മഹാനായ അനസ് ബിൻ മാലിക് -رضي الله عنه- ന്റെ പ്രധാന ശിഷ്യരിൽ ഒരാളായിരുന്നു ഥാബിത് ബിൻ അസ്ലം അൽ ബുനാനി-رحمه الله-.
അദ്ദേഹം അല്ലാഹുവിനോട് ദുആ ചെയ്യാറുണ്ടായിരുന്നു :
“അല്ലാഹുവേ – നിന്റെ അടിമകളിൽ ആർക്കെങ്കിലും ഖബ്റിൽ നിസ്കരിക്കാനുള്ള സൗകര്യം നീ നൽകുന്നുവെങ്കിൽ അതെനിക്ക് നൽകേണമേ..”
(മുസന്നഫു ഇബ്നി അബീ ശൈബ,ത്വബഖാത്തുബ്നി സഅദ് )
ഇമാം ദഹബി رحمه الله പറഞ്ഞു : “അദ്ദേഹത്തിന്റെ ദുആ ഉത്തരം നല്കപ്പെട്ടു എന്ന് പറയപ്പെടാറുണ്ടായിരുന്നു. ചിലർ അദ്ദേഹം ഖബറിൽ നിസ്കരിക്കുന്നത് സ്വപനത്തിൽ കണ്ടു എന്നും പറയപ്പെടുന്നു.”
(അസ്സിയർ – 5/520)
നമുക്കുള്ള പാഠം: ഇഹലോക ജീവിതത്തിൽ പോലും നല്ല പോലെ നന്മകൾ ചെയ്യാത്തവരാണ് നമ്മിൽ ഭൂരിപക്ഷം പേരും. എന്നാൽ അല്ലാഹുവിനെ ആരാധിക്കുന്നതിൽ കൺകുളിർമ കണ്ടെത്തിയ ഒരു സമൂഹത്തെ സംബന്ധിച്ചിടത്തോളം അവർക്ക് അവരുടെ ഖബ്ർ ജീവിതത്തിലും ആരാധനകൾ ചെയ്യാൻ ഇഷ്ടമായിരുന്നു!!
മരണശേഷം കർമങ്ങൾ ചെയ്യാൻ നാം കൽപ്പിക്കപ്പെട്ടിട്ടില്ല. പക്ഷേ, അവർക്ക് ആരാധനകളോടുള്ള ഇഷ്ടമാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്.
നന്മകളിൽ മുന്നേറുക, മടി മാറ്റി വെക്കുക, ഇഹലോക ജീവിത സുഖങ്ങളിൽ മുഴുകാതെ മരണമില്ലാത്ത ലോകത്തേക്കുള്ള വിഭവങ്ങൾ തയ്യാറാക്കുക.
അല്ലാഹു അനുഗ്രഹിക്കട്ടെ -ആമീൻ.
ആശിഖ് ബിൻ അബ്ദിൽ അസീസ് -وفقه الله-
Add a Comment