‘ഇസ്തിഗ്ഫാർ’

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِهِ الأَمِينِ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ،


ബഹുമാന്യരായ സഹോദരങ്ങളെ, അല്ലാഹു സുബ്ഹാനഹു വതആല നമുക്ക് നൽകിയ വലിയ അനുഗ്രഹങ്ങളിൽ പെട്ടതാണ് റമദാൻ മാസത്തിൽ ജീവിക്കാൻ സാധിക്കുക എന്നത്. എന്നാൽ അതോടൊപ്പം വളരെ ഗൗരവത്തോടെ കാണേണ്ട മറ്റൊരു കാര്യം നമ്മുടെ പ്രവാചകൻ-ﷺ-നമ്മെ അറിയിച്ചിട്ടുണ്ട്. അവിടുന്ന് ഒരിക്കൽ അവിടുത്തെ മിമ്പറിൽ കയറുകയുണ്ടായി, മിമ്പറിന്റെ ഓരോ പടി ചവിട്ടുമ്പോഴും അവിടുന്ന് ആമീൻ എന്ന് പറയുന്നുണ്ടായിരുന്നു. ശേഷം നബി-ﷺ- മൂന്ന് തവണ ആമീൻ പറഞ്ഞതിന്റെ കാരണം വിശദീകരിക്കുകയുണ്ടായി. അവിടുന്ന് പറഞ്ഞു


«..إن جبريل عليه السلام أتاني فقال : من أدرك شهر رمضان ، فلم يغفر له ، فدخل النار ؛ فأبعده الله ، قل : آمين ، فقلت : آمين.. »
رواه الطبراني (2/243)،(صحيح الترغيب:1679)

ജിബ്‌രീൽ-عليه السلام-എന്റെ അടുക്കൽ വരികയുണ്ടായി ശേഷം പറഞ്ഞു: ആർക്കെങ്കിലും റമദാൻ മാസം ലഭിക്കുകയും എന്നിട്ട് അവന്റെ പാപങ്ങൾ പൊറുക്കപ്പെടാതെ അവൻ നരകത്തിൽ പ്രവേശിക്കുകയും ചെയ്തെങ്കിൽ അല്ലാഹു അവനെ അകറ്റട്ടെ, നീ ആമീൻ പറയുക, അങ്ങനെ ഞാൻ ആമീൻ പറഞ്ഞു.

മാതാപിതാക്കളോട് കാണിക്കേണ്ട കടമകളിൽ കുറവ് വരുത്തിയവരും, നബി-ﷺ-യുടെ പേര് കേട്ടിട്ട് സ്വാലാത് ചൊല്ലാത്തവരുമാണ് അവിടുന്ന് എതിരെ പ്രാർത്ഥിച്ച മറ്റു രണ്ടു കൂട്ടർ.

സഹോദരങ്ങളെ, വളരെ വേഗത്തിൽ കടന്നു പോകുകയാണല്ലോ റമദാനിന്റെ ദിനാരാത്രങ്ങൾ. ഇനി നാം നമ്മെ കുറിച്ച് ചിന്തിക്കുക. നമ്മുടെ അവസ്ഥ എന്താണ്? നബി-ﷺ- ആർക്കെതിരെയാണോ പ്രാർത്ഥിച്ചത് അവരിൽ നാം പെടുമോ? അതല്ല കൃത്യമായ നോമ്പിലൂടെ അല്ലാഹുവിനോട് പാപങ്ങൾ ഏറ്റു പറഞ്ഞ് സ്വർഗപ്രവേശനം നാം കരസ്ഥമാക്കുമോ?

അതിനാൽ ഇനിയുള്ള ദിവസങ്ങൾ കഴിഞ്ഞുപോയ ദിവസങ്ങളിൽ വരുത്തിയ വീഴ്ചകൾ പരിഹരിക്കപ്പെടുന്നതായിരിക്കണം. ആത്മാർത്ഥമായി നാം അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങണം.

