“ചില സമയങ്ങളിൽ എനിക്ക് ഈമാനികമായി നല്ല ഉണർവ് അനുഭവപ്പെടും, ഇബാദത്തുകൾ ചെയ്യാൻ ഉത്സാഹവും തെറ്റുകളിൽ നിന്ന് അകന്നു നിൽക്കാനും അതുപോലെ എന്തെന്നില്ലാത്ത സന്തോഷവും അനുഭവപ്പെടും. പ്രത്യേകിച്ചും എന്റെ കൂട്ടുകാരുടെ കൂടെ ഹജ്ജിനോ ഉംറക്കോ മറ്റു വല്ല യാത്രകൾക്കോ പോകുമ്പോഴൊക്കെ. പക്ഷെ, പിന്നീട് വീണ്ടും പഴയ അവസ്ഥയിലേക്ക് മടങ്ങുകയും ഇബാദത്തുകൾ ചെയ്യാൻ പ്രയാസം തോന്നുകയും പാപങ്ങളെ നിസ്സാരമായി കാണാനുമൊക്കെ തുടങ്ങും, ഇത് നിഫാഖ് (കപടവിശ്വാസം) ആണോ? ഞാൻ ആദ്യം പറഞ്ഞ അവസ്ഥയിൽ തന്നെ എങ്ങനെയാണ് ഉറച്ചു നിൽക്കാൻ പറ്റുക? ”
ശൈഖ് സ്വാലിഹ് അൽ-ഉഥൈമീൻ رحمه الله നൽകിയ മറുപടി :
❝ റസൂലുല്ലാഹി ﷺ പറഞ്ഞിട്ടുണ്ട്: “അടിമകളുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ രണ്ട് വിരലുകൾക്കിടയിലാണ്, അവൻ ഉദ്ദേശിക്കുന്നവിധം അവനതിനെ മാറ്റിമറിക്കുന്നു.”
(സ്വഹീഹ് മുസ്ലിം: 2654)
മനുഷ്യഹൃദയങ്ങൾ അങ്ങുമിങ്ങുമായി അലഞ്ഞു കൊണ്ടേ ഇരിക്കുന്നതാണ്. ചോദ്യകർത്താവ് സൂചിപ്പിച്ചത് പോലെയുള്ള കാര്യങ്ങൾ എല്ലാ മനുഷ്യരിലും സംഭവിക്കുന്ന കാര്യമാണ്. ഇതിന് പരിഹാരമെന്നോളം അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചു തന്നിട്ടുള്ള..
اللَّهُمَّ يَا مُصَرِّفَ القُلُوبِ صَرِّفْ قُلُوبَنَا عَلَى طَاعَتِكَ
(ഹൃദയങ്ങളെ മാറ്റി മറിക്കുന്ന അല്ലാഹുവേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ..)
എന്ന ഈ പ്രാർത്ഥന നിങ്ങൾ അധികരിപ്പിക്കുക.
ഒരു തെറ്റ് ചെയ്യണം എന്ന് തോന്നിയാൽ നീ ആരെയാണോ ധിക്കരിക്കാൻ പോകുന്നത് അവന്റെ മഹത്വത്തെപ്പറ്റി നീ ആലോചിക്കുക, അങ്ങനെ ചെയ്താൽ ആ തെറ്റ് ഉപേക്ഷിക്കുക എന്നത് നിനക്ക് എളുപ്പമാകും.
അതു പോലെ സ്വാലിഹീങ്ങളുമായി സഹവസിക്കുകയും അവരുമായുള്ള സഹവാസം പ്രയോജനപ്പെടുത്തുകയും ചെയ്യുക. കാരണം ഒരു നല്ല സഹവാസി അത്തറ് (സുഗന്ധ) കച്ചവടക്കാരനെപ്പോലെയാണ്. ഒന്നുകിൽ നിനക്ക് അവൻ അത്തർ നൽകിയേക്കാം. അല്ലെങ്കിൽ നിനക്ക് അവനിൽ നിന്നും അത്തർ വിലക്ക് വാങ്ങാം, അതുമല്ലെങ്കിൽ അവന്റെ അത്തറിന്റെ സുഗന്ധം നിനക്ക് ആസ്വദിക്കുകയെങ്കിലും ചെയ്യാം.
അല്ലാഹു നമ്മളേവരേയും ദീനിൽ ഉറപ്പിച്ചു നിർത്തുമാറാകട്ടെ. (ആമീൻ)❞
فتاوى على الطريق . صـ 59 ، سـ 66
Add a Comment