അനിസ്ലാമിക രാജ്യങ്ങളിൽ നോമ്പും പെരുന്നാളും ആരുടെ കൂടെ?!

ബഹുമാന്യനായ ശൈഖ് അബു അമ്മാർ മുഹമ്മദ്‌ ബാമൂസാ ഹഫിദകുമുല്ലാഹ്,

ഞങ്ങളുടെ നാട്ടിൽ ഒരു ഫിത്നയുണ്ടായിട്ടുണ്ട്. അതായത് ഇവിടുത്തെ ഹിലാൽ കമ്മറ്റികളൊക്കെ ബുധനാഴ്ചയാണ് ബലിപെരുന്നാൾ പ്രഖ്യാപിച്ചിരിക്കുന്നത്. മാസം കാണാത്തതുകൊണ്ട് ദുൽ ഖഅദ മുപ്പത് പൂർത്തിയാക്കിയാണ് ദുൽഹിജ്ജ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ കമ്മറ്റികൾക്ക് നേതൃത്വം കൊടുക്കുന്നത് ശിർക്കുപരമായ പല കാര്യങ്ങളും ചെയ്യുന്ന സൂഫികളാണ്. മറ്റുള്ള മുസ്ലിംകളെല്ലാം ഇവരെ പിന്തുടരുകയാണ് ചെയ്യുന്നത്.
എന്നാൽ ശിർക്ക്‌ ചെയ്യുന്നവരായത് കൊണ്ട് ഇവരെയോ ഇവരെ പിന്തുടരുന്നവരായതുകൊണ്ട് മറ്റു മുസ്ലിംകളെയോ ഇക്കാര്യത്തിൽ അവലംബിക്കാൻ പാടില്ലെന്നും ചില വർഷങ്ങളിൽ ഈ കമ്മറ്റികൾ വിശ്വസ്തരുടെ സാക്ഷ്യം തള്ളിയിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് ചില സലഫി സഹോദരങ്ങൾ ചൊവ്വാഴ്ച പെരുന്നാൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വിഷയത്തിൽ ശരിയായ നിലപാട് താങ്കൾ വിശദീകരിച്ചാലും. എന്നാണ് ഞങ്ങൾ പെരുന്നാൾ ആഘോഷിക്കേണ്ടത്? മുസ്‌ലിം ബഹുജനങ്ങളുടെ കൂടെ ബുധനാഴ്ചയാണോ അതല്ല അവരിൽ നിന്ന് വേറിട്ടുകൊണ്ട് ചൊവ്വാഴ്ചയാണോ?

അല്ലാഹു താങ്കളെക്കൊണ്ട് ഈ ഫിത്ന അവസാനിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

ജസാകുമുല്ലാഹു ഖൈർ.
➖➖➖➖➖➖➖➖➖➖
ശൈഖിൻ്റെ മറുപടി:

❝ബഹുമാന്യനായ സഹോദരൻ…. ഹയ്യാകുമുല്ലാഹ്.

അല്ലാഹുവിനോട് ശരിയായ ഉത്തരം പറയാനുള്ള തൗഫീഖ്‌ തേടിക്കൊണ്ട് താങ്കളുടെ ചോദ്യത്തിനുള്ള മറുപടിയിലേക്ക് കടക്കാം.

ഇന്ന് ദുൽഹിജ്ജ 7നു പരിശുദ്ധ ഹറമിന്റെ പരിസരത്തു വെച്ചാണ് ഞാൻ സംസാരിക്കുന്നത്.

ഈ ചോദ്യത്തിനുള്ള ഉത്തരം മൂന്ന് നിലക്കാണ് പറയാനുള്ളത്.

▪️ഒന്ന്) കാഫിർ രാജ്യങ്ങളിലുള്ള നിങ്ങളെപ്പോലെയുള്ള മുസ്ലിംകൾ ലോകത്ത് എവിടെയെങ്കിലും ഒരു സ്ഥലത്ത് മാസം കണ്ടാൽ മതി എന്ന അഭിപ്രായക്കാരാണെങ്കിൽ അവർക്ക് മക്കയിലെയോ അല്ലെങ്കിൽ ആദ്യമായി മാസം കാണുന്ന മറ്റു ഏതെങ്കിലും രാജ്യത്തെയോ പിന്തുടരാവുന്നതാണ്. ഈ വിഷയത്തിൽ (അഥവാ ഒറ്റക്കാഴ്ചയാണോ അതല്ല ഓരോ നാട്ടിലും മാസം കാണേണ്ടതുണ്ടോ എന്ന വിഷയം) അഭിപ്രായവ്യത്യാസമുള്ളത് അറിയാവുന്നതാണല്ലോ.