സഹോദരങ്ങളെ, റമദാൻ ധാരാളമായി ദുആയും, ഇസ്തിഗ്ഫാറും വർധിപ്പിക്കാനുള്ള മാസമാണ്. നിങ്ങൾ നോക്കൂ അല്ലാഹു അവന്റെ കിതാബിൽ നോമ്പ് നിർബന്ധമാക്കുകയും, അതിന്റെ വിധിവിലക്കുകളിൽ ചിലത് പഠിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് അവനോട് ദുആ ചെയ്യുന്നതിന്റെ ശ്രേഷ്ഠത നമ്മെ പഠിപ്പിക്കുന്നത്. സൂറത്തുൽ ബഖറയിലെ 183മുതൽ 187 വരെയുള്ള ആയത്തുകൾ നോമ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതിനിടയിലാണ് 186മത്തെ ആയത്തിൽ അല്ലാഹു അവനോട് ദുആ ചെയ്യേണ്ടതിന്റെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നത്.

അല്ലാഹുവിന്റെ ഈ ഹിക്മത്, അത് ദുആക്ക് റമദാനിൽ പ്രത്യേകമായ ശ്രേഷ്ഠത ഉണ്ടെന്നറിയിക്കുന്നതായി പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്.

അതിനാൽ സഹോദരങ്ങളെ നാം അല്ലാഹുവിലേക്ക് ധാരാളമായി ദുആയും, ഇസ്തിഗ്ഫാറും വർധിപ്പിക്കുക.

ഒരു മുസ്ലിമിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണമാണ് ധാരാളമായി പാപമോചനം തേടുക എന്നത്. കാരണം അല്ലാഹുവിനോടുള്ള ബാധ്യതകളിൽ കുറവ് വരുത്തുന്നവരാണ് നാം, അറിഞ്ഞും അറിയാതെയും അവന്റെ വിധിവിലക്കുകൾ ലഘിക്കുന്നവരാണ് പലരും. അതിനാൽ തെറ്റുകൾ സംഭവിക്കുക എന്ന പ്രകൃതമുള്ള മനുഷ്യന് അതിൽ നിന്നും ഖേദിച്ചു മടങ്ങുക എന്ന അനിവാര്യമായ ഗുണം ഉണ്ടായിരിക്കേണ്ടതാണ്.
നമ്മുടെ നല്ലവരായ മുൻഗാമികൾ ഇത് പറഞ്ഞതായി കാണാം.
“എല്ലാ രോഗത്തിനും മരുന്നുണ്ട്, പാപമാകുന്ന രോഗത്തിന്റെ മരുന്ന് ‘ഇസ്തിഗ്ഫാർ’ ആകുന്നു”.

പാപങ്ങൾ മായ്ച്ചുകളഞ്ഞ്, അത് പൊറുത്തു തരാനുള്ള അല്ലാഹുവിനോടുള്ള ആത്മാർത്ഥമായ തേട്ടത്തിനാണ് ‘ഇസ്തിഗ്ഫാർ’ എന്ന് പറയുക. ഇത് അല്ലാഹു നമ്മോട് കല്പിച്ചിട്ടുള്ള കാര്യമാണ്.

അല്ലാഹു പറഞ്ഞു:

﴿..وَٱسۡتَغۡفِرُوا۟ ٱللَّهَۚ إِنَّ ٱللَّهَ غَفُورࣱ رَّحِیمࣱ﴾

“നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും വളരെയധികം കരുണ ചെയ്യുന്നവനുമാകുന്നു.”
(سورة البقرة:١٩٩)

﴿فَٱعۡلَمۡ أَنَّهُۥ لَاۤ إِلَـٰهَ إِلَّا ٱللَّهُ وَٱسۡتَغۡفِرۡ لِذَنۢبِكَ..﴾-

“ആകയാല്‍ അല്ലാഹുവല്ലാതെ യാതൊരു ഇലാഹുമില്ലെന്ന് നീ മനസ്സിലാക്കുക. നിന്‍റെ പാപത്തിന് നീ പാപമോചനം തേടുക.. “
(سورة محمد:١٩)

മറ്റുചില സ്ഥലത്ത് അല്ലാഹു അത് സത്യവിശ്വാസികളുടെ വിശേഷണമായി പറഞ്ഞിരിക്കുന്നത് കാണാം.

