ബലി അറുക്കുന്നത് തൂക്കമേറിയതിനെയാണോ വില കൂടിയതിനെയാണോ നല്ലത്?
ശൈഖ് ഇബ്നു ഉസൈമീൻ റഹിമഹുല്ലാഹ്:-
❝ സാധാരണയായി മാംസം കൂടുതലുള്ള വലിയ ബലിമൃഗത്തിന് വിലയും കൂടുതലായിരിക്കും, എന്നാൽ ചിലപ്പോൾ ഇതിന് വിപരീതമായും സംഭവിച്ചേക്കാം.
ഉദ്ഹിയ്യത് കൊണ്ടുള്ള പ്രയോജനം പരിഗണിക്കുകയാണെങ്കിൽ വില കുറവാണെങ്കിൽ പോലും മാംസം കൂടുതലുള്ള വലിയ മൃഗത്തെ ബലിയറുക്കുന്നതാണ് നല്ലത്.
എന്നാൽ ഇബാദത്തിന്റെ വിഷയത്തിലുള്ള സത്യസന്ധത പരിഗണിക്കുകയാണെങ്കിൽ വില കൂടിയ മൃഗമാണ് നല്ലത്. കാരണം അല്ലാഹുവിനുള്ള ഇബാദത്തിനു വേണ്ടി ധാരാളം ധനം ചെലവഴിക്കുന്നത് ഒരാളുടെ ഇബാദത്തിന്റെ പൂർണതയെയും സത്യസന്ധതയെയും സൂചിപ്പിക്കുന്നു.
അതിനാൽ നാം പറയുന്നു: രണ്ട് വ്യത്യസ്ത മസ്’ലഹതുകൾ നിന്റെ മുന്നിൽ ഉണ്ട് എന്നതിനാൽ ഏതാണോ നിന്റെ മനസ്സിന് കൂടുതൽ അനുയോജ്യം എന്ന് തോന്നുന്നത്, അത് നീ പ്രവർത്തിക്കുക.
കൂടുതൽ ധനം വിനിയോഗിക്കുന്നതു കൊണ്ട് ഈമാൻ വർദ്ധിക്കുകയും അല്ലാഹുവിന്റെ മുന്നിൽ നീ കൂടുതൽ വിനയാന്വിതനുമാകുന്നുവെങ്കിൽ കൂടുതൽ വിലയുള്ള മൃഗത്തെ നീ ബലി അറുക്കുക.❞
سلسلة اللقاء الشهري75
ഞങ്ങൾ നാല് സഹോദരങ്ങളും പിതാവും ഒരു മതിൽ കെട്ടിനുള്ളിൽ അടുത്തടുത്തുള്ള വീടുകളിലായാണ് താമസിക്കുന്നത്, എല്ലാ വീട്ടുകാർക്കും കൂടി ഒരു ഉദ്ഹിയ്യത് മതിയാകുമോ? അതല്ല ഓരോരുത്തരും പ്രത്യേകം ഉദ്ഹിയ്യത് നിർവഹിക്കേണ്ടതുണ്ടോ?
ഉത്തരം:
❝ ഓരോ ഗൃഹനാഥനും അവനു വേണ്ടിയും അവന്റെ വീട്ടുകാർക്ക് വേണ്ടിയും ഉദ്ഹിയ്യത് നിർവഹിക്കുക എന്നതാണ് മുസ്തഹബ്ബ്.
ഒന്നിലധികം വീടുകൾക്ക് വേണ്ടി ഒരു ഉദ്ഹിയ്യത് മതിയാകുന്നതല്ല. അവർ ഒരു മതിൽകെട്ടിനുള്ളിൽ തന്നെ ആയിരുന്നാലും ശരി.
സൗദി ഉന്നത പണ്ഡിതസഭ:
ഫത്വ നമ്പർ- 19618
ധാരാളം അംഗങ്ങളുള്ള ഒരു കുടുംബം, അവരുടെ വരുമാനവും ചെലവുമൊക്കെ ഒന്ന് തന്നെയാണ്. പെരുന്നാൾ ദിവസം അവർ ഒരു മൃഗത്തെ ബലിയറുക്കുകയാണ് പതിവ്. ഒരു മൃഗം മതിയാകുമോ,അതല്ല രണ്ട് മൃഗങ്ങളെ ബലിയറുക്കേണ്ടതുണ്ടോ? രണ്ടെണ്ണം വേണ്ടതുണ്ടെങ്കിൽ കഴിഞ്ഞു പോയ വർഷങ്ങളുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത്?
ഉത്തരം:-
❝ വലിയ, ധാരാളം അംഗങ്ങളുള്ള ഈ കുടുംബം ഒരു വീട്ടിലാണ് കഴിയുന്നതെങ്കിൽ അവർക്ക് ഒരു ഉദ്ഹിയ്യത് മതിയാകുന്നതാണ്. ഒന്നിൽ കൂടുതൽ ഉദ്ഹിയ്യത് നിർവ്വഹിക്കുകയാണെങ്കിൽ അതാണ് നല്ലത്.❞
സൗദി ഉന്നത പണ്ഡിതസഭ:
ഫത്വ നമ്പർ-12572
വിവ: അബൂ ഈസ وفقه الله
Add a Comment