ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവരോട്

﷽ والحمد لله والصلاة والسلام على رسول الله، نبينا محمد وعلى آله وصحبه ومن تبعهم بإحسان إلى يوم الدين، أما بعد،

ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജയുടെ മാസപ്പിറവി ദർശിക്കുകയോ, ദുൽഖഅ്ദ മുപ്പത് പൂർത്തിയാക്കുകയോ ചെയ്താൽ, അഥവാ ദുൽഹിജ്ജ മാസത്തിൽ പ്രവേശിക്കുന്നത് മുതൽ തങ്ങളുടെ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ നഖമോ, തലമുടിയോ, ശരീരത്തിലെ മറ്റേതെങ്കിലും രോമങ്ങളോ, തൊലിയിൽ നിന്ന് വല്ലതോ ഒന്നും തന്നെ മുറിക്കാനോ, വടിക്കാനോ നീക്കം ചെയ്യാനോ പാടുള്ളതല്ല.

• റസൂലുള്ളാഹി ﷺ പറഞ്ഞു:

*إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلْيُمْسِكْ عَنْ شَعَرِهِ، وَأَظْفَارِهِ*

നിങ്ങൾ ദുൽഹിജ്ജ മാസപ്പിറവി ദർശിച്ചാൽ, നിങ്ങളിലെ ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവൻ; തന്റെ മുടിയും നഖവും പിടിച്ച് വെക്കട്ടെ (അതിൽ നിന്നൊന്നും എടുക്കാതിരിക്കട്ടെ).

• മറ്റൊരു രിവായത്തിൽ കാണാം:

*إِذَا دَخَلَتِ الْعَشْرُ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلَا يَمَسَّ مِنْ شَعَرِهِ وَبَشَرِهِ شَيْئًا*

_(ദുൽഹിജ്ജ) ആദ്യ പത്ത് പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങളിലെ ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവൻ അവന്റെ മുടിയിൽ നിന്നോ തൊലിയിൽ നിന്നോ ഒന്നും തന്നെ സ്പർശിക്കരുത്.

صحيح مسلم (١٩٧٧)

ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിച്ചവൻ തന്റെ മുടിയോ, നഖമോ, തൊലിയിൽ നിന്ന് വല്ലതോ എടുക്കാതെ പിടിച്ചു വെക്കുന്നതിനു പിന്നിലുള്ള യുക്തി രഹസ്യമെന്താണ്?

• മഹത്തായ ഹജ്ജ് കർമത്തിൽ പങ്കെടുക്കാനും, അതിലൂടെ ദുനിയാവിന്റെ സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ട് അല്ലാഹുവിന് വേണ്ടി ഇബാദത്തുകളിൽ മുഴുകാനും സാധിക്കാത്ത, സ്വന്തം നാടുകളിലുള്ളവർക്ക് മേൽ പറഞ്ഞ കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ; ഹജ്ജിന്റെ ഭാഗമായി അനുഷ്ഠിക്കുന്ന ചില ഇബാദത്തുകളിൽ ഹാജിമാരോട് പങ്കുചേരാനുള്ള അവസരം ലഭിക്കുന്നു. ഇത് അല്ലാഹു അവന്റെ അടിയാറുകൾക്ക് ചെയ്തു കൊടുക്കുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണ്.

• സ്വന്തം നാടുകളിൽ കഴിയുന്നവർ ഉള്ഹിയ്യത് അറക്കുന്നതിലൂടെ ഹാജിമാർ ഹജ്ജിന്റെ ഭാഗമായി നിർവഹിക്കുന്ന (هدي) ബലി കർമ്മത്തിൽ പങ്കു ചേരുന്നു. അതോടൊപ്പം മുടിയും നഖവും എടുക്കാതിരിക്കുന്ന കാര്യത്തിലും ഉള്ഹിയ്യത് അറുക്കുന്നവർ ഇഹ്റാമിൽ പ്രവേശിച്ചവരായ ഹാജ്ജിമാരോട് സാദൃശ്യം പുലർത്തുന്നുണ്ട്.

مجموع الفتاوى لابن عثيمين (٢٥/١٣٩)

ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നയാൾ; തന്റെ മുടി, നഖം,തുടങ്ങിയവ നീക്കം ചെയ്യൽ പാടില്ല എന്ന വിധി തന്റെ ഉള്ഹിയത്തിന്റെ പരിധിയിൽ വരുന്ന കുടുംബക്കാർക്കും ബാധകമാണോ?

ഈ വിധി ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവന് മാത്രം ബാധകമായ വിധിയാണ്. തന്റെ ഉള്ഹിയത്തിന്റെ പരിധിയിൽ വരുന്ന മറ്റുള്ളവർക്ക് ഈ വിധി ബാധകമല്ല.

കാരണം; റസൂലുള്ളാഹി ﷺ അവിടുത്തേക്കും അവിടുത്തെ കുടുംബത്തിനുമായി ഉള്ഹിയ്യത് അറുക്കുമായിരുന്നു. ആ സന്ദർഭങ്ങളിലൊന്നും തന്നെ അവിടുത്തെ കുടുംബത്തോട് ഇത്തരത്തിൽ വിലക്കിയിട്ടില്ല.

مجموع الفتاوى لابن عثيمين (٢٥/١٤٩)

ഒരാൾ പണം കൊടുത്ത് മറ്റൊരാളെ ഉള്ഹിയ്യത് അറുക്കാൻ ഏൽപ്പിക്കുന്നു. ഈ അവസരത്തിൽ ദുൽഹിജ്ജയുടെ ആദ്യദിവസങ്ങളിൽ മുടി, നഖം, തൊലി എന്നിവ നീക്കം ചെയ്യാൻ പാടില്ല എന്നത് ആർക്കാണ് ബാധകമാകുന്നത്?

