മാസപ്പിറവിയുടെ വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നവർക്ക് ശൈഖ് ബദർ അൽ ഉതൈബി-حَفِظِهُ اللَّه-നൽകുന്ന ഉപദേശം.

(ശൈഖിനോട് കേരളത്തിലെ ചില മത വിദ്യാർത്ഥികൾ മാസപ്പിറവിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾക്ക് വിരാമം കുറിക്കാൻ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയാണിത്.)

❓ഒരു നാട്ടിൽ മാസപ്പിറവി ദർശിക്കുന്ന വിഷയത്തിൽ ഒരു പ്രത്യേക സംവിധാനമില്ലാതിരിക്കുകയോ, അല്ലങ്കിൽ ഉള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലാതിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ ഞങ്ങൾ എന്ത് ചെയ്യണം ?

❓ ഭൂരിപക്ഷം മുസ്ലിംകളും സൂഫികളായ ഒരു നാട്ടിൽ, അവർ സ്ഥാപിച്ച ഒരു സംവിധാനത്തെ മാസപ്പിറവിയുടെ വിഷയത്തിൽ അവലംബിക്കാമോ? വിശ്വസ്ഥനായ അവരിൽ പെട്ട ഒരാളുടെ കാഴ്ചയെ അവലംബിക്കാമോ ?

❓ ഒരു മതവിദ്യാർത്ഥിക്ക് അല്ലെങ്കിൽ ഒറ്റക്കാഴ്ച്ച ശരിയായി മനസ്സിലാക്കുന്ന ചെറിയ ഒരു വിഭാഗത്തിന് ഭൂരിപക്ഷം വരുന്ന മുസ്ലിമീങ്ങളോട് എതിരായി കൊണ്ട് പെരുന്നാൾ ആഘോഷിക്കാമോ? ഈ മുസ്ലിമീങ്ങളിൽ പലരും സൂഫിയ്യാകളുടെ സംഘടനയോട് ചേർന്നു നിൽക്കുന്നവരാണ്.
———————————————
ശൈഖ് ഇബ്നുബാസ് റഹിമഹുല്ലയുടെ ശിഷ്യനായ ബദ്റ് അൽ ഉതൈബി ഹഫിദഹുല്ല നൽകുന്ന മറുപടി:

❝മാസപ്പിറവി നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനം കാഴ്ച്ചയാണ്; നബി ﷺ യുടെ ഹദീഥിൽ വന്നതു പോലെ: “നിങ്ങൾ മാസപ്പിറവി കണ്ടാൽ നോമ്പെടുക്കുക. മാസപ്പിറവി കണ്ടാൽ പെരുന്നാൾ ആഘോഷിക്കുക.”നോമ്പ് ആരംഭിക്കുന്നതിലും മാസം തുടങ്ങുന്നതിലും അവസാനിക്കുന്നതിലുമുള്ള അടിസ്ഥാനം കാഴ്ച്ച മാത്രമാണ്.
ഇതിനപ്പുറം അല്ലാഹു നമ്മുടെ മേൽ മറ്റൊന്നും ബാധ്യതയാക്കിയിട്ടില്ല.

കണക്കു നോക്കുകയോ, ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കുകയോ മറ്റോ ചെയ്യാൻ നമുക്ക് ബാധ്യതയില്ല. കാരണം അല്ലാഹുവിൻ്റെ ദീൻ ജനങ്ങൾക്ക് ഈ വിഷയത്തിൽ എളുപ്പം നൽകിയിരിക്കുന്നു. ജനങ്ങൾ കണ്ണു കൊണ്ട് കാണുക എന്ന, തീർത്തും സാധാരണമായ കാഴ്ച്ചയാണ് അതിൻ്റെ അടിസ്ഥാനമായി നമ്മുടെ ദീൻ നിശ്ചയിച്ചിട്ടുള്ളത്.
മാസപ്പിറവി കാണുന്നതോടെ ഒരു മാസം ആരംഭിക്കുന്നു; അടുത്ത മാസപ്പിറവി കാണുന്നതോടെ ആ മാസം അവസാനിക്കുകയും അടുത്തത് തുടങ്ങുകയും ചെയ്യുന്നു. ഇപ്രകാരം മറ്റെല്ലാ മാസങ്ങളും…

എന്നാൽ ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്ന നാടുകളിൽ മുസ്ലിമീങ്ങൾ ഒരുമിച്ചു നിൽക്കുകയും പരസ്പരം യോജിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. അവർ ഭിന്നിക്കുകയോ അഭിപ്രായവ്യത്യാസത്തിലാവുകയോ ചെയ്യരുത്.

