ഖബ്ർ ശിക്ഷയെ നിഷേധിക്കുന്നവന് എങ്ങനെ മറുപടി നൽകും? അവൻ തെളിവായി പറയുന്നത് ഏതെങ്കിലും ഖബ്ർ തുറന്നു നോക്കിയാൽ അതിൽ ഞെരുക്കമോ വിശാലതയോ സംഭവിച്ചതായി കാണുന്നില്ല എന്നതാണ്!
ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലാഹ് നൽകുന്ന മറുപടി:
❝ ഏതെങ്കിലും ഖബ്ർ തുറന്ന് നോക്കി അതിൽ ഖബ്ർ ഇടുങ്ങുകയോ വിശാലമാവുകയോ ചെയ്തിട്ടില്ല എന്നതിനെ ആസ്പദമാക്കി ഖബ്ർ ശിക്ഷയെ നിഷേധിക്കുന്നവന് ധാരാളം മറുപടികൾ ഉണ്ട്.
അവയിൽ ചിലത്:
ഒന്നാമതായി, ഖബർ ശിക്ഷ ശറഇയായി സ്ഥിരപ്പെട്ട ഒരു കാര്യമാണ്. അല്ലാഹു ഫിർഔനിന്റെ കൂട്ടാളികളുടെ കാര്യത്തിൽ പറഞ്ഞു :
النّارُ يُعرَضونَ عَلَيها غُدُوًّا وَعَشِيًّا وَيَومَ تَقومُ السّاعَةُ أَدخِلوا آلَ فِرعَونَ أَشَدَّ العَذاب
“നരകം ! അത് രാവിലെയും വൈകുന്നേരവും (ഖബ്റിൽ വെച്ച്) അവർക്ക് കാണിക്കപ്പെടും, ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔനിന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന് കല്പിക്കപ്പെടും)”
[ സൂറതുൽ ഗാഫിർ: 46]
റസൂലുല്ലാഹി ﷺ പറഞ്ഞു: “നിങ്ങൾ പരസ്പരം മറമാടേണ്ടതില്ലായിരുന്നെങ്കിൽ നിങ്ങൾക്ക് ഖബ്ർ ശിക്ഷ കേൾപ്പിക്കുവാനായി ഞാൻ അല്ലാഹുവിനോട് ദുആ ചെയ്യുമായിരുന്നു, ശേഷം സ്വഹാബത്തിനോട് പറഞ്ഞു : നരകശിക്ഷയെ തൊട്ട് നിങ്ങൾ അല്ലാഹുവിനോട് കാവൽ ചോദിക്കുക. സ്വഹാബികൾ പറഞ്ഞു : നരകശിക്ഷയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു, റസൂൽ ﷺ പറഞ്ഞു : ഖബ്റിലെ ശിക്ഷയെ തൊട്ട് നിങ്ങൾ അല്ലാഹുവിനോട് കാവൽ തേടുക. സ്വഹാബികൾ പറഞ്ഞു : ഖബ്ർ ശിക്ഷയിൽ നിന്ന് ഞങ്ങൾ അല്ലാഹുവിനോട് കാവൽ തേടുന്നു.”
[സഹീഹ് മുസ്ലിം 2867]
മറ്റൊരു ഹദീസിൽ കാണാം, റസൂൽ ﷺ ഖബ്റിലെ മുഅ്മിനിനെ സംബന്ധിച്ച് പറഞ്ഞു : “അവന്റെ കണ്ണെത്തും ദൂരം വരെ ഖബ്റിനെ അവന് വിശാലമാക്കി കൊടുക്കപ്പെടും.”
[സഹീഹ് ബുഖാരി 1374]
ഇത്തരം ധാരാളം തെളിവുകൾ ഖുർആനിലും സുന്നത്തിലും നമുക്ക് കാണാം. എന്തെങ്കിലും തോന്നലിന്റെ അടിസ്ഥാനത്തിൽ ഈ തെളിവുകളെ എതിർക്കുക എന്നത് അനുവദനീയമല്ല. മറിച്ച് നമ്മുടെ മേൽ നിർബന്ധമായത് ഇവയെ സത്യപ്പെടുത്തുകയും അതിനു കീഴൊതുങ്ങുകയും ചെയ്യുക എന്നതാണ്.
രണ്ടാമതായി, അടിസ്ഥാനപരമായി ഖബ്റിലെ ശിക്ഷ അനുഭവിക്കുക റൂഹ് ആണ്. അത് പൂർണമായും ശാരീരികമായ ശിക്ഷ അല്ല. പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് മനസ്സിലാകുന്ന രീതിയിലായിരുന്നുവെങ്കിൽ അത് ഗൈബിൽ പെട്ട കാര്യമാവുകയില്ലല്ലോ? അങ്ങനെ ആയിരുന്നെങ്കിൽ ആ കാര്യത്തിലുള്ള വിശ്വാസം കൊണ്ട് പ്രയോജനം ഉണ്ടാകുമായിരുന്നില്ല. പക്ഷെ, ഖബ്ർ ശിക്ഷ ഗൈബിയായ (മറഞ്ഞ) കാര്യങ്ങളിൽ പെട്ടതാണ്.
അതുപോലെ ബർസഖിയായ ജീവിതം ദുനിയാവിലെ ജീവിതവുമായി താരതമ്യപ്പെടുത്താവുന്നതല്ല. (ഖബ്ർ ശിക്ഷ ശരീരം അനുഭവിക്കുകയില്ല എന്ന് ഇതിനർത്ഥമില്ല, മറിച്ച് അടിസ്ഥാനപരമായി ഖബ്ർ ശിക്ഷ അനുഭവിക്കേണ്ടത് ശരീരത്തെക്കാൾ റൂഹ് (ആത്മാവ്) ആണ്.)
മൂന്നാമതായി, ഖബ്റിലെ ശിക്ഷയും അനുഗ്രഹവും ഞെരുക്കവും വിശാലതയുമൊക്കെ മയ്യിത്ത് മാത്രമേ അനുഭവിക്കുകയുള്ളൂ.
ഉദാഹരണത്തിന്, ഉറങ്ങിക്കിടക്കുന്ന ഒരാൾ സ്വപ്നത്തിൽ നടക്കുകയും നിൽക്കുകയും മർദ്ദിക്കുകയും മർദ്ദനമേൽക്കുകയും ഇടുങ്ങിയ,ഭയാനകമായ അവസ്ഥയിൽ അകപ്പെട്ടുവെന്നോ, കണ്ണഞ്ചിപ്പിക്കുന്ന സ്ഥലത്ത് എത്തിപ്പെട്ടുവെന്നോ ഒക്കെ സ്വപ്നം കാണുന്നത് അവന്റെ തൊട്ടടുത്തുള്ള ആൾ കാണുകയോ മനസിലാക്കുകയോ ചെയ്യുന്നില്ല എന്നതുപോലെ.
ഇത്തരം ഗൈബിയായ കാര്യങ്ങളിൽ ഒരു മുസ്ലിമിന് നിർബന്ധമായത്- “ഞങ്ങൾ കേട്ടിരിക്കുന്നു, ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു” എന്ന് പറയലാണ്.❞
ഫതാവാ അർകാനുൽ ഇസ്ലാം. (ചോദ്യം:54)
Add a Comment