ഈ പറഞ്ഞത് പോലുള്ള  ഉള്ഹിയ്യത്തുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ; ആരാണോ ഉള്ഹിയ്യത് അറുക്കുവാൻ വേണ്ടി കാശ് ചിലവാക്കുന്നത് അവനുമായി ബന്ധപ്പെട്ടവയാണ്. അഥവാ ഇവിടെ; ഉള്ഹിയ്യത് അറുക്കാൻ ഏൽപ്പിച്ചയാൾക്ക് മാത്രമാണ് മേൽ പറഞ്ഞത് പോലുള്ള വിധിവിലക്കുകൾ ബാധകമാകുന്നത്. അതുകൊണ്ട് തന്നെ ഉള്ഹിയ്യത് അറുക്കാൻ ഏൽപ്പിക്കപ്പെട്ടയാൾ ഇപ്പറഞ്ഞ കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടതില്ല.

مجموع الفتاوى لابن عثيمين (٢٥/١٥٥)

ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്ന ഒരാൾക്ക് ദുൽഹിജ്ജയുടെ ആദ്യദിവസങ്ങളിൽ മുടിയോ, നഖമോ, തൊലിയോ നീക്കം ചെയ്യൽ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ എന്തു ചെയ്യണം?

നീക്കം ചെയ്യാവുന്നതാണ്, അതിന് കുഴപ്പമില്ല.

ഉദാഹരണത്തിന്:

• ഒരാൾക്ക് തലയിൽ ഒരു മുറിവുണ്ട്, തലയിൽ നിന്നൽപം മുടി എടുക്കണം; ചെയ്യാവുന്നതാണ്.

• ഒരാളുടെ നഖം പൊട്ടി, അവശേഷിക്കുന്ന ഭാഗം മുറിച്ച് മാറ്റിയില്ലെങ്കിൽ അതവന് കൂടുതൽ പ്രയാസമുണ്ടാക്കും; അപ്പോളതു മുറിക്കാവുന്നതാണ്.

• ഒരാളുടെ ശരീരത്തിൽ തൊലി അധികമായി വളരുന്നു, അതയാളെ പ്രയാസപ്പെടുത്തുന്നുവെങ്കിൽ മുറിച്ച് മാറ്റാവുന്നതാണ്.

مجموع الفتاوى لابن عثيمين (٢٥/١٦١)

ദുൽഹിജ്ജ ആദ്യപത്ത് ദിവസങ്ങളിൽ മനപ്പൂർവം മുടിയോ നഖമോ നീക്കിയവന്റെ ഉള്ഹിയ്യത്‌ സാധുവാകുമോ? അതിന്റെ വിധിയെന്ത്?

ഒരാൾ മനപ്പൂർവ്വമാണ് ഇപ്രകാരം ചെയ്തതെങ്കിൽ റസൂലുള്ളാഹി ﷺ യെ അവൻ ധിക്കരിച്ചിരിക്കുന്നു, അവൻ തൗബ ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും; അവന്റെ ഉള്ഹിയ്യത് സാധുവാകുന്നതാണ്.

مجموع الفتاوى لابن عثيمين (٢٥/١٤٦)

താടി സ്ഥിരമായി വടിക്കുന്നയാളുടെ ഉള്ഹിയ്യത്തിന്റെ വിധിയെന്താണ്?

താടി നീട്ടിവളർത്തുക, അതിനെ വെറുതെ വിടുക എന്നത് റസൂലുള്ളാഹി ﷺ യുടെ ചര്യയും, അത് വടിക്കുക എന്നത് മുശ്‌രിക്കുകളുടെ ചര്യയുമാണ്.

ഒരുവൻ താടി വടിക്കുന്നതിലൂടെ അല്ലാഹുവിനെ ധിക്കരിക്കുകയും, കുറ്റക്കാരനാവുകയും ചെയ്യുന്നു. എന്നിരുന്നാലും; ഉള്ഹിയ്യത്തിന് സാധിക്കുന്നവനാണെങ്കിൽ അതവനറുക്കട്ടെ. അവന്റെ ഉള്ഹിയ്യത് സാധുവാകുന്നതാണ്. കാരണം; താടി വടിക്കുക എന്നതും ഉള്ഹിയ്യത്തറുക്കുക എന്നതും രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്.

مجموع الفتاوى لابن عثيمين (٢٥/١٤٩)

കടം വാങ്ങി ഉള്ഹിയ്യതിൽ പങ്കുചേരാമോ?

ഉള്ഹിയ്യത് എന്നത് വളരെ പ്രബലമായ ഒരു സുന്നത്ത് കർമമാണ്, വളരെ ശ്രേഷ്ഠതയുള്ള ഇബാദത്താണ്. അത് കൊണ്ട് തന്നെ കഴിവുള്ളവർ ഉള്ഹിയ്യത്തിന്റെ കാര്യത്തിൽ അലംഭാവം കാണിക്കാൻ പാടുള്ളതല്ല.

ഇനി ഒരാൾക്ക് കടം വാങ്ങിയാൽ അത് കൃത്യസമയത്ത് തന്നെ കൊടുത്തുവീട്ടാൻ സാധിക്കുമെന്ന ഉറപ്പുണ്ടെങ്കിൽ; അയാൾക്ക് അത്തരത്തിൽ കടം വാങ്ങി ഉള്ഹിയ്യതിൽ പങ്കു ചേരാവുന്നതാണ്, അത് നല്ല കാര്യമാണ്.

الموقع الرسمي للشيخ صالح الفوزان

ഹയാസ് അലി ബ്‌നു അബ്ദിർറഹ്‌മാൻ وفقه الله

Add a Comment

Your email address will not be published. Required fields are marked*