1️⃣ – ജുമുഅ നിസ്കാരം.
അല്ലാഹു പറഞ്ഞു : വെള്ളിയാഴ്ച നിസ്കാരത്തിലേക്ക് (ജുമുഅ) വിളിക്കപ്പെട്ടാൽ നിങ്ങൾ കച്ചവടമൊക്കെ ഒഴിവാക്കി അതിലേക്ക് ധൃതിയോടെ പോവുക.(സൂറ:ജുമുഅ – 7)
അബൂജഅദ് ളംരി -رضي الله عنه- നബി-ﷺ-യിൽ നിന്നുദ്ധരിക്കുന്നു : ” ആരെങ്കിലും മൂന്ന് ജുമുഅ അലസത കാരണം ഒഴിവാക്കിയാൽ അവന്റെ ഹൃദയത്തിൽ അല്ലാഹു മുദ്ര വെക്കുന്നതാണ്”.
(അബൂദാവൂദ് 1052).
(ഈ ഒരു ആശയത്തിലെ ചില ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഹദീഥ് സ്വഹീഹു മുസ്ലിമിലും കാണാം.)
(എല്ലാ ആവശ്യങ്ങൾക്കും പുറത്ത് പോവുകയും ജുമുഅ യുടെയും മസ്ജിദിന്റെയും കാര്യം വരുമ്പോൾ ‘കൊറോണ പേടി’ പറയുകയും ചെയ്യുന്നവർ ചിന്തിക്കുക.)
ഇമാം ഇബ്നുൽ ഖയ്യിം -رحمه الله- പറയുന്നു : അറഫയിലെ സംഗമത്തിന് ശേഷം ഏറ്റവും പ്രധാനപ്പെട്ടതാണ് ജുമുഅ ദിവസ സംഗമം.
(സാദുൽ മആദ് 1/376)
2️⃣ – ദുആ അധികരിപ്പിക്കൽ.
വെള്ളിയാഴ്ച ദിവസത്തെ കുറിച്ച് നബി ﷺ പറഞ്ഞതായി അബൂ ഹുറൈറ -رضي الله عنه- പറയുന്നു : “ആ ദിവസം ഒരു സമയമുണ്ട്, ആര് അല്ലാഹുവിനോട് ആ സമയം ദുആ ചെയ്യുകയാണെങ്കിലും അവൻ ഉത്തരം നൽകുന്നതാണ്”.
(ബുഖാരി 893, മുസ്ലിം 852).
3️⃣ – സുറത്തുൽ കഹ്ഫ് പാരായണം ചെയ്യൽ.
അബൂസഈദ് അൽ ഖുദ്രി-رضي الله عنه- പറയുന്നു : “വെള്ളിയാഴ്ച കഹ്ഫ് പാരായണം ചെയ്യുന്നവർക്ക് അടുത്ത വെള്ളിയാഴ്ച്ച വരെ പ്രകാശം നല്കപ്പെടുന്നതാണ് “.
(ഹാകിം 2/399, ബൈഹഖി 3/249)
ശൈഖ് സ്വാലിഹ് അൽ ഉസൈമി -حفظه الله- പറഞ്ഞു : “എല്ലാ വെള്ളിയാഴ്ച്ചയും കഹ്ഫ് ഓതൽ പുണ്യകരമാണെന്നതിൽ ഫുഖഹാക്കൾക്കിടയിൽ തർക്കമില്ല”.
4️⃣ – നബി- ﷺ- യുടെ പേരിൽ സ്വലാത്ത് അധികരിപ്പിക്കുക.
നബി ﷺ പറഞ്ഞതായി ഔസ് ബിൻ ഔസ്-رضي الله عنه- ഉദ്ധരിക്കുന്നു :”നിങ്ങൾ വെള്ളിയാഴ്ച്ച ദിവസം സ്വലാത്തുകൾ വർധിപ്പിക്കുക”.
(അബൂദാവൂദ് 1047)
ശംസുൽ ഹഖ് അളീമാബാദി-رحمه الله- പറയുന്നു : “വെള്ളിയാഴ്ച്ച ദിവസങ്ങളുടെ നേതാവാണ് , മുഹമ്മദ് നബി ﷺ സൃഷ്ടികളുടെ നേതാവുമാണ്. അത് കൊണ്ട് – ആ ദിവസത്തെ സ്വലാത്തിന് പ്രതേകതയുണ്ട്”.
( ഔനുൽ മ’അബൂദ് )
ശ്രദ്ധിക്കുക : ജുമുഅ ദിവസം പ്രതേകം ഒരു നിസ്കാരമോ, നോമ്പോ അങ്ങനെ ഒന്നും നാം നിശ്ചയിച്ച് ചെയ്യാൻ പാടില്ല. അത് നബി ﷺ വിലക്കിയതാണ്
(സ്വഹീഹ് മുസ്ലിം 1144)
ഇമാം നവവി,സൻആനി-رحمهما الله- തുടങ്ങിയ പണ്ഡിതരർ ഈ വിഷയം വിശദീകരിച്ചതായി കാണാം. (സുബുലുസ്സലാം).
സൽകർമങ്ങൾ അധികരിപ്പിക്കാനും തെറ്റുകളിൽ നിന്ന് വിട്ട് നിൽക്കാനും അതിലൂടെ അല്ലാഹുവിന്റെ തൃപ്തി നേടിയെടുക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ – ആമീൻ.
– ആശിഖ് ബിൻ അബ്ദിൽ അസീസ്-وفقه الله-.
Add a Comment