അവർക്കിടയിൽ വീക്ഷണങ്ങളിലും വിശ്വാസങ്ങളിലും മറ്റുമെല്ലാം വ്യത്യാസങ്ങളുണ്ടെങ്കിൽ പോലും (അവർ ഈ വിഷയത്തിൽ ഒരുമിക്കട്ടെ).

കാരണം ഇത് മുസ്ലിം പൊതുജനങ്ങളുടെ അവകാശം ഉൾക്കൊള്ളുന്ന വിഷയങ്ങളിൽ പെട്ടതാണ്. അവരുടെ നോമ്പും ഹജ്ജും അതിൻ്റെ കർമ്മങ്ങളുമെല്ലാം ഇതുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇവയെല്ലാം കാഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് നിലകൊള്ളുന്നത്. അതിനാൽ അവർ ഇക്കാര്യത്തിൽ അഭിപ്രായഭിന്നതയിലാവുക എന്നത് ഒരിക്കലും അവർക്ക് യോജിച്ചതല്ല.

അതിനാൽ ഏതു രാജ്യത്തുള്ള മുസ്ലിംകളാകട്ടെ, -ഏതു മാസപ്പിറവി നിർണ്ണയിക്കുന്ന ഇസ്ലാമിക കമ്മിറ്റികളുടെ കീഴിലാകട്ടെ- ജനങ്ങൾ മാസപ്പിറവി കാണുന്നതിലും അത് തിരഞ്ഞെടുക്കുന്നതിലും ഒരുമിക്കുകയാണ് വേണ്ടത്.

ഇനി അവർ ഗവേഷണപരമായി ചില നിലപാടുകൾ സ്വീകരിക്കുകയും -ഉദാഹരണത്തിന് ഗോളശാസ്ത്ര കണക്കുകളെ അവലംബിക്കുകയോ ടെലസ്കോപുകൾ ഉപയോഗിച്ച് കാണുകയോ മറ്റോ ചെയ്യുകയും-, അങ്ങനെ അതിലവർക്ക് അബദ്ധം പിണയുകയും ചെയ്താലും ഇത്തരം അഭിപ്രായവ്യത്യാസത്തിന് സാധ്യതയുള്ള വിഷയങ്ങൾ അവർ ഒരുമിച്ചു നിലകൊള്ളുക എന്നതാണ് ഭിന്നിക്കുന്നതിനേക്കാൾ അഭികാമ്യം.

ഒരു കൂട്ടർ നോമ്പെടുക്കുകയും മറുകൂട്ടർ നോമ്പ് ഉപേക്ഷിക്കുകയും, ഇവർ ഒരു ദിവസം നേരത്തെയാക്കുകയും മറ്റുള്ളവർ ഒരു ദിവസം വൈകിക്കുകയും ചെയ്യുക എന്നതൊന്നും ശരിയല്ല. അവരുടെ നിലപാട് ഏകമാവുകയാണ് ഏറ്റവും അനുയോജ്യം. എല്ലാവരുടെയും പെരുന്നാളും മാസത്തിൻ്റെ ആരംഭവും ഒന്നാവുകയാണ് വേണ്ടത്.

