മൂത്രവാർച്ച മൂലം നിസ്കാരത്തെ അത് ബാധിക്കുന്നതുമായി ബന്ധപ്പെട്ട് ധാരാളം സഹോദരങ്ങൾ പ്രയാസപ്പെടുകയും സംശയം ചോദിക്കുകയും ചെയ്യാറുണ്ട്. അത്തരം സഹോദരങ്ങളുടെ ശ്രദ്ധയിലേക്കാണ് ഈ ലേഖനം.
മൂത്രമൊഴിച്ചതിനു ശേഷം വീണ്ടും മൂത്രം പുറത്തേക്ക് വരുന്നതിൽ പ്രധാനമായും മൂന്ന് അവസ്ഥയാണുണ്ടാകാറുള്ളത്.
ഒന്ന്: മൂത്രമൊഴിച്ചതിന് ശേഷം ഒരു നിശ്ചിത സമയത്തിന് ശേഷം മൂത്രത്തുള്ളികൾ പുറത്തേക്ക് വരിക എന്നതാണ്. അഥവാ രണ്ടോ, അഞ്ചോ,പത്തോ മിനിട്ടുകൾക്ക് ശേഷം. അങ്ങനെ കൃത്യമായി നിർണയിക്കാൻ പറ്റുന്ന ഒരു സമയത്തായിരിക്കും അതുണ്ടാകുക. ഈ അവസ്ഥയുള്ള ആളുകൾ അത് പുറത്തേക്ക് വരാൻ കാത്തുനിൽക്കേണ്ടതുണ്ട്. അങ്ങനെ അത് ശുദ്ധിയാക്കിയതിന് ശേഷം വുദൂ ചെയ്യുക. ഇങ്ങനെ കാത്തു നിൽക്കുക വഴി അയാളുടെ ജമാഅത്ത് നിസ്കാരം നഷ്ടപ്പെടാൻ സാധ്യത ഉണ്ടെങ്കിൽ പോലും അയാൾ അങ്ങനെ ചെയ്യേണ്ടതുണ്ട്.
എന്നാൽ ഓർക്കുക, ഇത് കൃത്യമായി ഇത്ര മിനിട്ടുകൾക്ക് ശേഷം മൂത്രത്തുള്ളി പുറത്തുവരും എന്നറിയുന്നവർക്ക് മാത്രമാണ്. കൃത്യമായി അറിയാത്തവരും, കേവലം സംശയമുള്ളവരും ഇങ്ങനെ കാത്തുനിൽക്കേണ്ടതില്ല.
രണ്ട്: മൂത്രമൊഴിച്ചതിന് ശേഷം പിന്നീട് ഒരു കൃത്യമായ സമയമില്ലാതെ മൂത്രത്തുള്ളികൾ പുറത്തേക്ക് വരുന്ന അവസ്ഥ. അഥവാ ചിലപ്പോൾ അത് 5 മിനുറ്റിന് ശേഷമായിരിക്കും, ചിലപ്പോൾ അര മണിക്കൂറിന് ശേഷമായിരിക്കും അങ്ങനെ കൃത്യമായി കണക്കാക്കാൻ പറ്റാത്ത ഒരു സമായത്തായിരിക്കും ഉണ്ടാകുക. ഈ അവസ്ഥയുള്ളവർക്ക് ഇനി മൂന്നാമതായി വിവരിക്കുന്ന മൂത്രവാർച്ച ഉള്ളവന്റെ വിധി തന്നെയാണുള്ളത്.
മൂന്ന്: മൂത്രമൊഴിച്ചതിന് ശേഷം തുടർച്ചയായി മൂത്രത്തുള്ളികൾ പുറത്തേക്ക് പോകുക എന്ന അവസ്ഥ. ഇതാണ് മൂത്രവാർച്ച. ഇങ്ങനെയുള്ളവർ ഓരോ നിസ്കാരത്തിന്റെ സമയത്തും ലൈംഗിക അവയവവും, മൂത്രത്തുള്ളികൾ ഉറ്റിയ വസ്ത്രവും വൃത്തിയാക്കുകയും, വുദൂ എടുക്കുകയും വേണം.
