“ബദ്‌രീങ്ങളും, ബദർ മൗലിദും..”

ബദ്‌രീങ്ങളോ, ബദ്‌രീങ്ങളുടെ നേതാവായ അല്ലാഹുവിന്റെ റസൂൽ ﷺ യോ, ഏറ്റവും നല്ല കാലഘട്ടം എന്ന് നബി ﷺ തന്നെ വിശേഷിപ്പിച്ച ഉത്തമ തലമുറയിൽ ജീവിച്ച മഹാന്മാരോ, അവർക്ക് ശേഷം വന്ന ഇമാമീങ്ങളോ ആരും തന്നെ റമദാൻ ‘പതിനേഴിന്റെ രാവിൽ’ ഇങ്ങനെ ഒരു ആണ്ട് നേർച്ച നടത്തിയിട്ടില്ല.

ബദ്ർ യുദ്ധത്തിന് ശേഷം അല്ലാഹുവിന്റെ റസൂൽ ﷺ ഏതെങ്കിലും ഒരു റമദാനിലെ പതിനേഴിന്റെ രാവിൽ മസ്ജിദിൽ ഒരുമിച്ച് കൂടുകയും, ബദ്ർ മൗലിദ് ചൊല്ലുകയും ചെയ്തതിന് ഒരൊറ്റ തെളിവ് ഉദ്ധരിക്കാൻ സാധിക്കുമെങ്കിൽ ഈ ആളുകൾ ഉദ്ധരിക്കട്ടെ!

നബി ﷺ യും സ്വഹാബത്തും ബദ്റിന് പുറമേ -ഉഹ്ദും, ഖന്ദഖും, ഖൈബറും- പോലെയുള്ള യുദ്ധങ്ങൾ നടത്തിയിട്ടുണ്ടല്ലോ? എന്തേ അതൊന്നും ആഘോഷമാക്കാതെ ബദർ ദിനം മാത്രം ഈ ആളുകൾ ആഘോഷമാക്കുന്നു?

നബി ﷺ ക്ക് ശേഷം സ്വഹാബത്തിന്റെ കാലത്ത് മുസ്‌ലിമീങ്ങൾക്ക് വമ്പിച്ച വിജയം ലഭിച്ച എത്രയെത്ര യുദ്ധങ്ങൾ നടന്നു; എന്തേ അതൊന്നും ആഘോഷ ദിനമാക്കുന്നതായി കാണുന്നില്ല?

ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടമായിരുന്നു ബദ്ർ. യഥാർത്ഥത്തിൽ ബദ്ർ യുദ്ധം നടന്നത് ഈ ദിവസത്തിൽ മൗലിദ് ചൊല്ലാനും, അതിന് ശേഷം ചീരണിയും തിന്ന് സ്ഥലം വിടാനും വേണ്ടിയായിരുന്നില്ല. മറിച്ച്, നമ്മൾ ഇന്ന് അഭിമാനിക്കുന്ന, നമ്മുടെ ജീവനേക്കാൾ നമുക്ക് പ്രിയങ്കരമായ ഇസ്‌ലാം ദീനിന്റെ അടിത്തറയായ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമത്തുശ്ശഹാദ സ്ഥാപിക്കാൻ വേണ്ടിയായിരുന്നു.

മക്കയിലെ മുശ്‌രിക്കുകളും, അല്ലാഹുവിന്റെ റസൂൽ ﷺ യും തമ്മിൽ എന്തിനായിരുന്നു ഇങ്ങനെയൊരു പോരാട്ടം?

എന്തായിരുന്നു അവർക്കിടയിലെ തർക്കം?

‘അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ, അവനോട് മാത്രമേ വിളിച്ചു പ്രാർത്ഥിക്കാൻ പാടുള്ളൂ, അവനിൽ മാത്രമേ ഭരമേല്പിക്കാൻ പാടുള്ളൂ; അവന് പുറമേ, മഹാന്മാർ, അംബിയാക്കൾ, ഔലിയാക്കൾ, മലക്കുകൾ, ജിന്നുകൾ, കല്ലുകൾ, മരങ്ങൾ, ബിംബങ്ങൾ, വിഗ്രഹങ്ങൾ ഇവയൊന്നും തന്നെ ആരാധിക്കപ്പെടാൻ പാടില്ല’ എന്ന് അല്ലാഹുവിന്റെ റസൂൽ ﷺ യും അവിടുത്തെ സ്വഹാബത്തും പ്രഖ്യാപിച്ചു.

