പണ്ഡിതയായ എന്റെ പ്രിയസഹോദരി, സുകൈന..!

ആധുനിക ഹദീസ് പണ്ഡിതന്മാരിൽ അഗ്രഗണ്യനാണ് ശൈഖ് മുഹമ്മദ്‌ നാസിറുദ്ധീൻ അൽഅൽബാനി റഹിമഹുല്ലാഹ്. ഹദീസ് വിജ്ഞാനത്തിലും മുൻഗാമികളുടെ മാർഗമായ സലഫി മൻഹജ്‌ പ്രചരിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ സേവനങ്ങൾ എടുത്തുപറയത്തക്കതാണ്. ആ മഹാപണ്ഡിതന്റെ അനിതര സാധാരണമായ വ്യക്തിത്വത്തിന്റെ വെളിച്ചത്തിൽ വളർന്ന പണ്ഡിതയാണ് അദ്ദേഹത്തിന്റെ മകളായ ശൈഖ:സുകൈന ബിൻത് മുഹമ്മദ് നാസിറുദ്ദീൻ റഹിമഹല്ലാഹ്. ശൈഖ് മാഹിർ അൽ ഖഹ്താനിയുടെ ഭാര്യയായിരുന്നു അവർ. ഏതാനും ദിവസങ്ങൾക്കു മുമ്പ് മരണപ്പെട്ട ആ മഹതിയെക്കുറിച്ച് അവരുടെ സഹോദരി ഹസ്സാന ബിൻത് മുഹമ്മദ്‌ നാസിറുദ്ദീൻ എഴുതിയ അനുസ്മരണം.

“മനസ്സ് വേദനിക്കുന്നുണ്ട്.. കണ്ണ് നനയുന്നുണ്ട്.. എന്റെ പ്രിയസഹോദരീ, നിന്റെ വേർപാടിൽ ഞങ്ങൾ അഗാധ ദുഖത്തിലാണ്.

എന്താണ് ഞാൻ പറയുക? ! തൊണ്ടയിൽ തടഞ്ഞു നിൽക്കുന്ന അവളുടെ മരണവാർത്തയുടെ വേദന അല്ലാഹുവിനു മാത്രമേ അറിയൂ. എല്ലാ മനുഷ്യരും തങ്ങളുടെ കൂടപ്പിറപ്പുകളെ സ്നേഹിക്കുന്നവരായിരിക്കും; പക്ഷെ, എന്നെ സംബന്ധിച്ചിടത്തോളം സുകൈന തികച്ചും വ്യത്യസ്തയാണ്.

പ്രായത്തിൽ വ്യത്യാസമുണ്ടെങ്കിലും അവളെനിക്ക് ഇരട്ട സഹോദരിയായിരുന്നു. എന്റെ സഹയാത്രിക, ആത്മ മിത്രം.
ഹസ്സാനയെക്കുറിച്ച് പറയുന്നവരൊക്കെ സുകൈനയേയും പരാമർശിക്കാതിരിക്കുകയില്ല.സൂറത്തു ത്വാഹയിലെ ആയത്തുകളെ ഓർമിപ്പിക്കുന്ന വിധത്തിലായിരുന്നു ഞങ്ങളുടെ ജീവിതം.

(وَٱجۡعَل لِّي وَزِيرٗا مِّنۡ أَهۡلِي، هَٰرُونَ أَخِي، ٱشۡدُدۡ بِهِۦٓ أَزۡرِي، وَأَشۡرِكۡهُ فِيٓ أَمۡرِي، كَيۡ نُسَبِّحَكَ كَثِيرٗا، وَنَذۡكُرَكَ كَثِيرًا، إِنَّكَ كُنتَ بِنَا بَصِيرٗا)


“എന്‍റെ കുടുംബത്തില്‍ നിന്ന് എനിക്ക് ഒരു സഹായിയെ നീ ഏര്‍പെടുത്തുകയും ചെയ്യേണമേ. അതായത് എന്‍റെ സഹോദരന്‍ ഹാറൂനെ.
അവന്‍ മുഖേന എന്‍റെ ശക്തി നീ ദൃഢമാക്കുകയും,എന്‍റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ.
ഞങ്ങള്‍ ധാരാളമായി നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുവാനും,ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി.
തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു.”
(ത്വാഹ 29-35).