അല്ലാഹു പറഞ്ഞു:

﴿وَبِٱلۡأَسۡحَارِ هُمۡ یَسۡتَغۡفِرُونَ﴾

“രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.”
(سورة الذاريات:١٨)

സ്വർഗം തയ്യാറാക്കിവെക്കപ്പെട്ട അല്ലാഹുവിനെ നന്നായി സൂക്ഷിച്ചു ജീവിക്കുന്നവരുടെ വിശേഷണമായി അല്ലാഹു പറയുന്നത് നോക്കൂ.

﴿وَٱلَّذِینَ إِذَا فَعَلُوا۟ فَـٰحِشَةً أَوۡ ظَلَمُوۤا۟ أَنفُسَهُمۡ ذَكَرُوا۟ ٱللَّهَ فَٱسۡتَغۡفَرُوا۟ لِذُنُوبِهِمۡ وَمَن یَغۡفِرُ ٱلذُّنُوبَ إِلَّا ٱلله..﴾

“വല്ല നീചകൃത്യവും ചെയ്തുപോയാല്‍, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല്‍ അല്ലാഹുവെ ഓര്‍ക്കുകയും തങ്ങളുടെ പാപങ്ങള്‍ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി. പാപങ്ങള്‍ പൊറുക്കുവാന്‍ അല്ലാഹുവല്ലാതെ ആരാണുള്ളത്‌?..”
(سورة آل عمران:١٣٥)

നമ്മുടെ റബ്ബിന്റെ കാരുണ്യം നോക്കൂ, പാപങ്ങൾ ചെയ്‌തുപോയ അടിമകളോട് റബ്ബ് പറയുന്നത് ഇങ്ങനെയാണ്.

﴿وَمَن یَعۡمَلۡ سُوۤءًا أَوۡ یَظۡلِمۡ نَفۡسَهُۥ ثُمَّ یَسۡتَغۡفِرِ ٱللَّهَ یَجِدِ ٱللَّهَ غَفُورࣰا رَّحِیمࣰا﴾

“ആരെങ്കിലും വല്ല തിന്‍മ ചെയ്യുകയോ, സ്വന്തത്തോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം കരുണയുള്ളവനുമായി അല്ലാഹുവെ അവന്‍ കണ്ടെത്തുന്നതാണ്‌.”
(سورة النساء:١١٠)

പാപങ്ങൾ ചെയ്‌തുപോയ മനുഷ്യർക്ക് അവരുടെ റബ്ബിന്റെ പ്രതീക്ഷയേകുന്ന വാക്കുകൾ! സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ്.

എന്നാൽ സഹോദരങ്ങളെ, ഇസ്തിഗ്ഫാർ എന്നാൽ കേവലം നാവ് കൊണ്ട് ‘അസ്തഗ്ഫിറുല്ലാഹ്’ എന്ന വാക്ക് പറയൽ മാത്രമല്ല, മറിച്ച് ചെയ്തുപോയ പാപങ്ങളിൽ നിന്ന് ഇനി ഒരിക്കലും അതിലേക്ക് മടങ്ങുകയില്ല എന്ന ദൃഢനിശ്ചയത്തോട് കൂടി ആത്മാർത്ഥമായി റബ്ബിലേക്ക് ഖേദിച്ചു മടങ്ങലാണത്.

മഹനായ സ്വഹാബി ഇബ്നു അബ്ബാസ്- رضي الله عنه- പറഞ്ഞു:

الْمُسْتَغْفِرُ مِنَ الذَّنْبِ وَهُوَ مُقِيمٌ كَالْمُسْتَهْزِئِ بِرَبِّهِ

“പാപങ്ങളിൽ ഉറച്ചു നിന്നുകൊണ്ട് അതിൽ നിന്ന് പാപമോചനം തേടുന്നവൻ തന്റെ റബ്ബിനെ പരിഹസിക്കുന്നത് പോലെയാണ്.”
സുബ്ഹാനല്ലാഹ്!

സഹോദരാ, നീ പാപമോചനം തേടുന്നത് നിന്റെ റബ്ബിനോടല്ലേ? ആ റബ്ബിന് നിന്റെ ഹൃദയത്തിലുള്ളത് അറിയുമെന്ന് എത്ര ആവർത്തി നീ വായിച്ചിട്ടുണ്ട്!

