ഹജ്ജ്-മുസ്ലിമിന്റെ നിർബന്ധ ബാദ്ധ്യത.

❝ അബ്ദുല്ലാഹ് ബിൻ ഉമർ റദിയല്ലാഹു അൻഹുവിൽ നിന്നും നിവേദനം: റസൂലുല്ലാഹി ﷺ പറഞ്ഞു: “ഇസ്ലാം അഞ്ചു കാര്യങ്ങളിന്മേൽ സ്ഥാപിതമാണ്. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല എന്നും, മുഹമ്മദ്‌ അവന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കൽ, നമസ്കാരം നിലനിർത്തൽ, സകാത് കൊടുത്തുവീട്ടൽ, ഹജ്ജ് നിർവഹിക്കൽ, റമദാൻ വ്രതം അനുഷ്ഠിക്കൽ (എന്നിവയാണവ).”
[സഹീഹ് ബുഖാരി, സഹീഹ് മുസ്ലിം]

ഹജ്ജ് കർമം ഇസ്ലാമിന്റെ റുക്നുകളിൽ ഒന്നാണെന്നും കഴിവുള്ളവന്റെ മേൽ അത് നിർബന്ധമാണെന്നും ഈ ഹദീസ് നമ്മെ അറിയിക്കുന്നു.

അല്ലാഹു പറഞ്ഞു:

وَلِلَّهِ عَلَى ٱلنَّاسِ حِجُّ ٱلۡبَیۡتِ مَنِ ٱسۡتَطَاعَ إِلَیۡهِ سَبِیلࣰاۚ وَمَن كَفَرَ فَإِنَّ ٱللَّهَ غَنِیٌّ عَنِ ٱلۡعَـٰلَمِینَ

“ആ ഭവനത്തിൽ (ഖഅബയിൽ) എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.”
(ആലു ഇമ്രാൻ :97)

അല്ലാഹുവിന്റെ മഹത്തായ കാരുണ്യത്താലും അവന്റെ ഔദാര്യത്താലും ഹജ്ജ് കർമം ജീവിതത്തിൽ ഒരു തവണ മാത്രമേ നിർബന്ധമാക്കിയിട്ടുള്ളൂ.
റസൂലുല്ലാഹി ﷺ പറഞ്ഞു: “ഹജ്ജ് ഒരു തവണയാണ് (നിർബന്ധം), ആരെങ്കിലും കൂടുതൽ ചെയ്യുകയാണെങ്കിൽ അത് ഐച്ഛിക കർമമാണ്.”
(അബൂ ദാവൂദ്, നസാഇ, ഇബ്നു മാജ)

നിബന്ധനകൾ ഒത്തു വരികയും തടസ്സങ്ങൾ നീങ്ങുകയും ചെയ്താൽ ഉടൻ തന്നെ ഹജ്ജിലേക്ക് ധൃതി കാണിക്കുക എന്നത് മുസ്ലിമിന് നിർബന്ധമാണ്. കാരണം, എപ്പോഴാണ് (ഓരോ) തടസ്സങ്ങൾ വന്നു ചേരുക എന്ന് നമുക്ക് അറിയുകയില്ല.

ഇബ്നു അബ്ബാസ് റദിയല്ലാഹു അൻഹു നിവേദനം: റസൂലുല്ലാഹി ﷺ പറഞ്ഞു: “(നിർബന്ധമായ) ഹജ്ജ് നിർവഹണത്തിലേക്ക് നിങ്ങൾ ധൃതി കാണിക്കുക, തനിക്കെന്താണ് വന്നു ഭവിക്കുക എന്ന് നിങ്ങൾക്കാർക്കും അറിയുകയില്ല.”
(മുസ്നദ് അഹ്മദ്, ഇമാം അൽബാനി ഹസൻ എന്ന് പറഞ്ഞു, ഇർവാഉൽ ഗലീൽ 168/4)

ഹജ്ജ് കർമം നിർവഹിക്കുന്നതിലേക്ക് ധൃതി കാണിക്കാൻ അരുൾ ചെയ്യുന്ന ധാരാളം ഹദീസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അവയിൽ പലതും അതിന്റെ നിവേദനപരമ്പരയിൽ (സനദിൽ) പോരായ്മകൾ ഉള്ളവയാണ്. അല്ലാഹുവിന്റെ കിതാബിലും ഇതിനു ശക്തി പകരുന്ന ആയത്തുകൾ കാണാം.

