ഖബ്റിലെ ശിക്ഷ റൂഹിന്‌ (ആത്മാവിന്) മാത്രമുള്ളതാണോ?- ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദില്ലാഹ് അസ്സുബയ്യിൽ റഹിമഹുല്ലാഹ്

മസ്ജിദുൽ ഹറമിലെ ഇമാമും ഖതീബുമായിരുന്ന ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദില്ലാഹ് അസ്സുബയ്യിൽ റഹിമഹുല്ലാഹ് വിശദീകരിക്കുന്നു:-

❝ഖബ്റിലെ ഞെരുക്കം എല്ലാവരും അനുഭവിക്കും എന്ന് റസൂലുല്ലാഹി ﷺ നമ്മെ അറിയിച്ചിട്ടുണ്ട്. പക്ഷെ ചിലർക്ക് വളരെ ചുരുങ്ങിയ സമയവും (ശേഷം അവർക്ക് വിശാലമാക്കി നൽകപ്പെടും) മറ്റു ചിലർക്ക് ദൈർഘ്യമേറിയതുമായിരിക്കും.

സഅദ് ബിൻ മുആദ് (റദിയല്ലാഹു അൻഹു) പോലെയുള്ള ചില സഹാബികൾക്ക് ഖബ്റുകളിൽ ഞെരുക്കം അനുഭവപ്പെട്ടിട്ടുണ്ട് (എന്ന് ഹദീസുകളിൽ കാണാം).
അദ്ദേഹം മരണപ്പെട്ടപ്പോൾ മലക്കുകൾ അദ്ദേഹത്തിന്റെ മയ്യിത്ത്‌ ചുമന്നിട്ടുണ്ട്. അല്ലാഹുവിന്റെ അർശ് പ്രകമ്പനം കൊണ്ടിട്ടുണ്ട്. എങ്കിൽ പോലും അദ്ദേഹത്തെ ഖബ്റിലേക്ക് വെച്ചപ്പോൾ ഖബ്ർ അദ്ദേഹത്തെ ഒരു പിടിത്തം പിടിച്ചു!

അബ്ദുല്ലാഹ് ബിൻ ഉമർ (റദിയല്ലാഹു അൻഹുമാ) റിപ്പോർട്ട്‌ ചെയ്യുന്ന ഹദീസിൽ റസൂൽ ﷺ പറഞ്ഞു:

“ഇദ്ദേഹത്തിനായി അല്ലാഹുവിന്റെ അർശ് പോലും പ്രകമ്പനം കൊണ്ടു. എഴുപതിനായിരം മലക്കുകൾ ഇദ്ദേഹത്തിന്റെ ജനാസയിൽ സാക്ഷിയായി. എന്നിട്ടു പോലും ഖബ്ർ ഇദ്ദേഹത്തെ ഒരു പിടിത്തം പിടിക്കുകയും പിന്നീട് വിശാലമാക്കുകയും ചെയ്തു.”
(സുനൻ അന്നസാഇ:2055)

മനുഷ്യൻ കരയിലോ കടലിലോ മരിച്ചവനാകട്ടെ, അല്ലെങ്കിൽ മൃഗങ്ങൾ തിന്നുകയോ വെന്തു മരിച്ചവനോ മറ്റെന്തുമാകട്ടെ, അവൻ ഖബ്റിൽ ശിക്ഷയ്ക്കർഹനാണോ അവനത് അനുഭവിക്കുക തന്നെ ചെയ്യും.

ഖബ്റിൽ അർഹിക്കുന്നവർക്ക് ശിക്ഷയും അർഹിക്കുന്നവർക്ക് ആനന്ദവും നൽകപ്പെടും എന്ന് ഹദീസുകളിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. അല്ലാഹു സുബ്ഹാനഹു വ തആല എല്ലാറ്റിനും കഴിവുള്ളവനാണ്.

ഇബ്നു അബ്ബാസ് (റദിയല്ലാഹു അൻഹുമാ) നിവേദനം:
“റസൂൽ ﷺ രണ്ട് ഖബ്റുകൾക്കിടയിലൂടെ നടക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു: അവർ രണ്ടുപേരും ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർ വലിയ കാര്യങ്ങൾക്കല്ല (ആളുകൾ നിസ്സാരമായി കാണുന്ന കാര്യങ്ങൾക്കാണ്) ശിക്ഷിക്കപ്പെടുന്നത്.ഒരാൾ മൂത്രമൊഴിക്കുമ്പോൾ മറക്കുമായിരുന്നില്ല (ചില രിവായത്തുകളിൽ നേരാം വണ്ണം ശുദ്ധീകരിക്കുമായിരുന്നില്ല എന്നാണുള്ളത്). മറ്റെയാൾ ജനങ്ങൾക്കിടയിൽ ഏഷണി പറഞ്ഞു നടക്കുമായിരുന്നു. പിന്നീട്, റസൂൽ ഒരു കമ്പെടുത്ത് രണ്ട് കഷ്ണമാക്കി ഓരോ ഖബ്റിന് മുകളിലും കുഴിച്ചിട്ടു. എന്നിട്ട് പറഞ്ഞു: അത് ഉണങ്ങാതിരിക്കുന്നിടത്തോളം അവർക്ക് ആശ്വാസമായേക്കാം.”

ഖബ്റിലെ ശിക്ഷ റൂഹും ശരീരവും അനുഭവിക്കും. എന്നാൽ ചിലപ്പോഴൊക്കെ റൂഹ് മാത്രമായും ശിക്ഷ അനുഭവിച്ചേക്കാം.
അല്ലാഹു നമ്മളേവരേയും ഖബ്റിലെ പ്രയാസങ്ങളെ തൊട്ടു കാത്തു രക്ഷിക്കുമാറാകട്ടെ.. സ്വാലിഹായ അമലുകൾ ചെയ്യാനുള്ള അനുഗ്രഹവും നൽകുമാറാകട്ടെ..❞

ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദില്ലാഹ് അസ്സുബയ്യിൽ റഹിമഹുല്ലായുടെ ഫത്‌വയിൽ നിന്നും.(പേജ്:84-85)

Add a Comment

Your email address will not be published. Required fields are marked*