തീർച്ചയായും, അല്ലാഹു റബ്ബുൽ ആലമീൻ എല്ലാറ്റിനെയും സൃഷ്ടിക്കുകയും, അതിൽ നിന്ന് അവൻ ഉദ്ദേശിച്ചതിനെ പ്രത്യേകം ശ്രേഷ്ഠതകൾ നൽകി തിരഞ്ഞെടുക്കുകയും ചെയ്യുന്നവനാകുന്നു. അല്ലാഹു പറഞ്ഞു:
وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ ﴿٦٨﴾
“നിന്റെ റബ്ബ് അവൻ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെടുക്കുകയും ചെയ്യുന്നു.” (ഖ്വസസ്: 68).
ഏതേത് കാര്യത്തിലും പരിപൂർണ്ണമായ യുക്തിയും, എല്ലാറ്റിനുമുള്ള കഴിവും, എല്ലാ കാര്യങ്ങളും ചൂഴ്ന്നറിയാനുള്ള സമ്പൂർണ്ണമായ ജ്ഞാനവും, അല്ലാഹുവിന് മാത്രമാകുന്നു. അല്ലാഹു അക്ബർ!
അല്ലാഹു റബ്ബുൽ ആലമീൻ മനുഷ്യരിൽ നിന്ന് പ്രവാചകന്മാരെ തിരഞ്ഞെടുത്തു. അവരിൽ നിന്ന് റസൂലുമാരെയും, ആ റസൂലുമാരിൽ നിന്ന് അഞ്ചു പേരെ പ്രത്യേകമായും തിരഞ്ഞെടുക്കുകയുണ്ടായി. അപ്രകാരം ചില സമയങ്ങളെയും, സ്ഥലങ്ങളെയും, തിരഞ്ഞെടുത്തു; ഇതെല്ലാം തന്നെ അല്ലാഹുവാണ് റബ്ബ് എന്നും, അവനാണ് എല്ലാം നിയന്ത്രിക്കുന്നത് എന്നും, അവന് യാതൊരു പങ്കുകാരുമില്ല എന്നതിനെല്ലാം മതിയായ തെളിവുകളാണ്.
فَلِلَّهِ ٱلۡحَمۡدُ رَبِّ ٱلسَّمَـٰوَ ٰتِ وَرَبِّ ٱلۡأَرۡضِ رَبِّ ٱلۡعَـٰلَمِینَ ﴿٣٦﴾ وَلَهُ ٱلۡكِبۡرِیَاۤءُ فِی ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِیزُ ٱلۡحَكِیمُ ﴿٣٧﴾
“ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബും, ലോകരുടെ റബ്ബുമായ അല്ലാഹുവിനാണ് സ്തുതിയും. ആകാശങ്ങളിലും ഭൂമിയിലും അവന് തന്നെയാകുന്നു മഹത്വം. അവന് തന്നെയാകുന്നു പ്രതാപിയും യുക്തിമാനും.” (ജാഥിയ: 36, 37).
സമയങ്ങളിൽ വെച്ച് അല്ലാഹു റബ്ബുൽ ആലമീൻ ഏറെ പ്രത്യകതയും, മഹത്വവും നൽകുകയും, മറ്റുള്ള മാസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠത നൽകുകയും ചെയ്ത മാസമാണ് റമദാൻ. അതിൽ തന്നെ അവസാനത്തെ പത്ത് രാവുകൾക്ക് മറ്റുള്ള രാവുകളേക്കാൾ ശ്രേഷ്ഠത നൽകുകയും ചെയ്തു.
ആ രാത്രികളിൽ അല്ലാഹു അവന്റെ അടുക്കൽ വലിയ സ്ഥാനവും, പ്രത്യേകതയുള്ളതുമായ ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ള ‘ലൈലത്തുൽ ഖദ്ർ’ എന്ന ഒരു രാത്രിയും നിശ്ചയിക്കുകയുണ്ടായി.
