നോമ്പുമായി ബന്ധപ്പെട്ട നിർബന്ധമായി അറിഞ്ഞിരിക്കേണ്ട പത്ത് മസ്അലകൾ.

 

(ശൈഖ് സ്വാലിഹ് ബിൻ അബ്ദിൽ അസീസ് ഉസ്മാൻ അസ്സിന്തി-حَفِظَهُ اللَّه- യുടെ ലേഖനത്തിൽനിന്ന്)

بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ
ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَـٰلَمِینَ وَالصَّلَاةُ وَالسَّلَامُ عَلَى رَسُولِهِ الأَمِينِ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، أَمَّا بَعْدُ،

❝ ബഹുമാന്യരായ സഹോദരങ്ങളെ,
ഒരു മുസ്ലിം നോമ്പുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട പത്ത് മസ്അലകളാണ് ഈ ചെറു ലേഖനത്തിൽ ബഹുമാന്യനായ പണ്ഡിതൻ ശൈഖ് സ്വാലിഹ് അസ്സിന്തി-حَفِظَهُ اللَّه- കുറിച്ചിട്ടുള്ളത്. അല്ലാഹു സുബ്ഹാനഹു വതആല നമുക്ക് അവന്റെ ദീനിലുള്ള ഇൽമ് വർധിപ്പിച്ചു തരുമാറാകട്ടെ. ഇൽമിനനുസരിച്ച് അമൽ ചെയ്യാൻ തൗഫീഖ് നൽകുമാറാകട്ടെ,
ആമീൻ.

ഒന്നാമത്തെ മസ്അല :

റമദാൻ മാസത്തിന്റെ ആരംഭത്തെക്കുറിച്ചുള്ളതാണ്.
രണ്ടാൽ ഒരു രീതിയിലൂടെയാണ് നാം റമദാനിലേക്ക് പ്രവേശിക്കുക.
ഒന്ന്) ഹിലാൽ കാണുന്നതിലൂടെ.
രണ്ട്)ശഅബാൻ മാസം 30 ദിവസം പൂർത്തിയാക്കിക്കൊണ്ട്.

എന്നാൽ കാഴ്ച പരിഗണിക്കാതെ കണക്ക് നോക്കിക്കൊണ്ട് തീരുമാനിക്കുക എന്നത് തെറ്റായ രീതിയാകുന്നു.

രണ്ടാമത്തെ മസ്അല:

സംശയമുള്ള ദിവസം നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ചുള്ളതാണ്.
ശഅബാൻ 30 ന് ഇത് റമദാൻ ആയിരിക്കുമോ എന്ന സൂക്ഷ്മതക്ക് വേണ്ടി അനുഷ്ഠിക്കുന്ന നോമ്പാണിത്. ഇത് വ്യക്തമായി തന്നെ നബിﷺ വിലക്കിയതായി കാണാം. എന്നാൽ ഒരാൾ സ്ഥിരമായി എടുക്കാറുള്ള സുന്നത്ത് നോമ്പുകൾ ഈ ദിവസത്തോട് യോജിച്ചു വന്നാൽ അയാൾക്കത് അനുഷ്ഠിക്കാവുന്നതാണ്.

മൂന്നാമത്തെ മസ്അല:

രോഗിയും, നോമ്പെടുക്കാൻ സാധിക്കാത്തവരും എന്താണ് ചെയ്യേണ്ടത്?
നോമ്പെടുക്കാൻ സാധിക്കാത്തവർ എന്നാൽ ഒന്നുകിൽ ഭ്രാന്ത് പോലെയുള്ള കാരണം കൊണ്ട് ദീനി നിയമങ്ങൾ പാലിക്കാൻ ബാധ്യതയില്ലാത്ത ആളുകളാണ്. അല്ലെങ്കിൽ പ്രായാധിക്യം കാരണത്താൽ നോമ്പെടുക്കാൻ സാധിക്കാത്തവർ.
ഇതിൽ ആദ്യത്തെ വിഭാഗത്തിന് നോമ്പിന് പകരമായി അവരോ, അവരെ സംരക്ഷിക്കുന്നവരോ ഒന്നും ചെയ്യേണ്ടതില്ല.
രണ്ടാമത്തെ വിഭാഗം ഓരോ നോമ്പിനും പകരമായി ഒരു പാവപ്പെട്ടവന് ഭക്ഷണം കൊടുക്കണം. അയാൾക്ക് വേണ്ടി മറ്റുള്ളവർക്കും അത് ഏറ്റെടുത്ത് നൽകാവുന്നതാണ്.
ഒരു നോമ്പിന് പകരമായി ഏകദേശം ഒന്നര കിലോ അരിയാണ് കൊടുക്കേണ്ടത്. ഓരോ ദിവസമായിട്ടൊ അല്ലെങ്കിൽ എല്ലാം ഒരുമിച്ച് മാസത്തിന്റെ അവസാനമോ ഇത് നൽകാവുന്നതാണ്.
ഇനി ഒരാൾക്ക് നഷ്ടപ്പെട്ട നോമ്പിന്റെ അത്രയും എണ്ണം പാവപ്പെട്ടവരെ വീട്ടിലേക്കോ ഹോട്ടലിലേക്കോ ക്ഷണിച്ചുകൊണ്ട് ഉച്ചഭക്ഷണമായോ രാത്രി ഭക്ഷണമായോ നൽകാവുന്നതാണ്.
സ്വഹാബിയായ അനസ് ബിൻ മാലിക് റദിയല്ലാഹു അൻഹു അപ്രകാരം തന്റെ വാർദ്ധക്യത്തിൽ ചെയ്തിട്ടുണ്ട്.