ഉദാഹരണത്തിന്: ദുഹ്ർ നിസ്കാരത്തിന് അതിന്റെ സമയം ആകാതെ വുദൂ ചെയ്യാൻ പാടില്ല. അതുപോലെ ആ വുദൂ കൊണ്ട് അസ്ർ നിസ്കരിക്കാനും പാടില്ല. മറിച്ച് അസ്റിന്റെ സമയമായാൽ വീണ്ടും വുദൂ ചെയ്യേണ്ടതുണ്ട്.
ചുരുക്കത്തിൽ, വുദൂ മുറിയുന്ന മറ്റു കാര്യങ്ങളൊന്നും സംഭവിച്ചിട്ടില്ല എങ്കിൽ മൂത്രവാർച്ച കൊണ്ട് ഒരാളുടെ വുദൂ മുറിയുകയില്ല എന്ന് മനസ്സിലാക്കാം.
എന്നാൽ ഓരോ നിസ്കാരത്തിനും വെവ്വേറെ വുദൂ എടുക്കേണ്ടതുണ്ട്. ഇനി ഒരു നിസ്കാരത്തിന് വുദൂ എടുത്ത ശേഷം മൂത്രവാർച്ച തീരെ ഉണ്ടായില്ല എങ്കിൽ ആ വുദൂ കൊണ്ട് അടുത്ത നിസ്കാരവും നിസ്കരിക്കാൻ സാധിക്കും.
മൂത്രത്തുള്ളികൾ വസ്ത്രത്തിലാകാതിരിക്കാൻ ടിഷ്യുപേപ്പർ അല്ലെങ്കിൽ അതുപോലെ ഉള്ളത് എന്തെങ്കിലും അടിവസ്ത്രത്തിൽ വെക്കുകയും അടുത്ത നിസ്കാരത്തിന് വുദൂ ചെയ്യുന്നതിനു മുമ്പായി അത് നീക്കം ചെയ്യുകയും ചെയ്യാം.
എന്നാൽ ഈ മൂന്ന് അവസ്ഥയിലും പെടാതെ കേവലം പിശാച് ഉണ്ടാക്കുന്ന വസ്’വാസ് കാരണം ‘എന്തെങ്കിലും പുറത്തു പോയോ’ എന്ന് ചിന്തിക്കുന്നവരുണ്ട്.
”ഒരാൾ വുദൂ ചെയ്താൽ പിന്നീട് കേവല സംശയം കൊണ്ട് മാത്രം വുദൂ മുറിയുകയില്ല” എന്ന അടിസ്ഥാന തത്വം അവർ മനസ്സിലാക്കേണ്ടതുണ്ട്. അത്തരക്കാർക്ക് ഒരിക്കലും ഈ പറഞ്ഞ വിധി അല്ല. ‘മൂത്രം ഉറ്റുന്നുണ്ട്’ എന്ന് ഉറപ്പുള്ള ആളുകൾക്ക് മാത്രമാണിത്.
നബി-ﷺ- ആർത്തവത്തിന്(حيض)പുറമെ രക്തസ്രാവ(استحاضة) രോഗമുള്ള സ്ത്രീയോട് ഓരോ നിസ്കാരത്തിനും വുദൂ ചെയ്യാൻ പറഞ്ഞതിനോട് തുലനം ചെയ്താണ് പണ്ഡിതന്മാർ ഈ വിധി പറഞ്ഞിട്ടുള്ളത്.
അവലംബം: ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ رَحِمَهُمَا اللَّه, ശൈഖ് സുലൈമാൻ അർറുഹൈലീ حَفِظَهُ اللَّه എന്നിവരുടെ ഫത്’വകളിൽ നിന്ന്.
ഹംറാസ് ബിൻ ഹാരിസ് وفقه الله
Add a Comment