അല്ലാഹു അവന്റെ കിതാബായ പരിശുദ്ധ ഖുർആൻ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത രാത്രിയാണ് ലൈലത്തുൽ ഖദ്റിന്റെ രാത്രി. അല്ലാഹു പറഞ്ഞു:
حمۤ ﴿١﴾ وَٱلۡكِتَـٰبِ ٱلۡمُبِینِ ﴿٢﴾إِنَّاۤ أَنزَلۡنَـٰهُ فِی لَیۡلَةࣲ مُّبَـٰرَكَةٍۚ إِنَّا كُنَّا مُنذِرِینَ ﴿٣﴾ فِیهَا یُفۡرَقُ كُلُّ أَمۡرٍ حَكِیمٍ ﴿٤﴾ أَمۡرࣰا مِّنۡ عِندِنَاۤۚ إِنَّا كُنَّا مُرۡسِلِینَ ﴿٥﴾ رَحۡمَةࣰ مِّن رَّبِّكَۚ إِنَّهُۥ هُوَ ٱلسَّمِیعُ ٱلۡعَلِیم﴿٦﴾
“ഹാമീം. സ്പഷ്ടമായ വേദഗ്രന്ഥം തന്നെ സത്യം; തീര്‍ച്ചയായും നാം അതിനെ ഒരു അനുഗ്രഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. അതെ, നമ്മുടെ പക്കല്‍ നിന്നുള്ള കല്പനപ്രകാരം ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു. തീര്‍ച്ചയായും നാം പ്രവാചകന്മാരെ നിയോഗിച്ചു കൊണ്ടിരിക്കുന്നവനാകുന്നു. നിന്റെ റബ്ബിൽ നിന്നുള്ള ഒരു കാരുണ്യമത്രെ അത്. തീര്‍ച്ചയായും അവന് തന്നെയാകുന്നു എല്ലാം കേള്‍ക്കുന്നവനും, അറിയുന്നവനും.” (ദുഖാൻ:1-6).
ഖിയാമത്ത് നാൾ വരേയുള്ള മുഴുവൻ കാര്യങ്ങളും ആകാശഭൂമികൾ സൃഷ്ടിക്കുന്നതിന്റെ അൻപതിനായിരം വർഷങ്ങൾക്ക് മുമ്പ് അല്ലാഹു അവന്റെ അടുക്കലുള്ള ‘ലൗഹുൽ മഹ്ഫൂദിൽ’ രേഖപ്പെടുത്തി വെച്ചിരിക്കുന്നു എന്ന് ഹദീഥിൽ സ്ഥിരപ്പെട്ട കാര്യമാണ്. എന്നാൽ ആ രാത്രിയിൽ അവൻ നേരത്തെ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തെ എല്ലാ തീരുമാനങ്ങളും, വിധിവിലക്കുകളുമാണ് മലക്കുകൾ മുഖേന ഭൂമിയിലേക്ക് ഇറക്കുന്നത്. അല്ലാഹു പറഞ്ഞു:
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾
“തീർച്ചയായും നാം ഇതിനെ (ഖുർആനിനെ) (ലൈലത്തുൽ ഖദ്റിൽ) നിർണയത്തിന്റെ രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു. ‘ലൈലത്തുൽ ഖദ്ർ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ? ‘ലൈലത്തുൽ ഖദ്ർ’ ആയിരം മാസത്തെക്കാൾ ഉത്തമമാകുന്നു. മലക്കുകളും ‘റൂഹും’ (ജിബ്രീലും) അവരുടെ റബ്ബിൻ്റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയിൽ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ.” (ഖദ്ർ: 1-5).
ലൈലത്തുൽ ഖദ്ർ എന്ന അനുഗ്രഹീത രാവ് നമ്മിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. ഒരു മനുഷ്യൻ ഏതാണ്ട് 83 വർഷം മുഴുവൻ ഇബാദത്ത് ചെയ്താൽ ലഭിക്കുന്ന പ്രതിഫലമാണ് -അല്ലാഹു തൗഫീഖ് ചെയ്താൽ- ഒരു രാത്രിയിൽ നേടിയെടുക്കാൻ സാധിക്കുന്നത്. ഇത് വളരെ മഹത്തായ ശ്രേഷ്ഠതയാണ്. സുബ്ഹാനല്ലാഹ്!