അപ്പോൾ നിങ്ങളുടെ നാട്ടിലെ മുസ്ലിംകളുടെ സെന്ററുകൾ അല്ലെങ്കിൽ നിങ്ങളുടെ കാര്യങ്ങൾക്ക് ഉത്തരവാദപ്പെട്ട ആളുകൾ ഈ നിലപാട് (ഒറ്റക്കാഴ്ച ) സ്വീകരിച്ചാൽ നിങ്ങൾക്ക് അവരോടൊപ്പം നോമ്പും പെരുന്നാളും ആചരിക്കാവുന്നതാണ്.

▪️ഇനി ഇന്ത്യയിലെ മുസ്ലിംകൾ ഈ അഭിപ്രായം സ്വീകരിച്ചില്ല, മറിച്ച് ഓരോ നാട്ടിലും മാസം കാണണം എന്ന അഭിപ്രായക്കാരാണെങ്കിൽ മാസപ്പിറവിയുടെ വിഷയത്തിൽ മുസ്ലിംകൾക്ക് മടങ്ങാൻ അവിടെ പ്രത്യേകം സമിതികൾ / സെന്ററുകൾ വേണം. മാസപ്പിറവി, നോമ്പ്, പെരുന്നാൾ തുടങ്ങിയ വിഷയങ്ങളിൽ അവർ എടുക്കുന്ന തീരുമാനത്തെ നമ്മൾ എതിർക്കാൻ പാടില്ല.

കിബാറുകളായ ആധുനിക പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമില്ലാത്ത കാര്യമാണ് ഇത്.

▪️മൂന്ന്) ഇനി മാസപ്പിറവി വിഷയത്തിൽ മടങ്ങാൻ അങ്ങനെ ഒരു സെന്റർ / സമിതി അവിടെ ഇല്ലെങ്കിൽ ഏറ്റവും അടുത്ത മുസ്‌ലിം രാജ്യത്തെ അവർക്ക് പിന്തുടരാവുന്നതാണ്. ഇതാണ് ഈ മസ്അലയുടെ ചുരുക്കം.

ശൈഖ് ഇബ്നു ബാസ് (റഹിമാഹുല്ലാഹ്) ഇന്ത്യയിൽ നിന്ന് ഇതേ വിഷയം ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി കാണുക :

❝ഇന്ത്യയിലും മറ്റെവിടെയുമുള്ള മുസ്ലിംകൾ മാസപ്പിറവി കാണാൻ പരിശ്രമിക്കേണ്ടതുണ്ട്. അവർക്ക് മാസപ്പിറവി നോക്കാൻ പ്രത്യേകം സമിതികൾ അല്ലെങ്കിൽ ഇസ്ലാമിക കോടതികൾ രൂപീകരിക്കേണ്ടതുണ്ട്. അത്തരം സമിതികൾ മാസം കാണാൻ ആളുകളെ നിയോഗിച്ചുകൊണ്ട് ഈ വിഷയത്തിൽ വന്നിട്ടുള്ള ഹദീസുകൾ പ്രവർത്തികമാക്കണം.

തുടർന്ന് അദ്ദേഹം പറഞ്ഞു :
….ഓരോ മുസ്ലിമും തന്റെ സഹോദരങ്ങളായ മറ്റു മുസ്ലിംകളുടെ കൂടെയാണ് നോമ്പ് നോൽക്കുകയും പെരുന്നാൾ ആഘോഷിക്കുകയും ചെയ്യേണ്ടത്. അക്കാര്യത്തിൽ തന്റെ സഹോദരങ്ങളോട് ഭിന്നിച്ചു കൊണ്ട് വേറിട്ടുനിൽക്കാൻ പാടില്ല.
നബി ﷺ പറയുന്നു : “നിങ്ങൾ നോമ്പെടുക്കുന്ന ദിവസമാണ് നോമ്പ്. നിങ്ങൾ ഫിത്ർ പെരുന്നാൾ ആഘോഷിക്കുന്ന ദിവസമാണ് ഫിത്ർ പെരുന്നാൾ. നിങ്ങൾ ബലിയറുക്കുന്ന ദിവസമാണ് ബലിപെരുന്നാൾ.”

അതുകൊണ്ട് സഹോദരാ നീ നിന്റെ സഹോദരങ്ങളുടെ കൂടെയാണ് നോമ്പെടുക്കേണ്ടത്. അതുപോലെതന്നെയാണ് അമേരിക്കയിലെ മുസ്ലിംകൾ ചെയ്യേണ്ടത്. അതുപോലെതന്നെയാണ് കാഫിറുകൾ ഭൂരിപക്ഷമുള്ള എല്ലാ രാജ്യങ്ങളിലും ചെയ്യേണ്ടത്.