﴿..إِنَّ ٱللَّهَ عَلِیمُۢ بِذَاتِ ٱلصُّدُورِ﴾

“തീര്‍ച്ചയായും അല്ലാഹു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അറിവുള്ളവനാകുന്നു.”
(سورة لقمان:٢٣)

അതിനാൽ നമ്മുടെ ഇസ്തിഗ്ഫാറുകൾ ആത്മാർത്ഥതയുള്ളതായിരിക്കണം.
എങ്കിൽ നമ്മുടെ റബ്ബ് ഇഹലോകത്തും, നാളെ പരലോകത്തും വമ്പിച്ച പ്രതിഫലങ്ങൾ നമുക്ക് നൽകും.

സഹോദരങ്ങളെ, ഇസ്തിഗ്ഫാർ മറ്റു ദുആകളെ പോലെതന്നെ ഏത് നേരവും നമുക്ക് റബ്ബിനോട് തേടാവുന്നതാണ്. എന്നാൽ ചില നേരങ്ങളിൽ ഇസ്തിഗ്ഫാർ പ്രത്യേകമായി പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിൽ പെട്ടതാണ്

1)പാപങ്ങൾ സംഭവിച്ചാൽ ഉടൻ ഇസ്തിഗ്ഫാർ ചെയ്യുക എന്നുള്ളത്.

അമ്പിയാക്കളുടെ മാതൃകയായി ഖുർആനിൽ എമ്പാടും നമുക്കത് കാണാവുന്നതാണ്.

2)സൽകർമങ്ങൾ പ്രവർത്തിച്ചതിന് ശേഷം.

«كَانَ رسولُ اللَّهِ ﷺ إِذا انْصرفَ مِنْ صلاتِهِ، استَغْفَر اللَّه ثَلاثًا.. »

നബി-ﷺ- നിസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ പാപമോചനം തേടും.(മുസ്ലിം)

അതുപോലെ ഹജ്ജിന്റെ വേളയിലും നമുക്കത് കാണാം

﴿..ثُمَّ أَفِیضُوا۟ مِنۡ حَیۡثُ أَفَاضَ ٱلنَّاسُ وَٱسۡتَغۡفِرُوا۟ ٱللَّهَۚ إِنَّ ٱللَّهَ غَفُورࣱ رَّحِیمࣱ﴾

“..എന്നിട്ട് ആളുകള്‍ (സാധാരണ തീര്‍ത്ഥാടകര്‍) എവിടെ നിന്ന് പുറപ്പെടുന്നുവോ അവിടെ നിന്നു തന്നെ നിങ്ങളും പുറപ്പെടുക. നിങ്ങള്‍ അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുക. അല്ലാഹു ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം കരുണയുള്ളവനുമാകുന്നു.”
(سورة البقرة:١٩٩)

3)അത്താഴ സമയം.

﴿وَبِٱلۡأَسۡحَارِ هُمۡ یَسۡتَغۡفِرُونَ﴾

“രാത്രിയുടെ അന്ത്യവേളകളില്‍ അവര്‍ പാപമോചനം തേടുന്നവരായിരുന്നു.”
(سورة الذاريات:١٨)

ഇതുപോലെ ഒരുപാട് സന്ദർഭങ്ങളിൽ നമുക്ക് ഇസ്തിഗ്ഫാർ ചെയ്യാൻ പഠിപ്പിച്ചത് കാണാം. നബി-ﷺ- ഒരു മജ്‌ലിസിൽ തന്നെ നൂറോളം തവണ ഇസ്തിഗ്ഫാർ നടത്തിയിട്ടുണ്ട്.

അതിനാൽ സഹോദരങ്ങളെ തെറ്റുകൾ സംഭവിച്ചാൽ ഉടൻ ഇസ്തിഗ്ഫാർ തേടുക എന്ന ഗുണം നാം റമദാനിൽ നേടിയെടുക്കേണ്ടതുണ്ട്. അല്ലാഹു നൽകിയ ഈ മഹത്തായ അവസരം ഉപയോഗപ്പെടുത്താൻ അവൻ നമുക്ക് തൗഫീഖ് നൽകുമാറാകട്ടെ.

رَبَّنَا اغْفِرْ لَنَا وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيم

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ لِلّهِ رَبِّ العَالَمِينَ

ഹംറാസ് ബിൻ ഹാരിസ് وفقه الله

One Response

Add a Comment

Your email address will not be published. Required fields are marked*