രോഗിയെ സംബന്ധിച്ചിടത്തോളം സ്വന്തം ശരീരത്തിന് ഉപദ്രവമുണ്ടാക്കികൊണ്ട് നോമ്പെടുക്കുക എന്നത് നിഷിദ്ധമാണ്. എന്നാൽ നിസാരമായ രോഗത്തിന് നോമ്പ് ഒഴിവാക്കലും അനുവദനീയമല്ല.

ഇനി മാറുമെന്ന് പ്രതീക്ഷയില്ലാത്ത രോഗമാണ് എന്ന് കരുതുന്നുവെങ്കിൽ അത്തരക്കാർക്ക് പിന്നീട് നോറ്റുവീട്ടേണ്ടതില്ല. അവർ നേരത്തെ പ്രായാധിക്യമുള്ളവരുടെ വിഷയത്തിൽ പറഞ്ഞത് പോലെ ഓരോ നോമ്പിനും പകരമായി ഫിദ് യ കൊടുക്കണം.

എന്നാൽ മാറുമെന്ന് പ്രതീക്ഷയുള്ള രോഗമുള്ളവർക്ക് രോഗം മാറിയതിന് ശേഷം നോമ്പനുഷ്ഠിച്ചാൽ മതി. ഫിദ്’യ കൊടുക്കേണ്ടതില്ല. ഇനി അടുത്ത റമദാനിന് മുമ്പായി രോഗം മാറിയില്ലെങ്കിൽ പോലും നോറ്റുവീട്ടുക എന്ന ബാധ്യത മാത്രമാണ് അയാൾക്കുള്ളത്.

നാലാമത്തെ മസ്അല:

യാത്രക്കാരന്റെ നോമ്പിനെക്കുറിച്ചുള്ളതാണ്.
യാത്രക്കാരന് നോമ്പ് കൊണ്ട് സ്വന്തത്തിന് ഉപദ്രവമുണ്ടാകുന്നുവെങ്കിൽ നോമ്പ് ഉപേക്ഷിക്കേണ്ടതാണ്.

ഇനി അയാൾക്ക് ഉപദ്രവം ഉണ്ടാക്കിയില്ലെങ്കിലും നല്ല പ്രയാസമുണ്ടെങ്കിൽ ഇളവ് എടുത്തുകൊണ്ട് നോമ്പ് ഒഴിവാക്കുന്നതാണ് അയാൾക്ക് നല്ലത്.
ഇനി നോമ്പെടുക്കലും, ഒഴിവാക്കലും അയാൾക്ക് ഒരുപോലെയാണെങ്കിൽ യാത്രയിൽ ആണെങ്കിലും നോമ്പ് എടുക്കുക എന്നതാണ് ഏറ്റവും ഉത്തമം.

ഇനി എപ്പോഴാണ് നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടേണ്ടത്?
നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടാൻ ഒരാൾക്ക് വിശാലമായ സമയമുണ്ട്. എന്നാൽ വേഗത്തിൽ എടുത്തു തീർക്കുന്നതാണ് ഏറ്റവും ഉത്തമം.
ഒരാൾ അടുത്ത റമദാൻ ആയിട്ടും അകാരണമായി നോമ്പ് നോറ്റുവീട്ടാതിരിക്കുന്നുവെങ്കിൽ അയാൾ വലിയ കുറ്റമാണ് ചെയ്തിരിക്കുന്നത്. അത്തരക്കാർ ആ തെറ്റിൽനിന്ന് ആത്മാർത്ഥമായി തൗബ ചെയ്യുകയും, നോമ്പ് വേഗം നോറ്റുവീട്ടുകയും, ഓരോ നോമ്പിനും ഫിദ്’യ (ഒന്നര കിലോ അരി) കൊടുക്കുകയും വേണം.

