മനസ്സിനെ ശുദ്ധീകരിക്കാനുള്ള പ്രധാനപ്പെട്ട 10 തത്വങ്ങൾ | ശൈഖ് അബ്ദുറസ്സാഖ് അൽ ബദ്ർ (حفظه الله) [ഭാഗം 3]

ഭാഗം -3: “ആത്മസംസ്കരണത്തിന്റെ ഉറവയാണ് ഖുർആൻ.”

അല്ലാഹു തആല ഈ ആയത്തിൽ പറഞ്ഞതു പോലെ:
“തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന്‌ തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ്‌ അവര്‍ക്ക്‌ നല്‍കിയിട്ടുള്ളത്‌. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ ഓതിക്കേള്‍പ്പിക്കുകയും, അവരെ സംസ്കരിക്കുകയും, അവര്‍ക്കു ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ്‌ വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു.”
(സൂറ: ആലു-ഇംറാൻ:164)

“അവർക്കുമേൽ തന്റെ ആയത്തുകൾ പാരായണം ചെയ്യുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്നവൻ” എന്നാണ് പ്രവാചകരെ വിശേഷിപ്പിച്ചിരിക്കുന്നത്. അഥവാ, ആയത്തുകൾ കൊണ്ട് അദ്ധേഹമവരെ ശുദ്ധീകരിക്കുന്നു എന്നർത്ഥം.
ഖുർആൻ ഹിദായത്തിന്റെ ഗ്രന്ഥമാകുന്നു.

”തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായതിലേക്ക്‌ വഴി കാണിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക്‌ വലിയ പ്രതിഫലമുണ്ട്‌ എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു.”
(സൂറതുൽ ഇസ്റാഅ്:9)

ഹൃദയശുദ്ധിക്കും, ആത്‌മസംസ്കരണത്തിനും, സത്യമാർഗത്തിലുള്ള സ്ഥിരോത്സാഹത്തിനും ഈ അത്ഭുതഗ്രന്ഥത്തിൽ നിന്ന് കോരിക്കുടിക്കുകയല്ലാത്ത വേറെ മാർഗമില്ല. ഒരാൾ എത്രത്തോളം ഖുർആനിൽ നിന്ന് സ്വന്തമാക്കുന്നുവോ അത്രയായിരിക്കും അവന്റെ ഹൃദയശുദ്ധി.
വിശുദ്ധഖുർആൻ മുഖേന ആത്മസംസ്കരണം സാധ്യമാകണമെങ്കിൽ അല്ലാഹു തആല പറഞ്ഞ ഒരു കാര്യം നാം പ്രയോഗവത്കരിക്കേണ്ടതുണ്ട്.

”നാം ഈ ഗ്രന്ഥം നല്‍കിയത്‌ ആര്‍ക്കാണോ, അവരത്‌ പാരായണത്തിന്‍റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ്‌ നഷ്ടം പറ്റിയവര്‍.”
(സൂറതുൽ ബഖറ:121)

ശരിയായ രീതിയിൽ അത് പാരായണം ചെയ്യുക എന്ന നിബന്ധന നാം പൂർത്തിയാക്കേണ്ടതുണ്ട്.
മറിച്ച്, ഈ ആയത്തിൽ പരാമർശിച്ചിട്ടുള്ള നിബന്ധന പൂർത്തിയാക്കാതെയുള്ള കേവലമായ പാരായണം കൊണ്ട് ഒരാൾക്കും ഈ മഹത്തായ ലക്ഷ്യം (ആത്മസംസ്കരണം) നേടുക സാധ്യമല്ല.

അതെ, അല്ലാഹു പറഞ്ഞിരിക്കുന്നു:

”നാം ഈ ഗ്രന്ഥം നല്‍കിയത്‌ ആര്‍ക്കാണോ അവരത്‌ പാരായണത്തിന്‍റെ മുറപ്രകാരം പാരായണം ചെയ്യുന്നു. അവരതില്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരതില്‍ അവിശ്വസിക്കുന്നുവോ അവര്‍ തന്നെയാണ്‌ നഷ്ടം പറ്റിയവര്‍.”
(സൂറതുൽ ബഖറ:121)

സഹാബത്തും താബിഈങ്ങളും അടക്കമുള്ള ഉലമാക്കൾ ഇപ്രകാരം പറഞ്ഞതായി തഫ്സീറുകളിൽ കാണാം : “ശരിയായ നിലക്കുള്ള ഖുർആൻ പാരായണം സാധ്യമാവുക മൂന്ന് കാര്യങ്ങൾ കൊണ്ടാണ്.

ഒന്ന്: പാരായണവും മനഃപാഠമാക്കലും.
രണ്ട്: അർത്ഥം മനസ്സിലാക്കലും ഉറ്റാലോചിക്കലും.
മൂന്ന്: പ്രവർത്തിയിൽ കൊണ്ടുവരൽ, അമൽ ചെയ്യൽ.”

ഒരു വ്യക്തി ഖുർആൻ ഓതുന്നവനും മനഃപാഠമാക്കാൻ ശ്രമിക്കുന്നവനും ഖുർആനിന്റെ അർത്ഥം പഠിക്കുന്നവനും അതനുസരിച്ച് അമൽ ചെയ്യുന്നവനുമായാൽ അവൻ “ശരിയായ നിലക്ക് ഖുർആൻ ഓതുന്നവരിൽ” ഉൾപ്പെട്ടു.

അതുകൊണ്ട് മനസ്സിലാക്കുക : ഖുർആൻ പഠിപ്പിക്കുന്ന കാര്യങ്ങൾ അമൽ ചെയ്യുന്നത് തന്നെ ‘ഖുർആൻ തിലാവത്തിൽ’ ഉൾപ്പെടും.
‘തിലാവത്ത്’ എന്നു പറഞ്ഞാൽ കേവലം പാരായണം മാത്രമല്ല. മറിച്ച്, തിലാവത്ത് എന്ന വാക്കിന്റെ അടിസ്ഥാന അർത്ഥം തന്നെ ‘പിന്തുടരുക’ എന്നാണ്.

അതുകൊണ്ടാണ് “ചന്ദ്രൻ അതിനെ(സൂര്യനെ) പിന്തുടരുകയും ചെയ്‌താൽ” എന്ന് അല്ലാഹു തആല പറഞ്ഞിരിക്കുന്നത്.

ഒരു വ്യക്തി ഖുർആൻ അനുസരിച്ച് ജീവിക്കുകയും ഖുർആനിന്റെ മാർഗദർശനം ജീവിതത്തിൽ ഉൾക്കൊള്ളുകയും ചെയ്യുന്നതുവരെ അവൻ ഖുർആൻ ശരിയായ നിലക്ക് തിലാവത്ത് ചെയ്തു എന്ന് പറയാൻ സാധ്യമല്ല.❞

(തുടരും…)

Add a Comment

Your email address will not be published. Required fields are marked*