ഇനി മാസപ്പിറവിയുടെ കാഴ്ച്ച തീരുമാനിക്കുകയും, അതിൻ്റെ അടിസ്ഥാനത്തിൽ മതവിധി പുറപ്പെടുവിക്കുകയും, ജനങ്ങളെ അതിൽ ഒരുമിച്ചു കൂട്ടുകയും ചെയ്തവർ ശരിയുടെ മാർഗത്തിലായിരുന്നു എങ്കിൽ അവർക്കെല്ലാം (മാസപ്പിറവി തീരുമാനിച്ചവർക്കും പിൻപറ്റിയ ജനങ്ങൾക്കും) അതിനുള്ള പ്രതിഫലമുണ്ട്.

ഇനി അവർക്ക് (മാസപ്പിറവി നിശ്ചയിച്ചവർക്ക്) അബദ്ധം പിണഞ്ഞുവെന്നാണെങ്കിൽ അവരുടെ കാര്യം അല്ലാഹുവിങ്കൽ വിചാരണ ചെയ്യപ്പെടുന്നതാണ്. അവരുടെ വീഴ്ച്ച കാരണത്താലാണ് തെറ്റ് പിണഞ്ഞത് എങ്കിൽ അതിൻ്റെ പാപഭാരവും അവരുടെ മേൽ തന്നെയായിരിക്കും. അതിൻ്റെ തെറ്റ് പൊതുമുസ്ലിമീങ്ങൾക്ക് മേലല്ല.

എന്നാൽ ചില സഹോദരങ്ങൾ ചെയ്യുന്നത് പോലെ -നമ്മുടെ നാടായ സഊദി അറേബ്യയുടെ കാഴ്ച്ചയുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ ഏതുഭാഗത്തുള്ളവരും മാസപ്പിറവി സ്വീകരിക്കുക എന്നത്- ശരിയല്ല. ഓരോ നാടിനും അവരുടേതായ കാഴ്ച്ചയുണ്ട്. മറ്റു നാടുകളുടെ കാഴ്ച്ചയെ അവർക്ക് പരിഗണിക്കാം; അതിൻ്റെ അടിസ്ഥാനത്തിൽ മാസപ്പിറവി ദർശിക്കുന്നതിൽ ശ്രദ്ധ പുലർത്താം എന്നല്ലാതെ… അവരിൽ നിന്ന് വളരെ ദൂരെയുള്ള ഒരു നാടിൻ്റെ കാഴ്ച്ചയെ അവർ അവലംബിക്കുക എന്നത് ശരിയല്ല.

കാരണം ഓരോ നാടിനും അവരുടേതായ ഉദയാസ്തമയസ്ഥാനങ്ങളുണ്ട്. അവരവരുടെ കാഴ്ച്ചയുമുണ്ട്.
അതിനാൽ ഏറ്റവും അനുയോജ്യമായിട്ടുള്ളത് മുസ്ലിമീങ്ങൾ ഈ വിഷയത്തിൽ ഒരുമിച്ചു നിലകൊള്ളുക എന്നതാണ്. അവർ ഭിന്നിക്കാൻ പാടില്ല.

അതിനാല്‍ മാസപ്പിറവി നിശ്ചയിച്ചവർക്ക് അബദ്ധം പിണഞ്ഞുവെന്നാണെങ്കിൽ അവരുടെ കാര്യം അല്ലാഹുവിങ്കൽ വിചാരണ ചെയ്യപ്പെടുന്നതാണ്. അവരുടെ വീഴ്ച്ച കാരണത്താലാണ് തെറ്റ് പിണഞ്ഞത് എങ്കിൽ അതിൻ്റെ പാപഭാരവും അവരുടെ മേൽ തന്നെയായിരിക്കും. അതിൻ്റെ തെറ്റ് പൊതുമുസ്ലിമീങ്ങൾക്ക് മേലല്ല.❞
———————
(സമാനമായ മറുപടിയാണ് ഈ വിഷയത്തിൽ ശൈഖ് ഇബ്രാഹീം റുഹൈലി, ശൈഖ് ഹംസ നായിലി حفظهم الله എന്നിവരെല്ലാം നൽകിയിട്ടുള്ളത്)

ശൈഖിൻ്റെ സംസാരം കേൾക്കാൻ…

Tags: No tags

Add a Comment

Your email address will not be published. Required fields are marked*