…ഫിത്നകളും ഖാല ഖീലകളും നിറഞ്ഞ കാലത്ത് അതിൽ നിന്നൊക്കെ രക്ഷപ്പെടാൻ ഞങ്ങൾ പരസ്പരം തുണച്ചു, പരസ്പരം കരുത്തു പകർന്നു,
പരസ്പരം ഉറപ്പിച്ചു നിർത്തി, വിവരമില്ലാതെ ആരെയും ആക്ഷേപിക്കാതിരിക്കാൻ ഞങ്ങൾ പരസ്പരം ഉണർത്തി,
ഈവക അനാവശ്യങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ പരസ്പരം ഓർമപ്പെടുത്തി,
ഞങ്ങളുടെ നല്ലവനായ ഉപ്പയുടെ നല്ല പിൻഗാമികളാകാൻ,
സുന്നത്തിൽ അടിയുറച്ചു നിന്നുകൊണ്ട് മരണം വരിക്കാൻ പരസ്പരം ഉപദേശിച്ചു.

സുകൈന !
അവൾക്ക് ഞങ്ങളുടെ ഉപ്പ “ഫഖീഹ” (പണ്ഡിത) എന്ന സർട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ട് !
കർമശാസ്ത്രപരമായ എന്തൊരു ചോദ്യം ഞങ്ങൾ ചോദിച്ചാലും ഉലമാക്കളുടെ ഉത്തരമായിരുന്നു അവൾ നൽകാറുണ്ടായിരുന്നത്.
എന്നിട്ടും വിനയത്തോടെ ഉൾവലിയുന്ന പ്രകൃതമായിരുന്നു അവൾക്ക്. തല കുനിച്ച് കൊണ്ട് അവൾ പറയും “എന്നെക്കുറിച്ച് നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാൻ ആലിമത്തും അല്ല, ഒരു വസ്തുവും അല്ല.”

സുകൈന !
അടുത്ത കാലത്തായി “ഞാൻ എന്റെ പിതാവിനോട് ചോദിച്ചു” എന്നപേരിലുള്ള അവളുടെ മനോഹരമായ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. അവൾ തന്റെ പിതാവിന്റെ അടുത്തേക്ക് പോവുകയും ചെയ്തു!
അല്ലാഹു ഫിർദൗസിൽ അവരെ ഒരുമിപ്പിക്കുമാറാകട്ടെ !

സുകൈന !
ഞങ്ങളുടെ ഉമ്മയോട് അവളെന്തു സ്നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്! ഉമ്മ എവിടെയാണോ ഇരിക്കുന്നത്, അവളും അവിടെ പോയി ഇരിക്കും. ഉമ്മയുടെ അടുത്തിരിക്കാൻ വേണ്ടി തന്റെ പുസ്തകങ്ങളും മേശയും എടുത്തു ഉമ്മയുടെ അടുത്തേക്ക് പോവും.
വിവാഹം കഴിക്കുന്നത് വരെ ഉമ്മയുടെ അടുത്തായിരുന്നു അവൾ ഉറങ്ങിയിരുന്നത്. ഉമ്മ ഉറങ്ങിയാലും ഇടക്കിടക്ക് ഉമ്മയുടെ ശ്വാസം കൈ കൊണ്ട് തൊട്ടു നോക്കും, ഉമ്മ സുഖമായി ഉറങ്ങുന്നുണ്ടോ എന്നറിയാൻ. ഉമ്മ മരണപ്പെട്ട് അഞ്ച് മാസമായപ്പോഴേക്ക് അവളും പോയി! അള്ളാഹു അവരെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ!

സുകൈന !
അബദ്ധത്തിൽ താൻ ആരെയെങ്കിലും ഉപദ്രവിച്ചു പോകുമോ എന്ന് പേടിച്ച് അവൾ ആളുകളിൽ നിന്ന് ഓടിയൊളിക്കുമായിരുന്നു.
എന്നിട്ടും അവളെ പരിചയപ്പെടുന്നവർ അവളെ അത്ഭുതത്തോടെ നോക്കുമായിരുന്നു.

