പണ്ഡിതന്മാരെ അവഹേളിക്കൽ

”തങ്ങളുടെ ചില ശൈഖുമാരുടെ വിഷയത്തിൽ അതിരുകവിയുന്ന യുവാക്കളോട് എന്താണ് താങ്കൾക്ക് പറയാനുള്ളത്. അവർ തങ്ങളുടെ ശൈഖുമാരെ -വ്യക്തികളെ വിമർശിക്കുന്നതടക്കമുള്ള- എല്ലാ കാര്യത്തിലും അനുസരിക്കുകയാണ്. അങ്ങനെ ശൈഖുമാരുടെ വാക്കു കേട്ടു കൊണ്ട് അവർ ആളുകളെ കുറ്റം പറയുന്നത് പരദൂഷണമായി പരിഗണിക്കപ്പെടുമോ?”

ഉത്തരം :

ഉലമാക്കളെ -അവരുടെ പക്കലുള്ള ഇൽമിന്റെ പേരിൽ ബഹുമാനിക്കണം എന്നതിൽ സംശയമില്ല. ഉലമാക്കളുടെ സ്ഥാനം ഖുർആനിൽ അല്ലാഹു തആലാ പരാമർശിച്ചിട്ടുള്ളതാണ്.
“പറയുക : ഇൽമുള്ളവരും ഇൽമില്ലാത്തവരും സമമാവുമോ? ” (സൂറത്തു സുമർ 9)
“അല്ലാഹു നിങ്ങളിൽ ഈമാൻ സ്വീകരിച്ചവരെയും ഇൽമ് നൽകപ്പെട്ടവരെയും പദവികളിൽ ഉയർത്തുന്നതാണ്” (സൂറത്തുൽ മുജാദില 11)
ഇതൊക്കെ ഇൽമിന്റെ മഹത്വമാണ് വിളിച്ചോതുന്നത്.

പക്ഷെ ഈ വിഷയത്തിൽ പരിധിവിട്ട് ഗുലുവ്വിലേക്ക് പോകാൻ പാടില്ല.
യഥാർത്ഥത്തിൽ റബ്ബാനികളായ (ആത്മീയ മാർഗദർശനം നൽകുന്നവരായ) പണ്ഡിതന്മാർ തങ്ങളുടെ ശിഷ്യന്മാർ ജനങ്ങളെ ഉപദ്രവിക്കുകയും അവരുടെ മേൽ കുതിരകയറുകയും ഒക്കെ ചെയ്യുന്നത് തൃപ്തിപ്പെടുകയില്ല. യഥാർത്ഥ ആലിം ഒരിക്കലും അങ്ങനെ ചിന്തിക്കില്ല.
മറിച്ച്, ‘ആലിം’ ജനങ്ങളെ ഒന്നിപ്പിക്കാനും ഐക്യമുണ്ടാക്കാനും മുസ്ലിമീങ്ങൾക്കിടയിൽ സ്നേഹമുണ്ടാക്കാനും ഹഖ് പ്രചരിപ്പിക്കുവാനുമാണ് ശ്രമിക്കുക.”

അവനൊരിക്കലും ശത്രുതയും കക്ഷിത്വവും ഭിന്നിപ്പും പ്രചരിപ്പിക്കാൻ ഒരുങ്ങുകയില്ല.
അല്ലാഹു വിലക്കിയിട്ടുള കാര്യമാണ് ഭിന്നിപ്പ്.
“ഭിന്നിക്കുകയും കക്ഷികളാവുകയും ചെയ്തവരെപ്പോലെ നിങ്ങൾ ആയിത്തീരരുത്”
“നിങ്ങൾ ഭിന്നിച്ചു പോകരുത്. എങ്കിൽ നിങ്ങളുടെ ശക്തി ക്ഷയിക്കുകയും വീര്യം നഷ്ടപ്പെടുകയും ചെയ്യും”
“തീർച്ചയായും മു’അമിനീങ്ങൾ സഹോദരങ്ങളാകുന്നു. അതിനാൽ നിങ്ങളുടെ സഹോദരങ്ങൾക്കിടയിൽ നിങ്ങൾ ഐക്യമുണ്ടാക്കുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾ വിജയം നേടുന്നതാണ്. ”
ചോദ്യത്തിൽ പറഞ്ഞ ഈവക പ്രവർത്തികൾ ഒരിക്കലും പാടില്ല. ഏഷണിയും പരദൂഷണവും വ്യക്തിഹത്യയും പാടില്ല. മറിച്ച് ദീൻ പഠിക്കുന്ന വിദ്യാർഥികൾ മര്യാദ പഠിക്കേണ്ടതുണ്ട്. അവർ അവരുടെ പഠനത്തിൽ ശ്രദ്ധിക്കുക.
ജനങ്ങളെ ജർഹ് ചെയ്യുകയും പുഛിക്കുകയും ചെയ്യാൻ നിൽക്കേണ്ടതില്ല.
അങ്ങനെ ചെയ്യാൻ നിൽക്കുന്നവർക്ക് നാഫിആയ ഇൽമ് തടയപ്പെടും. അവരുടെ മനസ്സുകളിൽ വെറുപ്പും വിദ്വേഷവും നിറയും.
” യഥാർത്ഥത്തിൽ ഇത്തരം പ്രവർത്തികളാണ് മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കൾ ലക്ഷ്യം വെക്കുന്നത്.
അവർ മുസ്‌ലിം യുവാക്കളെ തമ്മിലടിപ്പിച്ചു കക്ഷികളാക്കി മാറ്റും.
അതോടുകൂടി ശത്രുക്കൾക്ക് മുസ്‌ലിമീങ്ങളുടെ ഗാംഭീര്യം ഇല്ലാതാക്കാനും അവരെ നേരിടാനും എളുപ്പമാകുമല്ലോ!

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ ഹഫിദഹുല്ലാഹ്

ശൈഖിന്റെ ഓഡിയോ കേൾക്കാൻ: https://youtu.be/D7K8LDKuTv4

വിവർത്തനം: സാജിദ് ബിൻ ശരീഫ്

Add a Comment

Your email address will not be published. Required fields are marked*