എന്നാൽ, ലാത്തയും, ഉസ്സയും, മനാത്തയും, ഇബ്‌റാഹീം നബിയും, ഇസ്മാഈൽ നബിയും സ്വയം കഴിവുള്ളവരല്ല. നമ്മൾ അവരോട് സഹായാർത്ഥന നടത്തിയാൽ അവർ അല്ലാഹു കൊടുത്ത കഴിവ് കൊണ്ട് നമ്മെ സഹായിക്കും എന്ന വിശ്വാസമായിരുന്നു എതിർ കക്ഷികളായ അബൂ ജഹ്‌ൽ അടങ്ങുന്ന മക്കാ മുശ്‌രിക്കുകളുടെ വിശ്വാസം. അതായിരുന്നു അവർക്കിടയിലെ പ്രശ്നം.

അങ്ങനെ രണ്ട് ആദർശങ്ങളായിരുന്നു അഥവാ തൗഹീദും ശിർക്കുമായിരുന്നു അവിടെ ബദ്റിന്റെ മണ്ണിൽ മാറ്റുരക്കപ്പെട്ടത്. അതിലൂടെ അല്ലാഹു റബ്ബുൽ ആലമീൻ അവന്റെ ദീനായ ഇസ്‌ലാമിനും, മുസ്‌ലിമീങ്ങൾക്കും വമ്പിച്ച വിജയം നൽകുകയുണ്ടായി. الْحَمْدُ لِلَّهِ

ഈ ബദ്‌രീങ്ങളുടെ മാർഗത്തിലാവണം എന്ന് കരുതിക്കൊണ്ട് ബദ്ർ മാലയും, മൗലിദും ചൊല്ലുന്ന സാധുക്കൾ അറിയുന്നുണ്ടോ അതിലടങ്ങിയിട്ടുള്ളത് മക്കാ മുശ്‌രിക്കുകളുടെ വിശ്വാസമടങ്ങുന്ന ശിർക്കിന്റെ വരികളാണ് എന്ന്. ഈ കണ്ട മാലമൗലിദുകൾ മുസ്‌ലിം ഉമ്മത്തിൽ വരുത്തി വെച്ച വിശ്വാസപരമായ ജീർണതകൾ എത്ര കടുത്തതാണ് എന്ന് അത് പരിശോധിക്കുന്ന ആർക്കും മനസ്സിലാവുന്നതാണ്.

അല്ലാഹുവിനോട് മാത്രം വിളിച്ചു പ്രാർത്ഥിക്കാൻ കല്പിക്കപ്പെട്ടവരാണ് മുസ്‌ലിമീങ്ങൾ. അല്ലാഹു പറഞ്ഞു:

﴿وَقَالَ رَبُّكُمُ ٱدۡعُونِیۤ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِینَ یَسۡتَكۡبِرُونَ عَنۡ عِبَادَتِی سَیَدۡخُلُونَ جَهَنَّمَ دَاخِرِینَ﴾

“നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌; തീര്‍ച്ച.” (ഗാഫിർ:60).

എന്നാൽ, പ്രയാസ ഘട്ടങ്ങളിലും, അല്ലാത്തപ്പോഴും അതാ വിളിക്കുന്നു: ‘ബദ്‌രീങ്ങളേ കാക്കണേ..’

എന്തിനേറെ, ഒന്ന് കാലു തെറ്റി വീഴാൻ പോവുമ്പോൾ പോലും: ‘ബദ്‌രീങ്ങളെ കാവൽ’ എന്ന് പറയുന്നു. نَعُوذُ بِاللَّهِ

ഇതെല്ലാം പ്രാർത്ഥനയല്ലേ? ഇത് ബദ്‌രീങ്ങളുടെ പാതയാണോ? ഇത് പോലെയുള്ള സഹായ തേട്ടം നടത്താൻ പാടില്ല എന്ന് പറഞ്ഞതിന്റെ പേരിലല്ലേ മഹാന്മാരായ സ്വഹാബികളിൽ പ്രമുഖരായ ബിലാലും, അമ്മാറും, യാസിറും, സുമയ്യയും رَضِيَ اللَّهُ عَنْهُمْ പീഡിപ്പിക്കപ്പെട്ടത്. ഈ കടുത്ത ശിർക്ക് പേറി നടന്നവരോടല്ലേ ബദ്റിന്റെ മണ്ണിൽ വെച്ച് ബദ്‌രീങ്ങൾ പോരാടിയത്?

