റമദാനിൽ തഹജ്ജുദ് നിസ്കരിക്കുന്നവർക്കുള്ള ഉപദേശം – ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ -رَحِمَهُ اللَّهُ

ശൈഖ് മുഹമ്മദ് ബ്നു സ്വാലിഹ് അൽ ഉഥൈമീൻ -رَحِمَهُ اللَّهُ– പറഞ്ഞു: “റുകൂഇൽ -سُبْـحانَ رَبِّـيَ الْعَظـيم- (അതിമഹത്വമുള്ള എന്റെ സൃഷ്ടാവും സംരക്ഷകനും അന്നദാതാവുമായ റബ്ബ് എത്രയധികം പരിശുദ്ധന്‍) എന്ന അല്ലാഹുവിനെ മഹത്വപ്പെടുത്തുന്ന ദിക്‌റും, അത് പോലെയുള്ള സ്ഥിരപ്പെട്ട മറ്റു ദിക്റുകളും അധികരിപ്പിക്കുക.

അതിന് ശേഷമുള്ള നിറുത്തത്തിൽ (ഇഅ്തിദാലിൽ) റുകൂഇലെ പോലെ തന്നെ അല്ലാഹുവിനുള്ള സ്തുതിയും, പ്രകീർത്തനങ്ങളും വർധിപ്പിക്കുക.

അപ്രകാരം സുജൂദിൽ -سُبْـحانَ رَبِّـيَ الأَعْلـى- (അത്യുന്നതനായ എന്റെ സൃഷ്ടാവും അന്നദാതാവും പരിപാലകനുമായ റബ്ബ് എത്രയധികം പരിശുദ്ധന്‍) എന്നത് പോലെയുള്ള സ്ഥിരപ്പെട്ട ദുആഇന് ശേഷം ധാരാളമായി ദുആകൾ വർധിപ്പിക്കുക. കാരണം; സുജൂദിൽ വെച്ച് അല്ലാഹുവിനോട് ദുആ ചെയ്യുന്നത് ഉത്തരം ലഭിക്കാൻ ഏറെ സാധ്യതയുള്ള സന്ദർഭമാണ്. ‘ഒരു അടിമ തന്റെ റബ്ബുമായി ഏറ്റവും അടുത്ത് നിൽക്കുന്നത്; അവൻ സുജൂദിലായിരിക്കുമ്പോഴാണ്’.

സുജൂദിൽ എത്ര സമയം കഴിച്ചുകൂട്ടിയോ ഏകദേശം അതിനോടടുത്ത സമയം തന്നെ രണ്ട് സുജൂദുകൾക്കിടയിൽ ഇരുന്നു കൊണ്ട് ധാരാളമായി ദുആ ചെയ്യുക. നിസ്കാരം ഫർദാവട്ടെ, ഐച്ഛികമാവട്ടെ, ഹൃദയസാന്നിദ്ധ്യത്തോട് കൂടി നിങ്ങൾ നിസ്കരിക്കുക. അതിൽ നിങ്ങളുടെ ദുആഉകൾ ഇഖ്ലാസുള്ളതാക്കുകയും ചെയ്യുക.

നിങ്ങളുടെ റബ്ബിലേക്ക് മുഖം തിരിച്ചവരായിക്കൊണ്ട് നിങ്ങൾ ദുആ ചെയ്യുക. തീർച്ചയായും, ആവർത്തിച്ചാവർത്തിച്ച് ദുആ ചെയ്യുന്നവരെ അല്ലാഹു അവന്റെ സ്നേഹത്താലും, ഉദാരതയാലും, ഔദാര്യത്താലും ഏറെ ഇഷ്ടപ്പെടുന്നു. അല്ലാഹു പറഞ്ഞു:

﴿وَإِذَا سَأَلَكَ عِبَادِی عَنِّی فَإِنِّی قَرِیبٌۖ أُجِیبُ دَعۡوَةَ ٱلدَّاعِ إِذَا دَعَانِۖ فَلۡیَسۡتَجِیبُوا۟ لِی وَلۡیُؤۡمِنُوا۟ بِی لَعَلَّهُمۡ یَرۡشُدُونَ﴾

“എന്റെ അടിമകൾ എന്നെക്കുറിച്ച് ചോദിച്ചാൽ ഞാൻ അവരുടെ ഏറ്റവും അടുത്തു തന്നെയുള്ളവനാണ് (പറയുക). പ്രാർത്ഥിക്കുന്നവൻ എന്നെ വിളിച്ചു പ്രാർത്ഥിച്ചാൽ ഞാനതിന് ഉത്തരം നൽകും. അതുകൊണ്ട് അവർ എനിക്ക് ഉത്തരം നൽകുകയും എന്നിൽ വിശ്വസിക്കുകയും ചെയ്യട്ടെ. അവർ സന്മാർഗത്തിൽ ആകുവാൻ വേണ്ടിയാണിത്.” (ബഖറ: 186).

അല്ലാഹുവേ, ദുആ ചെയ്യാനുള്ള തൗഫീഖ് നീ നൽകുകയും, അതിനുത്തരം ചെയ്തു കൊണ്ട് ഞങ്ങൾക്ക് അനുഗ്രഹം ചൊരിയുകയും, ഞങ്ങളുടെ പ്രാർത്ഥനകളും, ഇബാദത്തുകളും സ്വീകരിക്കുകയും, ഞങ്ങളുടെ കുറവുകളും, തെറ്റുകുറ്റങ്ങളും വിട്ടു പൊറുത്ത് മാപ്പാക്കുകയും ചെയ്യണേ..”
(അൽ അമലു ഫീ അശ്’രിൽ അവാഖിരി മിൻ റമദാൻ: 173).

– സഈദ് ബിൻ അബ്ദിസ്സലാം وفقه الله

Add a Comment

Your email address will not be published. Required fields are marked*