അഞ്ചാമത്തെ മസ്‌അല:

ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും നോമ്പിനെ കുറിച്ചുള്ളതാണ്.
ഈ രണ്ട് കൂട്ടർക്കും നോമ്പ് എടുക്കാൻ പ്രയാസമില്ലെങ്കിൽ നിർബന്ധമായും നോമ്പെടുക്കേണ്ടതുണ്ട്. നോമ്പുപേക്ഷിക്കൽ അനുവദനീയമല്ല.
ഇനി പ്രയാസമുള്ളവർക്ക് നോമ്പ് ഒഴിവാക്കാൻ അനുവാദമുണ്ട്. പിന്നീട് നോറ്റു വീട്ടിയാൽ മാത്രം മതി.
എന്നാൽ ഗർഭസ്ഥ ശിശുവിനോ അല്ലെങ്കിൽ തനിക്കോ എന്തെങ്കിലും പ്രയാസം ഉണ്ടാകുമെന്ന ഭയം കാരണത്താലാണ് നോമ്പ് ഒഴിവാക്കിയതെങ്കിൽ നോമ്പ് നോറ്റുവീട്ടുന്നതോടൊപ്പം സാമ്പത്തികമായി കഴിവുള്ളവരാണെങ്കിൽ
സൂക്ഷ്മതക്ക് ഫിദ്’യ കൂടി കൊടുക്കുന്നത് നല്ലതാണ്. അല്ലാഹു അഅ്‌ലം

ആറാമത്തെ മസ്അല:

ആർത്തവകാരികളോ, പ്രസവാനന്തര രക്തസ്രാവമുള്ളവരോ ആയ സ്ത്രീകളെക്കുറിച്ചുള്ളതാണ്.
ഇവർ രണ്ടുകൂട്ടർക്കും നോമ്പെടുക്കൽ നിഷിദ്ധമാകുന്നു. ഒഴിവായ നോമ്പ് പിന്നീട് നോറ്റു വീട്ടുക എന്നത് മാത്രമാണ് ഇവർക്ക് ബാധ്യതയായിട്ടുള്ളത്.

ഏഴാമത്തെ മസ്അല:

നോമ്പ് മുറിക്കുന്ന കാര്യങ്ങൾ..

1) ഭക്ഷണ,പാനീയങ്ങൾ കഴിക്കുക.
എന്നാൽ ഒരാൾ മറന്നുകൊണ്ട് കുടിക്കുകയോ, തിന്നുകയോ ചെയ്താൽ നോമ്പ് മുറിയുകയില്ല. നോമ്പ് പൂർത്തിയാക്കുക മാത്രമേ അയാൾ ചെയ്യേണ്ടതുള്ളൂ. പ്രായശ്ചിത്തം ഒന്നുമില്ല. കാരണം അയാളെ കുടിപ്പിച്ചതും ഭക്ഷിപ്പിച്ചതും അല്ലാഹുവാണ് എന്ന് ഹദീസിൽ കാണാം.

ദന്ത ശുദ്ധീകരണം നടത്തുക എന്നത് പകലിന്റെ ആദ്യത്തിലും അവസാനത്തിലുമൊക്കെ അനുവദനീയമായ കാര്യമാണ്.

ഇഞ്ചക്ഷനുകൾ ഉന്മേഷം ലഭിക്കാൻ ഉപയോഗിക്കുന്ന പോഷകഗുണങ്ങളുള്ളതാണെങ്കിൽ അത് കൊണ്ട് നോമ്പ് മുറിയുന്നതാണ്. അതുകൊണ്ട് തന്നെ അത്തരം ഇഞ്ചക്ഷനുകൾ നോമ്പ് കഴിഞ്ഞ് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പകൽ തന്നെ നിർബന്ധമായി ഉപയോഗിക്കേണ്ടവർ നോമ്പ് മുറിച്ചുകൊണ്ട് പകരം മറ്റൊരു ദിവസം നോമ്പ് നോറ്റുവീട്ടുക.