– ഈ രാത്രിയിൽ ധാരാളം മലക്കുകൾ ആകാശലോകത്ത് നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വരുന്നതാണ്.
– ഓരോ വ്യക്തിയുടെയും കാര്യത്തിൽ ഒരു വർഷത്തെ അല്ലാഹുവിന്റെ തീരുമാനങ്ങളും, വിധികളുമായിട്ടാണ് അവർ ഇറങ്ങി വരുന്നത്.
– ഈ അനുഗ്രഹീതമായ രാത്രിയുടെ ആരംഭം മുതൽ അവസാനം വരേയ്ക്കും (പ്രഭാതോദയം വരെ) ഭൂമി സമാധാനം നിറഞ്ഞതായിരിക്കും.
ചില മുൻഗാമികൾ പറഞ്ഞതായി കാണാം: “ഈ രാവിൽ ചെയ്യുന്ന സൽകർമ്മങ്ങളും, നോമ്പും, രാതി നിസ്കാരവുമെല്ലാം ആയിരം മാസങ്ങൾ പ്രവർത്തിക്കുന്നതിനേക്കാൾ പുണ്യകരമാണ്.”
ഈ ഒരൊറ്റ രാത്രിയിലെ നിസ്കാരം കൊണ്ട് മുൻകഴിഞ്ഞ ചെറുപാപങ്ങൾ പൊറുക്കപ്പെടുന്നതാണ്.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ: “مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ.”
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ആരെങ്കിലും ഈമാനോട് കൂടിയും, പ്രതിഫലമാഗ്രഹിച്ച് കൊണ്ടും ലൈലത്തുൽ ഖദ്റിന്റെ രാത്രിയിൽ നിസ്കരിച്ചാല്‍; അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.”
(മുത്തഫഖുൻ അലൈഹി).
അല്ലാഹുവിന്റെ കാരുണ്യവും, ഔദാര്യവും എത്ര മഹത്തരമാണ് എന്ന് നോക്കൂ. ഇങ്ങനെയുള്ള ധാരാളക്കണക്കിന് സുവർണ്ണാവസരങ്ങൾ വാരിക്കോരി നൽകിയിട്ടും, അതൊന്നും ശ്രദ്ധിക്കാതെ കളിയിലും വിനോദങ്ങളിലും ജീവിതം തുലച്ച് അവസാനം ഈ ലോകത്ത് നിന്ന് വിടപറഞ്ഞു പോവുമ്പോഴായിരിക്കും ബോധോദയമുണ്ടാവുക.
അല്ലാഹു അവന്റെ നല്ലവരായ അടിമകൾക്ക് വേണ്ടി ഒരുക്കി വെച്ചിട്ടുള്ള ഏറ്റവും വലിയ ആസ്വാദനം നിറഞ്ഞതും, ശ്വാശ്വത ഭവനവുമായ സ്വർഗ്ഗം നേടിയെടുക്കാൻ സാധിക്കാത്ത അത്തരം ആളുകളുടെ അവസ്ഥ എത്ര ദൗർഭാഗ്യകരമാണ്? അല്ലാഹുവിൽ അഭയം!
അതിനാൽ, നമ്മെ സംബന്ധിച്ചിടത്തോളം പ്രാർത്ഥനയോടെയും, പ്രതീക്ഷയോടെയും, ഈ അനുഗ്രഹീത രാവുകളിലെ പുണ്യങ്ങൾ വാരിക്കൂട്ടാൻ തയ്യാറെടുക്കുകയാണ് വേണ്ടത്!
ആ രാത്രിയിലെ പുണ്യങ്ങൾ നേടിയെടുക്കുകയും, അത് മുഖേന റബ്ബിന്റെ സ്വർഗ്ഗത്തിൽ പ്രേവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന സൗഭാഗ്യവാന്മാരിൽ അല്ലാഹു റബ്ബുൽ ആലമീൻ നമ്മെ ഉൾപ്പെടുത്തുമാറാവട്ടെ, ആമീൻ.
– സഈദ് ബിൻ അബ്ദിസ്സലാം. وفقه الله
Add a Comment