ഈ പിഴച്ച വിശ്വാസം മുസ്‌ലിം ഉമ്മത്തിലേക്ക് കടന്ന് വന്നതിൽ വാസ്തവത്തിൽ മാലമൗലിദുകൾക്കും അത് പോലെയുള്ള കീറകിതാബുകളിലെ കള്ളക്കഥകൾക്കും വലിയ പങ്കുകളാണുള്ളത്.

ബദ്‌റിൽ വെച്ച് ബദ്‌രീങ്ങൾ പ്രാർത്ഥിച്ചതും ഇസ്തിഗാസ നടത്തിയതും അല്ലാഹുവിനോട് മാത്രമല്ലേ? അല്ലാഹു അതാ പറയുന്നു:

﴿إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُمْ بِأَلْفٍ مِنَ الْمَلائِكَةِ مُرْدِفِينَ﴾

“നിങ്ങള്‍ നിങ്ങളുടെ റബ്ബിനോട് (ഇസ്തിഗാസ) സഹായം തേടിയപ്പോള്‍; തുടരെത്തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ നിങ്ങള്‍ക്കു മറുപടി നല്‍കിയ സന്ദര്‍ഭം (ഓര്‍ക്കുക).”
(അൻഫാൽ:9).

തൗഹീദിന് വേണ്ടി പോരാടിയ ബദ്‌രീങ്ങളുടെ പേരിൽ നടത്തപ്പെടുന്ന ആണ്ടു നേർച്ചയിൽ ബദ്‌രീങ്ങളോടുള്ള പ്രാർത്ഥനയും ഇസ്തിഗാസയും. എന്തൊരു വിരോധാഭാസമാണിത്!

അത് കൊണ്ട്; തെറ്റിദ്ധരിച്ചു പോയ സഹോദരങ്ങൾ മനസ്സിലാക്കുക.
ബദ്‌രീങ്ങളോടുള്ള സ്നേഹം അവരുടെ ആദർശമായ തൗഹീദ് ‘ലാ ഇലാഹ ഇല്ലല്ലാഹ്‌’ എന്ന കലിമത്തുശ്ശഹാദ മരണം വരേ മുറുകെ പിടിച്ച് ജീവിക്കുന്നതിലൂടെയാണ് യാഥാർത്ഥ്യ വൽക്കരിക്കാൻ സാധിക്കുക.

അതിനെതിരായ ശിർക്കൻ വരികൾ ചൊല്ലുന്ന ഈ രൂപത്തിലുള്ള ദീനിൽ യാതൊരു അടിസ്ഥാനവുമില്ലാത്ത പരിപാടികളിൽ നിന്ന് നാം വിട്ടു നിൽക്കുക. എങ്കിൽ മാത്രമേ ആ മഹാന്മാരുടെ കൂടെ സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. അല്ലാഹു പറഞ്ഞു:

﴿وَمَن یُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَـٰۤىِٕكَ مَعَ ٱلَّذِینَ أَنۡعَمَ ٱللَّهُ عَلَیۡهِم مِّنَ ٱلنَّبِیِّـۧنَ وَٱلصِّدِّیقِینَ وَٱلشُّهَدَاۤءِ وَٱلصَّـٰلِحِینَۚ وَحَسُنَ أُو۟لَـٰۤىِٕكَ رَفِیقࣰا﴾

“ആര് അല്ലാഹുവിനേയും അവന്‍റെ റസൂലിനേയും അനുസരിക്കുന്നുവോ; അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും (സ്വർഗ്ഗത്തിൽ). അവര്‍ എത്ര നല്ല കൂട്ടുകാരാണ്!” (നിസാഅ്: 69).

 


“ബദ്ർ ബൈത്തിലെ ശിർക്കൻ വരികൾ”

മഹാന്മാരായ ബദ്‌രീങ്ങളുടെ പേരിൽ ഏതോ ഒരുത്തൻ കെട്ടിയുണ്ടാക്കിയ ഓവറായി ചൊല്ലപ്പെടുന്ന മാലമൗലിദുകളിൽ ഇസ്‌ലാമിന്റെ അടിത്തറയായ തൗഹീദിനെ തകർത്തു കളയുന്ന എത്രയോ കടുത്ത ശിർക്കിന്റെ വരികൾ കാണാൻ സാധിക്കും.