അതല്ലാത്ത മറ്റ് ഇഞ്ചക്ഷനുകളാണെങ്കിൽ, അവയെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ആധുനികരായ പല പണ്ഡിതന്മാരും അവ അനുവദിക്കുന്നുണ്ട്. സാധിക്കുന്നവർ സൂക്ഷ്മതക്ക് ഇതും നോമ്പ് തുറന്നതിനു ശേഷം ഉപയോഗിക്കാൻ ശ്രമിക്കുക.

രക്തം സ്വീകരിക്കുക എന്നതും നോമ്പ് മുറിയാനുള്ള കാരണത്തിൽ പെട്ടതാണ്.

ഇനി തുള്ളിമരുന്ന് ഉപയോഗിക്കുന്നവരുടെ കാര്യം, അത് മൂക്കിൽ ഉപയോഗിക്കുന്ന ‘Nasal Drops’ ആണെങ്കിൽ നോമ്പ് മുറിയുന്നതാണ്. എന്നാൽ കണ്ണിലും, ചെവിയിലും ഉറ്റിക്കുന്ന തുള്ളിമരുന്നുകൾ ശരിയായ അഭിപ്രായപ്രകാരം നോമ്പ് മുറിക്കുന്നതല്ല.

2) ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
ഹലാലായ രീതിയിൽ ഭാര്യയുമായി ആയാലും, ഹറാമായ രീതി സ്വീകരിച്ചാലും നോമ്പ് മുറിയുന്നതാണ്. നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ ഗൗരവമുള്ള ഒന്നാണിത്. ഇതിന്റെ പ്രായശ്ചിത്തവും കടുത്തതാണ്. അടിമയെ മോചിപ്പിക്കുക എന്ന കാര്യം ഈ കാലത്ത് സാധ്യമല്ലാത്തതിനാൽ തുടർച്ചയായി രണ്ടു മാസം നോമ്പ് എടുക്കുക എന്നതാണത്. ഒരു ഒഴിവുകഴിവും ഇല്ലാതെ ഒരാൾ ഇടയിൽ ഒരു ദിവസം നോമ്പ് എടുക്കാതിരുന്നാൽ വീണ്ടും രണ്ടു മാസം തുടർച്ചയായി നോമ്പ് എടുക്കേണ്ടതുണ്ട്. യാത്ര, രോഗം എന്നിവ കാരണത്താൽ തുടർച്ച നഷ്ടപ്പെട്ടാൽ കുഴപ്പമില്ല. എന്നാൽ നോമ്പ് മുറിക്കുന്നതിനു വേണ്ടി യാത്ര ചെയ്യുക എന്നത് അനുവദനീയമല്ല. അത്തരക്കാർ വീണ്ടും രണ്ടു മാസം നോമ്പെടുക്കണം. ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിച്ചതല്ലെങ്കിൽ ഭാര്യയും ഇതുപോലെ നോമ്പ് എടുക്കണം.

എന്നാൽ ഒരാൾക്ക് ഇതിനും സാധിക്കുന്നില്ലെങ്കിൽ അയാൾ 60 പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കണം. നോമ്പെടുക്കാൻ സാധിക്കുന്നവർക്ക് ഇത് അനുവദനീയമല്ല. നിനക്ക് സാധിക്കുമോ ഇല്ലേ എന്നത് അല്ലാഹുവിന് നന്നായി അറിയുന്നതാണ്.

എന്നാൽ ഒരാൾ പൂർണമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ ഭാര്യയുമായി അതല്ലാത്തതെല്ലാം ചെയ്യുക വഴി ‘മനിയ്യ്’ പുറപ്പെട്ടാൽ നോമ്പ് മുറിയുന്നതാണ്. ഇവിടെ മുകളിൽ പറഞ്ഞ പ്രായശ്ചിത്തം ഇല്ല. അത് തന്റെ ലൈംഗികാവയവം ഭാര്യയുടേതിലേക്ക് പ്രവേശിപ്പിച്ചവന് മാത്രമുള്ളതാണ്.അഥവാ പൂർണമായ ലൈംഗിക ബന്ധം നടത്തിയവർക്ക്.

എന്നാൽ ഒരാൾ ഇങ്ങനെ പ്രവേശിപ്പിച്ച് മനിയ്യ് പുറത്തു വന്നില്ലെങ്കിലും അയാൾ തുടർച്ചയായി രണ്ടു മാസം നോമ്പെടുക്കണം.