അവിടെയൊക്കെയുള്ള മുസ്ലിംകൾ മാസം കാണാൻ ശ്രമിക്കണം. അതിന്റെ അടിസ്ഥാനത്തിൽ നോമ്പെടുക്കണം. ഇനി സൗദി പോലെ വിശ്വസനീയമായ ഒരു രാജ്യത്തെ അവർ പിന്തുടർന്നാൽ അതും തരക്കേടില്ല. ഇനി അതല്ല ലോകമുസ്ലിംകൾ മുഴുവൻ ഒരേ ദിവസം നോമ്പെടുക്കുകയാണെങ്കിൽ അതാണ് ഏറ്റവും നല്ലത്. കാരണം മുസ്ലിംകൾ എല്ലാവരും ഒറ്റ സംഘമാണല്ലോ.❞

ഇത് ശൈഖ് ഇബ്നു ബാസിന്റെ വാക്കുകളാണ്. അദ്ദേഹം പറയുന്നത് അവിടെ അവലംബിക്കേണ്ടത് മുസ്ലിംകൾ എല്ലാവരും കൂടി നിശ്ചയിച്ച സമിതിയെയാണ് എന്നാണ്. കാഫിർ രാജ്യങ്ങളിൽ ഭൂരിപക്ഷം മുസ്ലിംകളും പിന്തുടരുന്ന സമിതികളെയാണ് പിന്തുടരേണ്ടത്.

കാഴ്ചയെ അവലംബിക്കാത്ത കാഫിർ രാജ്യങ്ങളിൽ മുസ്ലിംകൾ എന്ത് ചെയ്യണം എന്ന് ചോദിക്കപ്പെട്ടപ്പോൾ ശൈഖ് ഇബ്നു ഉഥയ്മീൻ റഹിമഹുല്ലാഹ് പറഞ്ഞു:

❝അവർ മാസം കാണാൻ ശ്രമിക്കണം. അതിനു സാധിച്ചില്ലെങ്കിൽ ലോകത്ത് എവിടെയെങ്കിലും മാസം കണ്ടാൽ മതി എന്ന അഭിപ്രായക്കാരാണ് അവരെങ്കിലും മാസം കണ്ട ഒരു രാജ്യത്തെ പിന്തുടരുക. അതല്ല ഓരോ നാട്ടിലും വെവ്വേറെ കാണണം എന്ന അഭിപ്രായക്കാരാണെങ്കിൽ അവർ മാസം കണ്ടിട്ടുള്ള തൊട്ടടുത്ത ഒരു മുസ്‌ലിം നാടിനെ പിന്തുടരുക. കാരണം അതാണല്ലോ ഈ വിഷയത്തിൽ അവർക്ക് കഴിയുന്നതിന്റെ പരമാവധി.❞

ശൈഖ് ഫൗസാൻ ഹഫിദഹുല്ലയോട് ഇതേ വിഷയം ചോദിക്കപ്പെടുകയുണ്ടായി.
കാഫിർ രാജ്യത്തുള്ളവർ തങ്ങളുടെ നാട്ടുകാരുടെ കൂടെയാണോ അതല്ല തൊട്ടടുത്തുള്ള മുസ്‌ലിം രാജ്യത്തോടൊപ്പമാണോ മാസപ്പിറവിയുടെ വിഷയത്തിൽ നിൽക്കേണ്ടത് എന്ന്.
അദ്ദേഹം പറഞ്ഞു: ❝അവിടെ അവർക്ക് വിവാഹം രജിസ്റ്റർ ചെയ്യാനും ജനാസ സംസ്കരിക്കാനും മറ്റുമൊക്കെയുള്ള ഒരു ഇസ്ലാമിക് സെന്റർ ഉണ്ടെങ്കിൽ അവർ അവരെ പിന്തുടരുക.
അങ്ങനെ ഒരു സെന്റർ ഇല്ലെങ്കിൽ അവർ ഏറ്റവും അടുത്തുള്ള തങ്ങളുടെ അതെ ചന്ദ്ര-ഉദയസ്ഥാനമുള്ള നാടിനെ പിന്തുടരുക.❞

ഇതേ വിഷയം സൗദിയിലെ ഉന്നത പണ്ഡിത സഭയായ ലജ്നത്തുദ്ദാഇമയോട് ചോദിച്ചു.