എത്രയെത്ര മുസ്‌ലിമീങ്ങളാണ് അർത്ഥമറിയാതെയും, അതിന്റെ ഗൗരവമറിയാതെയും മുസ്‌ലിയാക്കന്മാർ പറഞ്ഞു പറ്റിച്ചതിന്റെ അടിസ്ഥാനത്തിൽ ചൊല്ലിക്കൊണ്ടിരിക്കുന്നത്.

ബദ്‌രീങ്ങളുമായി ബന്ധപ്പെട്ട് ചൊല്ലപ്പെടുന്ന മാലയിലെ അപകടകരമായ ചില വരികൾ താഴെ വായിക്കാം:

“ദേഹം വലഞ്ഞോവൻ ഇപ്പേരിനേ ചൊല്ലിയാൽ തീരും മുന്നമേ ശിഫയാകും എന്നോവർ”

“എന്നും കൊടുമ മികന്തോരു ദീനത്തില് അവരേ വിളിച്ച് ദുആനേ ഇരന്നെങ്കിൽ അന്നേരം തന്നെ ശിഫാക്കളെ കിട്ടാതെ ആയിട്ടതില്ല ഒരുത്തരും എന്നോവർ”

“മുന്നിട്ട് മൗത്തോട് അടുത്തവനായെങ്കിൽ മുന്തിയേ ദാഹം കൊടുമ തളർച്ചയും ഖന്നാസവന്റെ ചതിയും ഫലിക്കാതെ ഖൈറ് മികന്ത്‌ മമാത്താകും എന്നോവർ”

“ഏറെ മികന്തുള്ള പേറ്റ് വരുത്തത്തിൽ ഇന്തേ സ്വഹാബികൾ പേരിനെ ഓതുകിൽ കൂരീമുടിയും മുനം പള്ള തന്നീന്ന് കുട്ടീ പിറക്കലിനില്ല ശക്ക് എന്നോവർ” (ബദ്ർ മാല).

രോഗം വന്നാൽ, പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടായാൽ, എളുപ്പത്തിൽ പ്രസവിക്കാൻ, എത്രത്തോളം മരണത്തിന്റെ നേരത്ത് പോലും ബദ്‌രീങ്ങളോട് ദുആ ചെയ്തോളൂ ഉത്തരം ലഭിക്കും എന്നാണ് മാലക്കാരൻ പറയുന്നത്. എത്ര അപകടമാണ് ഈ നൂലാ മാലകളിലെ വരികൾ!

‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കലിമ ചൊല്ലി മുസ്‌ലിമായി മരിക്കാൻ അനുവദിക്കാത്ത ഈ കടുത്ത ശിർക്കിന്റെ വരികൾ മുസ്‌ലിമിന് ചൊല്ലാൻ സാധിക്കുമോ?

ഈ വരികളൊന്നും ശിർക്കല്ലെങ്കിൽ പിന്നെ ഏതാണ് ശിർക്ക് എന്ന് മുസ്‌ലിയാക്കന്മാർ പറഞ്ഞു തരണം.

സഹോദരങ്ങളേ, ഈ കൊടിയ ശിർക്ക് എങ്ങനെ ബദ്‌രീങ്ങളോടുള്ള സ്നേഹവും ആദരവുമാകും? ഇത് ചൊല്ലുന്നവരും മക്കാ മുശ്‌രിക്കുകളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്! ഒരുപക്ഷേ, മക്കാ മുശ്‌രിക്കുകളെ വരേ വെല്ലുന്ന രൂപത്തിലുള്ള ശിർക്കിന്റെ വാക്കുകളല്ലേ ഇത് എന്ന് തോന്നിപ്പോവുകയാണ്!