ഇനി ഒരാൾക്ക് മദ്‌യ് (مذى) ആണ് പുറപ്പെട്ടതെങ്കിൽ ശരിയായ അഭിപ്രായപ്രകാരം നോമ്പ് മുറിയുകയില്ല. (നിറമില്ലാത്ത, നേർത്ത ദ്രാവകമാണ് മദ്‌യ്, ലൈംഗിക ചിന്ത മൂർച്ഛിക്കുമ്പോഴാണ് ഇത് പുറപ്പെടുക).

നോമ്പുകാരന് ഭാര്യയെ ചുംബിക്കാമോ?

സ്വയം നിയന്ത്രണമുള്ള, ലൈംഗിക ബന്ധത്തിലേക്ക് പോവുകയില്ല എന്നുറപ്പുള്ളവർക്ക് ആവാം. എന്നാൽ സ്വയം നിയന്ത്രിക്കാൻ സാധിക്കാത്തവർ ചുംബിക്കാൻ പാടില്ല.

3) സ്വയംഭോഗം.
ഇത് ഏത് കാലത്തും ഹറാമാണ്. എന്നാൽ നോമ്പുകാരന്റെ കാര്യം കൂടുതൽ ഗൗരവമാണ്. നോമ്പിനെ മുറിച്ചു കളയും. നിർബന്ധമായും നോറ്റു വീട്ടണം. മറ്റു പ്രായശ്ചിത്തമില്ല.
സ്വപ്നസ്ഖലനം നോമ്പ് മുറിക്കുകയില്ല.

ഭാര്യയുമായി ബന്ധപ്പെട്ടവന് സുബ്ഹിക്ക് ശേഷം കുളിച്ചാലും മതിയാകുന്നതാണ്. വലിയ അശുദ്ധിയോടുകൂടി നോമ്പിൽ പ്രവേശിക്കുക എന്നത് നോമ്പിനെ ബാധിക്കുകയില്ല.

4) മൂക്കിൽ കയറ്റി വലിക്കുന്ന പൊടികളും മറ്റും നോമ്പ് മുറിക്കുന്നതാണ്.

5) മനപ്പൂർവമുള്ള ചർദ്ദി.

വായിൽ വിരലിട്ടു കൊണ്ടോ, ബോധപൂർവ്വം അറപ്പുളവാക്കുന്ന വസ്തുവിൽ നോക്കിക്കൊണ്ടോ ചർദ്ദിച്ചാൽ നോമ്പ് മുറിയും. അല്ലാതെയുള്ള സ്വാഭാവികമായ ചർദ്ദി നോമ്പു മുറിക്കുകയില്ല.


6) ഹിജാമ.

എട്ടാമത്തെ മസ്അല:

നഷ്ടപ്പെട്ട നോമ്പ് നോറ്റു വീട്ടുന്നതിനെക്കുറിച്ചുള്ളതാണ്.

നോറ്റുവീട്ടുക എന്നതിന്‌ നേരത്തെ പറഞ്ഞത് പോലെ വിശാലമായ സമയമുള്ള നിർബന്ധ കാര്യമാണ്. ഒരാൾക്ക് ഒരുമിച്ചോ, വേറെ വേറെയോ നോറ്റുവീട്ടാം. എന്നാൽ വേഗത്തിൽ ഒരുമിച്ചു നോറ്റുവീട്ടലാണ് ഏറ്റവും നല്ലത്.

ഒൻപതാമത്തെ മസ്അല:

ഓരോ ദിവസവും നിയ്യത്ത് വെക്കേണ്ടതുണ്ടോ എന്നതാണ്.

ഓരോ നോമ്പിനും നിയ്യത്ത് വെക്കേണ്ടതുണ്ട്. ഇത് വളരെ എളുപ്പമുള്ള കാര്യമാണ്. ചില ആളുകൾ ഇത് വളരെ പ്രയാസമായി കാണുന്നു. എന്നാൽ ഇത് എളുപ്പമാണ്. മിക്കവാറും റമദാനിൽ എല്ലാ മുസ്ലിങ്ങളിൽ നിന്നും നിയ്യത്ത് സംഭവിക്കുന്നതാണ്. ഒരാൾ അത്താഴത്തിന് എഴുന്നേൽക്കുന്നുവെങ്കിൽ അവന്റെ നിയ്യത്ത് ‘നോമ്പെടുക്കുക’ എന്നല്ലാതെ മറ്റെന്താണ്.
നിയ്യത്ത് ചൊല്ലിപ്പറയേണ്ടതില്ല. നബിﷺ യോ സ്വഹാബത്തോ അങ്ങനെ ചെയ്തിട്ടില്ല.