സുകൈന !
അവസാനത്തെ രോഗവും മരണവും വരെ ജീവിതത്തിലുടനീളം അവളുടെ സ്വഭാവം ശിശുസഹജമായ നിഷ്‌കളങ്കതയായിരുന്നു.

സുകൈന !
ഉപ്പയുടെ മരണ ശേഷം തന്റെ സഹോദരീ സഹോദരങ്ങൾക്കും അവരുടെയൊക്കെ മക്കൾക്കും ദീനിയായ സംശയങ്ങൾ ചോദിക്കാൻ അവളായിരുന്നു ആശ്രയം. അള്ളാഹു അവളെയും ഉപ്പയെയും അനുഗ്രഹിക്കട്ടെ, സ്വർഗത്തിൽ അവരെ ഒരുമിച്ചു കൂട്ടുമാറാകട്ടെ!

സുകൈന !
ഏറ്റവും കടുത്ത വേദനയായിരുന്നു അവൾക്ക് ബാധിച്ചത്. രോഗിയായിരിക്കെ ഞാൻ പൂർണമായും അവളുടെ കൂടെയുണ്ടായിരുന്നു. തീർത്തും പതിഞ്ഞ ശബ്ദത്തിലുള്ള ഒരു ഞരക്കമല്ലാതെ മറ്റൊരു പരിഭവവും അവളിൽ നിന്ന് പുറത്ത് വരുമായിരുന്നില്ല. അതു കേട്ടാൽ അവൾക്ക് ഒരു അസുഖവുമില്ല എന്ന് തോന്നും. പക്ഷെ ഉള്ളിൽ അസഹ്യമായ വേദന അവൾ കടിച്ചമർത്തുകയായിരുന്നു. അള്ളാഹു അവൾക്ക് ശഹീദിന്റെ പ്രതിഫലം നൽകട്ടെ! അവളൊരിക്കലും പരിഭവിച്ചില്ല, അക്ഷമ പ്രകടിപ്പിച്ചില്ല. മറിച്ച്, എപ്പോഴും തന്റെ തെറ്റുകളും റബ്ബിനോട് വരുത്തിയ വീഴ്ചകളുമാണ് തന്റെ പരീക്ഷണത്തിന് കാരണമായത് എന്നായിരുന്നു അവളുടെ ഭാവം.

സുകൈന !
സുന്നത്ത് പിന്തുടരാൻ അവൾ അതിയായ താല്പര്യം കാണിച്ചു. ദലീൽ എവിടെക്കണ്ടാലും അതവൾ സ്വീകരിക്കും. അതു പ്രചരിപ്പിക്കും. സദാസമയവും അവളുടെ കയ്യിൽ മിസ്-വാക്ക് കാണാമായിരുന്നു. അവസാനം, സുന്നത്ത് അനുസരിച്ചുള്ള ‘ലഹ്ദ്’ രൂപത്തിലുള്ള ഖബ്‌റിൽ കിടക്കാനും അള്ളാഹു അവൾക്ക് ഭാഗ്യം നൽകി. വലിയ ജനാവലിയോടെ മക്കയിലെ പരിശുദ്ധ ഹറമിൽ അവളുടെ ജനാസ നമസ്കരിക്കുകയും ചെയ്തു!

സുകൈന !
അവൾ അനുസരണയുള്ള ഭാര്യയായിരുന്നു. അവളുടെ ബഹുമാന്യനായ ഭർത്താവ് എന്തു പറഞ്ഞാലും ഒരു ചർച്ചയുമില്ലാതെ അവൾ സ്വീകരിച്ചു. “അദ്ദേഹത്തിന് അതാണ് താൽപര്യം” എന്ന ഒരു വാചകം മാത്രമാണ് അവൾ ഞങ്ങളോട് പറയുക. ഇന്റർനെറ്റ്‌ വഴി തന്റെ ഭർത്താവിന്റെ ദർസുകൾ ലൈവ് ആയി കേൾക്കാൻ വേണ്ടി എല്ലാ ജോലികളും അവൾ മാറ്റിവെക്കുമായിരുന്നു. അതിൽ ഒരു ക്ലാസ്സു പോലും അവൾ ഒഴിവാക്കിയില്ല. അദ്ദേഹത്തെക്കുറിച്ച് തൃപ്തിയോടെയാണ് അവൾ മരണപ്പെട്ടത്. അദ്ധേഹം അടിയുറച്ച ദീനിന് ഉടമയും സുന്നത്തിൽ ഉറച്ചുനിൽക്കുന്നവനും മാന്യമായി പെരുമാറുന്നവനുമാണെന്ന് അവൾ പറയുമായിരുന്നു. അദ്ധേഹം അവളെക്കുറിച്ചും തൃപ്തനായിരുന്നു.