ഞങ്ങൾ അമേരിക്കയിലെയും കാനഡയിലെയും വിദ്യാർഥികളാണ്. ഇവിടെ ഓരോ വർഷവും റമദാനിന്റെ തുടക്കത്തിൽ മാസപ്പിറവിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാവാറുണ്ട്. ജനങ്ങൾ ഇവിടെ മൂന്ന് വിഭാഗമാണ്. ഒരു വിഭാഗം അവരവരുടെ പരിസരത്തു മാസം നോക്കി കണ്ടതിന്റെ അടിസ്ഥാനത്തിൽ നോമ്പെടുക്കും. രണ്ടാമത്തെ വിഭാഗം സൗദി അറേബ്യയെ പിന്തുടരും. മൂന്നാമത്തെ വിഭാഗം അമേരിക്കയിലെ മുസ്‌ലിം വിദ്യാർത്ഥി യൂണിയൻ ആണ്. അവർ അമേരിക്കയുടെ ഏതെങ്കിലും ഒരു ഭാഗത്തു മാസം കണ്ടാൽ ആ വിവരം മറ്റു ഭാഗങ്ങളിൽ അറിയിച്ച് അവർക്കിടയിലുള്ള ദൂരം കണക്കിലെടുക്കാതെ അമേരിക്ക മുഴുവൻ ഒരേ ദിവസം നോമ്പെടുക്കാൻ നിർദേശിക്കും. ഇതിൽ ആരെയാണ് ഞങ്ങൾ പിന്തുടരേണ്ടത്?

ലജ്ന മറുപടി പറഞ്ഞു :
❝മുമ്പ് ഹയ്അതു കിബാരിൽ ഉലമാ ഈ വിഷയം ചർച്ച ചെയ്തിട്ടുള്ളതാണ്. കാഫിർ രാജ്യങ്ങളിലുള്ള ഇത്തരം യൂണിയനും മറ്റുമൊക്കെ അവിടെ മാസമുറപ്പിക്കുന്ന വിഷയത്തിൽ അവിടുത്തെ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മുസ്‌ലിം ഗവൺന്മെന്റിന്റെ സ്ഥാനത്താണ് ഉള്ളത്. അതിനാൽ കിബാറുൽ ഉലമായുടെ തീരുമാനത്തിൽ പറഞ്ഞത് പ്രകാരം ഈ യൂണിയൻ ഒറ്റക്കാഴ്ചയോ ഓരോ നാട്ടിലും കാണണമെന്നതോ ആയ ഒരു അഭിപ്രായം തെരഞ്ഞെടുക്കുകയും ആ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ മാസമുറപ്പിച്ചു ആ തിയ്യതി രാജ്യം മുഴുവൻ അറിയിക്കുകയും ചെയ്യേണ്ടതാണ്.

അപ്രകാരം തീരുമാനിച്ച ദിവസം അവിടെയുള്ള മുസ്ലിംകൾ എല്ലാവരും പിന്തുടരേണ്ടതാണ്. കാരണം അതാണ് ഐക്യത്തിനും ആശയക്കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനും ഏറ്റവും നല്ലത്.❞

ശൈഖ് അൽബാനി റഹിമഹുല്ലാഹ് പറഞ്ഞു:

❝പാകിസ്ഥാൻ പോലെയുള്ള നാടുകളിൽ കഴിയുന്നവർ, അവരിനി പഠനത്തിനോ മറ്റൊ വേണ്ടി അങ്ങോട്ട്‌ പോയ അറബികളായിരുന്നാലും ശരി അവർ പാകിസ്ഥാനിലെ തിയ്യതിയാണ് പിന്തുടരേണ്ടത്. കാരണം അവർ തങ്ങളുടെ സ്വന്തം നാടിന്റെ തിയ്യതി പിന്തുടർന്നാൽ അത് ഭിന്നിപ്പ് കൂടുതൽ വഷളാക്കുകയാണ് ചെയ്യുക. ഒരു നാട്ടിൽ കുറച്ചു പേര് മറ്റൊരു നാടിന്റെ കൂടെയും ഭൂരിപക്ഷം ആ നാടിന്റെയും കൂടെ ആയാൽ അത് ഭിന്നിപ്പിന് ആഴം കൂട്ടുന്ന കാര്യമാണ്. നമ്മൾ കഴിവിന്റെ പരമാവധി ഭിന്നിപ്പ് കുറക്കേണ്ടവരാണല്ലോ. ഭിന്നിപ്പ് വർധിപ്പിക്കേണ്ടവരല്ലല്ലോ.❞

ഇത് ശൈഖ് അൽബാനിയുടെ വാക്കാണ്. ഇത്രയും പറഞ്ഞത് സൂക്ഷ്മമായി നിങ്ങൾ നോക്കൂ. കാഫിർ രാജ്യങ്ങളിൽ അവിടവിടത്തെ ഇസ്ലാമിക സെന്ററുകളാണ് ഈ വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് എന്ന കാര്യത്തിൽ അവർ ഏകോപിച്ചിരിക്കുന്നു.