അല്ലാഹു പറഞ്ഞു:

وَسَارِعُوۤا۟ إِلَىٰ مَغۡفِرَةࣲ مِّن رَّبِّكُمۡ وَجَنَّةٍ عَرۡضُهَا ٱلسَّمَـٰوَ ٰ⁠تُ وَٱلۡأَرۡضُ أُعِدَّتۡ لِلۡمُتَّقِینَ

”നിങ്ങളുടെ റബ്ബിൽ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട്‌ മുന്നേറുക.”
(ആലു ഇമ്രാൻ:133)

അല്ലാഹു പറഞ്ഞു:

فَٱسۡتَبِقُواْ ٱلۡخَيۡرَٰتِۚ

“എന്നാല്‍ നിങ്ങള്‍ സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട്‌ വരിക.” [ബഖറ:148]

അതിനാൽ ഓരോ മുസ്ലിമിനും സാഹചര്യങ്ങൾ ഒത്തു ചേർന്നാൽ മഹത്തായ ഹജ്ജ് നിർവഹിക്കുന്നതിന് വേണ്ടി ധൃതി കാണിക്കുക എന്നത് നിർബന്ധമാണ്.

“നിങ്ങളോരോരുത്തരും മേൽനോട്ടക്കാരാണ്. നിങ്ങളുടെ അധീനതയിൽ ഉള്ളവരുടെ കാര്യത്തിൽ നിങ്ങൾ ചോദ്യം ചെയ്യപ്പെടും” എന്ന പ്രവാചകവചനത്തിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ കഴിവുള്ളവരാണ്ടെങ്കിൽ അവരുടെ മക്കളുടെയും മറ്റും ഹജ്ജിന് വഴിയൊരുക്കി നൽകേണ്ടതുണ്ട്.

(പ്രത്യേകിച്ചും) പെൺകുട്ടികളുടെ കാര്യത്തിൽ അവരെ വിവാഹത്തിന് മുൻപ് തന്നെ ഹജ്ജ് നിർവഹിക്കാൻ കഴിവുള്ള രക്ഷിതാക്കൾ ശ്രമിക്കേണ്ടതുണ്ട്. കാരണം പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം വിവാഹത്തിന് മുൻപ് ഹജ്ജ് എളുപ്പമായിരിക്കും, വിവാഹത്തിന് ശേഷം പ്രസവം, മുലയൂട്ടൽ, കുട്ടികളുടെ കാര്യം തുടങ്ങി ധാരാളം സാഹചര്യങ്ങൾ ഉരുത്തിരിയും.

ഒരാൾ തന്റെ ഭാര്യയെ ഹജ്ജ് നിർവഹിക്കുന്നതിൽ നിന്നും തടയാൻ പാടുള്ളതല്ല. കാരണം ഹജ്ജ് ശറഇയായി ഒരു നിർബന്ധകർമമാണ്. തന്റെ ഭാര്യയെ ഹജ്ജ് നിർവഹിക്കുന്ന കാര്യത്തിൽ സഹായിക്കുക എന്നത് ഭർത്താവിന് അഭികാമ്യമാണ്. പ്രത്യേകിച്ചും നവദമ്പതികൾ, അവൻ ഒന്നുകിൽ അവളുടെ കൂടെ ഹജ്ജ് നിർവഹിക്കുകയോ അവളുടെ സഹോദരനോടൊപ്പമോ മറ്റു മഹ്റമുകളോ(വിവാഹബന്ധം നിഷിദ്ധമായവരോ)ടൊപ്പമോ ഹജ്ജിനു പുറപ്പെടാൻ അനുവാദം നൽകുകയോ ചെയ്യേണ്ടതുണ്ട്.

ഭാര്യ ഹജ്ജ് നിർവഹിക്കുന്ന സമയത്ത് കുട്ടികളുടെ പരിപാലനവും ഗൃഹപരിപാലനവും ഭർത്താവ് നിർവഹിക്കണം. അവന് അതിന് അല്ലാഹുവിങ്കൽ പ്രതിഫലം ലഭിക്കും.❞

അവലംബം:
ശൈഖ് അബ്ദുല്ലാഹ് ബിൻ സാലിഹ് അൽ-ഫൗസാൻ حفظه الله യുടെ أحاديث ذي الحجة എന്ന കിതാബിൽ നിന്ന്

വിവ: അബൂ ഈസ وفقه الله

Add a Comment

Your email address will not be published. Required fields are marked*