സുകൈന !
അവൾ ഖബ്ർ ശിക്ഷയെപ്പറ്റി അങ്ങേയറ്റം പേടിച്ചു. ഖബ്‌റിൽ ചോദ്യം ചെയ്യപ്പെടുമ്പോൾ ഉറച്ചു നിൽക്കുമോ എന്ന് അവൾ എപ്പോഴും ആധിയിലായിരുന്നു. മയ്യിത്ത് കുളിപ്പിച്ചു കഴിഞ്ഞപ്പോൾ പതിവുള്ള കുട്ടിത്തം നിറഞ്ഞ പുഞ്ചിരിയോടെ ആ മുഖം ഒരു മണവാട്ടിയെപ്പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു.!

അര മണിക്കൂർ പോലും അനാവശ്യ സംസാരം കേട്ടിരിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല. എന്നാൽ ഇൽമ് പഠിക്കാൻ വേണ്ടി അവൾ മണിക്കൂറുകളോളം ഒഴിഞ്ഞിരിക്കുമായിരുന്നു!

സുകൈന !
അവളിതാ അവളുടെ പുസ്തകങ്ങളും മേശയും നോട്സും ഒക്കെ ഉപേക്ഷിച്ചു പോയിരിക്കുന്നു.. അതൊക്കെയായിരുന്നു അവളുടെ കൂട്ടുകാരികൾ. അവയൊക്കെ ഇനി ഞങ്ങൾക്ക് വേദനിപ്പിക്കുന്ന ഓർമയായി ബാക്കിയായിരിക്കുന്നു..

സുകൈന !
അവളെന്റെ ജീവനായിരുന്നു..! എന്റെ ജീവവായുവായിരുന്നു..!
ഞങ്ങൾ ഒന്നിച്ചായിരുന്നു പഠിച്ചത്.
ഒന്നിച്ചായിരുന്നു ക്ലാസുകൾ കേട്ടത്.
എഴുത്ത്, ഭക്ഷണം എല്ലാം ഒന്നിച്ച്.
ഞങ്ങൾ പരസ്പരം ഖുർആൻ ഓതിക്കൊടുത്ത് ഓർമ പുതുക്കുമായിരുന്നു. ഖുർആനിന്റെ (7ഖിറാഅത്തുകളിൽ)ചിലത് ഞങ്ങൾ പഠിച്ചത് തമ്മിൽ തമ്മിലായിരുന്നത്.
ഒരുമിച്ച് ചില പുസ്തകങ്ങൾ വായിക്കാൻ ഞങ്ങൾ ഒരു സമയപ്പട്ടിക തയ്യാറാക്കിയിരുന്നതാണ് ; പക്ഷെ, അവളുടെ രോഗം കാരണം അതു പൂർത്തിയാക്കാൻ സാധിച്ചില്ല.
രോഗം കടുത്തപ്പോൾ പോലും അവൾ എന്നോട് പറയുമായിരുന്നു : “കിതാബ് കൊണ്ടു വാ നമുക്ക് വായിക്കാം”, “നമുക്ക് ഖുർആൻ മുറാജഅ ചെയ്യാം” എന്നൊക്ക. വേദനയുടെ ഞെരുക്കം മാറിക്കിട്ടാൻ വേണ്ടി !

