വീടുകളിലെ പള്ളിയെ (നമസ്കാരമുറിയെ) സംബന്ധിക്കുന്ന അദ്ധ്യായം

സ്വഹീഹുൽ ബുഖാരിയിൽ ഇങ്ങനെ ഒരു ‘ബാബ്’ (അധ്യായം) കാണാം:

بَابُ الْمَسَاجِدِ فِي الْبُيُوتِ
“വീടുകളിലെ പള്ളിയെ (നമസ്കാര മുറിയെ) സംബന്ധിക്കുന്ന അദ്ധ്യായം..”

സുനനു ഇബ്നു മാജയിൽ ഇമാം ഇബ്നു മാജ റഹിമഹുല്ലാഹ് റിപ്പോർട്ട്‌ ചെയ്യുന്നു : അബൂ ഹുറൈറ(റദിയല്ലാഹു അൻഹു) നിവേദനം,

أَنَّ رَجُلًا مِنَ الْأَنْصَارِ أَرْسَلَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تَعَالَ فَخُطَّ لِي مَسْجِدًا فِي دَارِي أُصَلِّي فِيهِ – وَذَلِكَ بَعْدَمَا عَمِيَ – فَجَاءَ فَفَعَلَ.

അൻസാരികളിൽ പെട്ട ഒരു സഹാബി (ഉത്ബാൻ ബിൻ മാലിക് എന്ന് മറ്റു രിവായത്തുകളിൽ കാണാം) അദ്ദേഹത്തിന് കാഴ്ച്ച നഷ്ടപ്പെട്ടപ്പോൾ വീട്ടിൽ തന്നെ ഒരു നമസ്കാരമുറി നിശ്ചയിച്ചു തരാൻ വേണ്ടി റസൂലിന്റെ അടുത്തേക്ക് ആളെ പറഞ്ഞയച്ചു. റസൂൽ -ﷺ- അവിടേക്ക് ചെല്ലുകയും അപ്രകാരം ഒരു സ്ഥാനം നിശ്ചയിച്ചു കൊടുക്കുകയും ചെയ്തു.

നമ്മുടെ മുൻഗാമികളൊക്കെ അവരുടെ വീടുകളിൽ നമസ്കാരത്തിനും മറ്റു ഇബാദത്തുകൾക്കുമൊക്ക വേണ്ടി പ്രത്യേകം മുറികൾ അല്ലെങ്കിൽ നിശ്ചിതസ്ഥലങ്ങൾ നിശ്ചയിക്കാറുണ്ടായിരുന്നു..

മഹാനായ സ്വഹാബി അബ്ദുല്ലാഹ് ബിൻ മസ്ഊദ് (رَضِيَ اللَّهُ عَنْهُ) പറഞ്ഞതായി കാണാം :

وَمَا مِنْكُمْ مِنْ أَحَدٍ إِلَّا وَلَهُ مَسْجِدٌ فِي بَيْتِهِ
“നിങ്ങൾക്കെല്ലാവർക്കും അവരവരുടെ വീടുകളിൽ മസ്ജിദ് ഉണ്ട്.”
(സുനൻ അബി ദാവൂദ് 550).

ഈയടുത്ത കാലം വരെ നമ്മുടെ നാട്ടിലും മുസ്ലിം വീടുകളിൽ ഇത് പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോഴും ഈ പാരമ്പര്യം പൂർണമായി അന്യംനിന്നു എന്നല്ല, മറിച്ച് വളരെ വിരളമായിരിക്കുന്നു.

ഈ സ്ഥിതിക്ക് ഒരു മാറ്റം വരുത്താൻ ഈ സമയത്തു നമുക്കൊന്ന് ശ്രമിച്ചുകൂടെ?

മക്കളെ ദീൻ പഠിപ്പിക്കാനും അവരെ ഇസ്‌ലാമിക തർബിയത്ത് നൽകി വളർത്തിക്കൊണ്ടുവരാനുമൊക്കെ ഇതുവഴി നമുക്ക് സാധിക്കും. അതുപോലെ അല്ലാഹുവുമായുള്ള ബന്ധം ദൃഢമാക്കാനും തെറ്റു കുറ്റങ്ങളിൽ നിന്നും വിട്ടു നിൽക്കാനുമെല്ലാം ഇത്തരം കാര്യങ്ങൾ നമുക്ക് പ്രേരണ നൽകും.

സാന്ദർഭികമായി പറയട്ടെ, വീടുകളിൽ ഒരു നമസ്കാരമുറി ഉണ്ടാക്കുക എന്ന ഈ മഹത്തായ സുന്നത്ത് പുരുഷന്മാർക്ക് പള്ളിയിൽ പോയി ജമാഅത്തായി ഫർദ് നമസ്കാരങ്ങൾ നിർവഹിക്കാതെ വീട്ടിൽ നമസ്കരിക്കാനുള്ള ന്യായമല്ല.
കാരണം, പള്ളിയിൽ ജമാഅത്തിന് വരാതെ വീട്ടിൽ ഇരിക്കുന്നവരുടെ വീടുകൾ കത്തിച്ചു കളഞ്ഞാലോ എന്നു വരെ ഞാൻ ചിന്തിച്ചുപോയി എന്ന് റസൂലുല്ലാഹി ﷺ പറഞ്ഞതായി ഹദീസിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. മറിച്ച്, സ്ത്രീകൾക്കും രോഗമോ മറ്റോ കാരണത്താൽ പള്ളിയിൽ പോകാൻ കഴിയാത്തവരോ വൃദ്ധന്മാരോ ആയ പുരുഷന്മാർക്കും, തഹജ്ജുദ് തുടങ്ങിയ സുന്നത്ത് നമസ്കാരങ്ങൾക്കും വേണ്ടിയാണ് ഈ നമസ്കാരമുറി ഉപയോഗിക്കേണ്ടത്.”

والله الموفق

Add a Comment

Your email address will not be published. Required fields are marked*