ഈ ശിർക്കൻ വിശ്വാസത്തിൽ നിന്ന് രക്ഷപ്പെട്ടില്ലെങ്കിൽ ഈമാനോട് കൂടി മരിക്കാൻ സാധിക്കുകയില്ല. അങ്ങനെ ഈമാനില്ലാതെ മുശ്‌രിക്കായിക്കൊണ്ട് മരിച്ചു പോയാൽ; ഒരിക്കലും അല്ലാഹുവിൽ നിന്നുള്ള പാപമോചനം അത്തരക്കാർക്ക് ലഭിക്കുകയില്ല:

﴿إِنَّ ٱللَّهَ لَا یَغۡفِرُ أَن یُشۡرَكَ بِهِۦ وَیَغۡفِرُ مَا دُونَ ذَ ٰ⁠لِكَ لِمَن یَشَاۤءُۚ وَمَن یُشۡرِكۡ بِٱللَّهِ فَقَدِ ٱفۡتَرَىٰۤ إِثۡمًا عَظِیمًا﴾

“അല്ലാഹു അവനോട് പങ്കുചേര്‍ക്കപ്പെടുന്നത് ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവിൽ പങ്കു ചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.”
(നിസാഅ്:48).

പരലോകത്ത് കാലാകാലം നരഗത്തിലായിരിക്കും. ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധ്യമല്ല:

﴿وَٱلَّذِینَ كَفَرُوا۟ لَهُمۡ نَارُ جَهَنَّمَ لَا یُقۡضَىٰ عَلَیۡهِمۡ فَیَمُوتُوا۟ وَلَا یُخَفَّفُ عَنۡهُم مِّنۡ عَذَابِهَاۚ كَذَ ٰ⁠لِكَ نَجۡزِی كُلَّ كَفُورࣲ﴾

“(അല്ലാഹുവിലും അവന്റെ ദീനിലും വിശ്വസിക്കാത്ത) കാഫിറുകളാരോ അവര്‍ക്കാണ് നരകാഗ്നി. അവരുടെ മേല്‍ (അവിടെ നരകത്തിൽ മരണം) വിധിക്കപ്പെടുന്നതല്ല. (അവിടെ മരണമുണ്ടായിരുന്നുവെങ്കിൽ) മരണം ഏറ്റുവാങ്ങിക്കൊണ്ട് അവര്‍ക്ക് (സമാധാനിക്കാമായിരുന്നു). അതിലെ ശിക്ഷയില്‍ നിന്ന് ഒട്ടും അവര്‍ക്ക് ഇളവുചെയ്യപ്പെടുകയുമില്ല. അപ്രകാരമാണ് എല്ലാ നന്ദികെട്ടവര്‍ക്കും നാം പ്രതിഫലം നല്‍കുന്നത്.”

﴿وَهُمۡ یَصۡطَرِخُونَ فِیهَا رَبَّنَاۤ أَخۡرِجۡنَا نَعۡمَلۡ صَـٰلِحًا غَیۡرَ ٱلَّذِی كُنَّا نَعۡمَلُۚ أَوَلَمۡ نُعَمِّرۡكُم مَّا یَتَذَكَّرُ فِیهِ مَن تَذَكَّرَ وَجَاۤءَكُمُ ٱلنَّذِیرُۖ فَذُوقُوا۟ فَمَا لِلظَّـٰلِمِینَ مِن نَّصِیرٍ﴾

“അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ പുറത്തയക്കണേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ അല്ലാഹു പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് നൽകുകയും, താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തില്ലേ? അതിനാല്‍ നിങ്ങള്‍ ചെയ്തതിന്റെ തിക്തഫലമായിക്കൊണ്ട് (നരക ശിക്ഷ) അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.” (ഫാത്വർ: 36, 37).

ചുരുക്കത്തിൽ: ബദ്‌രീങ്ങളുടെ ആണ്ട് ഇസ്‌ലാമിക വിരുദ്ധവും, അതിനോടനുബന്ധിച്ച് നൽകുന്ന നേർച്ചച്ചോറ് അല്ലാഹു അല്ലാത്തവർക്ക് വേണ്ടി നേർച്ചയാക്കപ്പെട്ട ഹറാമിന്റെ ഭക്ഷണവുമാണ്.

അതിനാൽ, ആത്മാർത്ഥമായി ആലോചിക്കുക; തിരുത്താനും, യഥാർത്ഥ ദീനിലേക്ക് മടങ്ങാനും ഇനിയും സമയം ബാക്കിയുണ്ട്! അതവസാനിക്കുന്നതിന് മുമ്പ് തന്നെ വേഗത്തിൽ മടങ്ങിക്കൊള്ളുക. അല്ലാഹു തൗഫീഖ് ചെയ്യുമാറാവട്ടെ, ആമീൻ.

– സഈദ് ബിൻ അബ്ദിസ്സലാം وفقه الله

Add a Comment

Your email address will not be published. Required fields are marked*