എന്റെ ജീവിതത്തിന്റെ വിശദാംശങ്ങളിൽ പങ്കെടുക്കാൻ അവളില്ലാതെ എത്ര കാലം എനിക്കു ജീവിക്കാൻ സാധിക്കും എന്നറിയില്ല !
ജീവിതത്തിലൊരിക്കലും ഞങ്ങൾ പിരിഞ്ഞിട്ടില്ല..

സുകൈന..
സുകൈന..
സുകൈന..
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി…
ആരും അവളെ സ്നേഹിച്ചു പോകില്ലേ?

സുകൈന !
സുന്നത്തിൽ അടിയുറച്ചു നിൽക്കുന്നതിലും അറിവിലും സ്വഭാവഗുണങ്ങളിലും അവൾ ആഇശ റദിയള്ളാഹു അൻഹായെ ഓർമിപ്പിക്കുമായിരുന്നു. ഇക്കാലത്തെ ഒരു സ്വഹാബി വനിത എന്ന നിലക്കായിരുന്നു അവളുടെ ജീവിതം.

സുകൈന !
അവളെയും പ്രിയപ്പെട്ടവരായ ഉപ്പയെയും ഉമ്മയെയും ആങ്ങള അബ്ദുൽ മുസവ്വിറിനെയും ഒക്കെ നഷ്ടപ്പെട്ടപ്പോൾ ഒരു സമാധാനം മാത്രമാണ് എനിക്കുള്ളത് ; എന്തെന്നാൽ, അവർ മുന്നേ പോയി, നമ്മൾ പിറകിൽ വരുന്നുണ്ട് എന്ന യാഥാർഥ്യം! അതുപോലെത്തന്നെ റസൂലുല്ലാഹി ﷺ പറഞ്ഞ ഒരു ഹദീസും എനിക്ക് ആശ്വാസം പകരുന്നുണ്ട്. “നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലു ദുരന്തം ബാധിച്ചാൽ ഞാൻ മൂലം (എന്റെ മരണം മൂലം) അവനുണ്ടായ നഷ്ടം അവൻ ഓർക്കട്ടെ. കാരണം, അതാകുന്നു ഏറ്റവും വലിയ ദുരന്തം.”
(ഈ ഹദീസ് ഞങ്ങളുടെ ഉപ്പ സ്വഹീഹ് ആക്കിയിരിക്കുന്നു)

ഹയ്യും ഖയ്യൂമുമായ അല്ലാഹുവേ, അവളെ നീ ഫിർദൗസിൽ പ്രവേശിപ്പിക്കേണമേ..!
അവളുടെ ഖബ്റിനെ സ്വർഗ്ഗത്തിലെ പൂന്തോട്ടമാക്കേണമേ..!
ജീവിതപ്രാരാബ്ധങ്ങളിലും രോഗത്തിലും അവൾ അവലംബിച്ച ക്ഷമക്ക് നീ പ്രതിഫലം നൽകേണമേ..!
അവളെ നീ നബിമാരുടെയും സിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും കൂടെയാക്കേണമേ..!
എനിക്ക് നീ അവളുടെ വേർപാടിൽ ക്ഷമ നൽകേണമേ..!
അവളുടെ മരണത്തിലൂടെ എനിക്കുണ്ടായ ഏകാന്തത നീ പരിഹരിക്കേണമേ..!
തണുത്ത വെള്ളം കൊണ്ടും മഞ്ഞുതുള്ളി കൊണ്ടും എന്റെ മനസ്സിനെ നീ തണുപ്പിക്കേണമേ..!

ഇല്ല, അവളുടെ സ്ഥാനത്തു നിൽക്കാൻ എന്റെ ജീവിതത്തിൽ ആരുമില്ല.!”

والْحَمْدُ لِلّهِ عَلَى كُلِّ حَالٍ
📝كَتَبَهُ بِرًّا بِسُكَيْنَة :
شَقِيقَتُهَا حَسَّانَةُ بِنْتُ مُحَمَّد نَاصِر الدِّينِ الْأَلْبَانِي
يوم الأحد ٤/رببع الثاني ١٤٤١

http://alamralateeq.blogspot.com/2019/12/blog-post.html?m=1

തർജമ : സാജിദ് ബിൻ ശരീഫ് -وفقه الله-

5 Responses

Add a Comment

Your email address will not be published. Required fields are marked*