടടുത്ത വെള്ളിയാഴ്ച ദിവസം വരെ ആ മഴ നിർത്താതെ പെയ്തു. അപ്പോൾ ഒരു സഹാബി റസൂലിനോട് പറഞ്ഞു : “മഴ ഞങ്ങളെ തൊട്ട് മാറ്റാൻ അല്ലാഹുവിനോട് ദുആ ചെയ്താലും.”
“അല്ലാഹുവേ, പാതയോരങ്ങളിലും മറ്റും മഴയെ വർഷിപ്പിക്കേണമേ” എന്ന് റസൂൽ ﷺ ദുആ ചെയ്യുകയും ചെയ്തു.. (സഹീഹ് അൽ-ബുഖാരി: മഴയുടെ നിസ്കാരം സംബന്ധിക്കുന്ന അദ്ധ്യായം)

ഇത്തരത്തിലുള്ള വേറെയും സംഭവങ്ങൾ ഹദീസുകളിൽ കാണാം. അതിൽ പെട്ടതാണ് മഴയുടെ നിസ്കാരത്തെ (സലാത് അൽ-ഇസ്തിസ്ഖാ) സംബന്ധിച്ചുള്ള ആയിഷ റദിയല്ലാഹു അൻഹയുടെ ഹദീസ്.

ജനങ്ങൾ മഴ ലഭിക്കാതായപ്പോൾ റസൂലിനോട് ആവലാതി പറയുകയും റസൂലുല്ലാഹിﷺ നമസ്കാരത്തിന് വേണ്ടി ജനങ്ങളെ ഒരുമിച്ച് കൂട്ടുകയും അല്ലാഹുവിനോട് മഴക്ക് വേണ്ടി ദുആ ചെയ്യുകയും ശേഷം നമസ്കരിക്കുകയും ആണ് ചെയ്തത്. (സുനൻ അബി ദാവൂദ് : കിതാബ് അസ്സലാത്: മഴയുടെ നിസ്കാരം സംബന്ധിക്കുന്ന അദ്ധ്യായം)

ഇതൊക്കെ റസൂലിന്റെ കാലത്ത് നടന്നിട്ടുള്ള ആധികാരികതയിൽ സംശയമില്ലാത്ത കാര്യങ്ങളാണ്. സഹാബികൾ വരൾച്ചയോ മറ്റു പ്രശ്നങ്ങളോ വരുമ്പോൾ റസൂലിനെ സമീപിക്കുകയും അല്ലാഹുവിനോട് ദുആ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യാറായിരുന്നു പതിവ്.

ഉമർ റദിയല്ലാഹു അൻഹു പറഞ്ഞത് പോലെ,
اللهمّ إنا كنا نتوسل إليك بنبينا

അല്ലാഹുവേ, ഞങ്ങൾ ഞങ്ങളുടെ നബിയെ നിന്നിലേക്ക് തവസ്സുൽ ആക്കാറായിരുന്നു പതിവ്.. (മുകളിൽ പറഞ്ഞ ഹദീസുകളിൽ പ്രവർത്തിച്ച പ്രകാരം)
ونتوسل إليك بعم نبينا

റസൂലിന്റെ മരണശേഷം ഇതാ അദ്ദേഹത്തിന്റെ എളാപ്പയെ (അബ്ബാസ് റദിയല്ലാഹു അൻഹു) നമ്മൾ തവസ്സുലാക്കുകയാണ്..

അഥവാ മുസ്ലിമീങ്ങൾ അബ്ബാസ് റദിയല്ലാഹു അൻഹുവിനോട് അല്ലാഹുവിനോട് ദുആ ചെയ്യാൻ ആവശ്യപ്പെടുകയാണ് ചെയ്തത്.

പ്രസ്തുത ദുആഇന്റെ രൂപം ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സുബൈർ ബിൻ ബക്കാർ നിവേദനം ചെയ്യുന്നു.

فأخرج بإسناد له أن العباس لما استسقى به عمر قال: اللهم إنه لم ينزل بلاء إلا بذنب، ولم يكشف إلا بتوبة، وقد توجه القوم بي إليك لمكاني من نبيك، وهذه أيدينا إليك بالذنوب ونواصينا إليك بالتوبة فاسقنا الغيث. فأرخت السماء مثل الجبال حتى أخصبت الأرض، وعاش الناس “

ഉമർ- അബ്ബാസിനെ (റദിയല്ലാഹു അൻഹുമാ) സമീപിക്കുകയും ദുആ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ അബ്ബാസ് رضي الله عنه പറഞ്ഞു : “അല്ലാഹുവേ, നമ്മുടെ പാപങ്ങൾ മുഖേനയാണ് ഈ പ്രയാസം വന്നു ചേർന്നിട്ടുള്ളത്, തൗബ കൊണ്ടല്ലാതെ അത് നീങ്ങിപ്പോവുകയില്ല, റസൂലിന്റെ അടുത്ത് എനിക്കുള്ള സ്ഥാനം കാരണം ജനങ്ങൾ എന്നെ സമീപിച്ചിരിക്കുകയാണ്. ഞങ്ങൾ നിന്നിലേക്ക് കൈ ഉയർത്തുകയാണ്, അല്ലാഹുവേ മഴ വർഷിപ്പിച്ചു തരണമേ…” (ഇബ്നു ഹജർ ഫത്ഹ് അൽ-ബാരിയിൽ)

ചുരുക്കത്തിൽ ഈ ഹദീസുകളിൽ നിന്ന് നമുക്ക് മനസിലാക്കാവുന്ന പാഠം എന്തെന്നാൽ ദീനിലും തഖ്’വയിലും മുന്നിട്ടു നിൽക്കുന്ന ഒരാളോട് “നിങ്ങൾ നമുക്ക് വേണ്ടി ദുആ ചെയ്യണമെന്ന് ആവശ്യപ്പെടാം എന്ന കാര്യം മാത്രമാണ്. അതല്ലാതെ നമ്മുടെ ചുറ്റും പലരും ചെയ്യുന്ന തരത്തിൽ “മഹാന്മാരുടെ ഹഖ്, ജാഹ്, ബർകത്ത് കൊണ്ട് റബ്ബേ എന്റെ പ്രയാസം മാറ്റേണമേ” എന്ന ദുആക്ക് ഇത്തരം സംഭവങ്ങൾ ഒരിക്കലും തെളിവാക്കാവതല്ല. അത് ദീനിലേക്ക് പിന്നീട് കടത്തിക്കൂട്ടിയ ബിദ്അത്ത്(പുത്തനാചാര)മാണെന്ന് നാം തിരിച്ചറിയുക.

അല്ലാഹു എനിക്കും നിങ്ങൾക്കും ദീൻ ശരിയായി മനസ്സിലാക്കാനും അതിനനുസരിച്ചു പ്രവർത്തിക്കാനും ഉള്ള തൗഫീഖ് നൽകിയും അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.”

Add a Comment

Your email address will not be published. Required fields are marked*