ശ്രദ്ധിക്കുക! ഇനി അവരുടെ അഖീദയും മൻഹജും എന്ത് തന്നെ ആയിരുന്നാലും. അവർ മുസ്ലിംകളായിരിക്കുന്നെടത്തോളം അവരുടെ ബഹ്യമായ വിശ്വസ്ഥത മാത്രമാണ് നമ്മൾ നോക്കേണ്ടത്. നമുക്ക് സൂക്ഷ്മമായി അറിയാത്തവർ – അവരുടെ കാഴ്ച സ്വീകരിക്കാമെന്ന് ഒരു സംഘം പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

അടുത്തുള്ള ഇസ്ലാമിക രാജ്യത്തെ പിന്തുടരുക എന്ന് പറഞ്ഞാലും അതു തന്നെയാണ് അവസ്ഥ. അത് സലഫി മൻഹജിൽ നിലകൊള്ളുന്ന ഒരു രാജ്യമാകണമെന്നില്ല.
ഇന്നത്തെ പല മുസ്‌ലിം രാജ്യങ്ങളുടെയും അവസ്ഥയെയെന്താണ്. നിങ്ങൾ ഉദ്ദേശിക്കുന്ന സലഫി മൻഹജിലാണോ അവരൊക്കെ? അല്ല, എന്നതാണ് വാസ്തവം.

എന്നിരുന്നാലും അവിടുത്തെ മുസ്ലിംകൾ അതാത് രാജ്യങ്ങളെയാണ് മാസത്തിന്റെ കാര്യത്തിൽ പിന്തുടരുന്നത്. കാരണം അവർ മുസ്‌ലിം രാജ്യങ്ങളാണ്. ഇത് വളരെ വ്യക്തവും പണ്ഡിതന്മാരുടെ ഇടയിൽ ഖണ്ഡിതവുവുമായ അഭിപ്രായമാണ്.

ഈ വിഷയത്തിൽ ഒരു ഭിന്നിപ്പ് പാടില്ല. മറിച്ച് നിങ്ങൾ മുസ്‌ലിം ഭൂരിപക്ഷത്തോടൊപ്പമാണ് നിൽക്കേണ്ടത്. നിങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണ്.

സലഫികളേ, നിങ്ങൾ ഈ ചെറിയ സംഘത്തെ ഇനിയും ചെറുതാക്കരുത്. സലഫി ദഅവത്തിൽ ഇപ്പോൾ തന്നെ ആവശ്യത്തിലേറെ ഭിന്നിപ്പുകളുണ്ട്. നിങ്ങൾ അനിസ്ലാമിക രാജ്യത്താണ് ജീവിക്കുന്നത്. അവിടെത്തന്നെ ഭൂരിപക്ഷം മുസ്ലിംകൾ സുന്നത്തിലല്ല ഉള്ളത്.

അതിനാൽ സലഫീ ദഅവത്തിന്റെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങളുടെ ഐക്യത്തെ നിങ്ങൾ ശക്തിപ്പെടുത്തുക. ഖുർആനിലേക്കും സുന്നത്തിലേക്കും നിങ്ങൾ മടങ്ങുക. നിങ്ങളുടെ ഉലമാക്കളിലേക്ക് നിങ്ങൾ മടങ്ങുക. മറിച്ച് ഓരോരുത്തർക്കും ഓരോ അഭിപ്രായമായാൽ!!

അഹ്ലുസ്സുന്നയുടെ അഖീദയിൽ പെട്ടതാണ് മുസ്ലിമായ ആരുടേയും പിന്നിൽ നിസ്കരിക്കാം എന്നത്. അവൻ സ്വാലിഹാണെങ്കിലും ഫാജിറാണെങ്കിലും; ഇമാം ത്വാഹാവിയും മറ്റും പറഞ്ഞത് പോലെ.

അല്ലാഹുവാകുന്നു കൂടുതൽ അറിയുന്നവൻ, അവനിലേക്കാകുന്നു നമ്മുടെ മടക്കം.❞

https://youtu.be/GHkRZsAvHow

وصلى الله على عبده ورسوله محمد وآله وصحبه أجمعين
—————————-
വിവ: സാജിദ് ബിൻ ശരീഫ് وفقه الله

Tags: No tags

One Response

Add a Comment

Your email address will not be published. Required fields are marked*