ശനിയാഴ്ചയിലെ നോമ്പ് – ശൈഖ് ഇബ്നു ഉസൈമീൻ-رَحِمَهُ اللَّهُ

ശൈഖ് ഇബ്നു ഉസൈമീൻ-رَحِمَهُ اللَّهُ- പറഞ്ഞു:

❝ശനിയാഴ്ച ദിവസം നോമ്പെടുക്കുന്നതിൽ വ്യത്യസ്ത രൂപങ്ങളുണ്ട്.

◼️ ഒന്നാമത്തെ രൂപം:
ഫർദായ നോമ്പുകൾ, റമദാനിലെ നോമ്പ്, റമദാനിലെ ഖദാ വീട്ടാനുള്ള നോമ്പ്, പ്രായശ്ചിത്തമായി എടുക്കുന്ന നോമ്പ്, ഹജ്ജിലെ തമത്തുഇന്റെ രീതി സ്വീകരിച്ചവന് ബലി മൃഗത്തെ അറുക്കാതെ വരുമ്പോൾ എടുക്കുന്ന നോമ്പ്, തുടങ്ങിയ നിർബന്ധ നോമ്പുകൾ ആ ദിവസത്തിന് എന്തെങ്കിലും പ്രത്യേകത ഉണ്ട് എന്ന് വിശ്വസിക്കാത്തിടത്തോളം ശനിയാഴ്ച എടുക്കുന്നതിൽ തെറ്റില്ല.

◼️ രണ്ടാമത്തെ രൂപം:
അതിന് തൊട്ട് മുമ്പ് വെള്ളിയാഴ്ച നോമ്പെടുക്കുന്നുവെങ്കിൽ കുഴപ്പമില്ല. കാരണം നബി-ﷺ- വെള്ളിയാഴ്ച നോമ്പെടുത്തിരുന്ന നമ്മുടെ ഉമ്മമാരിൽ ഒരാളോടായി പറഞ്ഞു: “നീ ഇന്നലെ നോമ്പെടുത്തിരുന്നോ? അവർ പറഞ്ഞു: “ഇല്ല” , “നീ നാളെ നോമ്പെടുക്കുന്നുണ്ടോ?” അവർ പറഞ്ഞു: “ഇല്ല”, നബി -ﷺ- പറഞ്ഞു: “എങ്കിൽ നീ നോമ്പ് മുറിച്ചു കൊള്ളുക.”
നബി-ﷺ- “നീ നാളെ നോമ്പെടുക്കുന്നുണ്ടോ?” എന്ന് ചോദിച്ചതിൽ നിന്ന് വെള്ളിയാഴ്ചയുടെ കൂടെ ആണെങ്കിൽ ശനിയാഴ്ച നോമ്പെടുക്കൽ അനുവദനീയമാണ് എന്ന് അറിയിക്കുന്നു.

◼️ മൂന്നാമത്തെ രൂപം:
അയ്യാമുൽ ബീദിലെ നോമ്പ്, അറഫാ നോമ്പ്, ആശൂറാ നോമ്പ്, റമദാനിന് ശേഷം ശവ്വാലിലെ ആറ് നോമ്പ്,ദുൽഹിജ്ജയിലെ ആദ്യത്തെ ഒൻപത് ദിവസങ്ങൾ…. പോലെയുള്ള (പ്രത്യേക കാരണങ്ങളുള്ള) നോമ്പുകൾ എടുക്കുന്നതിൽ കുഴപ്പമില്ല. കാരണം ശനിയാഴ്ച ആയത് കൊണ്ടല്ല അവൻ ആ നോമ്പുകൾ നോൽക്കുന്നത്, മറിച്ച് നോമ്പ് സുന്നത്താക്കിയിട്ടുള്ള ദിവസങ്ങൾ ആയതുകൊണ്ടാണ്.

◼️ നാലാമത്തെ രൂപം:
ഒരുവൻ സ്ഥിരമായി എടുത്തു പോരുന്ന ചര്യയോട് യോജിച്ചു വന്നാൽ (ശനിയാഴ്ച്ച നോമ്പെടുക്കാം.)
ഉദാഹരണത്തിന് ഒരാൾ ഒരു ദിവസം നോമ്പ് എടുക്കുകയും ഒരു ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്യുന്ന സുന്നത്തായ നോമ്പ് അനുഷ്ഠിക്കുമ്പോൾ അവന്റെ നോമ്പിന്റെ ദിവസമായി ശനിയാഴ്ച വരുമ്പോൾ അവൻ ആ നോമ്പ് എടുക്കാവുന്നതാണ്. കാരണം നബി-ﷺ- റമദാനിന്റെ ഒന്നോ രണ്ടോ ദിവസം മുമ്പ് നോമ്പെടുക്കുന്നത് വിലക്കിയപ്പോൾ സ്ഥിരമായി സുന്നത്ത് നോമ്പ് എടുത്ത് വരുന്ന ഒരുവന് എടുക്കാം എന്ന് പറഞ്ഞതായി കാണാം.(അഥവാ തിങ്കൾ,വ്യാഴം പോലുള്ള ദിവസങ്ങൾ റമദാനിന്റെ തലേ ദിവസം വരികയാണെങ്കിൽ അവൻ സ്ഥിരമായി എടുക്കുന്ന ആ നോമ്പ് എടുക്കാം.) ഇതും അതുപോലെയുള്ളതാണ്.

◼️ അഞ്ചാമത്തെ രൂപം:
പ്രത്യേകമായി ഒരു സുന്നത്ത് നോമ്പ് ശനിയാഴ്ച മാത്രമായി എടുക്കുക എന്നത്. ശനിയാഴ്ച നോമ്പെടുക്കുന്നത് വിലക്കി കൊണ്ടുള്ള ഹദീസ് സ്വഹീഹാണെങ്കിൽ ഈ ഒരു രൂപം മാത്രമാണ് അതിൽ വിലക്കപ്പെടുന്നത്.❞

(എന്നാൽ ആ ഹദീസ് സ്വഹീഹ് അല്ല, ധാരാളം സ്വഹീഹായ ഹദീസുകൾക്ക് വിരുദ്ധമായി വന്ന ഒറ്റപ്പെട്ട ഒരു ഉദ്ധരണി ആണെന്ന് പല പണ്ഡിതന്മാരും പറഞ്ഞതായി കാണാം:-വിവ)

( مجموع فتاوى ورسائل الشيخ ابن عثيمين” (20/57)

✍🏻 വിവ: ഹംറാസ് ബിൻ ഹാരിസ് وفقه الله

Add a Comment

Your email address will not be published. Required fields are marked*