പത്താമത്തെ മസ്അല:

നോമ്പിന്റെ സുന്നത്തുകളും മര്യാദകളും.

ഇത് ഒരുപാടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്..

▪ അത്താഴം കഴിക്കൽ.
അത്താഴത്തിൽ ബറകത്ത് ഉണ്ട് എന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. അതിനാൽ ഒരു മുസ്ലിം ഇത് ഒഴിവാക്കാൻ പാടില്ല.
അത്താഴം വൈകിപ്പിക്കുക എന്നതാണ് അതിന്റെ സുന്നത്ത്. എന്നാൽ ഇതിനർത്ഥം ബാങ്ക് വരെ വൈകിപ്പിക്കണം എന്നല്ല.

▪ അതുപോലെ നോമ്പ്തുറയിൽ ധൃതി കാണിക്കുക എന്നത് സുന്നത്താണ്.
നോമ്പ് തുറക്കാൻ ധൃതി കാണിക്കുന്നിടത്തോളം കാലം എന്റെ ഉമ്മത്ത് നന്മയിലായിരിക്കുമെന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. സാധിക്കുമെങ്കിൽ ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുക. കിട്ടിയില്ലെങ്കിൽ കാരക്ക, അല്ലെങ്കിൽ വെള്ളം.
ഇനി ഒരാൾക്ക് സമയമായിട്ടും ഒന്നും കിട്ടിയില്ലെങ്കിൽ നോമ്പ് തുറന്നതായി നിയ്യത്ത് ചെയ്താൽ മതിയാകുന്നതാണ്.

അവസാനമായി,
ഒരു മുസ്ലിം നോമ്പിന്റെ എല്ലാ മര്യാദകളും പാലിക്കേണ്ടതുണ്ട്.
അറിയുക! നോമ്പിൽ ഏറ്റവും എളുപ്പമുള്ളത് അന്നപാനീയങ്ങൾ ഒഴിവാക്കുക എന്നതാണ്. അതിൽ ഗൗരവമുള്ള കാര്യം അതോടൊപ്പം നിന്റെ കണ്ണിനും, കാതിനും, നിന്റെ നാവിനുമെല്ലാം നോമ്പുണ്ടായിരിക്കുക എന്നതാണ്. അഥവാ, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ അവകൊണ്ട് പ്രവർത്തിക്കരുത്.
അതിനാൽ ഒരു മുസ്ലിം തെറ്റുകളിൽ നിന്നും പൂർണമായി വിട്ടുനിൽക്കേണ്ടതായ, അവനെ സ്വയം സംസ്കരിക്കേണ്ട ഒരു മാസമായിട്ടാണ് റമദാനിനെ കാണേണ്ടത്.

ഖുർആൻ അവതരിച്ച മാസമായ റമദാനിൽ ധാരാളമായി അത് പാരായണം ചെയ്യാനും, രാത്രി നിന്ന് നിസ്കരിക്കാനും ഒരു മുസ്ലിം ശ്രദ്ധിക്കേണ്ടതുണ്ട്.
സമയം കൊല്ലാൻ നോമ്പിന്റെ രാവും, പകലും വിനോദങ്ങളിൽ മുഴുകുന്ന ആളുകൾ വാസ്തവത്തിൽ എത്രമാത്രം ഹതഭാഗ്യവാന്മാരാണ്? അവർക്ക് ഈ മാസത്തിന്റെ ലക്ഷ്യമോ മഹത്വമോ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അല്ല, അവർ അവരുടെ ജീവിതലക്ഷ്യം തന്നെ തിരിച്ചറിയാത്തവരാണ്! അല്ലാഹുവിൽ അഭയം!

അല്ലാഹു സുബ്ഹാനഹു വതആല ഈ റമദാനിൽ ധാരാളം അമലുകൾ ചെയ്യാനും, ഈ റമദാൻ നാളെ പരലോകത്ത് നമുക്ക് അനുകൂലമാകാനും വേണ്ടി ആദ്യമായി എനിക്കും പിന്നീട് നിങ്ങൾ ഓരോരുത്തർക്കും വേണ്ടി ദുആ ചെയ്യുകയാണ്.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ وَالْحَمْدُ لِلّهِ رَبِّ العَالَمِينَ.

ഹംറാസ് ബിൻ ഹാരിസ് وفقه الله

3 Responses

Add a Comment

Your email address will not be published. Required fields are marked*